ഓട്ടോറിക്ഷയ്ക്ക് ദിവസവും നൂറു രൂപ വാടക കൊടുക്കണമായിരുന്നു. ഇങ്ങനെ പൈസ ചോദിക്കുന്ന ഏര്‍പ്പാടാണെങ്കില്‍ നമുക്കു വണ്ടി ഓടിക്കുന്ന പണി നിര്‍ത്താം, ഇത് നഷ്ടമായിരിക്കും എന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. അപ്പോള്‍ വാടക ഓടിക്കിട്ടിയിട്ടാകുമ്പോള്‍ തന്നാല്‍ മതി എന്നു പറഞ്ഞു. അതിന്റെ ഇടയില്‍ ചിലരുടെ അക്രമവും ഉണ്ട്. ആ ഓട്ടോറിക്ഷയ്ക്ക് പാര്‍ക്കിംഗ് പെര്‍മിറ്റ് ഉള്ളതുകൊണ്ട് ഞാന്‍ പയ്യന്നൂര്‍ ഓട്ടോ റിക്ഷ സ്റ്റാന്‍ഡില്‍ നിന്നും ഓടാന്‍ തുടങ്ങി. പയ്യന്നൂര്‍ ടൗണില്‍ തന്നെ ആയതുകൊണ്ട് അടുത്ത സഥലങ്ങളിലാണ് ട്രിപ്പ് കിട്ടുക. എടാട്ട് ഭാഗേത്തക്ക് ട്രിപ്പ് കിട്ടിയാല്‍ ചിലപ്പോള്‍ പ്രായമുള്ളവരൊക്കെ ഉണ്ടാകും. അവരുടെ സാധനങ്ങള്‍ വീട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കാന്‍ പോയാല്‍, അല്ലെങ്കില്‍ ഒരു ചായ കുടിക്കാന്‍ നിര്‍ത്തിയിട്ടു പോയാല്‍, തിരിച്ചു വരുമ്പോഴേക്കും വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടിട്ടുണ്ടാകും, അല്ലെങ്കില്‍ ട്യൂബ് കുത്തിപ്പൊട്ടിച്ചിട്ടുണ്ടാകും. ആരാണ് കുത്തിക്കീറിയതെന്നു നമ്മള്‍ കാണാത്തത് കൊണ്ട് ആരോടെങ്കിലും പറയാന്‍ പോലും പറ്റില്ല. അങ്ങനെ കുറെ സംഭവങ്ങളൊക്കെ ഉണ്ടായപ്പോള്‍ ശ്രീഷ്‌കാന്ത് 'മതി, വയ്യ, ഞാന്‍ അന്നേ നിന്നോടു പറഞ്ഞതല്ലേ? നമുക്കിത് നിര്‍ത്താം' എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വണ്ടി തിരിച്ചു കൊടുത്തു. 

To advertise here,

വണ്ടി തിരിച്ചു കൊടുത്തതോടെ ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടു. ഇവരുടെ ഉപദ്രവം സഹിക്കണം. അതുപോലെ, ഉള്ള കളക്ഷന്‍ തന്നെ റിപ്പയറുകള്‍ക്കൊക്കെ ചിലവാക്കി പെട്രോളിന്റെ പൈസയും കഴിച്ചു പത്തോ ഇരൂപതോ രൂപ മാത്രമേ ഞങ്ങള്‍ക്കു കിട്ടിയിരുന്നുള്ളൂ. അതുപോലെ തന്നെ ഞങ്ങളുടെ കൈയ്യില്‍ വണ്ടിയുള്ളപ്പോള്‍ വീണ്ടും വണ്ടി കത്തിക്കുകയോ തല്ലിപ്പൊളിക്കുകയോ മറ്റോ ചെയ്താല്‍ പിന്നെ ഞങ്ങളാണല്ലോ ഉത്തരവാദി. അങ്ങനെ വല്ലതും സംഭവിച്ചാല്‍ പുതിയ വണ്ടി വാങ്ങിക്കൊടുക്കേണ്ട അവസ്ഥ വല്ലതും വരുമോ എന്നുള്ള ചിന്തയില്‍ ഞങ്ങള്‍ ഓട്ടോറിക്ഷ ഓട്ടം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വലിയ ആപത്തുകളിലേക്ക് നീങ്ങുന്നതിനു മുന്നേ വണ്ടി കൊടുത്തേക്ക് എന്ന് ശ്രീഷ്‌കാന്ത് അഭിപ്രായപ്പെട്ടു. പിന്നെയും ഞങ്ങള്‍ കൂലിപ്പണിയും മീന്‍ പിടിത്തവും ഒക്കെ കൂടിയുള്ള പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചുപോയി. 

ശ്രീഷ്‌കാന്ത് ഒരിക്കല്‍ പയ്യന്നൂരിലെ ബാങ്ക് മാനേജരായ ഒരാളുടെ പറമ്പില്‍ മണ്ണിടുന്ന പണിക്കുപോയി. അവിടത്തെ കാടൊക്കെ വെട്ടിത്തെളിച്ച് മണ്ണിടുന്ന പണി ആയിരുന്നു. ശ്രീഷ്‌കാന്തും മറ്റു രണ്ടു പേരുമാണ് ആ ജോലി ചെയ്തുകൊണ്ടിരുന്നത്. അങ്ങനെ ചെമ്മണ്ണിടാന്‍ വേണ്ടി മണ്ണ് നീക്കുന്നതിന്റെ ഇടയിലെ കാട് കൊത്തി. അവിടെയുള്ള കണ്ടല്‍ക്കാടുകള്‍ കൊത്തുന്നു എന്ന പേരില്‍ ശ്രീഷ്‌കാന്തിന്റെ പേരില്‍ ഫോറസ്റ്റുകാര്‍ക്ക് പരാതി കൊടുത്തു. ആ പരാതിയുടെ മേല്‍ ശ്രീഷ്‌കാന്തിനെ പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അവിടെയുള്ള ഒരു സമുദായത്തിലുള്ളവരാണ് ആ പരാതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഞാന്‍ ഇത്രയും അനുഭവിച്ചതിന്റെയെല്ലാം പ്രധാന കാരണം ഞാന്‍ പുലയ സമുദായത്തില്‍ ജനിച്ചതായിരുന്നു. ഞങ്ങള്‍ക്ക് അവരെ തൊട്ടുകൂടാ, തീണ്ടിക്കൂടാ, ഞങ്ങള്‍ അവരുടെ സമുദായത്തിനൊപ്പം ഉയര്‍ന്നു കൂടാ, അവരുടെ അതേ നിലയില്‍ നില്ക്കാന്‍ പാടില്ല, എന്നൊക്കെയുള്ള മാനസികാവസ്ഥയിലാണ് അവര്‍ എന്നെ ഉപദ്രവിച്ചത്. കണ്ടല്‍ക്കാടല്ല കൊത്തിയത്, അതിന്റെ ഇടയിലുള്ള ചെറിയ കാടായിരുന്നു. ശ്രീഷ്‌കാന്തിന്റെ കൂടെ വേറെ രണ്ടു പേര്‍ ഉണ്ടായിരുന്നെങ്കിലും ശ്രീഷ്‌കാന്തിന് എതിരെ മാത്രം കേസ് വരികയും ചെയ്തു. പിന്നെ പോലീസ് സ്റ്റേഷനില്‍ ആ സ്ഥലത്തിന്റെ ഉടമ വന്നു ജാമ്യം എടുത്തതോടെ അറസ്റ്റും കാര്യങ്ങളും ഒന്നും ഇല്ലാതെ പോയി. കേസിന്റെ പിന്നില്‍ പാര്‍ട്ടിക്കാരാണ് പ്രവര്‍ത്തിച്ചതെങ്കിലും കേസ് കൊടുത്തത് വെള്ളൂരിലുള്ള ഒരാളാണ്. പിന്നീട് അയാള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു ഞങ്ങളോട് പറഞ്ഞിരുന്നു.

ഞങ്ങള്‍ കണ്ണങ്ങാട്ട് ഒരു അമ്പലത്തില്‍ ഉത്സവത്തിനു പോയി. ഞാനും ശ്രീഷ്‌കാന്തും കുട്ടികളും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവിന്റെ അമ്മയും. അമ്മമ്മ വൈകിട്ടു മാത്രമേ ഉത്സവത്തിനു പോകൂ. അമ്മമ്മ തെയ്യത്തിന്റെ ആള്‍ക്കാര്‍ക്ക് ഇരിക്കാനുള്ള കുട്ടിപ്പായ കൊടുക്കാറുണ്ട്. അതൊരു നേര്‍ച്ചയാണ്. അതിനു ദക്ഷിണയായി വെറ്റിലയും അടയ്ക്കയും കൊടുക്കും. അമ്മമ്മ അതൊക്കെ കണ്ട് പുലര്‍ച്ചെ ആകുമ്പോഴാണ് വരിക. ഞങ്ങള്‍ രാത്രി ഭക്ഷണം എല്ലാം കഴിച്ചിട്ടാണ് പോവുക. ഓട്ടോ കത്തിച്ച കേസിലെ പ്രതികള്‍ എതിരെ വരുന്നുണ്ടായിരുന്നു. ഒരു പ്രകോപനവുമില്ലാതെ അവര്‍ വന്നു ഭീഷണിപ്പെടുത്തി.

'നീയൊന്നും അധികം ജയിച്ചെന്ന് കരുതേണ്ട, നിനക്കെല്ലാം വെച്ചിട്ടുണ്ട്. സൂക്ഷിച്ചോ. നീയൊന്നും അധികകാലം ജീവിച്ചിരിക്കില്ല'.

അത് കഴിഞ്ഞുള്ള ജൂണ്‍ മാസത്തിലെ നല്ല മഴ പെയ്യുന്ന ഒരു രാത്രി. ജൂണ്‍ ഇരുപത്തിയാറാം തീയതി. മൂന്നു നാലുപേര്‍ കൂടി വലിയ കൊടുവാളുമായി ഞങ്ങളുടെ വീട്ടിലേക്കുവരികയാണ്. ഇതില്‍ ഒരാള്‍ എന്റെ വല്യമ്മയുടെ മകനാണ്. അമ്മയുടെ ചേച്ചിയുടെ മകന്‍. ഞങ്ങള്‍ ചെറുപ്പത്തില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. അതിനു മുമ്പ് അനിയത്തിയുടെ ഭര്‍ത്താവ് സജു കടയില്‍ പോയിരുന്നു. അവര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് മാത്രമേ റേഷന്‍ കാര്‍ഡ് ഉളളൂ. അവര്‍ക്കും വൈദ്യുതിയില്ല, ഞങ്ങള്‍ക്കുമില്ല. സജു രാവിലേക്കുള്ള ചായയുടെ കടിയും രാത്രിയിലേക്ക് കത്തിക്കാന്‍ മെഴുകുതിരിയും വാങ്ങി വരുമ്പോള്‍ വഴിക്കുനിന്ന് ആരോ അപകടം വരുന്നുണ്ടെന്നു പറഞ്ഞു. ശ്രീഷ്‌കാന്തിനെ വെട്ടാന്‍ വരുന്നുണ്ട്, മാറി നിന്നോ എന്ന് സജുവിനോട് അവര്‍ പറഞ്ഞു. ആ പറഞ്ഞവര്‍ അവരുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെ ആയിരിക്കും. സജു വീട്ടില്‍ വന്ന് ശ്രീഷ്‌കാന്തിനോട് 'എടാ നിന്നെ വെട്ടാന്‍ അവര്‍ പരിപാടി ഇട്ടിട്ടുണ്ട്. അവര്‍ ഇപ്പോള്‍ വരും' എന്ന് പേടിച്ചു കൊണ്ട് പറഞ്ഞു. ശ്രീഷ്‌കാന്തിനോട് വേഗം അമ്മമ്മയെ അവിടെ നിര്‍ത്തി എന്നെയും കുട്ടികളെയും കൂട്ടി അമ്മയുടെ വീട്ടിലേക്കു പോയ്ക്കൊള്ളാന്‍ പറഞ്ഞു. 'എന്നെ അവര്‍ വെട്ടിക്കൊല്ലുന്നുണ്ടെങ്കില്‍ കൊല്ലട്ടെ' എന്നാണ് എടുത്ത വായില്‍ ശ്രീഷ്‌കാന്ത് പറഞ്ഞത്. താന്‍ വാങ്ങിയ മെഴുകുതിരിയും രാവിലത്തെ ചായയുടെ കടിയും വീട്ടില്‍ കൊണ്ടുകൊടുത്തിട്ടു വേഗം വരാം എന്ന് പറഞ്ഞു സജു പുറത്തേക്കിറങ്ങി. സജുവിന് വെളിച്ചം കാണിച്ചു കൊടുക്കാന്‍ ഉള്ളിലേക്ക് ടോര്‍ച്ച് എടുക്കാന്‍ ഉള്ളിലേക്ക് ഞാന്‍ പോയ സമയം പുറത്തുനിന്നും ഒരു നിലവിളി കേട്ടു. 

ഞാന്‍ ഓടിച്ചെന്ന് ടോര്‍ച്ചടിച്ചു നോക്കുമ്പോള്‍, രണ്ടുപേര്‍ ചേര്‍ന്ന് അപ്പുറത്തും ഇപ്പുറത്തും നിന്ന് വടിവാള്‍ കൊണ്ട് സജുവിനെ വെട്ടുന്നതാണ് കണ്ടത്. എന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സജുവിനെ കണ്ടതോടെ 'ആള്‍ മാറിപ്പോയെടാ... ഓടിക്കോ' എന്ന് പറഞ്ഞു അവര്‍ ഓടിപ്പോയി. മഴ പെയ്തു നല്ല വെള്ളമുള്ളതുകൊണ്ട് ഇവരുടെ പുറകെ ഓടിപ്പോകാനും കഴിയില്ല. അവരെങ്ങോട്ടാണ് ഓടിയത് എന്നും അറിയില്ലായിരുന്നു. നല്ല ഇരുട്ടുമായിരുന്നു. ഞാന്‍ സജുവിനോട് 'എടാ... ഞാന്‍ ആളെ കണ്ടെടാ...' എന്നു പറഞ്ഞു. 'എങ്കില്‍ അവരെ പിടിക്കണം....' എന്ന് പറഞ്ഞു സജു പുറകെ ഓടി. പക്ഷെ കുറച്ചു ദൂരം ഓടിയപ്പോഴേക്കും സജു ആകെ കുഴഞ്ഞു വീണു, ഒരുപാട് രക്തം പോയിരുന്നു. ചുമലില്‍ കഴുത്തിന്റെ ഭാഗത്താണ് വെട്ടു കൊണ്ടത്. ഞാനും ശ്രീഷ്‌കാന്തും കൂടി സജുവിനെ എടുത്തു കോലായിലേക്ക് കൊണ്ടുവന്നു. മുറിവ് നല്ല വൃത്തിക്ക് ഒരു തുണിയെടുത്ത് കെട്ടി. ശ്രീഷ്‌കാന്ത് വണ്ടി പിടിക്കാന്‍ പോകാന്‍ തയ്യാറായി. പക്ഷെ അവര്‍ വഴിക്കെവിടെയെങ്കിലും നില്‍ക്കുന്നുണ്ടാകുമെന്ന പേടിയില്‍ ഞാന്‍ ശ്രീഷ്‌കാന്തിനെ തടഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും വയലിലൂടെയുള്ള വഴിയിലുടെ സജുവിനെയും താങ്ങി നടന്നു. ഞങ്ങള്‍ സജുവിനെയും കൊണ്ട് പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപ്രതിയിലേക്കു പോയി.  ആഴത്തിലുള്ള മുറിവാണെന്നും എല്ലിനു ചതവ് പറ്റിയിട്ടുണ്ടെന്നും എക്‌സ്‌റെ എടുക്കേണ്ടതാണെന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണം എന്നും അവിടെ നിന്നു പറഞ്ഞു. അങ്ങനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

placeholder
ചിത്രലേഖയും ശ്രീഷ്‌കാന്തും

ഞങ്ങളുടെ കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലായിരുന്നു. ശ്രീഷ്‌കാന്തിന്റെ മുതലാളി ഷൗക്കത്ത് അലി ആയിരുന്നു ഓട്ടോ ഓടിച്ചത്. ഞങ്ങളുടെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് അദ്ദേഹം ഒരു അഞ്ഞൂറ് രൂപ വെച്ചുതന്നു. ആ സമയങ്ങളില്‍ എനിക്ക് വണ്ടി കത്തിയതിന്റെ നഷ്ടപരിഹാരമായി പട്ടികജാതി വകുപ്പില്‍ നിന്ന് ഒരു പതിനായിരം രൂപ കിട്ടിയിരുന്നു. സജുവിന്റെ കഴുത്തിലെ ഞരമ്പിനു മുറിവുണ്ടായിരുന്നു. അതുകൊണ്ട് കോളര്‍ ഇട്ടു കഴുത്തനക്കാതെ കിടക്കണമായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചു ദിവസം കിടക്കേണ്ടതായി വന്നു. അതിനു ഏകദേശം എണ്ണായിരം രൂപ ചെലവായി. പിന്നെ അവന്റെ വീട് നോക്കണം. ബാക്കിയുള്ള പൈസയ്ക്ക് അവന്റെ വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും വാങ്ങി. അങ്ങനെ ആ പതിനായിരം രൂപ ഒറ്റയടിക്കു തീരുകയും ചെയ്തു. സജുവിന് തെങ്ങുകയറ്റമായിരുന്നു ജോലി. ഞരമ്പിനു മുറിവ് പറ്റിയത് കൊണ്ട് കൈ പൊക്കാന്‍ പറ്റാതായത്തോടെ പിന്നീട് രണ്ടു മാസം ജോലിക്കു പോകാന്‍ പറ്റാതെ ആയി. അങ്ങനെ രണ്ടു മാസം അവന്റെ വീടുകൂടി നോക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കായി. 

സജുവിനെ ഡിസ്ചാര്‍ജ് ചെയ്തു വരുമ്പോള്‍ ഞങ്ങള്‍ പയ്യന്നൂര്‍ ടൗണിലാണ് ഇറങ്ങിയത്. കുട്ടികള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കാനായിരുന്നു ടൗണില്‍ ഇറങ്ങിയത്. പയ്യന്നൂരിലെ ബിവറേജിന്റെ തൊട്ടപ്പുറത്തു പച്ചക്കറിയും, പഴം, പരിപ്പുവട പോലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലമുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന്റെയും ആരാധന ടാക്കീസിന്റെയും നടുക്കാണ് ആ സ്ഥലം. ഞങ്ങള്‍ നടന്നു പോകുമ്പോള്‍ കണ്ട കാഴ്ച പ്രതികളില്‍ ഒരാള്‍ തന്റെ ഓട്ടോ റിക്ഷയില്‍ കാലിന്മേല്‍ കാലും കേറ്റി വെച്ചിരിക്കുന്നതാണ്. 'കണ്ടോ ഞങ്ങളോടെല്ലാം കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. ഇനി ബാക്കി വരാന്‍ പോകുന്നേയുള്ളൂ...' എന്നായിരുന്നു ഡയലോഗ്. അയാള്‍ അറസ്റ്റ് ചെയ്യപ്പെടാതെ പാര്‍ട്ടിയുടെ ബലത്തില്‍ വിലസുകയാണ്. ഞാന്‍ അവനോടൊന്നും പ്രതികരിച്ചില്ല. എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുവോ എന്നു നോക്കട്ടെയെന്ന് എന്നോടു തന്നെ പറയുകയാണുണ്ടായത്. ഞങ്ങള്‍ അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനിലേക്കുപോയി 'ഞങ്ങളുടെ കേസിന് എന്തെങ്കിലും നടപടി എടുത്തോ സാര്‍?' എന്ന് ചോദിച്ചു.

'ഇല്ല, അവരെല്ലാവരും ഒളിവിലാണ്' ഇതായിരുന്നു പോലീസിന്റെ മറുപടി.

'ഒളിവിലുള്ളവരെ ഞാന്‍ ഇപ്പോള്‍ കാണിച്ചു തരാം... നിങ്ങള്‍ക്ക് പിടിക്കാന്‍ പറ്റുവോ?' ഞാന്‍ ചോദിച്ചു. 'ഞാന്‍ തന്ന കേസിന് നിങ്ങള്‍ എന്താണ് നടപടി എടുത്തത്? ഇങ്ങനെയാണെങ്കില്‍ ഞങ്ങളെ കൊന്നാല്‍ പോലും ആരും ചോദിക്കാനുണ്ടാകില്ലല്ലോ? ഇവിടെ നീതിയും ന്യായവും ഒന്നുമില്ലേ?'
ഞാന്‍ പോലീസുകാരോട് പൊട്ടിത്തെറിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഞാന്‍ പോലീസുകാരോട് ഇങ്ങനെ സംസാരിക്കുന്നത്. ഉള്ളിലുള്ള രോഷം ഇരച്ചുകയറുകയായിരുന്നു. അതിനുശേഷമാണ് ഞാന്‍ പോലീസുകാരോട് ധൈര്യത്തില്‍ സംസാരിക്കാന്‍ തുടങ്ങിയത്. 'ഞങ്ങള്‍ നാളെ മരിക്കേണ്ടി വന്നാലും നിങ്ങള്‍ ഇടപെടില്ലല്ലോ' എന്ന എന്റെ ചോദ്യത്തില്‍ പോലീസുകാര്‍ ഇളകി.

ബസ്‌സ്റ്റോപ്പില്‍ തന്നെ ഉള്ള പ്രതിയെ ഞാന്‍ കാണിച്ചു കൊടുത്തു. അപ്പോള്‍ തന്നെ പോലീസുകാര്‍ അയാളെ പോലീസ് ജീപ്പില്‍ തൂക്കിയിട്ടു. അവന്‍ വാടകയ്ക്കായിരുന്നു വണ്ടി ഓടിച്ചത്. അവന് ലൈസന്‍സും ഇല്ലായിരുന്നു. അവന്റെ വണ്ടിയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. അപ്പോള്‍ പോലീസ് സ്റ്റേഷനിലേക്ക് അവന്റെ ഭാര്യയും ഭാര്യയുടെ അമ്മയും എത്തി. അവര്‍ മൂക്കത്ത് വിരല്‍ വെച്ച് എന്നെ കൂവി വിളിച്ച് കളിയാക്കാന്‍ തുടങ്ങി.

'നീയൊക്കെ അധികം കളിയാക്കേണ്ട, നിന്നെക്കൊണ്ടൊക്കെ പറ്റുമെങ്കില്‍ ഇവനെ ഇറക്കിക്കൊണ്ട് പോ...' എന്ന് ഞാന്‍ അവരോടു പൊട്ടിത്തെറിച്ചു.
പാര്‍ട്ടിക്കാര്‍ അവരുടെ പിന്നിലുണ്ടെന്നും അവര്‍ സഹായിക്കുമെന്നുമുള്ള ആത്മവിശ്വാസം അവന്റെ ഭാര്യയ്ക്കും ഭാര്യയുടെ അമ്മയ്ക്കും ഉണ്ടായിരുന്നു. അതാണ് അവര്‍ എന്നെ കളിയാക്കിയത്. അവനെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുമെന്ന് ഞാനും പറഞ്ഞിരുന്നു. പോലീസുകാര്‍ അപ്പോള്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തി ആശുപ്രതിയിലേക്ക് കൊണ്ടുപോയി നേരെ മജിസ്‌ട്രേറ്റിന്റെ മുന്നിലേക്ക് കൊണ്ടുപോകാനുള്ള പേപ്പറുകള്‍ റെഡിയാക്കിത്തുടങ്ങിയതോടെ ഭാര്യയും അമ്മയും വാവിട്ടു നിലവിളി തുടങ്ങി. ഞാനിറങ്ങിപ്പോകുമ്പോള്‍ 'നീയൊന്നും നന്നാവില്ല' എന്നവര്‍ ശപിച്ചു. ഞാന്‍ 'ഇങ്ങനെ ദ്രോഹം ചെയ്ത നിങ്ങളുടെ മകനും നന്നാകും എന്ന മോഹമൊന്നും വേണ്ട' എന്ന് തിരിച്ചടിക്കുകയും ചെയ്തു. ഒന്നുമല്ലെങ്കിലും ബന്ധുക്കളാണെന്ന ചിന്തയെങ്കിലും മനസ്സില്‍ വേണം. അല്ലാതെ ശത്രുക്കളുടെ കൂടെ കൂടി തകര്‍ക്കാനല്ല ശ്രമിക്കേണ്ടത് എന്നും ഞാന്‍ പറഞ്ഞു. പിന്നെ അവര്‍ വലിയ വായില്‍ നിലവിളി തുടര്‍ന്നുകൊണ്ടേയിരുന്നു. അവന്‍ എന്റെ വലിയമ്മയുടെ മകനായിരുന്നെങ്കിലും പൈസ വാങ്ങിയാണ് വധശ്രമത്തിനു മുതിര്‍ന്നത്.

അയാളെ അറസ്റ്റ് ചെയ്തു ജഡ്ജിനു മുന്നില്‍ ഹാജരാക്കി. അവന്‍ തന്നെ ഒപ്പം ഉണ്ടായിരുന്നവനെ കാണിച്ചു കൊടുത്തു. അവനെയും റിമാന്റ് ചെയ്തു. വടിവാളൊക്കെ എവിടെയോ അവര്‍ എറിഞ്ഞിരുന്നു. താന്‍ ഒന്നും ചെയ്തിട്ടില്ല, തന്നെ കുടുക്കാന്‍ നോക്കിയതാണ് എന്ന് പറഞ്ഞ് അവന്‍ ഒഴിവാകാന്‍ നോക്കി.

രണ്ടുപേര്‍ക്കും തൊണ്ണൂറു ദിവസം കഴിഞ്ഞായിരുന്നു ജാമ്യം കിട്ടിയത്. സജുവിനാണ് വെട്ടു കിട്ടിയതെങ്കിലും ഞാനും അനിയത്തിയും ചേര്‍ന്ന് പരാതി കൊടുത്തതുകൊണ്ട് പട്ടികജാതി വകുപ്പ് പ്രകാരം തന്നെ കേസെടുത്തു.

(തുടരും)