മേരിക്കൻ ജീവിതത്തിലെ ആദ്യപകുതിയിലാണ് ഇവിടത്തെ യുവതലമുറയുടെ ജീവിതരീതികൾ ഞാൻ കൂടുതലായി നിരീക്ഷിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസകാലവും പഠനരീതികളും സാമൂഹികമായ ഇടപെടലുകളുമാണ് അതിനെന്നെ കൂടുതൽ സഹായിച്ചത്. ഇവിടത്തെ യുവതലമുറയോട് എനിക്ക് വലിയ ബഹുമാനം തോന്നിയിരുന്നു. അവർ തങ്ങളുടെ ജീവിതം സ്വയം നിർണയിക്കുന്നു. വളരെ ചെലവേറിയ ഉന്നതവിദ്യാഭ്യാസം ഭൂരിപക്ഷം കുട്ടികളും പൂർത്തിയാക്കുന്നത് രക്ഷിതാക്കളുടെ സഹായമില്ലാതെയാണ്. സർക്കാർ ആദ്യഘട്ടത്തിൽ ചെറിയ ലോൺ കൊടുക്കുന്നതാണ് ഏക ആശ്വാസം. അതിന് പലിശ കുറവായിരിക്കും. രക്ഷിതാക്കൾക്കാണ് ആ വായ്പ നൽകുക. പല ജോലികൾ മാറിമാറി ചെയ്ത് കുട്ടികൾ തുടക്കം മുതൽക്കേ ജീവിതം തങ്ങളുടെ പരിധിക്കകത്ത് നിർത്താൻ പഠിക്കുന്നു. പണം കൈകാര്യം ചെയ്യാൻ പഠിക്കുക എന്നത് ഒരു വലിയ കലയാണ്. അതാണ് മുതിർന്ന കുട്ടികൾക്ക് ആദ്യം ലഭിക്കുന്ന പ്രായോഗിക വിദ്യാഭ്യാസങ്ങളിൽ ഒന്ന്. ഇവിടെയുള്ള അനന്തമായ ജോലിസാധ്യത കുട്ടികൾക്ക് ഒരനുഗ്രഹമാണ്. ആരുംതന്നെ സർക്കാർ ജോലിക്കായി വർഷങ്ങൾ മുടക്കി കാത്തിരിക്കുന്ന പതിവില്ല. പഠിക്കുമ്പോൾ തന്നെ രണ്ടുംമൂന്നും സ്ഥാപനങ്ങളിൽ ജോലി ചെയ്ത് അവർ വരുമാനം കണ്ടെത്തിയിരിക്കും. അവരുടെ പരിചയസമ്പത്താണ് ജീവിതം സുഗമമാക്കുന്നത്. ഡിഗ്രി കഴിഞ്ഞാൽ കുറച്ചുകാലമൊക്കെ ജോലി ചെയ്തിട്ടാണ് കുട്ടികൾ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പോകാൻ പദ്ധതിയിടുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഒന്നായിട്ടു മാത്രമേ അവർ അണ്ടർ ഗ്രാജ്വേഷനെ കാണാറുള്ളൂ. ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലം ജോലി ചെയ്യുമ്പോൾ ഇനിയെന്തിലേക്കാണ് തങ്ങളുടെ അക്കാദമിക ശ്രദ്ധ കൊടുക്കേണ്ടതെന്ന് കുട്ടികൾക്ക് ഏകദേശരൂപം കിട്ടിയിട്ടുണ്ടാവും. കുട്ടികൾ ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ പോകുന്ന മേഖലയെക്കുറിച്ച് ഈ കാലയളവിലാണ് അവർ തന്നെ ബോധവാന്മാരാകുന്നത്.

To advertise here,

ജീവിതത്തിന്റെ ഗതിവിഗതികൾ ഏറെക്കുറേ മനസ്സിലാക്കിയതിനുശേഷമാണ് അമേരിക്കയിലെ മിക്ക കുട്ടികളും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനമെടുക്കുന്നത്. ഇരുപതുകഴിഞ്ഞു എന്നു കരുതി പെണ്ണുകാണാൻ വന്നവരിൽ ആരെയെങ്കിലും വീട്ടുകാർ അങ്ങ് ഉറപ്പിച്ച് നടത്തിക്കൊടുക്കുകയല്ല. പങ്കാളിയെ തിരഞ്ഞെടുക്കാൻ അവർക്ക് കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടായിരിക്കും; എല്ലാം ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും. വിവാഹവും മിതമായ രീതിയിലാണ് നടത്തുക. വളരെ ചെറിയ ആൾക്കൂട്ടമേ കാണുകയുള്ളൂ. സാധാരണക്കാരുടെ കാര്യമാണ് ഞാൻ പറഞ്ഞുവരുന്നത്. ചിലർ വിവാഹം പള്ളിയിൽ വെച്ച് നടത്തുമ്പോൾ ചിലർ രജിസ്ട്രാഫീസിനെയാണ് ആശ്രയിക്കുക. അതിനുശേഷം പത്തോ അമ്പതോ പേരെക്കൂട്ടി ഒരു വിരുന്നുസത്​കാരം നടത്തും. ഇരുനൂറ് പേരടങ്ങുന്ന വിവാഹം എന്നുപറഞ്ഞാൽ ഇവിടത്തെ ഏറ്റവും വലിയ കല്യാണമാണ്. നമ്മൾ കേട്ടുശീലിച്ചതുപോലെ വിവാഹത്തിന് എന്തുകൊടുക്കും, എന്തുകിട്ടും എന്ന ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. കുട്ടികൾ തങ്ങൾക്കിഷ്ടപ്പെട്ട ഒരാളെ കണ്ടെത്തിയാൽ മാതാപിതാക്കളെ അറിയിക്കും. ചിലപ്പോൾ വിവാഹത്തീയതി അവർ എല്ലാവരും കൂടി ഒന്നിച്ച് തീരുമാനിക്കും അല്ലെങ്കിൽ ഇന്ന ദിവസം വിവാഹിതരാവുകയാണ് എന്ന് കുട്ടികൾ രക്ഷിതാക്കളെ അറിയിക്കും.

കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾ പണം വായ്പയെടുത്ത് നാട്ടുകാർക്കു മുന്നിൽ വിവാഹം ആർഭാടമാക്കി അഭിമാനം സംരക്ഷിക്കുന്ന പരിപാടിയുമില്ല. അവരെക്കൊണ്ടാവുന്ന വിധത്തിൽ. അത്രയേ ഉള്ളൂ. അതിപ്പോൾ വീടിനകത്തുവെച്ചാണെങ്കിൽ അങ്ങനെ. ചിലർ കുട്ടികളോട് സാമ്പത്തികമില്ല എന്ന് നേരിട്ടങ്ങ് പറയുന്നതും സാധാരണമാണ്. അതനുസരിച്ച് കുട്ടികൾ വിവാഹം മിതമാക്കുകതന്നെ. അവരിവിടെ സ്വർണംകുറഞ്ഞുപോയി എന്നൊന്നും പറഞ്ഞ് കരഞ്ഞിരിക്കാറില്ല. ഒരു കല്യാണത്തിനുവേണ്ടി ജീവിതകാലം മുഴുവൻ കടം വാങ്ങാനോ കഷ്ടപ്പെടാനോ തയ്യാറല്ലാത്ത മനുഷ്യരെക്കാണുമ്പോളാണ് ഞാൻ ഏറ്റവുമധികം സന്തോഷിച്ചത്. വിവാഹത്തിന് തങ്ങൾക്ക് എന്തെങ്കിലും സമ്മാനമായി തരാൻ ഉദ്ദേശിക്കുന്ന രക്ഷിതാക്കളിൽ നിന്നും അവർക്കാവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിക്കും. ചിലർ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിലേക്ക് സഹായിച്ചാൽ ഉപകാരമായിരിക്കും എന്നുപറയും. ചിലർ കാറുവാങ്ങുന്നുവെങ്കിൽ ഡൗൺപേയ്‌മെന്റായി രക്ഷിതാക്കളുടെ സമ്മാനം സ്വീകരിക്കും. ചിലരാവട്ടെ ഹണിമൂണിനു പോകാൻ ആ ഗിഫ്റ്റ് ഉപയോഗപ്പെടുത്തും. ജീവിതത്തിൽ അവരത്രകാലവും സമ്പാദിച്ചതിന്റെ ഒരു നിശ്ചിത പങ്കു മാത്രമേ ഏറ്റവും വിശേഷപ്പെട്ട ഒന്നായി നമ്മൾ കൊട്ടിഘോഷിക്കുന്ന വിവാഹത്തിന് അവർ നീക്കിവെക്കുകയുള്ളൂ.

നമ്മുടെ നാട്ടിലെ വിവാഹച്ചെലവുകൾ ആലോചിച്ചുനോക്കൂ, പെൺകുട്ടിക്ക് ആഭരണം, കാറ്, ഏറ്റവും വലിയ ഓഡിറ്റോറിയം. പെൺകുട്ടിയുടെ സ്വർണത്തെച്ചൊല്ലിയുള്ള തർക്കം, ആത്മഹത്യ... സ്വർണം കുറഞ്ഞുപോയതിൽ പീഡനമേറ്റുവാങ്ങി ഇവിടെയാരെങ്കിലും ആത്മഹത്യ ചെയ്തതായി എനിക്കറിവില്ല. ഗാർഹികപീഡനങ്ങൾ റിപ്പോർട്ടുചെയ്യപ്പെടാത്ത നാടുമല്ല ഇത്. ആർക്കും ഒരു വിഷമവുമില്ലാതെ സ്വന്തം ജീവിതം പടുത്തുയർത്തുന്ന മനുഷ്യരെക്കാണുമ്പോളാണ് ഇവിടത്തെ ആളുകളോട് എനിക്കേറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത്.

ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരും ചേർന്നതാണ് അമേരിക്ക. ഇവിടെയുള്ളവരും വന്നുതാമസമാക്കിയവരും എല്ലാവരും കൂടിച്ചേർന്ന് ഒരു സംസ്‌കാരം കെട്ടിപ്പടുത്തിട്ടുണ്ട്. അവരിലൂടെ രണ്ടോ മൂന്നോ തലമുറയുണ്ടാവുമ്പോൾ ഒരു പൊതുസംസ്‌കാരം രൂപപ്പെടുന്നു. ഇവിടത്തെ ലളിതമായ ജീവിതസമ്പ്രദായം മാറ്റിമറിക്കാൻ പലപ്പോഴും വരത്തന്മാർ കാരണമാകാറുമുണ്ട്. അമേരിക്കയിൽ നടക്കുന്ന ഇന്ത്യൻ വിവാഹങ്ങൾ തദ്ദേശീയർക്ക് അത്ഭുതമാണ്. മലയാളിക്കല്യാണം, ഗുജറാത്തിക്കല്യാണം, കന്നഡക്കല്യാണം എന്നൊക്കെയുള്ള വേർതിരിവ് തദ്ദേശീയർക്കില്ലല്ലോ. എല്ലാവരും പ്രഥമദൃഷ്ട്യാ ഇന്ത്യക്കാരാണ്. പക്ഷേ, ആർഭാടത്തിന്റെ കാര്യത്തിൽ വടക്കേ ഇന്ത്യക്കാരുടെ കല്യാണങ്ങൾ ഇന്നും പേരുകേൾപ്പിച്ചവയാണ്. ആനപ്പുറത്തോ കുതിരപ്പുറത്തോ ഒക്കെയായിരിക്കും വരൻ വരിക. മാലിനിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് എന്റെ സഹപ്രവർത്തക ചോദിച്ചു; കുതിരപ്പുറത്താണോ വരൻ വരികയെന്ന്. അക്കാലത്ത് വിവാഹത്തിന് ഇന്ത്യക്കാരൻ വരൻ കുതിരപ്പുറത്ത് വന്നത് വാഷിങ്ടൺ പോസ്റ്റിൽ വാർത്തയായി അച്ചടിച്ചുവന്നിരുന്നു. അപ്പോൾ അവരുടെ കാഴ്ചപ്പാടിൽ ഇന്ത്യക്കാരുടെ കല്യാണത്തിന് വരൻ മൃഗത്തിന്റെ പുറത്തേറിയാണ് വരിക! ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് ഞാൻ വലിയൊരു ക്ലാസെടുത്ത് കൊടുക്കേണ്ടിവന്നു. പക്ഷേ, പൊതുവേ ഇവിടെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ ആർഭാടം കാണിക്കുന്നതെന്ന പ്രസ്താവനയെ ശരിവെച്ചുകൊടുക്കുകയല്ലാതെ വഴിയില്ലായിരുന്നു.

മാലിനി ഡിഗ്രി കഴിഞ്ഞ് ഇടവേളയെടുത്തിരിക്കുന്ന സമയത്ത് ഇന്ത്യക്കാരായ കുട്ടികളെല്ലാം ചേർന്ന് ഒരു കലാസംഘടനയുണ്ടാക്കി. ദക്ഷിണേഷ്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള കുട്ടികളും ആ സംഘത്തിലുണ്ടായിരുന്നു. ചെറിയ സ്‌റ്റേജുകളിൽ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന പരിപാടി. സംഗീതവും നൃത്തവും മറ്റു കലാപരിപാടികളും എല്ലാമായി കുട്ടികൾ സജീവമായിരുന്നു. ഒരു ദിവസം മാലിനി എന്നോട് സംസാരിക്കുന്നതിനിടയിൽ പറഞ്ഞു; ‘‘മമ്മീ ഞാനൊരു പയ്യനെ മീറ്റ് ചെയ്തു. അനൂപ് എന്നാണ് പേര്. അനൂപിന്റെ അച്ഛനും അമ്മയ്ക്കും മമ്മിയെ അറിയാം. അച്ഛന്റെ പേര് ശ്രീകുമാർ എന്നാണ്.’’ പേര് കേട്ടതും എനിക്കത്ഭുതമായി. ശ്രീകുമാർ എന്റെ നല്ല സുഹൃത്താണ്. ഡോ. ശ്രീകുമാർ ഗവേഷണവിദ്യാർഥിയായി അമേരിക്കയിൽ വന്നതാണ്. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ സയന്റിസ്റ്റായി സേവനമനുഷ്ഠിച്ചു. വളരെ പ്രസരിപ്പുള്ള ഒരു വ്യക്തിത്വം. ആലപ്പുഴക്കാരനാണ്. ഭാര്യ ശ്രീദേവി മാവേലിക്കരയിലും. വർഷങ്ങൾക്കുശേഷമാണ് ശ്രീകുമാറിനെയും കുടുംബത്തെയുംപറ്റി കേൾക്കുന്നത്. കേരളാ അസോസിയേഷനിൽ സജീവമായിരുന്നു രണ്ടുപേരും. ചിന്മയാനന്ദ സ്വാമി ഇവിടെ വന്ന് തിരികെപ്പോയി കുറച്ചുകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുവേണ്ടി ഇവിടെയൊരു ആശ്രമം പണിയണമെന്ന ആവശ്യം വന്നു. അപ്പോൾ മുൻപന്തിയിലുണ്ടായിരുന്നത് ശ്രീകുമാറും ശ്രീദേവിയുമായിരുന്നു. ചിന്മയ ആശ്രമം കെട്ടിപ്പടുക്കുന്ന തിരക്കുകൾ വന്നപ്പോൾ അവർ കേരളാ അസോസിയേഷൻ പ്രവർത്തനങ്ങളിൽ അത്ര സജീവമല്ലാതായി. കുറച്ചുവർഷങ്ങൾക്കുമുമ്പ് ശ്രീകുമാർ അന്തരിച്ചു. ശ്രീദേവിയുമായി ഇപ്പോഴും ഞാൻ നല്ല ബന്ധം സൂക്ഷിക്കുന്നു; മാലിനി അതിനൊരു നിമിത്തം കൂടിയായി.

അനൂപ് ഞങ്ങളെ പരിചയപ്പെടാൻ വന്ന കാലത്ത് അവൻ ഡിഗ്രി കഴിഞ്ഞ് ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു. യുവകലാസംഘത്തിന്റെ പരിപാടികൾ പുരോഗമിച്ചുകൊണ്ടിരിക്കേ ഒരു ദിവസം മാലിനി എന്നോട് പറഞ്ഞു: ‘‘ഞാൻ അനൂപിനൊപ്പം ഡിന്നറിനു പോകുകയാണ്.’’ സ്വാഭാവികമായിട്ടും ഒരമ്മയ്ക്കുണ്ടാവുന്ന ഉത്കണ്ഠ ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു: ‘‘നിങ്ങൾ ഡേറ്റ് ചെയ്യുകയാണോ?’’ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നായിരുന്നു മാലിനിയുടെ മറുപടി.

ഡിഗ്രി കഴിഞ്ഞ ഇടവേളയിൽ രണ്ടുവർഷം മാലിനി ജോലി ചെയ്തിരുന്നു. ഇന്റർനാഷണൽ ഡെവലപ്‌മെന്റിലാണ് അവളുടെ താത്​പര്യം. മാസ്റ്റേഴ്‌സിനായി ബോസ്റ്റണിൽ അഡ്മിഷൻ ശരിയായി. അങ്ങനെ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആ തയ്യാറെടുപ്പുകൾക്കിടയിൽ ഒരു ദിവസം അനൂപ് വീട്ടിൽ വന്നു. ആ കുട്ടിയുടെ മുഖത്ത് ചെറിയൊരു സംഭ്രമമുണ്ടായിരുന്നു. ഞാനും ശേഖറും വളരെ സൗമ്യമായി അനൂപിനെ സ്വീകരിച്ചിരുത്തി. അവന് മെഡിസിന് അഡ്മിഷൻ കിട്ടിയിട്ടുണ്ട്. അധികം വൈകാതെ തന്നെ കോളേജിൽ ചേരേണ്ടതുണ്ട്. ശേഖറും ഞാനും ഒന്നിച്ചിരുന്നാണ് അനൂപിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് അനൂപ് പറഞ്ഞു: ‘‘അങ്കിൾ, ആന്റി, എനിക്ക് മാലിനിയെ ഇഷ്ടമാണ്. പഠിക്കാൻ പോകുന്നതിനുമുമ്പ് ഇവിടെ വന്നിട്ട് പ്രൊപ്പോസ് ചെയ്യണമെന്നുണ്ട്. അതിനുള്ള കാര്യങ്ങൾ ആലോചിക്കാനാണ് വന്നത്.’’ ഒരു നിമിഷത്തെ മൗനത്തിനുശേഷം മാലിനിയുമായി സംസാരിച്ചിരുന്നോ എന്നു ഞാൻ ചോദിച്ചു. അവൾക്കിഷ്ടമാണെന്ന് അനൂപ് പറഞ്ഞു. അച്ഛനോടും അമ്മയോടും ഇക്കാര്യം അനൂപ് സംസാരിച്ചോ എന്നായി പിന്നെ ഞങ്ങളുടെ ചോദ്യം. അതും സംസാരിച്ചു. അവർക്കും ഇഷ്ടമാണ്. അപ്പോൾ ഞാൻ പറഞ്ഞു: അനൂപിനെ ഞങ്ങൾക്ക് ഇഷ്ടമാണ്. പക്ഷേ, പഠിത്തമൊക്കെ പൂർത്തിയാക്കി പ്രൊഫഷൻ തീരുമാനിച്ചിട്ട് നമുക്ക് ആലോചിക്കാം. അല്പനേരം കൂടി സംസാരിച്ചിരുന്നതിനുശേഷം അനൂപ് പോയി.

പിറ്റെ ദിവസം ശ്രീദേവി എന്നെ വിളിച്ചു. ഞങ്ങൾ ഇക്കാര്യം സംസാരിച്ചു. അവർക്ക് വലിയ സന്തോഷമായിരുന്നു. കാരണം മലയാളിക്ക് മലയാളിയെത്തന്നെ ഇവിടെ നിന്നും വിവാഹം കഴിക്കാൻ സാധിക്കുക എന്നത് അത്യപൂർവമായ കാലമായിരുന്നു അത്. എന്റെ ഓർമയിൽ മലയാളിക്കല്യാണം നടന്നിട്ടില്ല. ഇന്ത്യക്കാർ തമ്മിൽ ധാരാളം വിവാഹം നടക്കാറുണ്ട്. ആദ്യമായിട്ട് ഇവിടെ വിവാഹിതരാവുന്ന മലയാളി ദമ്പതിമാർ അനൂപും മാലിനിയുമാണ് എന്നാണ് എന്റെ ഓർമ.

 

ബിഎസ്സി കഴിഞ്ഞാൽ നാലുവർഷമാണ് ഇവിടെ മെഡിസിൻ പഠനം. അതുകഴിഞ്ഞിട്ട് റെസിഡൻസ് (ഹൗസ് സർജൻസി) ചെയ്യണം. സ്‌പെഷ്യാലിറ്റി അനുസരിച്ച് മൂന്നോ നാലോ വർഷമെടുക്കും. എമർജൻസി മെഡിസിൻ ആയിരുന്നു അനൂപിന്റെ സ്‌പെഷ്യലൈസേഷൻ. രണ്ടുവർഷം കൊണ്ട് മാലിനിയുടെ മാസ്‌റ്റേഴ്‌സ് കഴിഞ്ഞു. അനൂപ് എം.ഡി കഴിഞ്ഞുവന്നയുടൻ തന്നെ വിവാഹം തീരുമാനിച്ചു. ഞങ്ങളുടെയും അനൂപിന്റെയും ഭാഗത്തുനിന്നായി ഇരുനൂറ്റമ്പതു പേരെയായിരുന്നു വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ഇരുനൂറ്റിയമ്പത് പേർ എന്നത് അമേരിക്കക്കാർക്ക് വലിയൊരു സംഖ്യയാണ്. ഞങ്ങളുടെ വളരെയടുത്ത സുഹൃത്തുക്കളും ഒരുപാട് വർഷം കൂടെയുള്ള സഹപ്രവർത്തകരും ശ്രീകുമാറിന്റെയും ശ്രീദേവിയുടെയും വളരെയടുത്ത ആൾക്കാരുമെല്ലാം കൂടിച്ചേരുമ്പോൾ 250-പേരിൽ കുറയില്ലായിരുന്നു.

സുകുവായിരുന്നു ഭക്ഷണകാര്യങ്ങൾ നോക്കിയിരുന്നത്. പൂർണമായും ഒരു മലയാളിക്കല്യാണമായിരുന്നു. മാലിനിക്ക് ഉടുക്കാനുള്ള പട്ടുസാരികൾ വാങ്ങിയത് ചെന്നെയിൽ നിന്നായിരുന്നു. അന്ന് എം.ടിയാണ് എനിക്ക് ഗീത കൃഷ്ണൻകുട്ടിയെ പരിചയപ്പെടുത്തിത്തന്നത്. എം.ടിയുൾപ്പെടെയുള്ളവരുടെ പ്രധാനകൃതികളെല്ലാം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഗീത കൃഷ്ണൻകുട്ടിയുമായുള്ള ആത്മബന്ധം തുടങ്ങുന്നത് അവിടെ നിന്നാണ്. അന്ന് ഫ്‌ളൈറ്റിറങ്ങി നേരെ ഗീതയുടെ വീട്ടിലേക്കായിരുന്നു ഞാൻ പോയത്. ചെന്നൈയിലെ അവരുടെ വീട്ടിലായിരുന്നു വിവാഹത്തിനുവേണ്ട വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങിവെച്ചിരുന്നത്. ഗീതയുമായുള്ള ആത്മബന്ധം ഇന്നും തുടരുന്നു. സുഗതച്ചേച്ചി തയ്യാറാക്കിത്തന്ന വിവാഹമംഗളപത്രം ഇംഗ്ലീഷിലേക്ക് മനോഹരമായി മൊഴിമാറ്റിത്തന്നത് ഗീതയായിരുന്നു.

അണ്ടർഗ്രാജ്വേറ്റ് കഴിഞ്ഞ് സോണിയ മെഡിസിനുപോകുമായിരിക്കും എന്നാണ് ഞാനും ശേഖറും വിചാരിച്ചത്. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. മാലിനി ആർട്സ് വിഷയങ്ങളിൽ താത്​പര്യം  കാണിച്ചപ്പോൾ സോണിയയ്ക്ക് സയൻസിനോട് വലിയ കമ്പമായിരുന്നു. ശേഖറിന്റെ അമ്മ ഡോക്ടറായിരുന്നു. സോണിയ ആ പാരമ്പര്യത്തിലേക്ക് പോകുമെന്ന് ഞങ്ങൾ കരുതി. അണ്ടർ ഗ്രാജ്വേറ്റിൽ ഇവിടെ സയൻസാണ് എടുക്കുന്നതെങ്കിൽ കുട്ടികൾക്ക് പ്രീമെഡ് കൂടി എടുക്കാൻ പറ്റും. ഇവിടെ അടിസ്ഥാനബിരുദം ഏതെടുത്താലും പിന്നീട് മെഡിസിനിൽ താത്​പര്യം വന്നാൽ അതിനു ചേരാം. ഫൗണ്ടേഷൻ കോഴ്‌സുകൾ കഴിയണമെന്നുമാത്രം. നാലുവർഷമായിരുന്നു പ്രീമെഡ് കോഴ്‌സ്. കൊളംബിയ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്ത ന്യൂയോർക്കിലെ ബാർണാഡ് കോളേജിലായിരുന്നു അവൾ പഠിച്ചത്. ബാർണാഡ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിന് നമ്മുടെ അഭിമാനമായ കമലാദാസായിരുന്നു മുഖ്യാതിഥികളിൽ ഒരാൾ. ഡിഗ്രി കഴിഞ്ഞയുടൻ തന്നെ മാസ്റ്റേഴ്‌സിന് അപേക്ഷിച്ചാൽ മികച്ച കോളേജുകളിൽ സീറ്റ് കിട്ടാൻ സാധ്യതയില്ലായിരുന്നു. ഏതെങ്കിലുമൊരു റെപ്യൂട്ടഡ് സ്ഥാപനത്തിൽ കുറച്ചുകാലം ജോലി ചെയ്ത പരിചയസർട്ടിഫിക്കറ്റ് മാസ്‌റ്റേഴ്‌സ് അഡ്മിഷനിൽ പ്രധാന റോളുണ്ട്. അതുകൊണ്ടുകൂടിയാണ് കുട്ടികൾ ഡിഗ്രിക്കുശേഷം ഇടവേളയെടുക്കുന്നത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലായിരുന്നു സോണിയ മാസ്‌റ്റേഴ്‌സ് ബിരുദം ചെയ്തത്.  സ്‌കോളർഷിപ്പോടുകൂടിയാണ് അവൾക്ക് അഡ്മിഷൻ കിട്ടിയത്. അതിനു സഹായകമായത് അണ്ടർ ഗ്രാജ്വേഷനുശേഷം ഒബാമ അഡ്മിനിസ്‌ട്രേഷനിൽ സോണിയ ജോലി ചെയ്ത സർട്ടിഫിക്കറ്റായിരുന്നു. ഒബാമ അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്ത കാലയളവുകൊണ്ട് സോണിയയുടെ വീക്ഷണങ്ങളും കരിയറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും എങ്ങനെ മാറിമറിഞ്ഞുവെന്ന് വിശദമായിത്തന്നെ പറയാനുണ്ട്.

കുട്ടികൾ ടെന്നീസ് പ്രാക്ടീസ് മുടക്കരുതെന്നത് ശേഖറിന്റെ ആഗ്രഹമായിരുന്നു. ശേഖറും മാലിനിയും സോണിയയും അതിനുള്ള സമയം എങ്ങനെയെങ്കിലും കണ്ടെത്തുമായിരുന്നു. ഡിഗ്രികഴിഞ്ഞ് ജോലി ചെയ്യുന്ന കാലത്ത് വാഷിങ്ടണിലെ ഒരു ക്ലബ്ബിൽ സോണിയ ടെന്നീസ് കളിക്കാൻ പോകുമായിരുന്നു. അവിടെ വെച്ച് അവളെ ഒരാൾ പരിചയപ്പെട്ടു. അമേരിക്കയിലെ മുൻജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ പേര് ടെറി മില്ലർ എന്നായിരുന്നു. അദ്ദേഹം സോണിയയോട് സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞു, 'എന്റെ മകനും ടെന്നീസ്
കളിക്കുന്നയാളാണ്.' അദ്ദേഹം തന്നെ തന്റെ മകനെ സോണിയയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എഡ്വേഡ് എന്നായിരുന്നു മകന്റെ പേര്. പെൻസിൽവാനിയയിലെ വളരെ പ്രശസ്തനായ സെനറ്ററായിരുന്ന ജോസഫ് ക്ലാർക്കിന്റെ കൊച്ചുമകനായിരുന്നു ടെറി മില്ലർ. അമേരിക്കയിലെ ഗൺലോബിയുമായി നീണ്ടകാലത്തെ പോരാട്ടത്തിനൊടുവിൽ അമേരിക്കയിൽ തോക്കുനിരോധനബിൽ കൊണ്ടുവരുന്നത് ഇദ്ദേഹമാണ്. സെനറ്റിൽ ആദ്യമായി പാസ്സാക്കപ്പെട്ട ബില്ലും ഇദ്ദേഹം അവതരിപ്പിച്ചതാണ്. രണ്ടുതവണ അദ്ദേഹം സെനറ്ററായി. ഇവിടത്തെ ഗൺ ലോബി മുൻകൈയെടുത്താണ് ജോസഫ് ക്ലാർക്കിനെ തിരഞ്ഞെടുപ്പിലെ തന്റെ മൂന്നാമൂഴത്തിൽ തോൽപിക്കുന്നത്. ഡെമോക്രാറ്റിക് ചായവ് ഉള്ള കുടുംബമായിരുന്നു ഇവരുടേത്. ഞങ്ങളെല്ലാം ഡെമോക്രാറ്റിനെയാണ് പിന്തുണയ്ക്കുന്നത്. ടെന്നീസ് കോർട്ടിലെ സൗഹൃദം അവർക്കിടയിൽ വളർന്നു. എഡ് ഒരു ദിവസം സോണിയയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. തിരിച്ച് സോണിയ അവരെ തന്റെ വീട്ടിലേക്കും ക്ഷണിച്ചു. ആ സൗഹൃദം ദൃഢമാകുന്നത് ഞാൻ നോക്കിക്കാണുന്നുണ്ടായിരുന്നു. സോണിയ എഡ്ഡുമായി ഡേറ്റിങ്ങിലാണെന്ന് വൈകാതെ തന്നെ എനിക്ക് മനസ്സിലായി.

നാലുവർഷത്തോളം അവർ ഡേറ്റിങ്ങിലായിരുന്നു. കുറേനാൾ ഡേറ്റ് ചെയ്തതിനുശേഷം ഉപേക്ഷിക്കപ്പെടുന്നത് ഇവിടെ പതിവായതിനാൽ ഈ ബന്ധത്തിൽ എത്രമാത്രം ആത്മാർഥതയുണ്ടെന്ന് ഞാൻ എപ്പോഴും ശങ്കിക്കുമായിരുന്നു. പക്ഷേ, തുറന്നുപറയാനും ചോദിക്കാനും എനിക്കെന്തോ ഒരു വിലക്ക് സ്വയം അനുഭവപ്പെട്ടു. മാലിനിയുടെ കാര്യം പോലെയല്ല. ഇത് സായ്പ്പാണ്. അവർക്ക് പ്രണയവും നിരാസവും ജീവിതത്തിലെ രണ്ട് സംഭവങ്ങൾ മാത്രമാണെങ്കിലോ എന്നൊക്കെ ഞാൻ ചിന്തിച്ചുകൂട്ടി. അവൾ ഡ്യൂക്കിൽ പഠിക്കാൻ പോയപ്പോഴും എഡ്ഡുമായുള്ള ബന്ധം തുടർന്നു. എഡ്ഡ് അവളെ കാണാൻ ഡ്യൂക്കിൽ പോകുമായിരുന്നു. സോണിയ വീട്ടിൽ വരുമ്പോൾ എഡ് വന്ന ഞങ്ങളെ കണ്ടു. എഡ്ഡിന്റെ അച്ഛൻ ഇടയ്ക്ക് ഞങ്ങളെ ഫോണിൽ വിളിച്ച് ക്ഷേമമന്വേഷിക്കുമായിരുന്നു. മാസ്റ്റേഴ്‌സ് കഴിഞ്ഞു സോണിയ വീട്ടിലേക്ക് വന്നതിനുശേഷം എഡ് ഞങ്ങളുടെയടുക്കൽ വന്ന് സോണിയയെ പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നു എന്നു പറഞ്ഞു. ഞങ്ങൾ സോണിയയുടെ തീരുമാനത്തിന് വിട്ടു.

ന്യൂയോർക്കിൽ ജോലി കിട്ടിയതിനുശേഷമാണ് സോണിയ വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കുന്നത്. വരൻ എഡ്ഡ് തന്നെയാണെന്നതിൽ മാറ്റമില്ല എന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. വിദ്യാഭ്യാസത്തിലായിരുന്നു എഡ്ഡിന്റെ മാസ്റ്റേഴ്‌സ് ഡിഗ്രി. പക്ഷേ അധ്യാപകജോലിയിലേക്ക് പോകാതെ മുഴുവൻ സമയവും ചിത്രകലയിൽ മുഴുകാനായിരുന്നു എഡ്ഡിന് താൽപര്യം. എഡ്ഡിന് നല്ലൊരു ആർട് ഗ്യാലറിയുണ്ട്. എഡ്ഡിന്റെ കുടുംബം രാഷ്ട്രീയമായി പുരോഗമന ചിന്താഗതിക്കാരാണ്. ഡെമോക്രാറ്റ് ആശയങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്നവരാണ്. ഞങ്ങളും ഡെമോക്രാറ്റുകളാണ്. ആശയപരമായി ഒരേ ദിശയിലുള്ളവരാണ് എന്നത് അവരുമായുള്ള എന്റെ ആശയവിനിമയം വളരെ സുഗമമാക്കിയിരുന്നു.

തന്റെ വിവാഹം വളരെ മിതമായ രീതിയിൽ മതിയെന്ന് സോണിയ നേരത്തേ തീരുമാനിച്ചിരുന്നു. ചെറിയ രീതിയിൽ വിവാഹം നടത്താനുള്ള സ്ഥലത്തെക്കുറിച്ചുള്ള ചർച്ച നടക്കേയാണ് എഡ്ഡിന്റെ അച്ഛനുമമ്മയ്ക്കും ഒരു ഫാം ഹൗസ് ഉള്ള കാര്യം പറഞ്ഞത്. വാഷിങ്ടൺ ഡിസിയിലാണ് അവർ താമസിക്കുന്നതെങ്കിലും ഗ്രാമത്തോടടുപ്പിച്ച് ഒരു ഫാംഹൗസ് അവർ നിലനിർത്തിയിരുന്നു. ആ ഫാംഹൗസിനു പിറകിലായി പച്ചപ്പ് നിറഞ്ഞ വിശാലമായ സ്ഥലമുണ്ട്. അവിടെവെച്ച് നടത്തിയാൽ മതി വിവാഹം എന്നായിരുന്നു സോണിയയുടെയും എഡ്ഡിന്റെയും തീരുമാനം. തങ്ങളുടെ വിവാഹത്തിന് ഏതെല്ലാം ചടങ്ങുകളാണ് വേണ്ടതെന്ന് തീരുമാനിക്കുന്നത് വിവാഹം കഴിക്കാൻ പോകുന്ന കുട്ടികൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പകുതി മലയാളി ചടങ്ങും പകുതി അമേരിക്കൻ ചടങ്ങുമായിരുന്നു സോണിയയും എഡ്ഡും തീരുമാനിച്ചത്.

സോണിയയുടെ കൂട്ടത്തിലുള്ളവരെല്ലാം അമേരിക്കക്കാരായിരുന്നു. അതുകൊണ്ടുതന്നെ മലയാളിക്കല്യാണം എങ്ങനെയാണെന്നും ഓരോ ചടങ്ങുകളും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നുമൊക്കെ വിശദമാക്കണമായിരുന്നു. ഒരു പേപ്പറിൽ ഓരോ ചടങ്ങിനെക്കുറിച്ചും വിശദമാക്കിയെഴുതി അത് പ്രിന്റ് ചെയ്തു കൊടുക്കുകയാണ് ആദ്യം ചെയ്തത്. എന്തിനാണ് താലി കെട്ടുന്നത്, അഗ്നിയെ സാക്ഷിയാക്കുന്നതെന്തിന് തുടങ്ങിയതെല്ലാം വ്യക്തമാക്കിക്കൊടുത്തു. അവർക്ക് വലിയ അത്ഭുതമായിരുന്നു ഇതെല്ലാം വായിച്ചപ്പോൾ. കേരളസംസ്‌കാരപ്രകാരം താലി കെട്ടി, അവരുടെ ചടങ്ങുകൾ പ്രകാരം വധൂവരന്മാരെ പരിചയപ്പെടുത്തലും ആശംസാവാചകങ്ങൾ ചൊല്ലിക്കൊടുക്കലുമൊക്കെ നടന്നു. എഡ്ഡിന്റെ മൂത്ത സഹോദരിയായിരുന്നു സോണിയയ്ക്കുപിറകിൽ നിന്ന് താലി കെട്ടാൻ സഹായിച്ചത്. വിവാഹശേഷം എഡ്ഡിന്റെ സഹോദരിമാർ, എഡ്ഡിന് രണ്ട് സഹോദരിമാരാണ്, നവദമ്പതികൾക്ക് ഒരു സൽക്കാരം ഏർപ്പാടാക്കിയിരുന്നു. അവർക്കുവേണ്ടപ്പെട്ടവരായ ആളുകളെയൊക്കെ ആ റിസപ്ഷനിലേക്കായിരുന്നു ക്ഷണിച്ചത്.

ബ്രൈഡ്‌സ്‌മെയ്ഡ് ആയി നിൽക്കുന്ന കുട്ടികൾക്ക് വധുവിന്റെ വീട്ടുകാരാണ് വസ്ത്രമെടുത്ത് കൊടുക്കുക. അവർക്കുള്ള ലഹങ്കയും സോണിയയ്ക്കുള്ള വിവാഹസാരിയുമെടുക്കാനായി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ സോണിയ പറഞ്ഞു വിവാഹത്തിന് ഉടുക്കുന്നത് അമ്മയുടെ വിവാഹസാരിയാണെന്ന്. എന്റെ വിവാഹസാരി ഞാൻ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു. അത് കാണുമ്പോഴൊക്കെ വളരെ ചെറിയ പ്രായത്തിൽ, നാലോ അഞ്ചോ വയസ്സുള്ളപ്പോൾ, സോണിയ പറയുമായിരുന്നു തന്റെ കല്യാണത്തിന് അമ്മ സാരിയാണ് ഉടുക്കുകയെന്ന്. അതൊരു ബനാറസ് സാരിയായിരുന്നു. ഗീതയാണ് ചെന്നൈയിലെ ഒരു ഷോപ്പ് കണ്ടുപിടിച്ച് സാരി പോളിഷ് ചെയ്തുതന്നത്. സോണിയ ആ സാരി തന്നെ ഉടുത്ത് വിവാഹിതയായി. സോണിയയുടെ വിവാഹത്തിന് ഗീതയ്ക്ക് വരാൻ സാധിച്ചു. ഗീതയുടെ മകൻ ഇവിടെയാണ് സെറ്റിലായിരിക്കുന്നത്. ഗീത സോണിയയുടെ വിവാഹത്തീയതിയ്ക്കനുസരിച്ച് സന്ദർശനം ഷെഡ്യൂൾ ചെയ്യുകയായിരുന്നു. മാലിനിയുടെയും സോണിയയുടെയും വിവാഹത്തിന് ഗീതയുടെ സാന്നിധ്യമുണ്ടായിരുന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
(തുടരും)