നാടുകടത്തപ്പെടുന്നതും സ്വയം നാടുകടക്കുന്നതും രണ്ടു കാര്യങ്ങളാണ്. ശ്രീരാമനെ രാജാവായിരുന്ന അച്ഛന്‍ മൂന്നാമത്തെ ഭാര്യയുടെ ആഗ്രഹത്തെ തുടര്‍ന്ന് നാടുകടത്തുകയായിരുന്നു. മൂന്നു മതങ്ങള്‍ക്ക് ദൈവകല്പനകളില്‍ അഭയം നല്‍കിയ മോസസ് തന്റെ കൗമാരത്തില്‍ ഒരു കാഴ്ച കണ്ടു- ഒരു യഹൂദനെ ഒരു ഈജിപ്ഷ്യന്‍ മര്‍ദിക്കുന്നത്. മോസസ് ആ ഈജിപ്ഷ്യനെ കൊന്നുകളഞ്ഞു. ഫറവോ ചക്രവര്‍ത്തിയുടെ പ്രതികാരത്തില്‍ നിന്നും രക്ഷപ്പെടാനായി മോസസ് നാടുവിട്ടു. അദ്ദേഹം വടക്കുപടിഞ്ഞാറന്‍ അറബ് മരുദേശമായ മിദ്യാനിലേക്ക് പോയി.

To advertise here,

ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ കവിയും ചിന്തകനുമായിരുന്ന ദാന്തെയെ (Dante Alighieri)  ഫ്‌ളോറന്‍സില്‍ നിന്നും നാടുകടത്തിയ ദിവസത്തെ ഓര്‍മിക്കുന്ന ദിവസമായിരുന്നു അത്. ഇരുപതു കൊല്ലങ്ങളാണ് മഹാകവി ദേശാന്തരം അലഞ്ഞത്. 1321-ല്‍ വടക്കന്‍ മെഡിറ്ററേനിയനിലെ ആഡ്രിയാറ്റിക് തീരത്തെ റവേന്നയില്‍ മലേറിയപിടിച്ചു മരിച്ചു. 2025-ലെ മാര്‍ച്ച് പാതിയുടെ അഴകേറിയ ഒരു ദുഃഖം ദാന്തെയുടെ നാടുകടത്തലിന്റെ ഓര്‍മയോടടുപ്പിച്ചുള്ള തീയതിയില്‍ മറ്റൊരു കലാകാരന്റെ ദീപ്തജീവിതം മരണാനന്തരം ആദരിക്കപ്പെട്ടതാണ്. അദ്ദേഹം സ്വയം നാടുകടത്തപ്പെട്ടവന്‍, അന്യദേശത്തെ പൗരത്വം സ്വീകരിച്ച് മരിക്കേണ്ടിവന്നവന്‍, എം.എഫ്.ഹുസൈന്‍. മോസസ് നാടുകടന്ന് താമസിച്ച മിദ്യാനില്‍ നിന്നും 1900 കിലോമീറ്റര്‍ അകലെയുള്ള ഖത്തറിലാണ് ഹുസൈന്‍ അവസാനകാലം ജീവിച്ചത്. 

മാര്‍ച്ചുമാസം രണ്ടാംവാരം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം വിറ്റുപോയത് നൂറുകോടി പതിനെട്ടു ലക്ഷത്തില്‍പരം ഇന്ത്യന്‍ രൂപയ്ക്കാണ് (13.75 ദശലക്ഷം അമേരിക്കന്‍ ഡോളര്‍). ഒരിന്ത്യന്‍ ചിത്രകാരന്റെ ചിത്രത്തിന് ചരിത്രത്തില്‍ കിട്ടിയിട്ടുള്ള ഏറ്റവും വലിയ വില! ഇന്ത്യന്‍ ചിത്രകാരനോ?    അദ്ദേഹം മരിച്ചത് ഖത്തര്‍ പൗരനായിട്ടല്ലേ? എന്ന ചോദ്യം സ്വയം ചോദിച്ചിട്ടു മാത്രമേ, ഹുസൈന്റെ വീണ്ടെടുപ്പില്‍ നാം അഭിമാനിയ്ക്കാവൂ. ലോകാനുരാഗികളായ കലാകാരന്മാര്‍ക്ക് എവിടെയാണ് ദേശവും ദേശവാദവും? 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദിവസത്തില്‍ ടാഗോര്‍ ഒരു കവിത എഴുതിയിരുന്നു, The Sunset of the Century എന്ന പേരില്‍, ഒരു നൂറ്റാണ്ടിന്റെ സൂര്യാസ്തമയം.

ദേശീയത എന്ന വിഷയത്തെക്കുറിച്ചുള്ള ലോകാനുരാഗികളുടെ ഹൃദയം ഈ കവിതയില്‍ മിടിക്കുന്നു.

പടിഞ്ഞാറിന്റെ രക്തപങ്കിലമേഘങ്ങള്‍ക്കിടയിലേക്ക്
വെറുപ്പിന്റെ ചുഴലിക്കാറ്റിനുള്ളിലേക്ക്   
ഈ നൂറ്റാണ്ടിന്റെ സൂര്യനസ്തമിക്കുന്നു.
രാഷ്ട്രങ്ങളുടെ നഗ്‌നമായ ആത്മരതി,
അത്യാഗ്രഹലഹരി മൂക്കറ്റം കുടിച്ചതിന്റെ മദോന്‍മാദം.
വാളുകളുടെ എറ്റുമുട്ടലിന്റേയും 
പ്രതികാരത്തിന്റെ അലര്‍ച്ചകളുടേയും 
ഈണത്തിലുള്ള കിരാതനടനം.

തീരാത്ത വിശപ്പാല്‍ രാഷ്ട്രം ലജ്ജയില്ലാതെ തിന്നുകൊഴുത്ത്  
ഒരുനാള്‍ സ്വയം പൊട്ടിത്തെറിയ്ക്കും.
കാരണം ലോകത്തെ അത് സ്വന്തം ഭക്ഷണമായി കാണുന്നു.
അതിനെ നക്കി, ഞെരുക്കി, വലിയ കഷണങ്ങളാക്കി 
വിഴുങ്ങുന്നു.
അതു വീര്‍ത്തുവീര്‍ത്തു ഭീമാകാരമാകുന്നു.

എപ്പോള്‍ വരെ?
ഈ അവിശുദ്ധവിരുന്നിലേക്ക് 
സ്വര്‍ഗത്തിന്റെ അച്ചുതണ്ടിറങ്ങിവന്ന് 
രാഷ്ട്രത്തിന്റെ സ്ഥൂലഹൃദയത്തിലേക്ക് 
തുളച്ചുകയറുന്നതുവരെ.
 

ലോകമതങ്ങളോടുള്ള ആദരസൂചകമായി 1990-കളില്‍ എം.എഫ് ഹുസൈന്‍ വരച്ച പത്തു ചിത്രങ്ങളില്‍ യഹൂദമതത്തിനായി വരച്ച ചിത്രത്തില്‍ മോസസ്സിനെ വരച്ചിരുന്നു. ഹുസൈന്റെ മുടിയും താടിയുമുണ്ടെന്ന് ചിലപ്പോള്‍ നമുക്ക് ആരോപിക്കുവാന്‍ തോന്നിപ്പിക്കുന്ന മോസസ്. തിയോരമ പരമ്പര എന്നറിയപ്പെടുന്ന ആ ചിത്രങ്ങളില്‍ പത്തു മതങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു; വേദിക, യഹൂദ, സൊരാഷ്ട്രിയന്‍, താവോ, ബൗദ്ധ, ജൈന, ക്രിസ്ത്യന്‍, ഇസ്ലാമിക് , സിഖ് എന്നീ ഒന്‍പത് വ്യവസ്ഥാപിത മതങ്ങളും പത്താമതായി മറ്റൊരു മതവും. അതിന് ഹുസൈന്‍ നല്‍കിയ പേര് മനുഷ്യത്വം (Humanism) അല്ലെങ്കില്‍ മാനവമതം എന്നാണ്. ആദ്യം പറഞ്ഞ ഒന്‍പതില്‍ നിന്നും മാറി പത്താമതായി ഒരു മതമുണ്ടെന്നു കരുതിയ ഹുസൈനെ മനസ്സിലാക്കുവാന്‍ സങ്കുചിത മതമനസ്സുകള്‍ക്ക് കഴിയില്ല. തീവ്ര ഇസ്ലാം ഹുസൈനെ അവരുടെ ഇസ്ലാമായി കരുതിയാല്‍ ആ നഗ്‌നപാദന്‍ അതിനെ തള്ളിക്കളയുമായിരുന്നു. അതുപോലെ തീവ്രഹിന്ദു അദ്ദേഹത്തെ അവരുടെ കണ്ണിലെ ഇസ്ലാമായി ലഘൂകരിച്ചാലും അദ്ദേഹം അതിനെ തള്ളിക്കളയുമായിരുന്നു. ഹുസൈന്റെ മതം തിയോരമയിലെ പത്താം മതമായിരുന്നു.

placeholder
 എം.എഫ്. ഹുസൈൻ. ഫോട്ടോ: എ.പി

കലാകാരന്മാര്‍ നാടുകടത്തപ്പെട്ടതിന്റെ, അല്ലെങ്കില്‍ സ്വയം നാടുവിട്ടുപോയതിന്റെ ചരിത്രത്തിന് ഏറെ പഴക്കവും തുടര്‍ച്ചയുമുള്ളതാണ്. രണ്ടാം ലോകയുദ്ധകാലത്ത് അങ്ങനെ ചെയ്യേണ്ടിവന്നവരാണ് ആ നൂറ്റാണ്ടിലെ ചിത്രകലയെ നിര്‍വചിച്ചവര്‍ തന്നെ. ഹിറ്റ്‌ലറുടെ ആധുനികതാവിരുദ്ധ, വംശീയ രാഷ്ട്രീയം മൂലം ജര്‍മനിയില്‍ നിന്നും നാസി അധീനതയിലുണ്ടായിരുന്ന യൂറോപ്പില്‍ നിന്നും നാടുവിടേണ്ടിവന്നവര്‍ Marcel Duchamp, Max Ernst, Fernand Léger, Matta, Yves Tanguy തുടങ്ങിയവരായിരുന്നു. എം.എഫ് ഹുസൈന്റെ സ്വയം നാടുപേക്ഷിച്ചുപോകലിനെ കാണേണ്ടതും അത്തരമൊരു പശ്ചാത്തലത്തില്‍ തന്നെയാണ്. ഹുസൈന്റെ കാര്യം പറഞ്ഞാലുടന്‍ തന്നെ ആ കലാകാരന്റെ തരംഗസൃഷ്ടിയായ സര്‍ഗജീവിതം പൂര്‍ണമായും മറന്നുകൊണ്ട്, ഹൈന്ദവവികാരം മുറിപ്പെടുത്തിയ ഒരു മുസ്ലിം എന്ന വിധേന അദ്ദേഹത്തെ കാണുന്നവര്‍ ഇപ്പോഴുമുള്ളത് നമ്മുടെ പൊതുരാഷ്ട്രീയ ആഖ്യാനഭാഷയില്‍ കോയ്മ നേടിയ മതാധിഷ്ഠിത ദേശീയവാദം മൂലമാണ്. ഹുസൈനെ നാടുവിട്ടുപോകാന്‍ നിര്‍ബന്ധിച്ച അതേ അവസ്ഥയുടെ മറ്റൊരു രൂപമാണ് സല്‍മാന്‍ റുഷ്ദിയെ കുത്തിയതും.

കുത്തേറ്റ്, ചോരയില്‍ അഭിഷിക്തനായി, അബോധാവസ്ഥയില്‍ ദിവസങ്ങളോളം കിടന്ന റുഷ്ദിയ്ക്ക് ബോധം തിരിച്ചുകിട്ടിയപ്പോള്‍ ആ ലോകാനുരാഗിയുടെ മുന്നില്‍ ഒരു ദൃശ്യം തോന്നിച്ചു- പ്രപഞ്ചമാകെ അക്ഷരങ്ങളാല്‍, അക്ഷരങ്ങളുടെ ഇഷ്ടികകളാല്‍ കെട്ടിപ്പൊക്കിയതായി. മനുഷ്യനല്ല അതിജീവിക്കുന്നത്. മനുഷ്യന്‍ എഴുതിയ അക്ഷരങ്ങളും ആശയങ്ങളും മാത്രമാണ്. (അവലംബം: KNIFE , Salman Rushdie )

placeholder
സല്‍മന്‍ റുഷ്ദി

തന്നെ മാരകമായി കുത്തി മുറിവേല്‍പ്പിച്ച വധശ്രമിയെ ജയിലില്‍ കണ്ടാല്‍ പറയാനുള്ള വാചകങ്ങള്‍ സല്‍മന്‍ റുഷ്ദി കരുതിയിട്ടുണ്ട്.

'ഇതാ നമ്മള്‍ രണ്ടുപേരും ഇവിടെ നില്‍ക്കുന്നു.
ഒരാള്‍, നിരായുധനായ ഒരു 75 കാരനെ വധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാള്‍.
മറ്റേയാള്‍, അയാള്‍ വധിക്കാന്‍ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോള്‍ 76 വയസ്സായ ഒരാള്‍.
താങ്കള്‍ ഒരു മോശം പകിട കളിച്ചു. പരാജയപ്പെട്ടു.
ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാന്‍. ' (അവലംബം: KNIFE , Salman Rushdie )

ഹിന്ദുധര്‍മ്മ പരിരക്ഷയ്ക്ക് ഇറങ്ങിത്തിരിച്ച ആള്‍ക്കൂട്ടങ്ങളും ഹുസൈനും തമ്മില്‍ നടന്ന പകിടകളിയില്‍ ആരാണ് ജയിച്ചത്? ആരായിരുന്നു കളിയിലെ ഭാഗ്യവാന്‍? മരണശേഷം ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് കലാകമ്പോളം വന്‍തുക കൊടുത്ത് അദ്ദേഹത്തിന്റെ 'ഗ്രാമയാത്ര' എന്ന ചിത്രം വാങ്ങിയതുകൊണ്ടോ അത് ഇന്ത്യയിലേക്ക് വരുന്നതുകൊണ്ടോ ഹുസൈന്‍ വിജയിച്ചു എന്നു പറയാന്‍ കഴിയില്ല. പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടു കണ്ട ഏറ്റവും പ്രഗത്ഭനായ ഇന്ത്യന്‍ ചിത്രകാരനെ ആട്ടിയോടിച്ചതിനാല്‍ ഈ രാജ്യം പരാജയപ്പെട്ട ഒരു രാജ്യമായി തുടരും. നൂറ്റാണ്ടിന്റെ സൂര്യാസ്തമയം എന്ന ടാഗോര്‍ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്, 'ഓര്‍ത്തോളൂ, വലുതായതുകൊണ്ട് ഒന്നും മഹത്തരമാകുന്നില്ല, ഒരഹങ്കാരവും ശാശ്വതമാകുന്നില്ല.'

2011- ല്‍ ഹുസൈന്‍ ലണ്ടനിലെ ഒരാശുപത്രിയിലാണ് അന്തരിച്ചത്. ഡോ.മന്‍മോഹന്‍ സിങ്ങായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. ഹുസൈന്റെ മൃതശരീരം ആദരപൂര്‍വം ഇന്ത്യ സ്വീകരിക്കാമെന്നും ഈ മണ്ണില്‍ അടക്കം ചെയ്യാമെന്നും അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഹുസൈന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. അവര്‍ അത് തുറന്ന മനസ്സോടെ പരിഗണിയ്ക്കുകയും ചെയ്തു. എന്നാല്‍ ചിത്രകാരന്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു, താന്‍ എവിടെയാണോ മരിക്കുന്നത് അവിടെ അടക്കം ചെയ്യണമെന്ന്. അതിനാല്‍ എം.എഫ്. ഹുസൈന്‍ അന്ത്യവിശ്രമം കൊള്ളുന്നത് ലണ്ടനിലെ Brookwood സെമിത്തേരിയിലാണ്. ലോകാനുരാഗികള്‍ക്ക് ഈ ഭൂമിയില്‍ എവിടേയും കബറടങ്ങാം. യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരികളിലൊന്നാണിത്. മറ്റൊരിന്ത്യാക്കാരനും അവിടെ കൂട്ടിനുണ്ട്, ജെംഷഡ്ജി ടാറ്റ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡണ്ട് എ.ഓ. ഹ്യൂമും അവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. 

'ഗ്രാമയാത്ര' ഇത്രയും വലിയ തുകയ്ക്ക് വില്‍ക്കപ്പെടുമ്പോള്‍ മറ്റൊരു ലോകാനുരാഗിയെക്കൂടി ഓര്‍ത്തുപോവുകയാണ്. ദേശപരിമിതികളില്ലാതെ ജീവനെ വിഹായസ്സാക്കി മാറ്റിയ അമൃത ഷെര്‍-ഗില്‍. ഹംഗേറിയന്‍ ജൂത ഒപേറാ ഗായികയായ അമ്മയുടേയും പഞ്ചാബി അച്ഛന്റെയും മകളായി ബുഡാപെസ്റ്റില്‍ 1913- ല്‍ ജനിച്ച്, 1921-ല്‍ ഇന്ത്യയിലെത്തിയ അമൃത ഷെര്‍ -ഗിലിന്റെ ചിത്രമാണ് ഇതിനുമുന്‍പ് ഏറ്റവും വലിയ തുകയ്ക്ക് വാങ്ങിക്കപ്പെട്ട ഇന്ത്യന്‍ പെയിന്റിങ് (The Story Teller, 7.4 ദശലക്ഷം അമേരിക്കന്‍ ഡോളര്‍). അമൃതാ ഷെര്‍ -ഗിലിന്റെ ശവസംസ്‌കാരം നടന്നത് 1941-ല്‍ ലാഹോറിലായിരുന്നു. അതിനും ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യം വിഭജിക്കപ്പെട്ടത്. ലാഹോറിലെ അന്ത്യവിശ്രമം വഴി, ബുഡാപെസ്റ്റിലെ ജനനം വഴി, എന്തിലുമുപരി ആ ചിത്രലോകം വഴി അവര്‍ മിഥ്യാദേശങ്ങളെയും ദുരഭിമാനങ്ങളേയും അനശ്വരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

placeholder
അമൃത ഷെര്‍-ഗില്‍

ഇന്ത്യയുടെ കലാചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ ചിത്രകാരനായിരിന്നു എം.എഫ്. ഹുസൈന്‍. ഈ പുതിയ ചിത്രവ്യാപാരകമ്പോളം നമ്മോടു പറയുന്നത് ഇന്ത്യയിലെ കലാകമ്പോളത്തില്‍ ഉളവായിക്കൊണ്ടിരിക്കുന്ന പുത്തന്‍ ധനശേഷിയെകുറിച്ചാണ്. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ശുഭസൂചകമായ അന്തരീക്ഷമാണിത്. എന്നാല്‍ ഇത് ഒരു കാവ്യനീതിയുടെ മുഹൂര്‍ത്തം കൂടിയാണ്. വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് മടങ്ങിവന്ന രാമനെപ്പോലെ, എം.എഫ്. ഹുസൈന്റെ ഈ തിരിച്ചുവരവ്. എന്നാല്‍ അതേസമയം ഹുസൈനെപ്പോലെ നിരവധിപേരെ നാടുകടത്താനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടക്കുമ്പോള്‍  2008-ലെ ഒരു കോടതിവിധി ഹുസൈനെ പ്രതിരോധിച്ചതുകൂടി പറയാം. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കൗള്‍ വിധിന്യായത്തില്‍ പറഞ്ഞു: 'A painter has his own perspective of looking at things and it cannot be the basis of initiating criminal proceedings against him. In India, new puritanism is being carried out in the name of cultural purity and a host of ignorant people are vandalizing art and pushing us towards a pre-renaissance era,'. ജസ്റ്റിസ് കൗള്‍ ഇതുപറയുമ്പോള്‍ ഹുസൈന് തൊണ്ണൂറ്റിമൂന്നുവയസ്സുണ്ടായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ കൂടി ജീവിച്ചിട്ടാണ് അദ്ദേഹം അന്തരിച്ചത്. കോടതി വിധി വന്നിട്ടും അദ്ദേഹത്തെ തിരികെ ഈ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാഞ്ഞതിലെ അപരാധത്തിന്റെ കൂട്ടുത്തരവാദിത്വം രാഷ്ട്രീയനേതൃത്വത്തിനും പൊതുസമൂഹത്തിനുമുള്ളതാണ്.