1984. ഞാന്‍ അഞ്ചാം ക്ലാസിലേക്ക് കയറിയപ്പോള്‍ ഒരു വലിയ ചേട്ടനായ മട്ടും ഭാവവുമൊക്കെ വരുത്തിയാണ് ഞാന്‍ പുതിയ പള്ളിക്കൂടത്തിലേക്ക് പോയത്. അവധിക്കാലം തീരും മുന്‍പേതന്നെ, ഞങ്ങളുടെ മലയോരത്ത് മഴക്കാലം തുടങ്ങി. കണ്ണാടിപ്പാറയിലും ഇരുമലക്കപ്പിലുമെല്ലാം തല്ലിയലച്ചു പെയ്ത മഴ, മണ്‍വഴികളില്‍ ഗര്‍ത്തങ്ങളുണ്ടാക്കി പാറത്തോട്ടിലേക്ക് മലവെള്ളമൊഴുക്കി. പാറത്തോട് നിറഞ്ഞൊഴുകിയ വെള്ളം വഴിയും പാടവും തോടുംമൊന്നും ഏതെന്നു തിരച്ചറിയാത്തവിധം താഴ്‌വാരങ്ങളെ മഞ്ഞമയമാക്കി. കുഞ്ചിരക്കാട്ട് പാറയുടെ മാറില്‍ തല്ലിത്തെറിച്ചൊഴുകിയ തെള്ളിത്തോട് ചിന്നാറ്റിലെ ചപ്പാത്ത് കവിഞ്ഞൊഴുകാന്‍ കാരണമായി. ആ ജൂണ്‍ മാസത്തില്‍ ആദ്യത്തെ ഒരാഴ്ചകൂടി ജില്ലാ കളക്ടര്‍ പള്ളിക്കൂടം അടച്ചിട്ടകാര്യം റേഡിയോയില്‍ പറഞ്ഞുവെന്ന് അയല്പക്കത്തെ ഷൈജു പറഞ്ഞാണ് അറിഞ്ഞത്. സമപ്രായക്കാരനാണെങ്കിലും അവന്‍ ആറാം ക്ലാസ്സില്‍ കയറിയിരുന്നു. എന്നെ ഒരുവര്‍ഷം താസിച്ചു സ്‌കൂളില്‍ ചേര്‍ത്തതിനാല്‍ എല്ലാ വര്‍ഷവും ഷൈജുവിന്റെ തലേവര്‍ഷത്തെ പുസ്തകം പകുതി വിലക്ക് വാങ്ങുന്ന ശീലം ആ വര്‍ഷവും ആവര്‍ത്തിച്ചു. നാലാം ക്ലാസ്സിന്റെ തുടക്കത്തില്‍ കാളത്തോട്ടിലെ അനാഥാലയത്തില്‍ ആയിരുന്നപ്പോള്‍ മാത്രമായിരുന്നു അത്തരത്തിലൊരു അയല്പക്ക പുസ്തക വ്യവഹാരം നടക്കാതിരുന്നത്.

To advertise here,

ഒരാഴ്ചത്തെ അധിക അവധിയും കഴിഞ്ഞ് പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ അമ്മ ജെസിക്ക് മാത്രം കുട വാങ്ങി. കമ്പിളികണ്ടത്തെ ഷാജി ക്ലോത്തില്‍ നിന്നും വെള്ളപ്പിടിയില്‍ വെള്ളി നിറത്തിലുള്ള സ്വിച്ചുള്ള ഞെക്കുമ്പം തെറിക്കുന്ന ഒരു സെന്റ് ജോര്‍ജ് കുട. ലാലിക്കും ബിന്ദുവിനും എനിക്കും കുടയൊന്നും കിട്ടിയില്ല. അക്കാലത്ത് ഞങ്ങളുടെ പള്ളിക്കൂടത്തില്‍ യൂണിഫോമൊന്നും നിര്‍ബന്ധിതമായിരുന്നില്ല. ജെസ്സിക്ക് ആ വര്‍ഷം വലിയ ഫ്‌ളീറ്റ് വച്ച് രമണിച്ചേച്ചി തയ്ച്ച രണ്ടു വലിയ പാവാടയും ബ്ലൗസും കിട്ടി. ആ ക്രിസ്മസ് അവധിക്ക് ഒരോ ജോഡി വസ്ത്രങ്ങള്‍ കിട്ടിയതിനാല്‍ ഞങ്ങള്‍ക്ക് ഇളയ മൂന്ന് പേര്‍ക്കും പുതിയതൊന്നും സ്‌കൂള്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ വാങ്ങിത്തന്നില്ല. ജെസിയുടെ പാവാട തയ്ച്ചത് വാങ്ങാന്‍ ചെല്ലുമ്പോള്‍ അവരുടെ മകന്‍ നോബിക്ക് ഇടാന്‍ ഇഷ്ടമില്ലാതിരുന്ന ഒരു കരിനീല നിറമുള്ള നിക്കര്‍ എനിക്ക് നല്‍കാന്‍ ഗോവിന്ദന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ രമണിച്ചേച്ചി അതെനിക്ക് എടുത്തു തന്നു. അത് വാങ്ങാതെ കുറേനേരം ഞാന്‍ അവരുടെ മുറ്റത്ത് മടിച്ചുനിന്നു. തലേ വര്‍ഷം കാളത്തോട്ടിലെ അനാഥശാലയുടെ ഇടവകപ്പള്ളിയില്‍നിന്ന് കിട്ടിയ നിക്കറിട്ട് പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ സഹപാഠി തിമോത്തി അത് അവന്റെ നിക്കറാണന്ന് മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ചു വിളിച്ചു പറഞ്ഞത് ഒരു വലിയ മുറിവായി അപ്പോഴും മനസ്സിലുണ്ടായിരുന്നു.

''അതിനെന്താ രമണി. അവനത് പാകമാ..''എന്ന് പറഞ്ഞുകൊണ്ട് അമ്മ അത് ജെസിയുടെ പുതിയ പാവാടയുടെ കൂടെ ഷാജി ക്ലോത്ത് കമ്പിളികണ്ടം എന്നെഴുതിയ കൂടിനകത്തേക്ക് വച്ചു. നോബി മറ്റുള്ളവരുടെ മുന്നില്‍ വച്ച് കളിയാക്കുമെന്ന് ഭയന്ന് ആഴ്ചകളോളം ഞാന്‍ ആ നിക്കറിട്ടില്ല. പിന്നീട് ഞാനതിട്ട് പള്ളിക്കൂടത്തില്‍ പോയപ്പോളും അതവന്റേതാണന്ന് ഒരു നോട്ടം കൊണ്ടുപോലും നോബി ഭാവിച്ചില്ല. വേദനകളുടെ കാലത്ത് കുട്ടികള്‍പ്പോലും കുട്ടിച്ചാത്തന്മാരാകുന്നത് കണ്ടു വളര്‍ന്ന ഞാന്‍ എല്ലാവരെയും സംശയത്തോടെയാണ് നോക്കിയിരുന്നത്.
മനസ്സിനേറ്റ മുറിവുകളൊക്കെ സ്വയം ശുശ്രൂഷിച്ചുണക്കിയില്ലെങ്കില്‍ അവ പഴുത്തു മറ്റുള്ളവരുടെ മേല്‍ രക്തമൊഴുക്കും. പഴയ മുറിവിന്റെ വേദന നോബിയെ പള്ളിക്കൂടത്തിലും വഴിയിലുമൊക്കെ വെച്ചു കാണുമ്പോള്‍ തേട്ടിവന്നു. ഞാനിട്ട നിക്കര്‍ അവന്റേതാണന്നു നോബിക്ക് അറിയില്ലന്ന് ഞാന്‍ സ്വയം പറയാന്‍ തുടങ്ങിക്കഴിഞ്ഞാണ് ആകുലപ്പെടാതെ ഞാന്‍ ആ നിക്കര്‍ ധരിക്കാന്‍ തുടങ്ങിയത്. തിമോത്തി എന്നിലേല്‍പ്പിച്ച മുറിവുണങ്ങിയത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്. ജെസിക്ക് മാത്രം ഞെക്കുമ്പം തെറിക്കുന്ന സെന്റ് ജോര്‍ജ് കുട വാങ്ങികൊടുത്തതില്‍ ചെറുതല്ലാത്ത പരിഭവം ലാലിക്കും ബിന്ദുവിനും എനിക്കും അമ്മയോടുണ്ടായിരുന്നു.
''അവളിപ്പോ വലിയ പെണ്ണായില്ലേ. വഴിയിലൂടെ നിങ്ങള്‍ പിള്ളേരെപ്പോലെ അവള്‍ക്കിനി നനഞ്ഞൊന്നും വരാന്‍ പറ്റില്ല...'
വലിയ പെണ്ണാണ് എന്ന അംഗീകാരത്തോടൊപ്പം ജെസിക്ക് കുടയും രണ്ടു ജോഡി പുതിയ വസ്ത്രങ്ങളും കിട്ടിയതിന്റെ കലിപ്പ് തീര്‍ക്കാന്‍ അമ്മയില്ലാത്തപ്പോള്‍ എന്തെങ്കിലും കാരണം കണ്ടെത്തി, ലാലിയും ഞാനും അവള്‍ക്കു ഇടി കൊടുക്കാന്‍ മടിച്ചില്ല. അമ്മ പണി കഴിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്ന വികൃതികളെല്ലാം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞുകൊടുത്തിരുന്ന ജെസ്സിയെ അത് പറഞ്ഞും ഞങ്ങള്‍ പിടിച്ചുനിര്‍ത്തി തൊട്ടടുത്ത ദിവസവും ഇടിച്ചു.

അഞ്ചാം ക്ലാസ്സിലെ എന്റെ ക്ലാസ്സ് ടീച്ചര്‍ ഒരു കര്‍മ്മലീത്ത കന്യാസ്ത്രീ ആയിരുന്നു. മെലിഞ്ഞു പൊക്കം കുറഞ്ഞ സിസ്റ്റര്‍ സിനോമ്പി പാറത്തോട് പള്ളിയിലെ കൊയര്‍ ഗ്രൂപ്പിന്റെ നടത്തിപ്പുകാരികൂടി ആയിരുന്നു. ഗായകസംഘത്തെ പരിശീലിപ്പിച്ചു പള്ളിയില്‍ പാടിയിരുന്ന സിസ്റ്റര്‍ സിനോബിയുടെ മനസ്സും മുഖവും നിറഞ്ഞ സന്തോഷം ഞങ്ങളെ പഠിപ്പിക്കുമ്പോള്‍ അത്രയ്ക്ക് പ്രകടമായിരുന്നില്ല. പക്ഷേ കുട്ടികള്‍ക്കായുള്ള കുര്‍ബാനമധ്യേ അവര്‍ പാടുമ്പോള്‍ ദൈവം അവരുടെ മുന്നില്‍ നില്‍ക്കുന്നത് കണ്ടാണോ സിസ്റ്റര്‍ പാടുന്നതെന്ന് ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്.പാറത്തോട് പള്ളിയിലെ പുരുഷന്മാരുടെ വശത്ത്, അകലേക്ക് നോക്കികൊണ്ട് കുതിരപ്പുറത്തിരുന്ന് നിലത്തു കിടക്കുന്ന ചൈനീസ് ഡ്രാഗന്‍ സര്‍പ്പത്തെ കുന്തം കൊണ്ട് കുത്തി കൊല്ലുന്ന ഗീവര്‍ഗീസ് പുണ്യാളന്റെ മുഖത്തേക്കു നോക്കുന്നതിലേറെ മനസ്സു തുറന്ന് കണ്ണടച്ച് പാടുന്ന സിസ്റ്റര്‍ സിനോബിയെ നോക്കാനായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം. ആ മുഖത്ത് എനിക്കിന്നും പേരറിയാത്ത ഒരു ചൈതന്യം ഞാന്‍ കണ്ടിരുന്നു. പെണ്‍കുട്ടികളുടെയെല്ലാം മുന്‍പില്‍ നിന്ന് സിസ്റ്റര്‍ സിനോമ്പി പാടുമ്പോള്‍ തൊട്ടുമുന്‍പില്‍ നിന്നിരുന്ന കന്യാമാതാവ് സിസ്റ്റര്‍ സിനോബിയുടെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നതെന്ന് ആ പത്തു വയസ്സുകാരന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.

ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞ്, തട്ടമിട്ട ഒരു പെണ്‍കുട്ടി ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നപ്പോള്‍, അന്യഗ്രഹത്തില്‍ എവിടെനിന്നോ വന്ന ഒരു ജീവിയെപ്പോലെയാണ് ഞങ്ങള്‍ സുബൈദയെ നോക്കിയത്. പാറത്തോട്ടിലെ ഞങ്ങളുടെ സ്‌കൂളില്‍ അക്കാലത്തു ഹൈന്ദവരും ക്രൈസ്തവരുമായ കുട്ടികള്‍ മാത്രമേ പഠിച്ചിരുന്നുള്ളു. ഇടുക്കിയിലെ മലയോരത്ത് മുസ്ലീങ്ങള്‍ ഉണ്ടെന്ന് എനിക്ക് കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ കാസയും പീലാസയുമൊന്നും സംഘടിത രൂപത്തില്‍ ആകാത്തതിനാലാകണം ഏതൊരു പുതിയ വിദ്യാര്‍ഥിയെയും പരിചയപ്പെടുത്തുമ്പോലെ തന്നെയാണ് സിസ്റ്റര്‍ സിനോമ്പി സുബൈദയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. മഞ്ഞയുടുപ്പും തട്ടവുമിട്ടു വന്ന സുബൈദ ഏറ്റവും പിറകിലെ ബെഞ്ചിലാണ് ഇരുന്നത്. അവള്‍ നടക്കുമ്പോള്‍ വെള്ളിക്കൊലുസിന്റെ മണിയൊച്ചകള്‍ ഞങ്ങളുടെ ക്ലാസ്സില്‍ മുഴങ്ങി. പൊക്കം കുറവുള്ളതിനാലും പഠിക്കാന്‍ താല്പര്യം കാണിച്ചിരുന്നതിനാലുമാവണം സിനോമ്പി സിസ്റ്റര്‍ എന്നെ ഏറ്റവും മുന്‍പിലെ ബെഞ്ചിലാണ് ഇരുത്തിയിരുന്നത്. സുബൈദ പൊതുവേ ആരോടും സംസാരിക്കുന്ന പ്രകൃതക്കാരി ആയിരുന്നില്ല. ക്ലാസ്സില്‍ പഠനത്തിന് ഒന്നാം സ്ഥാനം കിട്ടാന്‍ മത്സരിച്ചു പഠിച്ചിരുന്ന ബിന്ദുവും ഷാന്റിയും ഞാനും ആരോടും മിണ്ടാതെ പമ്മിയിരുന്ന ഉമ്മച്ചിക്കുട്ടി ക്ലാസ്സിലെ ഒന്നാം സ്ഥാനവുമായി ഓണപ്പരീക്ഷ കഴിയുമ്പോള്‍ ഞങ്ങളെയെല്ലാം അട്ടിമറിക്കും എന്ന ആകുലതയില്‍ ജീവിച്ചു.
''മിണ്ടാതെ പിന്നിലിരിക്കുന്ന സുബൈദ നമ്മളെയൊക്കെ ഔട്ടാക്കും...'
ഒരു ദിവസം കണ്ണാടിപ്പാറക്കാരി ബിന്ദു ഷാന്റിയോടത് പറയുന്നത് കേട്ടപ്പോള്‍ ഞാനും അല്‍പ്പം ആകുലപ്പെട്ടു.
''സുബൈദ അമ്പതില്‍ പന്ത്രണ്ട്...'
തൊട്ടടുത്ത ദിവസങ്ങളില്‍ ക്ലാസ്സ് പരീക്ഷയുടെ പേപ്പര്‍, മാര്‍ക്കിട്ട് സിനോമ്പി സിസ്റ്റര്‍ ഓരോരുത്തരുടെയും പേരു വിളിച്ചു കൊടുത്തപ്പോളാണ് ഞങ്ങള്‍ക്കെല്ലാം സുബൈദയെക്കുറിച്ചുള്ള ആകുലത കളം വിട്ടു പോയത്.

കാളത്തോട്ടില്‍ ഞാന്‍ പഠിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിനായി സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തിരുന്നതിനാല്‍ ഞങ്ങള്‍ അനാഥാലയത്തില്‍ ജീവിച്ചപ്പോള്‍ സ്‌കൂളില്‍ ഉപ്പുമാവും ഗോതമ്പുകഞ്ഞിയുമൊക്കെ കിട്ടുമായിരുന്നു. ക്രിസ്മസ് അവധിക്കു ശേഷം നാലാം ക്ലാസ്സില്‍ പാറത്തോട്ടില്‍ എത്തിയപ്പോള്‍ മുതല്‍, ഉച്ചക്ക് ഞാനെന്നും പട്ടിണിയായിരുന്നു. വീട്ടില്‍നിന്ന് ബിന്ദുവിന് മാത്രമാണ് ആക്കാലത്ത് ചോറ്റുപാത്രത്തില്‍ ചോറ് കൊടുത്തു വിട്ടിരുന്നത്. പാറത്തോട്ടിലെ ഞങ്ങളുടെ എല്‍.പി. സ്‌കൂളിനെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കാത്തതിനാല്‍ ഞാന്‍ എല്ലാ ദിവസവും ഉച്ചക്ക് പട്ടിണിയായി. ചില ദിവസങ്ങളില്‍ ഇരുമലക്കപ്പുകാരന്‍ രാജനോ ചിന്നാറ്റില്‍നിന്നു വന്നിരുന്ന ബിജുവോ എനിക്ക് അവരുടെ ചോറ്റു പാത്രത്തിന്റെ അടപ്പിലിട്ട് ഒരു വീതം തന്നു. ഞങ്ങള്‍ അഞ്ചിലേക്ക് കയറിയപ്പോള്‍ നാലാം ക്ലാസ്സ് വരെയുള്ള എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തി. കാലം കാണിച്ച ക്രൂരമായ തമാശകളില്‍ ഒന്നായിരുന്നു അത്. ബിന്ദുവിന് പിന്നെ ചോറ് കൊണ്ടുപോകേണ്ടതായി. ജെസ്സിയും ലാലിയും ഞാനും എല്ലാ ദിവസവും ഉച്ചക്ക് ക്ലാസ്സില്‍ വിശന്നിരുന്നു.

അഞ്ചാം ക്ലാസ്സില്‍ ആ വര്‍ഷം രണ്ടാമതും തോറ്റ പ്രസന്നന്‍ തിരഞ്ഞെടുപ്പില്‍ അവന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എന്നെ നിയോഗിച്ചു. എനിക്കെതിരായി മത്സരിച്ച കണ്ണാടിപ്പറക്കാരി ബിന്ദു എന്നെ ആഘോഷമായി തോല്‍പ്പിച്ചു. ജയിച്ചാല്‍ എല്ലാവര്‍ക്കും റേനോള്‍ഡ്സിന്റെ പേന വാങ്ങിത്തരും എന്ന അവളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വര്‍ഷാവസാനം വരെ പാലിക്കപ്പെട്ടില്ല. ആ വര്‍ഷത്തെ ഓണാവധിയൊക്കെ കഴിഞ്ഞാണ് ചെറുപ്പക്കാരനായ രാജു പോള്‍ സാര്‍ ഞങ്ങളുടെ പള്ളിക്കൂടത്തില്‍ കായികാധ്യാപകനായി വന്നത്. മലയോരത്തെ കുട്ടികളില്‍ ബഹുഭൂരിപക്ഷത്തെയും ഒളിമ്പ്യന്മാര്‍ ആക്കുമെന്ന ചെറുപ്പത്തിന്റെ വാശിയില്‍ കുട്ടികളെയുമായി രാവിലെയും വൈകീട്ടും വരാന്ത്യങ്ങളിലും അദ്ദേഹം കണ്ണാടിപ്പാറയും ഇരുമലക്കപ്പുമെല്ലാം ഓടിനടന്ന് പരിശീലനം കൊടുത്തു. സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയില്‍ സാറിന്റെ പരിശീലന കൂട്ടത്തില്‍ ചേര്‍ന്ന പലരും പാതിവഴിയില്‍ പണിനിര്‍ത്തി. രാജു പോള്‍ സാറിന്റെ പരിശീലനം തുടര്‍ന്ന ഞങ്ങളുടെ പള്ളിക്കൂടത്തിലെ കുട്ടികള്‍ ട്രോഫികളും മെഡലുകളും പാറത്തോട്ടില്‍ എത്തിച്ചു. സ്പോര്‍ട്സില്‍ താല്പര്യം ഇല്ലാത്തതിനാലാണ് സാറിന്റെ പരിശീലനത്തിന് ചേരാത്തതെന്ന് ഷാന്റി നേരത്തെ പറഞ്ഞെങ്കിലും തന്റെ സമയക്കുറവ് കൊണ്ടാണ് പരിശീലനത്തിന് പോകാത്തതെന്ന ബിന്ദുവിന്റെ വാദം ഞങ്ങളാരും വിശ്വസിച്ചില്ല.

ദിവസവും തട്ടമണിഞ്ഞെത്തിയ സുബൈദക്ക് ക്ലാസ്സില്‍ കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. തലമുണ്ടിട്ടതുകൊണ്ടാണോ അതോ ഞങ്ങളെക്കാള്‍ ഒന്നോ രണ്ടോ വയസ്സു കൂടുതല്‍ ഉണ്ടായിരുന്നതിനാലാണോ എന്നറിയില്ല, സുബൈദ എപ്പോഴും ഒറ്റക്കായിരുന്നു. ഉച്ചക്ക് മറ്റു കുട്ടികള്‍ ചോറ്റു പാത്രവുമായി അധ്യാപകരുടെ ഓഫീസിനു മുന്‍പിലോ പള്ളിയുടെ പിറകിലോ ഉള്ള ടാപ്പുകളുടെ അടുത്തുപോയി കൈ കഴുകി ഭക്ഷണം കഴിക്കും. കുറേപേര്‍ കൂട്ടം കൂടി തൊട്ടടുത്തുള്ള പാടത്തോ തോട്ടിലോ കമ്പനിക്കാരുടെ കുളത്തിലോ ഒക്കെപ്പോയി കൈകഴുകി ഭക്ഷണവും കഴിച്ചിട്ടാണ് ക്ലാസ്സില്‍ മടങ്ങിയെത്തുക. ഉച്ചഭക്ഷണം ഒരു ആഡംബരം ആയിരുന്ന ഞാന്‍ എല്ലാവരും കഴിക്കാന്‍ പൊയ്ക്കഴിയുമ്പോള്‍ ക്ലാസ്സില്‍ തനിച്ചിരുന്ന്, കണ്ണുതുറന്നു സ്വപ്നം കാണാന്‍ തുടങ്ങും. കൂട്ടുകാരൊന്നും ഇല്ലാതിരുന്ന സുബൈദ അധ്യാപികമാരുടെ ആപ്പീസ് മുറിയുടെ മുന്‍പിലുള്ള ടാപ്പില്‍ പോയി കൈകഴുകി ക്ലാസ്സില്‍ തിരിച്ചുവന്ന് അവളുടെ ബെഞ്ചില്‍ ഇരുന്ന് ഒറ്റക്കാണ് ഊണ് കഴിക്കുക. ദിവസവും ഭക്ഷണം കഴിക്കാതെ ക്ലാസ്സിലിരുന്ന എന്നെ കണ്ട് ദയ തോന്നിയതിനാലാവണം ഒരുദിവസം അവള്‍ എന്റെ അടുക്കലേക്ക് വന്നു.
''ബാബു, ഇയാള്‍ ഉച്ചക്കൊന്നും കഴിക്കുന്നില്ലേ?''
സ്വരം താഴ്ത്തി അവള്‍ ചോദിച്ചപ്പോള്‍ വീട്ടില്‍ ഗതിയില്ലാത്തതിനാലാണ് എന്ന് പറയാനുള്ള തുറവിയൊന്നും എനിക്കില്ലായിരുന്നു. കുട്ടിയാണെങ്കിലും നമ്മള്‍ പേറുന്ന ആത്മാഭിമാനം കൊണ്ട്, പലപ്പോഴും മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വന്തം ഇല്ലായ്മകള്‍ തുറന്നു കാട്ടാന്‍ നമ്മള്‍ മടിക്കും.
''എനിക്ക് ഉച്ചക്ക് വിശപ്പില്ല. അതുകൊണ്ട് ഞാന്‍ ചോറ് കൊണ്ടുവരാറില്ല.''
അഭിമാനിയായി ഞാന്‍ തട്ടിവിട്ടു.
''തനിക്ക് വേറെ പ്രശ്നമില്ലേല്‍ എന്റെ കൂടെ കൂടാട്ടോ...'
സുബൈദ ചോറ്റുപാത്രവുമെടുത്തു എന്റെ അടുക്കലേക്കു വന്നു. തേങ്ങച്ചമ്മന്തിയും മീന്‍ വറുത്തതും കണ്ട് എന്റെ വായില്‍ വെള്ളമൂറി. അതുവരെ അറിയാതിരുന്ന വിശപ്പ് വയറിനോട് വഴക്കുകൂടാന്‍ തുടങ്ങി. എങ്കിലും എന്റെ വിശപ്പും ഇല്ലായ്മയുമൊന്നും സുബൈദ അറിയരുതെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു.
''വേണ്ട, സുബൈദ കഴിച്ചോളൂ.''
എന്റെ ആ മനോഭാവത്തെ ദുരഭിമാനം എന്ന് വിളിക്കാമോ എന്നറിയില്ല. ഞാന്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല.
''താനിങ്ങോട്ട് വന്നേ.''
ചോറ്റുപാത്രത്തിന്റെ അടപ്പിലേക്കു കുറച്ചു ചോറും ഒരു കഷണം മീന്‍ വറുത്തതും ചമ്മന്തിയും എടുത്തുവെച്ച് അവള്‍ എന്നെ വിളിച്ചപ്പോള്‍ വിശന്ന എന്റെ വയറ് എന്നെ ശകാരിച്ചിട്ടാവണം, ഞാന്‍ അവളിരുന്ന ബെഞ്ചിനടുത്തേക്ക് ചെന്നു. അവള്‍ അടപ്പില്‍ പകുത്തുതന്ന ചോറ് ആര്‍ത്തിയോടെ കഴിച്ചപ്പോള്‍ സുബൈദ എന്നെ നോക്കിനിന്നു. ചോറ്റുപാത്രത്തില്‍നിന്ന് കുറച്ചുകൂടി ചോറ് പകുത്തു തന്നിട്ടാണ് അന്നു സുബൈദ കഴിക്കാന്‍ തുടങ്ങിയതെന്ന് ഇന്നും എനിക്കോര്‍മ്മയുണ്ട്. പിന്നെ എല്ലാ ദിവസവും ഉച്ചക്ക് അതൊരു പതിവായി. എല്ലാവരും ക്ലാസ്സില്‍നിന്ന് പോയി എന്ന് ഉറപ്പ് വരുത്തിയിട്ടാണ് സുബൈദ എനിക്ക് ചോറ് പകുത്തു തരിക. അപ്പോഴല്ലാതെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതുമില്ല.
ഞാന്‍ ഉച്ചക്ക് സുബൈദയുടെ ചോറ് കഴിക്കുന്നു എന്ന കാര്യം പുറത്തറിയിച്ചത് എന്റെ രണ്ടാമത്തെ സഹോദരി ലാലിയാണ്. ഒരു ദിവസം അമ്മവീട്ടില്‍വച്ച്, ഒരു കാക്കാത്തിപ്പെണ്ണ് കൊണ്ടുവരുന്ന ചോറ് ഞാന്‍ കഴിക്കുന്നു എന്ന് അമ്മാവന്മാരുടെയെല്ലാം മുന്‍പില്‍ വെച്ചു പറഞ്ഞ് അവള്‍ എന്നെ ഒറ്റുകൊടുത്തു. കേട്ടുനിന്ന മൂത്തമ്മാവന്‍ മേലില്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ് എനിക്കിട്ടൊന്ന് പൊട്ടിച്ചു.
''ഭക്ഷണത്തിലെല്ലാം ഓതിത്തന്ന് അവറ്റകള്‍ നമ്മളെ അവരുടെ കൂടെ ചേര്‍ക്കും....''
ജീവിതത്തില്‍ ഒരിക്കല്‍പോലും മുസ്ലീമിനെ കാണാന്‍ സാധ്യത ഇല്ലാതിരുന്ന വല്യമ്മാവന്‍ തന്റെ വിധി പ്രഖ്യാപനത്തിന് ന്യായീകരണവും തന്നു. ഓത്തിന്റെയും കൂടെ ചേരലിന്റെയുമൊന്നും അര്‍ത്ഥം മനസ്സിലായില്ലെങ്കിലും അമ്മാവന്റെ അടി കിട്ടാതിരിക്കാന്‍ ഇനിയൊരിക്കലും സുബൈദ തരുന്ന ചോറ്  കഴിക്കില്ല എന്ന് യാക്കോബ് സ്ലീഹായുടെ പേരെടുത്ത് പറഞ്ഞ് ഞാന്‍ സത്യം ചെയ്തു. അന്നു വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ 'കാക്കാത്തിയുടെ' കൂടോത്രത്തെക്കുറിച്ച് അമ്മയോട് ചോദിച്ചറിയാന്‍ ഞാന്‍ തീരുമാനിച്ചു.
''അങ്ങനെ കൂടോത്രവും ഓത്തുമൊന്നും ഇല്ല മോനേ, നമ്മള് കഴിക്കുന്ന ഭക്ഷണത്തിന് ഇതൊന്നുമായി ഒരു ബന്ധവുമില്ല. ആ കൊച്ചു നീ വിശന്നിരിക്കുന്നത്കൊണ്ട് നിനക്ക് അതിന്റെ ഭക്ഷണം പകുത്തു തരുന്നതല്ലേ. പിന്നെ നീ പകുതി കഴിച്ചാല്‍ ആ കൊച്ചിന് വയറ് നിറയുമോ?''
സുബൈദ കൊണ്ടുവന്ന ഭക്ഷണം ഓതിയതല്ല എന്നും അവള്‍ എനിക്ക് ഭക്ഷണം തന്നത് എന്നെ മുസ്ലീം ആക്കാനല്ലെന്നും അന്ന് അമ്മയെന്ന പറഞ്ഞു മനസ്സിലാക്കി. അങ്ങനെ, സുബൈദ കൊണ്ടുവന്ന ചോറ് ആ വര്‍ഷാവസാനംവരെ ഞങ്ങള്‍ പങ്കിട്ടു കഴിച്ചു. അതിലെ കൂടോത്രമോ ഓത്തൊ എന്നെ മുസ്ലീം ആക്കിയതുമില്ല. ആ വര്‍ഷമാണ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത്. ഒക്ടോബര്‍ മുപ്പത്തിയെന്നാം തിയതി മൂന്നു മിനിട്ട് നേരത്തെ മൗന പ്രാര്‍ത്ഥന കഴിഞ്ഞും സുബൈദ കൊണ്ടുവന്ന ചോറ് ഞാന്‍ വയറു നിറയെ കഴിച്ചു.  

അക്കൊല്ലത്തെ ക്രിസ്മസ് അവധിയൊക്കെ കഴിഞ്ഞ്, ഞങ്ങളുടെ പള്ളിക്കൂടത്തില്‍ ഏറെ ഗംഭീരമായാണ് സ്പോര്‍ട്സ് മത്സരങ്ങള്‍ രാജു പോള്‍ സാര്‍ സംഘടിപ്പിച്ചത്. കുട്ടികളെയെല്ലാം വിവിധ നിറങ്ങളിലുള്ള ഹൗസുകളായി തിരിച്ച് ഞങ്ങളില്‍ വലിയ മത്സരവീര്യമെല്ലാം നിറച്ചാണ് അദ്ദേഹം മത്സരങ്ങളെ ക്രമീകരിച്ചത്. കുട്ടികളുടെ വിഭാഗത്തില്‍ ഏതൊക്കെയോ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ക്ലാസ്സ് ടീച്ചറായ സിനോമ്പി സിസ്റ്റര്‍ എന്റെ പേര് എഴുതിയെടുത്തെങ്കിലും, പേരു വിളിച്ച മത്സരങ്ങളുടെ സമയങ്ങളില്‍, പള്ളിമുറ്റത്തെ കോലാഹലങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറി, പള്ളിക്കകത്തു ഗീവര്‍ഗീസ് പുണ്യാളന്റെ കുതിരയെയും കുന്തത്തെയും സര്‍പ്പത്തെയും മിഴിച്ചുനോക്കിക്കൊണ്ട് ഞാന്‍ ഒളിച്ചിരുന്നു.ആ ഒളിച്ചിരിക്കലിനുപിന്നില്‍ എന്റെ കുട്ടിമനസ്സിന് ഒരു വലിയ കാരണം ഉണ്ടായിരുന്നു. തലേ വര്‍ഷം അനാഥാലയത്തില്‍ നിന്ന് വന്നതിനു ശേഷമായിരുന്നു പാറത്തോട്ടിലെ എല്‍.പി. സ്‌കൂളില്‍ കായിക മത്സരങ്ങള്‍ നടത്തിയത്. നൂറു മീറ്റര്‍ ഓട്ടത്തിന് ടീച്ചര്‍മാര്‍ ആരൊക്കെയോ നിര്‍ബന്ധിച്ചാണ് എന്നെ കയറ്റി നിര്‍ത്തിയത്. 'ഓണ്‍ യുവര്‍ മാര്‍ച്ച്' ഒക്കെപ്പറഞ്ഞ് പോളക്കല്‍ സാര്‍ വിസിലടിച്ചു. പള്ളിക്കൂടത്തിന്റെ കെട്ടിടത്തിന്റെ മുന്നിലുള്ള വരാന്തയില്‍ ചേന്നാത്തെ മേരി ടീച്ചറും എലിക്കുട്ടി ടീച്ചറുമൊക്കെ ഞങ്ങളെ നോക്കി നില്‍പ്പുണ്ട്. ഞങ്ങള്‍ ഓടി എത്തി ഓട്ടം പൂര്‍ത്തിയാക്കുന്നിടത്ത്, മോളിട്ടീച്ചറും പാപ്പച്ചന്‍ സാറും നില്‍പ്പുണ്ട്. അവര്‍ക്ക് മുന്നില്‍ കയര്‍ വലിച്ചു പിടിച്ചുകൊണ്ട് കുരുവിള സാറും ആനിട്ടീച്ചറും നില്‍ക്കുന്നു.

ഞങ്ങള്‍ പത്തുപതിനഞ്ച് കുട്ടികളായിരുന്നു ഓടുന്നത്. ഞാന്‍ മുന്‍പില്‍ത്തന്നെയുണ്ട്. ഇടയ്ക്കിടെ ആരാണ് തൊട്ടടുത്തെന്ന് ഞാന്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്. ഫിനിഷിങ് പോയിന്റിന് അടുത്തേക്ക് എത്തുന്നതിനു മുപ്പത്തോളം മീറ്റര്‍ മുന്‍പേവച്ച്, ബട്ടന്‍സ് പോയതിനാല്‍ കുത്തിവച്ചിരുന്ന എന്റെ നിക്കര്‍ ഊരിപ്പോയി. മറ്റു കുട്ടികളെല്ലാം മുന്‍പില്‍ കയറി ഓടുമ്പോള്‍, രണ്ടു കൈകൊണ്ടും എന്റെ മുന്‍ഭാഗം പൊത്തിപിടിച്ചു നഗ്നനായ ഞാന്‍ അപമാനിതനായി നിന്നു. ഓടുന്നവരെ ഹരം കൊള്ളിച്ചുകൊണ്ടുള്ള കയ്യടികള്‍ കൂക്കുവിളികള്‍ക്ക് വഴിമാറി. കാല്‍പ്പാദത്തില്‍ വീണു കിടന്ന നിക്കര്‍ കുനിഞ്ഞെടുക്കാന്‍ കഴിയാതെ ഒരു പാവയെപ്പോലെ, ഞാന്‍ നിന്നു. ചെന്നാത്തെ മേരി ടീച്ചര്‍ ഓടിവന്ന് എന്റെ നിക്കര്‍ കയറ്റിയിടുമ്പോഴും ഞാന്‍ ഒരു പാവയെപ്പോലെ ആ മുറ്റത്തു നിന്നു. കുട്ടികള്‍ ചുറ്റും നിന്നു കൂവി. പാപ്പച്ചന്‍ സാര്‍ ചൂരല്‍ വീശികാണിച്ചിട്ടും അവര്‍ നിര്‍ത്തിയില്ല. എന്നെ ചേര്‍ത്തുപിടിച്ച് മേരിടീച്ചര്‍ വരാന്തയിലേക്ക് കൊണ്ടുപോകുമ്പോഴും അപമാനത്താല്‍ എന്റെ മുഖം താണു. എന്റെ കവിളിലെ കണ്ണുനീര്‍ സാരിത്തുമ്പുകൊണ്ട് മേരിട്ടീച്ചര്‍ ഒപ്പിയെടുത്തു.
''സാരമില്ല. കൊച്ചിതൊന്നും കാര്യമാക്കണ്ട...'
ചേന്നാത്തെ മേരിടീച്ചര്‍ എന്നെ ചേര്‍ത്തു നിര്‍ത്തി, ഒത്തിരി വാത്സല്യത്തോടെ അത് പറയുമ്പോഴും ഞാന്‍ തലയുയര്‍ത്തിയില്ല. എന്റെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞൊഴുകി. പിന്നീടൊരിക്കലും പള്ളിക്കൂടത്തിലെ കായിക മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തില്ല. അന്ന് പള്ളിക്കൂടത്തിന്റെ മുറ്റത്തു മുഴങ്ങിയ കൂക്കുവിളികള്‍ ഏറെക്കാലം എന്റെ മനസ്സിന്റെ ചെവികളില്‍ മുഴങ്ങി. ആര്‍പ്പുവിളികളും അടക്കിപ്പിടിച്ചുള്ള ചിരിയും അവകൊണ്ടുവന്ന അപമാനവും പേറി ഞാന്‍ ഏറെക്കാലം കഴിഞ്ഞു. പിന്നെയും എന്നെ പരീക്ഷിക്കാന്‍ പിശാചുകള്‍ എന്റെ മരുഭൂമിയില്‍ പതുങ്ങി നടന്നു.