ഓട്ടോയുടെ പെട്രോള്‍ ടാങ്കിന്റെ മൂടി തെറിച്ചു ബോഡിക്കടിച്ച ഒച്ചയാണ് കേട്ടത്. വലിയ തീ കത്തുന്നതാണ് ഞാന്‍ കാണുന്നത്. വണ്ടിവെച്ച സ്ഥലത്താണല്ലോ കത്തുന്നത് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വേഗം ശ്രീഷ്‌കാന്തിനെ വിളിച്ചു. ശ്രീഷ്‌കാന്ത് പറഞ്ഞു, 'വണ്ടി തന്നെയാണ് കത്തുന്നത്. ഞങ്ങളുടെ വീട്ടില്‍ വൈദ്യുതി ഇല്ലാത്തതു കൊണ്ട് തൊട്ടയല്‍പക്കത്തെ വീട്ടിലായിരുന്നു ഞങ്ങള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. ഓട്ടോ ഓടിക്കാന്‍ പോകാത്തതുകൊണ്ട് ഫോണ്‍ അധികം ചാര്‍ജ് ചെയ്തുവെക്കാറുമില്ല. ആ ഇരുട്ടത്തുതന്നെ ഞാന്‍ ഓടിപ്പോയി അയല്‍പക്കത്തുള്ളവരെ മുട്ടിവിളിച്ച് പോലീസിനു ഫോണ്‍ ചെയ്തു. പോലീസാണ് ഫയര്‍ ഫോഴ്‌സിനെയും വിളിച്ചു കൊണ്ടുവരുന്നത്. ഫയര്‍ എഞ്ചിന്റെ വണ്ടിയാണെങ്കില്‍ അവിടേക്ക് എത്തുകയുമില്ല. പിന്നെ ജനങ്ങള്‍ ഓടിക്കൂടി അപ്പുറത്തെ തോട്ടില്‍ നിന്നും വെള്ളം കോരി ഒഴിച്ചാണ് തീ കെടുത്തിയത്. അപ്പോഴേക്കും ഓട്ടോ മുഴുവന്‍ കത്തിത്തീര്‍ന്നിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പോലീസ് വണ്ടിയില്‍ കേറി പോലീസ് സ്റ്റേഷനിലെത്തി പരാതി എഴുതിക്കൊടുത്തു. അമ്മയുടെ വീട്ടിലായിരുന്ന അനിയന്‍ രാവിലെ വന്ന് ഓട്ടോ കത്തിയത് കണ്ടപ്പോഴാണ് ചിലരവിടെ ഉണ്ടായിരുന്നുമെന്നു പറയുന്നത്. അനിയന്‍ അവരെ കണ്ടിരുന്നു എന്ന സംഭവം ഞാന്‍ പോലീസുകാരോടു പറഞ്ഞു. പിറ്റേ ദിവസം മുതല്‍ അവരെ കാണാനില്ല. മൂന്നുപേര്‍ ഒളിവില്‍ പോയി. പോലീസ് അവരെ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല.
ഓട്ടോ കത്തിയതിന്റെ തുടര്‍ന്നുള്ള ദിവസം പത്രത്തില്‍ ലോക്കല്‍ പേജില്‍ ഒരു ചെറിയ വാര്‍ത്ത വന്നു: 'എടാട്ട് വനിതാ ഓട്ടോ ഡ്രൈവറുടെ ഓട്ടോ കത്തി നശിച്ചു' ആ വാര്‍ത്ത വന്നതല്ലാതെ വേറെ ഒന്നും ഉണ്ടായില്ല. പിന്നെ ഞങ്ങള്‍ പോലീസ് സ്റ്റേഷനിലും ഡി.വൈ.എസ്.പി. ഓഫീസിലും നിരന്തരം കയറിയിറങ്ങിയതിന്റെ ഫലമായാണ് കേസ് മുന്നോട്ടുപോയത്. പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം തന്നെ കേസ് എടുത്തു. പക്ഷെ സാക്ഷി പറയാന്‍ അനിയനു മടിയായിരുന്നു. കാരണം അവന്‍ ആ പാര്‍ട്ടിയുടെ യൂണിറ്റ് സെക്രട്ടറി ആണല്ലോ. പക്ഷെ രണ്ടാഴ്ച കഴിയുമ്പോഴേക്കും അവനെ യൂണിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു. അപ്പോള്‍ അവനു കാര്യങ്ങള്‍ മനസ്സിലായതോടെ അവന്‍ വന്ന് പോലീസിനു മൊഴി കൊടുത്തു. മൊഴി കൊടുത്തതിനുശേഷം അവനെ പിന്നെയും പിടിച്ച് യൂണിറ്റ് സെക്രട്ടറിയാക്കി. പക്ഷെ അനിയന്‍ മൊഴി മാറ്റാനൊന്നും പോയതുമില്ല. അനിയന് സ്ഥാനം കൊടുത്താല്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന ധാരണയിലാണ് പിന്നെയും അവനെ യൂണിറ്റ് സെക്രട്ടറി ആക്കിയത്. എന്റെ ദേഹത്തേക്ക് ഒരാള്‍ വണ്ടി കയറ്റാന്‍ ശ്രമിച്ചത് ബസ്സില്‍ പോകുന്നവരും റേഷന്‍ കടയില്‍ വന്നവരും കോളേജില്‍ പോകുന്ന കുട്ടികളും കണ്ടിരുന്നു. പക്ഷെ ഒരൊറ്റ ആള്‍ പോലും എനിക്കുവേണ്ടി സാക്ഷി പറയാന്‍ വന്നിരുന്നില്ല. ഞങ്ങളുടെ ബന്ധുക്കള്‍ പോലും കൂടെ നിന്നില്ല. ഞങ്ങള്‍ സാക്ഷി പറഞ്ഞു നിന്നെപ്പോലെ തന്നെ അവസ്ഥ ഉണ്ടാക്കാനാണോ എന്നു ചോദിച്ച് അവരൊക്കെ പിന്മാറി. എല്ലാവര്‍ക്കും എന്നെ അക്രമിച്ചവരെ വലിയ പേടി ആയിരുന്നു.
Also Read
വണ്ടി കത്തിച്ചതോടെ ഞങ്ങള്‍ തൊഴില്‍രഹിതരായി. അങ്ങനെ ആരോടും ഒന്നും പറയാനും ചോദിക്കാനും ഇല്ലാതെ രണ്ടുമാസം കഴിയുമ്പോഴാണ് ഞങ്ങളുടെ ദയനീയസ്ഥിതി അറിയാനിടയായ പയ്യന്നൂരിലെ സി.പി.ഐ (എംഎല്‍) നേതാക്കളായ വിനോദ്കുമാര്‍ രാമന്തളി, സി.മനോഹരന്‍, പി.ശിവാനന്ദന്‍ നാടക പ്രവര്‍ത്തകന്‍ മനോജ് കാന, കെ.കെ. രാധാകൃഷണന്‍, കെ.സി.ഹരിദാസ് എന്നിവര്‍ ഞങ്ങളെ കാണാന്‍ വരുന്നത്. ഈ പ്രദേശത്ത് ആരും സഹായിക്കാനില്ലാത്ത സമയത്താണ് എടാട്ടെ ആദ്യകാല നക്സലൈറ്റ് പ്രവര്‍ത്തകനായ പി.പി.രാജന്‍ മാഷ് ഈ വിവരം എങ്ങിനെയോ അറിഞ്ഞ് ഏഴിലോട്ടെ സഖാവ് സി.മനോഹരനോട് പറയുകയും ഈ മനുഷ്യസ്നേഹികള്‍ ഞങ്ങളെ വന്ന് കാണുന്നതും വസ്തുതകള്‍ മനസ്സിലാക്കി പോകുന്നതും. മണല്‍ കട്ടകള്‍ കൊണ്ട് ഇടിഞ്ഞുപൊളിഞ്ഞു നില്‍ക്കുന്ന ചുവരിന് ചാരി ഇരുന്നുകൊണ്ട് പായ മെടയുന്ന ചിത്രലേഖയെയും, അമ്മൂമ്മയെയുമാണ് അവര്‍ കാണുന്നത്. അവരുടെ കണ്ണുകളില്‍ രോഷത്തിന്റെ അഗ്നി പടരുന്നത് എനിക്കും ഭര്‍ത്താവ് ശ്രീഷ്‌കാന്തിനും വ്യക്തമായിരുന്നു.
എടാട്ടെ ഈ സഖാവ് പി.പി. രാജന്‍ മാഷായിരുന്നു ഞങ്ങള്‍ക്ക് ഒരു മാസക്കാലം ഭക്ഷണ സാധനങ്ങള്‍ തന്നത് എന്നത് ഒരു കാലത്തും ഞങ്ങള്‍ക്ക് മറക്കാനാവുന്നതല്ല.
അങ്ങനെ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ഈ രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം പയ്യന്നൂരില്‍ ഒരു യോഗം വിളിച്ചു. ആ യോഗത്തിലേക്ക് എന്നെയും, ഭര്‍ത്താവിനെയും ക്ഷണിച്ചു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിന്നടുത്തുള്ള 'ആംപിയര്‍ 'പാരലല്‍ കോളേജില്‍ വെച്ചായിരുന്നു യോഗം വിളിച്ചത്. കുഞ്ഞിമംഗലം പറമ്പത്തെ ഹരിഹരന്‍, ആക്ടിവിസ്റ്റുകളായ കെ.ദേവി, ഡോ. സുരേന്ദ്രനാഥ്, എം.സുല്‍ഫത്ത് ടീച്ചര്‍ ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ മാഷ്, സി.മനോഹരന്‍, വിനോദ്കുമാര്‍ രാമന്തളി, പി.ശിവാനന്ദന്‍, പി.വി. പത്മനാഭന്‍, മനോജ് കാന, കെ.എം. വേണുഗോപാലന്‍, കെ.രാമചന്ദ്രന്‍, കെ.സി. ഹരിദാസ്, കെ.കെ.രാധാകൃഷ്ണന്‍ തുടങ്ങി പതിനഞ്ചിലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം കേസിന്റെ പുരോഗതി അന്വേഷിക്കാനും ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്നും യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷ കത്തിച്ച് രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു യോഗം വിളിച്ചു ചേര്‍ക്കാനിടയായതും ഈ യോഗത്തിന് ശേഷം 'ചിത്രലേഖ ആക്ഷന്‍ കമ്മിറ്റി' രൂപീകരിച്ച് പത്രവാര്‍ത്ത കൊടുക്കുകയും നിരന്തരം പോലീസ് സ്റ്റേഷനില്‍ പോവുകയും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് കൊണ്ടേ ഇരിക്കുകയും ചെയ്തു. പക്ഷെ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അതിനുശേഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ,കണ്‍വെന്‍ഷനുകളും എല്ലാം നടത്തിയതിന് ശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
2006 മാര്‍ച്ച് മാസമാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കണ്‍വെന്‍ഷനും നടത്തിയത്. പഴയ ബസ് സ്റ്റാന്റ് മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ മാര്‍ച്ച് നടത്തി. സുല്‍ഫത്ത് ടീച്ചര്‍, ഞാന്‍, സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ശ്രീഷ്‌കാന്ത്, സി.പി.ഐ.എം.എല്‍ന്റെ പ്രവര്‍ത്തകര്‍ തെക്ക് നിന്ന് ഗീത ടീച്ചര്‍, തൃശ്ശൂര്‍ കോട്ടയം ഭാഗങ്ങളില്‍ നിന്നും ഒരുപാടു പേരുമുണ്ടായിരുന്നു. മയിലമ്മ ആയിരുന്നു ഈ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി ജലം ഊറ്റുന്നതിനെക്കുറിച്ച് മയിലമ്മ സംസാരിച്ചു. അവിടെ അതിന്റെ ഇരകള്‍ ദളിതരാണ്. കീഴാളരാണ്. അതുപോലെ തന്നെ കീഴാളര്‍ക്കെതിരെ ഉള്ള കേരളത്തിന്റെ മറ്റൊരു അക്രമം ആണ് എനിക്കെതിരെ ഉള്ളതെന്നും അവര്‍ സംസാരിച്ചു. മയിലമ്മ തമിഴിലായിരുന്നു സംസാരിച്ചത്. പഴയങ്ങാടിയില്‍ ഓട്ടോ റിക്ഷ ഓടിച്ചു അക്രമം ഏല്‍ക്കേണ്ടി വന്ന എലിസബത്ത് ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു.
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതോടെയും കണ്‍വെന്‍ഷനും ജാഥയും നടത്തിയതോടെയും എനിക്കു കുറെ ഭീഷണിക്കത്തുകള്‍ കിട്ടാന്‍ തുടങ്ങി. കുറെ കാണാതായവരുടെയും മരിച്ചവരുടെയും കൊല്ലപ്പെട്ടവരുടെയും വാര്‍ത്തകളടങ്ങിയ പത്രക്കട്ടിങ്ങുകള്‍ അയച്ചുകൊണ്ടുള്ള കത്തുകള്‍ ആയിരുന്നു അവ. ഇനിയും നിങ്ങള്‍ തുടര്‍ന്നുപോയാല്‍ നിങ്ങളുടെ അനുഭവം ഇതുപോലെയായിരിക്കും എന്നെഴുതി അയച്ചുള്ള ഭീഷണികള്‍. ഇവരൊക്കെ എങ്ങനെ കാണാതായി, എങ്ങനെ മരണപ്പെട്ടു എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? എന്നൊക്കെ എഴുതിയ പേടിപ്പെടുത്തുന്ന കത്തുകള്‍. ആ സമയത്ത് ഞങ്ങള്‍ക്ക് പത്രം വാങ്ങിക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് അത്തരം വാര്‍ത്തകള്‍ ഒന്നും അറിയില്ലായിരുന്നു. വാര്‍ത്തകള്‍ അറിയാനുള്ള ഏക ഉപാധി റേഡിയോ മാത്രമായിരുന്നു. ഈ ഭീഷണിക്കത്തുകള്‍ കണ്ടപ്പോള്‍ പേടിച്ചു എന്നത് സത്യമായിരുന്നു. കാരണം വൈദ്യുതിയൊന്നും ഇല്ലാതെ ചിമ്മിനി വെളിച്ചത്തിലാണ് രാത്രികള്‍ ഞങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നത്.
കുടുംബത്തില്‍ നിന്നും അക്കാലത്ത് വലിയ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. അനിയത്തി അടുത്തു വരും, പോകും എന്നല്ലാതെ വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. ഓട്ടോറിക്ഷ കത്തിയതിന്റെ പിറ്റേദിവസം പോലീസ് സ്റ്റേഷനില്‍ പോകുവാന്‍ വേണ്ടി ഒരമ്പതു രൂപ ചോദിച്ചിട്ട് അവള്‍ തന്നില്ല. അമ്മയോട് ചോദിച്ചിട്ടും കിട്ടിയില്ല. അവസാനം മോനെ ഒരു ചെറിയ തൈത്തെങ്ങില്‍ പിടിച്ചു കേറ്റി തേങ്ങ പറിച്ചു പീടികയില്‍ കൊണ്ട് കൊടുത്ത് കിട്ടിയ പൈസയുമായാണ് ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോയത്.
എടാട്ടിലെയും പയ്യന്നൂരെയും ഒരുപാട് ജനങ്ങള്‍ കണ്‍വെഷന്‍ കാണാന്‍ എത്തിയിരുന്നു. അതില്‍ പല പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു. മയിലമ്മ പ്രസംഗിക്കുന്നറിഞ്ഞ് അവരെ കാണാന്‍ വേണ്ടി ഒരുപാട് ജനം കൂടിയിരുന്നു. അതുകൊണ്ട് തന്നെ ഈ കണ്‍വെഷനിലൂടെ എന്റെ പ്രശ്‌നം എല്ലാ ജനങ്ങളും അറിഞ്ഞു. കണ്‍വെഷനില്‍ എന്നെ അക്രമിച്ചവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അക്രമം ഉണ്ടാകുമോ എന്നൊരു ചെറിയ പേടിയും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. മുമ്പ് ഓട്ടോറിക്ഷ കത്തിനശിച്ച ശ്യാമള വന്നിരുന്നു. പക്ഷെ അവര്‍ ഒന്നും സംസാരിക്കാന്‍ തയ്യാറായില്ല. അതേസമയം പഴയങ്ങാടിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ എലിസബത്ത് അവര്‍ക്കെതിരെ നടന്ന ആക്രമങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞു. അങ്ങനെ ഈ കണ്‍വെഷനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ചോദിക്കാനും പറയാനും ആളുണ്ടെന്നും അതുപോലെ കാര്യങ്ങള്‍ ആളുകള്‍ ഏറ്റെടുക്കുന്നു എന്ന് തോന്നിയതിനു ശേഷവുമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മുന്നോട്ടു വന്നത്.
പിന്നീട് പത്രങ്ങളിലെല്ലാം വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. പോലീസും പാര്‍ട്ടിയും തമ്മിലുള്ള ഒത്തുകളി ആണെന്ന യാഥാര്‍ത്ഥ്യം എല്ലാവരും അറിഞ്ഞു തുടങ്ങി. അവിടെയുണ്ടായിരുന്ന എസ്.ഐ സുനില്‍കുമാര്‍ പാര്‍ട്ടിക്കാരനായിരുന്നില്ല. പക്ഷെ അദ്ദേഹത്തെ പയ്യന്നൂര്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ പണയില്‍ തള്ളിയിട്ടിട്ടു നട്ടെല്ലൊടിഞ്ഞു കിടക്കുകയായിരുന്നു. പിന്നീടു ഞങ്ങളുടെ കേസ് അന്വേഷിച്ചത് ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരാളായിരുന്നു. പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസായതിനാലും ഞാനൊരു ദളിത് സ്ത്രീ ആയതിനാലും കേസ് എന്റെ വീട്ടില്‍ വന്ന് അന്വേഷിക്കണമായിരുന്നു, പക്ഷെ ഞങ്ങളെ ഡി.വൈ.എസ്.പി. ഓഫീസിലേക്ക് വിളിപ്പിച്ചാണ് അന്വേഷണം നടത്തിയത്. അന്നത്തെ തളിപ്പറമ്പ് ഡി.വൈ.എസ്.പി.യായിരുന്നു അത്. അയാള്‍ കൃത്യമായി കേസന്വേഷിക്കുന്നില്ല എന്ന് ഞങ്ങള്‍ പരാതി കൊടുത്തതിനു ശേഷം അബ്ദുല്‍ കരീം എന്ന പുതിയ ഡി.വൈ.എസ്.എപി. ഞങ്ങളുടെ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. അദ്ദേഹമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികള്‍ ബന്ധുവീടുകളിലും മറ്റുമായി ഒളിച്ചിരിക്കുകയായിരുന്നു. പിന്നെ കേസൊക്കെ തേഞ്ഞുമാഞ്ഞു പോകുമെന്ന ഒരു വിശ്വാസത്തിന്റെ പുറത്ത് അവര്‍ വണ്ടി ഓടിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് അവരെ അറസ്റ്റ് ചെയ്തത്. പക്ഷെ അവര്‍ക്കു പെട്ടെന്ന് ജാമ്യം ലഭിക്കുകയും ചെയ്തു. അതില്‍ സാക്ഷിയെന്നു പറയാന്‍ ആങ്ങളയുടെ മൊഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. അതിനിടയില്‍ കേസിന്റെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായി ചെറിയ ചെറിയ പൊതുയോഗങ്ങള്‍ നടത്തിയിരുന്നത് ദളിത് നേതാവ് കെ.കെ കൊച്ച് തുടങ്ങിയവരെയൊക്കെ വിളിച്ചു യോഗം നടത്തി.
കെ.കെ. കൊച്ചിന്റെ യോഗം നടക്കുന്ന സമയത്താണ് എടാട്ട് എനിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ കണ്ടു തുടങ്ങുന്നത്. അശ്ലീലം എഴുതിയുള്ള പോസ്റ്ററുകള്‍, ഓട്ടോസ്റ്റാന്‍ഡിലും പരിസരങ്ങളിലും ഒട്ടിച്ചുവെച്ചിരുന്നു. ചിത്രലേഖ പണമുണ്ടാക്കാനാണ് വണ്ടി കത്തിച്ചു പരിപാടികള്‍ സംഘടിപ്പിക്കുന്നത്, എന്നിങ്ങനെ അപമാനിക്കുന്ന രീതിയിലുള്ള നിരവധി പോസ്റ്ററുകള്‍ എടാട്ട് പ്രത്യക്ഷപ്പെട്ടു.
സുല്‍ഫത്ത് ടീച്ചര്‍ക്കും ഭീഷണികള്‍ ഉണ്ടായിരുന്നു. സുല്‍ഫത്ത് ടീച്ചറും കൂട്ടരും വാടകയ്ക്ക് ഒരു ഓട്ടോറിക്ഷ എടുത്ത് പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പൊക്കുടേട്ടനെക്കൊണ്ട് ഒരു പരിപാടി സംഘടിപ്പിച്ച് ചാവി തന്നു. പക്ഷെ അവര്‍ പത്രത്തിലേക്ക് എഴുതിക്കൊടുത്തതും പത്രത്തില്‍ വന്നതുമായ വാര്‍ത്ത എനിക്ക് 'പുതിയ ഓട്ടോറിക്ഷ വാങ്ങി നല്‍കി' എന്ന രീതിയിലായിരുന്നു. അതിനെ ശ്രീഷ്‌കാന്ത് ചോദ്യം ചെയ്തതോടെ ശ്രീഷ്‌കാന്തിനോട് പലര്‍ക്കും അസ്വാരസ്യമായി. അങ്ങനെ പലരും ഞങ്ങളോട് സംസാരിക്കാതെയായി. ആ ഓട്ടോ പയ്യന്നൂരില്‍ ഒരു സ്ത്രീ ഓടിക്കുന്നതായിരുന്നു. അവര്‍ ഓട്ടം നിര്‍ത്തിയതോടെ വാടകക്ക് ഞങ്ങള്‍ക്ക് തരികയായിരുന്നു.
(തുടരും)
Content Highlights: Dalit Autodriver Chithralekha Autobiography Oru Dalit auto Drivarude jeevitham
Published: 08 Aug 2025, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented