എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കാലത്തു പത്തു മണിയായിട്ടും മഴമേഘങ്ങള്‍ നഗരത്തെ വെയില്‍ കായാന്‍ അനുവദിച്ചില്ല. ഓട്ടോറിക്ഷകള്‍ പുറത്തുനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ചെറിയ ദൂരത്തേയ്ക്ക് വരാന്‍ പലരും വിസമ്മതിച്ചു. വലിയ പ്രതീക്ഷകളില്ലാത്ത ഒരു ഓട്ടോക്കാരന്‍ എന്റെ ചെറിയ ഓട്ടത്തിന് വന്നു. കലൂര്‍ കടവന്ത്ര റോഡിലെ മാതൃഭൂമി ബുക്‌സിന് മുന്നില്‍ അയാള്‍ വണ്ടി നിര്‍ത്തി. കൃത്യം തുക മാത്രമേ വാങ്ങിയുള്ളൂ എന്നുമാത്രമല്ല ചില്ലറ അഞ്ചുരൂപ അയാള്‍ക്കങ്ങോട്ടു കൊടുക്കാനും ബാക്കിയായി. നഗരത്തോട് തന്നെ വലിയ വിശ്വാസം തോന്നി.

To advertise here,

പുസ്തകശാലയില്‍ സഹപ്രവര്‍ത്തകരുമായുള്ള മീറ്റിംഗ് കഴിയുമ്പോള്‍ സമയം ഉച്ച ഒരു മണി. ഞാനും രണ്ടു സഹപ്രവര്‍ത്തകരും ഊണു കഴിക്കാനായി അവിടെ നിന്നിറങ്ങുമ്പോള്‍ നാലഞ്ചുപേര്‍ പുസ്തകങ്ങള്‍ തിരഞ്ഞുകൊണ്ട് ബുക്ക്സ്റ്റാളിനകത്തുണ്ടായിരുന്നു. കനത്തു കെട്ടിക്കിടന്ന കാര്‍മേഘങ്ങള്‍ നഗരാരവങ്ങളെ മറികടന്ന് കെട്ടിടങ്ങളുടെയും, വാഹനങ്ങളുടെയും, റോഡിന്റെയും ഉച്ചിയിലേക്ക് പെയ്തിറങ്ങി. മിനിറ്റു കള്‍ക്കുള്ളില്‍ നീര്‍ച്ചാലുകള്‍ രൂപപ്പെട്ട് അവ മണ്ണിനെത്തേടി പാഞ്ഞു. നനഞ്ഞു കുതിര്‍ന്ന് തിരിച്ചെത്തിയപ്പോള്‍ പുസ്തകശാലയില്‍ വിയര്‍ത്തു കൊണ്ട് ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. കടയിലെ രണ്ടുപേരും അടുത്ത കടയിലെ ഒരാളും അയാള്‍ക്കുമുന്നില്‍ നിന്നു. 

അത് മധ്യവയസ്‌കനായ ഒരു മനുഷ്യനായിരുന്നു, ഇരു നിറത്തില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച സുമുഖനായ ഒരു മനുഷ്യന്‍. പുസ്തകമോഷണമാ കേസ് എന്താ ചെയ്യാന്നറീല ഡോക്ടറെന്നാ പറയുന്നെ ഞങ്ങളെ കണ്ട പാടെ ഷോറൂം മാനേജര്‍ പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും അയാള്‍ക്കരികിലേക്ക് ചെന്നു. ഷോറൂമിലുണ്ടായിരുന്ന രണ്ടുപേര്‍ അയാളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.അയാളുടെ ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ് തെളിവായി. അതുപ്രകാരം അദ്ദേഹമൊരു ഡോക്ടറാണ്. ഐ ഡി കാര്‍ഡിലെ ഹോസ്പിറ്റലില്‍ വിളിച്ചു പേരുവിവരങ്ങള്‍ ഉറപ്പുവരുത്തി. അയാള്‍ പറഞ്ഞതും ശരിതന്നെ.. അദ്ദേഹത്തില്‍ നിന്നും കണ്ടെടുത്ത പുസ്തകങ്ങളെല്ലാം ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. അയാളുടെ അരികിലേക്ക് ഞാന്‍ ചെന്നു.എന്റെ ഇടതു കൈത്തണ്ടയില്‍ പിടിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.'വേണം ന്ന് വെച്ച് ചെയ്തതല്ല, പറ്റിപ്പോയി...എന്നെ വിടണം പ്‌ളീസ്.'എന്റെ കൈത്തണ്ടയിലമര്‍ന്ന അയാളുടെ കൈകള്‍ക്ക് നല്ല തണുപ്പ്. വിയര്‍പ്പിന്റെയാണോ മരവിച്ച മനസ്സിന്റെയാണോ ആവോ?. എന്റെ രൂപവും ഭാവവും കണ്ട് അയാളെ ഉപദ്രവിക്കാന്‍ പോവുകയാണോ അതോ എന്നില്‍നിന്ന് കരുണ പ്രതീക്ഷിച്ചാണോ എന്റെ കൈത്തണ്ടയില്‍ തന്നെ പിടിച്ചതെന്ന് അറിയില്ല. കുറച്ചുനേരത്തേക്ക് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

ഷോറൂമിലെ എല്ലാ സഹപ്രവര്‍ത്തകരെയും വിളിച്ചുചേര്‍ത്ത് അദ്ദേഹത്തോട് പറഞ്ഞു.'നിങ്ങള്‍ക്കറിയാമോ നിങ്ങളീചെയ്തതിന് കുറ്റക്കാരാവുന്നത് ആരാണെന്ന്... അവരാണീ നില്‍ക്കുന്നവര്‍'. പുസ്തകങ്ങളുടെ വര്‍ഷാന്ത്യകണക്കെടുപ്പ് കഴിഞ്ഞ് ഒത്തു നോക്കുമ്പോള്‍ ഈ പുസ്തകങ്ങളൊന്നും ഉണ്ടാവില്ലല്ലോ. കമ്പനിയുടെ മുന്‍പില്‍ ഇവരാണ് കുറ്റക്കാരാവുക. പലഭാഷ്യങ്ങളും അതിന്റെ പേരില്‍ ഞാനുള്‍പ്പടെയുള്ളവര്‍ക്ക് കേള്‍ക്കേണ്ടി വന്നേക്കാം. 

ഇതിനിടെ സഹപ്രവര്‍ത്തകരുടെ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇദ്ദേഹത്തെ പോലീസില്‍ ഏല്‍പ്പിക്കണം...വീട്ടുകാരെ അറിയിക്കണം...ഹോസ്പിറ്റലില്‍ അറിയിക്കണം എന്നിങ്ങനെ. അവരങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ കാരണം അവരുതന്നെയാണ് കളവുപോയ പുസ്തകങ്ങള്‍ ക്കൊക്കെ മറുപടി പറയേണ്ടവര്‍. 

ഞാനദ്ദേഹത്തോടായി തുടര്‍ന്നു നിങ്ങളെപ്പോലെ അത്ര വലിയ ശമ്പളമൊന്നും ഞങ്ങള്‍ക്കില്ല. ഇതിന്റെ പണംകൂടി അടക്കേണ്ടിവന്നാല്‍ എന്തായിരിക്കും ഞങ്ങളുടെ സ്ഥിതിയെന്ന് ഒന്നോര്‍ത്തുനോക്കൂ. അതുതന്നെയാണ് ഇത്തരം പ്രവൃത്തികൊണ്ട് ഉണ്ടാവുക. ഞങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്കൊക്കെ ലഭിക്കേണ്ടിയിരുന്ന എന്തൊക്കൊയോ ആനന്ദങ്ങളാണ് നിങ്ങളീ തട്ടിയെടുക്കുന്നത് എന്നോര്‍ക്കുക. അയാളുടെ കൈകള്‍ എന്റെ കൈത്തണ്ടയില്‍ അപ്പോള്‍ മുറുകുന്നുണ്ടായിരുന്നു. തലകുനിച്ചുനിന്ന് അദ്ദേഹമെന്നോട് പറഞ്ഞു. 'എന്നോട് പൊറുക്കണം എനിക്ക് പറ്റിപ്പോയി', എന്നെ ഇപ്പോള്‍ വിടണം ഒന്നുമെന്നെ ചെയ്യരുത്. നിങ്ങളെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. നിയമവഴിക്ക് വിടുകയല്ലാതെ. അല്ലെങ്കില്‍ നിങ്ങളൊരു കാര്യം ചെയ്യണം... നിങ്ങള്‍ പലതവണ ഇവിടെവന്നിട്ടുണ്ടെ ന്നാണ് അറിയാന്‍ കഴിഞ്ഞത്. അറിയാതെ പുസ്തകങ്ങളെടുത്ത് പറ്റിപ്പോയിട്ടുണ്ടെങ്കില്‍ ആ പുസ്തകങ്ങളൊക്കെ തിരിച്ചു തരണം. ഞങ്ങള്‍ക്കത് ഒരു ഉപകാരമായിരിക്കും നിങ്ങള്‍ക്ക് പ്രായശ്ചിത്തവും. ഡോക്ടര്‍ മുഖമുയര്‍ത്തി എന്നെ നോക്കി പറഞ്ഞു 'ഞാനെല്ലാ പുസ്തകങ്ങളും കൊണ്ടുത്തരാം ഇപ്പോള്‍ എന്നെ വിടണം... മൂന്നുമണിക്ക് ഒരു സിസേറിയന്‍ ഉണ്ട്'.

ഇത് കേട്ടത് എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. ഡോക്ടറോട് ഉടനെ അവിടെനിന്നു പോയിക്കൊള്ളാനും ഒരുതരത്തിലും ഈ സംഭവത്തിന്റെ പേരില്‍ ജോലിയെ ബാധിക്കരുതെന്നും പറഞ്ഞു. പോലീസിലോ, വീട്ടിലോ, ഹോസ്പിറ്റലിലോ അറിയിക്കില്ല, താങ്കള്‍ക്ക് പറ്റിപ്പോയതാണെന്നു ഞങ്ങള്‍ മനസിലാക്കുന്നു അദ്ദേഹത്തോട് പറഞ്ഞു.

ഷോറൂമിന് പുറത്തേക്ക് അദ്ദേഹത്തോടൊപ്പം ഇറങ്ങി ആദ്യം വന്ന ഓട്ടോയില്‍ തന്നെ അദ്ദേഹത്തെ പറഞ്ഞയച്ചു. ഡോക്ടര്‍ കുത്തിവെച്ച മരുന്ന് ശരീരത്തെ അബോധാവസ്ഥയിലേക്ക് തള്ളിവിട്ട് മുറിവുകള്‍ ഏറ്റുവാങ്ങാന്‍ കിടക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നു എന്റെ മനസ്സില്‍.ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടം ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വശത്ത് ഞാനും എന്റെ സഹപ്രവര്‍ത്തകരും അവുരുടെ ആധികളും മറുവശത്ത് ഡോക്ടറുടെ സൂക്ഷ്മശ്രദ്ധ വേണ്ടുന്ന രണ്ടു ജീവനുകള്‍. ആ രണ്ടു ജീവനുകള്‍ തന്നെയാണ് ഞങ്ങള്‍ക്ക് മുഖ്യം. ഡോക്ടറുടെ മനസ്സ് ശാന്തവും മരുന്നളവുകള്‍ കൃത്യമായിരിക്കണേ എന്ന് മാത്രമായിരുന്നൂ പ്രാര്‍ത്ഥന.

വൈകീട്ട് 8 മണിക്കായിരുന്നു എനിക്ക് തിരിച്ചുപോരാനുള്ള ട്രെയിന്‍. ഞങ്ങളെല്ലാവരുടെയും സംസാരത്തില്‍ ഡോക്ടറും ഈ സംഭവവും തന്നെയായിരുന്നു. അയാള്‍ക്ക് അന്ന് ഹോസ്പിറ്റലില്‍ എന്ത് പിഴവ് സംഭവിച്ചാലും അതിന് കാരണക്കാര്‍ ഞങ്ങളും കൂടിയല്ലേ.. അദ്ദേഹം ചെയ്തത് തെറ്റ് തന്നെയാണെകിലും? ആ പാവം അമ്മയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചിരിക്കാം? ഇനി അയാള്‍ അയാളുടെ വീട്ടിലേക്കോ മറ്റെവിടേക്കെങ്കിലും പോയിക്കാണുമോ? ഇങ്ങനെ പലവിധ ചിന്തകളാല്‍ ഞാന്‍ തീര്‍ത്തും അസ്വസ്ഥനായി.

വൈകീട്ട് ആറുമണിയോടടുപ്പിച്ച് കടയുടെ മുന്നിലെത്തിയ ഓട്ടോയില്‍ നിന്ന് ഡോക്ടര്‍ പുസ്തകശാലയിലേക്ക് നടന്നുവന്നു. ഞങ്ങളെല്ലാരും എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നറിയാതെ അയാളെ തന്നെ നോക്കി നിന്നു. ഡോക്ടറുടെ സഹായി എന്ന മട്ടില്‍ ആ ഓട്ടോക്കാരനും ഒരു ബോക്‌സുമായി ഡോക്ടറുടെ പുറകില്‍ വന്നു. രാവിലെ എന്നെ ബുക്ക് സ്റ്റാളിലേക്ക് കൊണ്ടുവന്ന വിശ്വസ്തനായ ആ ഓട്ടോക്കാരന്‍ തന്നെയായിരുന്നു അത്.തുടരെ മൂന്നു ബോക്‌സുകള്‍ കടയിലേക്ക് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിക്കപ്പെട്ടു. എന്നെ നോക്കി ഡോക്ടര്‍ പറഞ്ഞു എന്റെ മുറിയിലുള്ള ഞാന്‍ വാങ്ങിയ പുസ്തകങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ട്. ദയവായി ഇത് പരിശോധിക്കണം. എനിക്കറിയില്ല ഇതില്‍ എത്ര ഞാന്‍ വാങ്ങിയതാണെന്നും എത്രെയെണ്ണം എടുത്തു പോയതാണെന്നും. അപ്പോഴും ഞാന്‍ ചോദിച്ചു പോയത് സാര്‍, സിസേറിയന്‍? എന്നായിരുന്നു... They are safe..! അതായിരുന്നു മറുപടി.

പുസ്തകങ്ങളെല്ലാം പരിശോധിക്കപ്പെട്ടു ഏറിയപങ്കും അദ്ദേഹം കാശു തന്ന് വാങ്ങിയവ തന്നെയായിരുന്നു. അല്ലാത്തവ ബില്ല് ചെയ്ത് ഡോക്ടര്‍ക്കുനല്കി. ഞാന്‍ ഡോക്ടറോട് പറഞ്ഞു 'ഡോക്ടര്‍ ഇനിയും ഇവിടെ വരണം പുസ്തകങ്ങള്‍ വാങ്ങിക്കണം...ഇനി അഥവാ അറിയാതെ എടുത്തുപോയാല്‍ ഈ ഓട്ടോക്കാരന് പരിഹരിക്കാവുന്ന പ്രശനം മാത്രേ ഉളളൂ'. എന്റെ ഇടതു കൈത്തണ്ടയില്‍ അപ്പോഴും ഡോക്ടര്‍ പിടിച്ചു അദ്ദേഹത്തിന്റെ കൈകള്‍ക്കപ്പോള്‍ മരവിപ്പില്ലായിരുന്നു. മഴമേഘങ്ങള്‍ നീങ്ങി നഗരത്തെ പൊതിഞ്ഞ സാന്ധ്യശോഭയിലേക്ക് ഡോക്ടറെയും കൊണ്ടുള്ള വലിയ ഓട്ടം ആ ഓട്ടോക്കാരന്‍ തുടങ്ങി.