
കവിതയെ ഒരു ഹോബിയായി മാത്രമേ കാണാവൂ എന്നും അതിനെ ജീവിതത്തോട് ഇടകലർത്തരുതെന്നും പല കാലത്തും എനിക്കു വിദഗ്ധോപദേശങ്ങൾ ലഭിച്ചു. ജീവിതം കൂടുതൽ പ്രായോഗികത ആവശ്യപ്പെടുന്നു. എന്തിനുമേതിനും മുറിവേൽക്കുന്നവർക്കുള്ളതല്ല അതിന്റെ കാക്കിയുടുപ്പിൽ കുത്തിയ നക്ഷത്രമെഡലുകൾ..
എല്ലാം കേട്ടു. എന്നിട്ടും ശിശിരനിദ്രയിൽ നിന്നുണർന്ന കരടിയെപ്പോലെ വെപ്രാളം പൂണ്ട് എന്റെ മനസ്സ് അതിന്റെ കുത്തൻമലകളിൽ തേൻകൂടുകൾ തേടി വലിഞ്ഞുകയറിപ്പോയി. പാറ വിള്ളലുകളിലോ, ഉളുത്ത മരത്തടികളിലോ നഖങ്ങളുറപ്പിക്കാനാകാതെ വഴുതിവീഴുമെന്ന ഭയം സാഹസികതയെ കീഴടക്കിയില്ല. മുറിഞ്ഞും വരഞ്ഞും ചിതറിയും കിഴുക്കാംതൂക്കായ മലഞ്ചെരിവുകളിലൂടെ ഏകാകിയായി ഞാൻ സഞ്ചരിച്ചു. വെള്ളത്തിൽ ജീവവായു കുറയുമ്പോൾ, ചെകിളപ്പൂക്കൾ തകരാറിലാവുമ്പോൾ മത്സ്യങ്ങൾ ജലോപരിതലത്തിൽ വന്ന് ശ്വാസത്തിനായി വാ പിളർക്കാറുണ്ട്. കവിതയിലാണ് ഞാൻ ശ്വാസമെടുത്തത്. ജീവികൾ ശ്വാസമെടുക്കുന്നത് ഒരിക്കലും ഒരു ഹോബിയായല്ലല്ലോ.
ഇല പൊഴിഞ്ഞ മുറ്റവും കഴുകാനുള്ള പാത്രങ്ങളും മന്ദഗതിയും അലസബുദ്ധിയുമായ എന്നെ നോക്കി പിറുപിറുത്തു. വീടു നോക്കാൻ കാര്യപ്രാപ്തിയില്ലാത്ത ഒരു വ്യക്തി. പരമാവധി പരിശ്രമിച്ചിട്ടും ചുറ്റുമുള്ള പ്രായോഗികതയെ ഞാൻ തൃപ്തിപ്പെടുത്തിയില്ല. അക്കാലത്തും ഞാനെഴുതരുതെന്ന് ആരും പറഞ്ഞില്ല. പക്ഷേ വിർജീനിയ വുൾഫ് പറഞ്ഞപോലെ എഴുത്തുകാരിക്കൊരു മുറി ഈരേഴുലകിലും സാദ്ധ്യമല്ലെന്ന് അന്ന് തോന്നിയിരുന്നു. ഏതു നിമിഷവും ഏതു സാഹചര്യത്തിനും കയറിവന്ന് അട്ടിമറിക്കാവുന്നതാണ് അവളുടെ ഹൃദയമുറിയെന്നും അവൾക്ക് എഴുത്തുകാരനെപ്പോലെ ഒരിളവും അനുവദിക്കപ്പെടില്ലയെന്നും.
ഇളയമോൾ കൈക്കുഞ്ഞായിരിക്കുമ്പോൾ അതിൻ്റെ കുഞ്ഞിച്ചെവിയിൽ ചുണ്ടുകൾ ചേർത്ത് അതീവ സ്വകാര്യമായി ഞാനെന്നുമഭ്യർത്ഥിച്ചു, "എന്നെ സ്നേഹിക്കണേ.." ഒരു വരം ചോദിക്കുമ്പോലെ ഈ ദയനീയാഭ്യർത്ഥന കേട്ടുകേട്ട്, ഞാൻ കാതിലേക്ക് ചുണ്ടു ചേർക്കുമ്പോൾ അവൾ ഇളംമോണ കാട്ടി ചിരിക്കും. ആ ചിരിയിൽ ഞാനൊരു വാഗ്ദാനം കണ്ടെത്തും. അതൊരു വല്ലാത്ത ആശ്വാസമായിരുന്നു. എൻ്റെ മോൾക്ക് എല്ലാരുമുണ്ടായിരുന്നു. ഞാനോ ഹൃദയത്തിൽ അനാഥയായിരുന്നു.
സ്നേഹം ചിലരോട് ഒരുകാലത്തും നീതി പുലർത്തുകയില്ല. ശിലാവിഗ്രഹങ്ങളിലെ ദേവതാ സങ്കൽപ്പം പോലെ, എൻ്റെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ അദൃശ്യമായ സ്നേഹസാന്നിദ്ധ്യങ്ങളുണ്ടെന്ന് ഏതുകാലത്തും ഞാൻ അന്ധമായി വിശ്വസിച്ചു. അവയിൽപ്പലതും വെറും കല്ലുകൾ മാത്രമായിരുന്നെന്ന് തിരിച്ചറിയാൻ വിസമ്മതിച്ചു. യുക്തിരഹിതമായ വിശ്വാസങ്ങളിൽ ആശ്വസിക്കാൻ ശ്രമിച്ചു. അതുകൊണ്ട് ചൂഷണങ്ങളെ ചമയങ്ങളണിയിച്ച് അവയെ സ്നേഹാധികാരങ്ങളായി വകയിരുത്തി. ആരുമില്ലെന്ന് വിശ്വസിച്ചാൽ ഞാൻ തകർന്നു പോവുമായിരുന്നു.
കിണറിനു സ്ഥാനം കണ്ട തെറ്റായ ഭൂമി പോലെയായിരുന്നു ചെന്നാശ്രയിച്ച പല മനസ്സുകളും. അടിയിലഗാധതയിൽ ജലമിളകുന്ന മധുരശബ്ദത്തിനായി കാതോർത്ത് കുഴിച്ചു കുഴിച്ചു ചെല്ലുമ്പോൾ, പൊട്ടാത്ത കരിമ്പാറകളുടെ കഠിന നിർവികാരതയിൽച്ചെന്നു മുട്ടി ഞാൻ നിലച്ചു. വൈകാരികമായി ബലഹീനരായ മനുഷ്യർ എന്നും ഏതു ബന്ധത്തിലും മറ്റുള്ളവർക്കു കളിപ്പാട്ടങ്ങളായിരിക്കും. ആദ്യത്തെ കൗതുകമടങ്ങിയാൽ, അംഗവിഹീനമായി പലയിടങ്ങളിൽ ചിതറിക്കിടക്കുന്ന വെറും കളിപ്പാട്ടം.! സമർപ്പിതമാകയാൽ മാത്രം വിലയില്ലാതായിപ്പോയ ഒരനാവശ്യവസ്തു.
ശിശുലഹളകളുടെ ഒരു വലിയ കാലമുണ്ടായിരുന്നു. അതിവികൃതിയായിരുന്ന എന്റെ കുട്ടിക്കാലത്തെ, എന്റെ മക്കൾ അതിലും ഗംഭീരമായി പുനരാവിഷ്കരിച്ചു കാണിച്ചു തന്നു. ഏതോ വൈരിനക്ഷത്രങ്ങൾ കൂട്ടിയിടിച്ച ഘോരമുഹൂർത്തത്തിൽ മുജ്ജൻമശത്രുക്കൾ സഹോദരങ്ങളായി ഒരു വീട്ടിൽ പിറന്നിരിക്കുകയാണെന്നു തോന്നി. പഴങ്കഥപ്രകാരം, ഈ രണ്ടുപേരോടും കഴിഞ്ഞ ജൻമത്തിൽ എന്തെല്ലാമോ ഘോരാപരാധം ചെയ്തയാളാവണം ഞാൻ. അവരുടെ സംഘട്ടനങ്ങളാൽ നിരന്തരപീഡിതയായി പരമപദം പുൽകുക എന്നതാണ് എൻ്റെ ശാപമോക്ഷം. അവതാരങ്ങൾ അവരുടെ ജൻമലക്ഷ്യത്തിനായി കഠിനപരിശ്രമത്തിലാണ്. ഉണർന്നെണീറ്റാൽ ഉറങ്ങുംവരെ യുദ്ധം! വെറും യുദ്ധമല്ല, തീ പാറുന്ന യുദ്ധം!
വല്ലപ്പൊഴുമൊന്ന് എഴുതാനിരിക്കുമ്പോൾ വേറേതോ ലോകത്തേക്കുള്ള അമരവള്ളിയിൽ നിന്ന് അവർ കലഹമുണ്ടാക്കി കുലുക്കിത്താഴെയിടും. നിലത്തുവീണ് നെറ്റിമുഴച്ച് നിൽക്കുമ്പോൾ, ആഭ്യന്തര പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവും. പലപ്പോഴും ഒരു റിമോട്ടോ, മറ്റെന്തെങ്കിലും അവകാശത്തർക്കങ്ങളോ ആവും പ്രശ്നഹേതു. അതിലിടപെടാതെ അവർ വിടുകയില്ല. ഇരുകൂട്ടർക്കും സ്വീകാര്യമായൊരു സമവായവും സാദ്ധ്യമല്ല. അടുപ്പത്തു പാലു വച്ചു തിരിഞ്ഞ വീട്ടമ്മയെപ്പോലെ ആധിയോടെ, പ്രശ്നം വേഗം പരിഹരിച്ച്, എഴുതിക്കൊണ്ടിരുന്നതിലേക്ക് തിരിഞ്ഞോടാൻ മനസ്സ് വെപ്രാളപ്പെടും. പക്ഷേ അത് അത്ര എളുപ്പമല്ല. ആ തീരാത്ത വഴക്കുകൾ എന്റെ മനോനില തെറ്റിക്കും. സംയമനം നഷ്ടപ്പെട്ട് കയ്യാങ്കളിയിലെത്തുമ്പോൾ അതുവരെ കളി കണ്ടിരുന്നവർ കേറിയിടപെടും. ഞാൻ ശിശുപീഡകയായി അവരോധിക്കപ്പെടും. എല്ലാം കഴിഞ്ഞ് മുറിയിൽ മടങ്ങിയെത്തുമ്പോൾ മനസ്സു മടുത്തിരിക്കും. നേരത്തെ ആഹ്ളാദപൂർവം പടി കയറിച്ചെന്ന ഭാവനാമുറി ഏത് മുകൾ നിലയിലാണെന്നറിയാതെ അമ്പരന്നു നിൽക്കാനേയാവൂ. അവിടെ ഇനിയൊരിക്കലും പ്രവേശിക്കാനാവുകയില്ല. ഇത് അന്നത്തെ സ്ഥിരം കലാപരിപാടിയായിരുന്നു.
അടിപിടികൾ ഒരുവശത്തുണ്ടെങ്കിലും കുഞ്ഞുങ്ങൾ മറുവശത്തൂടെ കളിചിരികളുമായി വന്നു ജീവിതം നിറച്ചു. ഏതെല്ലാമോ കുട്ടിക്കളികളിൽ പങ്കുചേരാൻ നിരന്തരം ക്ഷണിച്ചു. സ്‌റ്റോൺ പേപ്പർ സിസർ എന്ന് കൈപ്പത്തി ചുരുട്ടിയും നിവർത്തിയും വിരലുകൾ കത്രിക പോൽ ചൂണ്ടിയും കാണിച്ചു. അവരുടെ മേഖലയിൽ അവർ വിദഗ്ധരായിരുന്നു. ഞാൻ എട്ടുനിലയിൽ പൊട്ടിക്കൊണ്ടിരുന്നു.
കുറച്ചു നേരം കളികളിൽ കൂടാനും ബഹളം വയ്ക്കാനും കുട്ടികൾക്കിടയിലായാലും കൂട്ടുകാർക്കൊപ്പമായാലും പറ്റാറുണ്ട്. പെട്ടെന്ന് ആവേശം കേറും. പക്ഷേ ഇളംകള്ളിനു മീതേ മോരുംവെള്ളം കുടിച്ച പോലെ അതേ വേഗത്തില്‍ കെട്ടിറങ്ങുകയും ചെയ്യും. അപ്പോൾ കുരുവിക്കൂട്ടത്തിൽപ്പെട്ട മൂങ്ങയാവും. അവർ പറക്കും. ഞാൻ പൊത്തിനുള്ളിലിരുന്നു കഴുത്തു ചെരിച്ചു നോക്കും. ചുറ്റുപാടും ലോകം മുഴുവൻ ചലനാത്മകമായിരിക്കുമ്പോൾ നമ്മൾ മാത്രം നിശ്ചലമാവും. അതു പലർക്കും മനസ്സിലാവുകയും ചെയ്യും. സ്വയം മറന്ന് ആഘോഷങ്ങളിൽ ഇളകിമറിയുന്നവരോട് എനിക്കസൂയയുണ്ട്. അവനവനെ മറന്നാനന്ദിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല.
ഒരിക്കൽ ക്രിസ്മസിന് കുഞ്ഞുമകൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു. അവൾക്ക് ഒരു വയസ്സ് പ്രായം. സാന്റാക്ലോസിന്റെ സമ്മാനം നൽകി അമ്പരപ്പിക്കലായിരുന്നു ഉദ്ദേശ്യം. ക്രിസ്മസിനും മുന്‍പേ ആവശ്യമായ സാധനസാമഗ്രികളൊക്കെ രഹസ്യമായി സംഘടിപ്പിച്ചു. ചുവന്ന തൊപ്പിയും കുപ്പായവും പഞ്ഞിത്താടിയുള്ള മുഖംമൂടിയുമണിഞ്ഞ് ഒരു വലിയ ചുള്ളിക്കൊമ്പിന്റെ അറ്റത്ത് നൂലിൽക്കെട്ടിയിട്ട ബലൂണുകളുമായി ഞാൻ മുകളിലെ മുറിയിൽ നിന്നു പുറപ്പെട്ടു. ജിംഗിൾബെൽസ് ആലപിച്ചുകൊണ്ട് തുള്ളിച്ചാടി സ്വീകരണമുറിയിലേയ്ക്കുള്ള പടികളിറങ്ങി. ഉല്ലാസം എന്റെ ധമനികളിൽ കുത്തിയൊഴുകി. തിളക്കമുള്ള ഗിഫ്റ്റ് പേപ്പറിൽപ്പൊതിഞ്ഞ, റിബ്ബൺ കൊണ്ടു ബന്ധിച്ച സമ്മാനപ്പൊതികളുടെ സഞ്ചിയുമായി , കലമാൻ വലിക്കുന്ന വണ്ടിയിൽ ആകാശഗമനം നടത്തുന്ന ക്രിസ്മസ് പപ്പ എന്നെ ആവേശിച്ചു. ചുറ്റും മഞ്ഞുതുള്ളിയിറ്റുന്ന ഫിർമരങ്ങൾ..
കോണിയിറങ്ങി അപ്പൂപ്പന്‍ ചാടിത്തുള്ളി വരുന്നത് സ്വന്തം അപ്പൂപ്പന്‍റെ ഒക്കത്തിരുന്ന് എന്റെ മകൾ സൂക്ഷ്മമായി വീക്ഷിച്ചു. നാലാമത്തെ സ്‌റ്റെപ്പിലെത്തിയപ്പോൾ റിബ്ബണുകൾ വീശിക്കൊണ്ട് സാന്റാക്ലോസ് അവൾക്കു നേരെ കൈനീട്ടി. പിന്നെ നടന്നത് ചരിത്രം. അടുത്ത ജംഗ്ഷൻ വരെ അവളുടെ നിലവിളി മുഴങ്ങി. വൃദ്ധജനങ്ങൾ കോപിഷ്ഠരായി. കുട്ടിയെ പേടിപ്പിക്കാൻ ഭീകരവേഷം കെട്ടിയിറങ്ങിയ നിഷ്ഠുരഹൃദയയായി ഞാൻ ആ പടിക്കെട്ടിൽത്തറഞ്ഞു നിന്നു. പിന്നെ ആകാശത്തേക്ക് തന്നെ മടങ്ങിപ്പോയി.
സ്കൂൾ ഫോബിയ ബാധിച്ചവരായിരുന്നു എന്നെപ്പോലെ തന്നെ എന്റെ രണ്ടു മക്കളും. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അവർ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. സ്കൂളിൽ പോവാതിരിക്കാൻ എന്തു സാഹസവും ചെയ്യും. നഴ്സറിയിലെ ക്ലാസ്സിൽ കൊണ്ടിരുത്തി പുറത്തിറങ്ങുമ്പോൾ മോൾ പിന്നാലെ ഓടിവന്ന് കരച്ചിലോടെ എന്നെ കെട്ടിപ്പിടിക്കും. ആയ വന്ന് ബലമായി അടർത്തിമാറ്റി എടുത്തുകൊണ്ടുപോവുമ്പോൾ ഒരു ഭാഗം മനസ്സും ഒപ്പം അടർന്നു പോവുമ്പോലെ തോന്നും. അക്കാലത്ത് "പെരുച്ചാഴിയുടെ സമ്മാനം" എന്ന പഴയ പദ്ധതി ഞാൻ പുനരാവിഷ്കരിച്ചു. എന്റെ അമ്മയായിരുന്നു അതിന്റെ ഉപജ്ഞാതാവ്. അമ്മയ്ക്കു പ്രചോദനം
മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ ആയിരുന്നിരിക്കണം.
വെള്ളേപ്പാടത്തെ വെണ്ടകൃഷിയ്ക്കിടയിൽ ഒരു വലിയ പെരുച്ചാഴി താമസിക്കുന്നതായി ഞാൻ മകളെ അറിയിച്ചു. സ്കൂളിൽ പോവുന്ന കുട്ടികളെ അത് നോക്കി നിൽക്കും. അവൾ പേടിയോടെ എന്നെ നോക്കി. അല്ല , അത് നല്ല പെരുച്ചാഴിയാണ്. ചിരിച്ചു കൊണ്ടു പോകുന്നവർക്ക് സമ്മാനം കൊടുക്കലാണുദ്ദേശ്യം. ഉദാഹരണത്തിന് മിട്ടായികൾ, പെൻസിൽ ബോക്സ്, പല ഡിസൈനിലെ റബ്ബറുകൾ,ക്രയോൺസ്, പാവക്കുട്ടി. എല്ലാ ആഴ്ചയിലും ഓരോ സമ്മാനം.
അവൾ പെരുച്ചാഴിയെ കണ്ടിട്ടില്ല. മണ്ണിനടിയിൽ താമസിക്കുന്ന ദുരൂഹനായ ഒരഭ്യുദയകാംക്ഷിയായി മനസ്സിലാക്കിക്കാണണം. പെരുച്ചാഴി എങ്ങനെയാണ് നമ്മളെ കാണുക എന്ന് അവൾ സംശയം പ്രകടിപ്പിച്ചു. എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും സി.സി ടിവി ഘടിപ്പിച്ചിട്ടുണ്ടെന്നും അതിലേയ്ക്കു നോക്കി പുഞ്ചിരിച്ചാൽ അതിനു കാണാനാവുമെന്നും ഞാൻ വിശദീകരിച്ചു കൊടുത്തു. രാവിലെ കൺമഷിയെ കണ്ണീരിൽക്കലക്കി കവിളിലൂടൊലിപ്പിച്ച്, യൂണിഫോമണിഞ്ഞ് ഏങ്ങിക്കൊണ്ടു നടന്നുപോവും വഴി മണിക്കുട്ടന്റെ വീടിനു മുന്നിലെ പോസ്റ്റിനെ അവൾ ഒളിഞ്ഞു നോക്കി. വിതുമ്പൽ കടിച്ചമർത്തിക്കൊണ്ട് , ഒരു നനഞ്ഞ പുഞ്ചിരി വിടർന്നു. എന്റെ ഹൃദയത്തിൽ ഒരു വസന്തവും. പെരുച്ചാഴി വാക്കുപാലിച്ചു. പിറ്റേന്നുണരുമ്പോൾ തലയിണയ്ക്കടിയിൽ കളർപെൻസിലുകളുടെ സെറ്റും ഡ്രോയിങ്ങ് ബുക്കുമുണ്ടായിരുന്നു. അവൾ തുള്ളിച്ചാടി. അങ്ങനെ പലയിടങ്ങളിൽ നിന്നും ചോക്കലേറ്റുകളും ആപ്പിളിന്റെ ആകൃതിയിലെ റബ്ബറുകളും മറ്റും അവൾക്കു കിട്ടിക്കൊണ്ടിരുന്നു.
കുഞ്ഞുങ്ങളെ കള്ളം പഠിപ്പിക്കുകയാണു ഞാനെന്ന് മുതിർന്നവർ ഭയപ്പെട്ടു. കുട്ടികൾ യുക്തിഹീനമായ വിഡ്ഡിത്തങ്ങൾ സ്വായത്തമാക്കുമെന്നും. ഒരുദിവസം ഉമ്മറത്തിരിക്കുമ്പോൾ മോൾ എന്നോട് ചോദിച്ചു, "അമ്മയാണോ ആ പെരുച്ചാഴി?"
ഞാൻ നിഷേധിക്കും മുമ്പേ അവൾ പറഞ്ഞു. "ഞാനറിഞ്ഞല്ലോ."
അപ്രതീക്ഷിത സമ്മാനങ്ങളിൽ വിടരുന്ന കുഞ്ഞിക്കണ്ണുകളുടെ ആഹ്ളാദവും ആകാംക്ഷയും അങ്ങനെ എനിക്ക് നഷ്ടപ്പെട്ടു. ആ സമ്മാനങ്ങൾ തേടിയലയുമ്പോഴുള്ള സ്വന്തം ആനന്ദവും. ആർക്കു വേണ്ടിയായാലും ഒരു സമ്മാനം തേടി നടക്കൽ ഉത്സാഹഭരിതമായ ഒരേർപ്പാടാണ്.
ഒന്നും മിണ്ടാതെ ഞാൻ മുറ്റത്തെ പ്ലാവിലേക്ക് നോക്കി. സ്വതന്ത്രനായ ഒരണ്ണാൻ ചില്ലകളിൽ തലങ്ങും വിലങ്ങുമോടുന്നു. അതിനെച്ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു "ഞാൻ ആ അണ്ണാറക്കണ്ണനാണ്. അതിനെ ആരും കെട്ടിയിട്ടിട്ടില്ല. ഈ പ്ലാവിൻ കൊമ്പിലൂടെ ഓടിയോടി, ആ മാവിലും മരോട്ടിയിലും പുളിഞ്ചിക്കമരത്തിലും പാഞ്ഞു കയറാനാണെനിക്കിഷ്ടം." പാറയിടുക്കിലെ കല്ലുമ്മേക്കായകളെപ്പോലെ പച്ചമരത്തിൽ അടുക്കടുക്കായി അള്ളിപ്പിടിച്ചിരിക്കുന്ന പുളിഞ്ചിക്കകളെ ഞാൻ സൂക്ഷിച്ചു നോക്കി. ചുവന്ന ചെറിയ പൂക്കണ്ണികൾ കാട്ടി അവയെന്നെ മാടി വിളിക്കുന്നു. "അല്ല എന്റമ്മ അണ്ണാനല്ല. എന്റമ്മയാ..'' അലസഗാമിയായ അണ്ണാന്റെ സ്വർണ്ണ വരകളുള്ള പഞ്ഞിയുടലിനുള്ളിൽ നിന്ന് മോളെന്നെ പുറത്തേക്ക് വലിച്ചിട്ടു. ഞാൻ ചില്ലയിൽ നിന്നിറങ്ങി ഉമ്മറത്തു ബന്ധനസ്ഥയായി വന്നിരുന്നു.
ഡ്രൈവിങ്ങ് പഠിക്കാനിറങ്ങിയ കാലത്ത് മോൾ ചെറുതായിരുന്നു. ഡിസ്പെൻസറിയിൽ പോവും മുമ്പ് അടുത്തുള്ള ഡ്രൈവിങ്ങ്സ്കൂളിൽ കൃത്യമായി ഹാജർ വയ്ക്കും. ആദ്യത്തെ സാർ ഒരു ഭയങ്കരനായിരുന്നു. ഗിയർ വലിച്ചു പിഴുതെടുത്തു വീട്ടിൽ കൊണ്ടു പൊയ്ക്കോ, സ്റ്റിയറിങ്ങ് വളച്ചൊടിച്ച് കുളത്തിലേക്ക് ചാടിക്കോ എന്നൊക്കെ അദ്ദേഹം ഘോരമായി ഗർജ്ജിക്കും. നിർത്താതെ ശകാരിച്ചു കൊണ്ടിരിക്കും."ആരെക്കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ" എന്ന പാട്ടിലെപ്പോലാണവസ്ഥ. ഏതു പ്രധാനമന്ത്രിയായാലും ശിഷ്യനായി സ്റ്റിയറിങ്ങ് വീലിനു പിന്നിൽക്കിട്ടിയാൽ ആനയെ ചൊല്ലു പഠിപ്പിക്കുമ്പോലെ തോട്ടിയും വടിയുമെടുത്തു കൈകാര്യം ചെയ്തുകളയും. വലിയ ഇടങ്ങളിൽ മാത്രമല്ല , തീരെച്ചെറിയ ഇടങ്ങളിലായാലും അധികാരം പ്രലോഭനകാരിയാണ്. കള്ളു കുടിച്ച കുരങ്ങനെ തേളു കുത്തിയ അവസ്ഥയാണ് അത് അപകർഷതയുള്ള മനുഷ്യർക്കുണ്ടാക്കുക. വലിയ ജോലികളുടെ കറങ്ങും കസേരകളിൽ മാത്രമല്ല, റെയിൽവേയുടെ എസി വെയ്റ്റിംഗ് മുറികളിൽ, ആശുപത്രിയിലെ പ്രസവമുറികളിൽ, അക്ഷയകേന്ദ്രങ്ങളിൽ എല്ലാം ഇത്തരം അധികാരികൾ സുൽത്താൻമാരും സുൽത്താനകളുമായി വിരാജിക്കുന്നു. മുന്നിൽപ്പെടുന്ന ആരെയും ശകാരിക്കുന്നു.
കുറച്ചുനാൾ കഴിഞ്ഞ് പുതിയൊരു മാഷ് വന്നു. ശിരസ്സിൽ ശിവജഡ ചൂടിയ ആ സാർ "ജടായു" എന്നാണറിയപ്പെട്ടത്. ഒരു കുത്തൻ കയറ്റത്തിൽ കാർ നിർത്തിയശേഷം അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോൾ "ഫൈബ്രേഷൻ" വരും. ഞാൻ മിഴിച്ചിരുന്നു. ക്ലച്ചും ബ്രേക്കും കൂടിച്ചേർന്ന ദുർഗ്രഹമായ ഒരേർപ്പാടിൽ കാറ് പെട്ടെന്ന് തുള്ളൽപ്പനി ബാധിച്ച പോലെ വിറച്ചുതുള്ളി. വൈബ്രേഷൻ എന്ന് തിരുത്തിയാൽ ഗുരുനിന്ദയാവുമെന്ന് ഭയന്ന് പഠനം കഴിയുംവരെ ഞാൻ അത് കേട്ടു തല കുലുക്കിക്കൊണ്ടിരുന്നു.. പക്ഷേ ജടായു ക്ഷമാശീലനായിരുന്നു. മനസ്സമാധാനത്തോടെ ഞാൻ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു. ഡ്രൈവിങ് ടെസ്റ്റ് അനായാസം വിജയിച്ചു.
പക്ഷേ അക്കാലത്ത് ആർക്കെങ്കിലും അസുഖം വന്നാൽ, കുഞ്ഞിന്റെ തൊണ്ടയിൽ മീൻമുള്ളു കുത്തിയാൽ, കാറ്റത്തൊരു കവുങ്ങൊടിഞ്ഞു വീണാൽ, സമയം ശരിയല്ലെന്ന് ചുറ്റുപാടുകൾ പിറുപിറുത്തു. അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അടുക്കളയിലിടപെടുമ്പോഴെല്ലാം കൈത്തണ്ടയിൽ പൊള്ളൽപ്പാടുകൾ വിഴ്ത്തുന്ന ഞാൻ തീരെ ശ്രദ്ധാലുവല്ല. ഇനിയും കൈ തെളിഞ്ഞിട്ടില്ല. അതിനാൽ തനിയെയുള്ള ഡ്രൈവിങ് പ്രശ്നമുണ്ടാക്കും. നിരന്തര സമ്മർദം മൂലം ഗതികെട്ട് അത് മതിയാക്കേണ്ടി വന്നു. പക്ഷേ നാലഞ്ചു വർഷങ്ങൾക്കു ശേഷം പെട്ടി തുറന്ന് ആ പഴയ ലൈസൻസ് ഞാൻ ധൈര്യമായി പുറത്തെടുത്തു. പതിനൊന്നു വർഷങ്ങളായി സ്വതന്ത്രമായി എവിടെയും സഞ്ചരിക്കുന്നു. എനിക്കറിയാം അത് ഒരു സ്ത്രീയുടെ ചിറകാണെന്ന് .
കട്ടിലിൽ കിടന്നാണ് എന്റെയെഴുത്ത്. പഠനവും അങ്ങനെയായിരുന്നു. അതെന്റെ കൈമുട്ടുകളിൽ കരി തേച്ച പോലെ തഴമ്പു വീഴ്ത്തി. ഒരവധി ദിവസം ഉച്ചയ്ക്ക് കിടന്നെഴുതുമ്പോൾ ഇന്ദീവര എന്ന കിട്ടു ഓടിവന്ന് എൻ്റെ മേൽ കേറിയിരുന്നു. ബോറടിക്കുന്നു. എന്തെങ്കിലും പുതിയ കളി കളിക്കണം. ഗൗരവത്തിലാണ്. ഭാവം കണ്ടപ്പോൾ ചിരി വന്നു. എനിക്കു വായിക്കണമെന്നോ, എഴുതണമെന്നോ മിണ്ടിയാൽ, ഞാൻ കൊല്ലപ്പെട്ടേക്കുമെന്നു തോന്നി. എല്ലാപ്പണിയും കഴിഞ്ഞു വന്ന് ഫോണെടുത്താലും, "ഏതു നേരവും ഫോണിൽക്കുത്തൽ" എന്ന മുതിർന്നവരുടെ മുറുമുറുപ്പ് കുഞ്ഞുവായിൽ നിന്നു കേൾക്കാൻ ഞാനിഷ്ടപ്പെട്ടില്ല. മുതിർന്നവരുടെ മുഖഭാവവും കുഞ്ഞുങ്ങൾ അനുകരിക്കും. എൻ്റെ സാഹിത്യ പ്രവർത്തനങ്ങൾ ഫോണിലേക്ക് മാറിയിരുന്നു. പേനയെടുത്തെഴുതിയിട്ട് കാലങ്ങളായി. ഡിസ്പെൻസറിയിലെ പ്രിസ്ക്രിപ്ഷനെഴുതാൻ മാത്രമായിരുന്നു പേന. ഫോണിലെഴുതാനാവുന്നത് വലിയൊരനുഗ്രഹമായിരുന്നു.
"അക്കയ്യിലിക്കയ്യിലോ മാണിക്യച്ചെമ്പഴുക്കാ..!" മഞ്ചാടിയിലെ പാട്ടു കാണാതെ പഠിച്ചിട്ടുണ്ട്. ഒരുമ്മ തന്നു. പിന്നെ പരാതി ആരംഭിച്ചു. അമ്മയ്ക്ക് തീരെ നേരമില്ല. കൂടെക്കളിക്കുന്നില്ല. ഇന്നലെ രാത്രി ഉറങ്ങുമ്പോൾ കഥ പറഞ്ഞു തന്നില്ല. എന്താണിത്ര രാവും പകലും എഴുതുന്നത് ? പരീക്ഷയുണ്ടോ?
നാല് വയസ്സാവുന്നേയുള്ളായിരുന്നു അവൾക്ക്. മൂത്തയാൾ നാലാം ക്ലാസ്സുകാരി. എന്തു കളിയാണിപ്പോൾ കളിക്കുക?കുട്ടിയുടെ പരാതി പരിഹരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ശിഖണ്ഡിനി എന്ന കാവ്യത്തിൻ്റെ പണിയിലായിരുന്ന കാലമാണ്. അതിനുവേണ്ടിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതവിവർത്തനം വായിക്കാൻ തുടങ്ങിയത്. പക്ഷേ മണ്ണിനടിയിൽ ചിതറിക്കിടന്ന ലോഹത്തെയെന്ന പോലെ, അതെന്റെ ആകാംക്ഷയെ തരിതരിയായി അരിച്ചെടുത്തു. എന്തൊരസാദ്ധ്യ രചനയാണത്. പാഞ്ചാലരാജാവ് ദ്രുപദന്റെ മക്കളാരെന്നു ചോദിച്ചാൽ പെട്ടെന്ന് മനസ്സിൽ വരുന്നത് ദ്രൗപദിയുടെയും ധൃഷ്ടദ്യുമ്നന്റെയും പേരുകളാണ്. പക്ഷേ ഇവർ രണ്ടും യാഗവേദിയിൽ പൂർണ്ണയൗവനത്തിൽ പ്രത്യക്ഷപ്പെട്ടവരാണ്. അവരെവിടെയായിരിക്കും ജനിച്ചത് ? ദത്തുപുത്രരായിരിക്കാം. ദ്രുപദനു സ്വന്തം രക്തത്തിൽപ്പിറന്ന ഒരു മകളേയുള്ളു. ശിഖണ്‌ഡിനി എന്ന മകൾ. പിന്നെ മറ്റാൺമക്കളും. മഹാഭാരതത്തിൽ ഒരിടത്തു പോലും സാക്ഷാൽ വേദവ്യാസൻ ശിഖണ്‌ഡിയെന്ന കഥാപാത്രത്തെ നപുംസകമെന്നു വിളിച്ചിട്ടില്ലയെന്ന് മുഴുവൻ മഹാഭാരതവും വായിച്ചപ്പോഴാണ് മനസ്സിലായത്. ദ്രുപദനു ജനിച്ച ശിഖണ്ഡിനി എന്ന മകളെ അദ്ദേഹം ആണിനെപ്പോലെ പോരാളിയായി വളർത്തി. "മുഖസൗന്ദര്യമുടയ കന്യയെപ്പെറ്റു മന്നവ, അപുത്രനാകും ദ്രുപദനൃപതിയ്ക്കു മനസ്വിനി " എന്ന് ഉദ്യോഗപർവ്വത്തിലെ വെളിപ്പെടുത്തൽ.
ആ മുഖസൗന്ദര്യമുള്ള പെൺകുഞ്ഞിനെ വയസ്സറിയിച്ചപ്പോഴും സ്വന്തം സ്വത്വത്തിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. പകരം ദുരൂഹമായ രാജ്യതന്ത്രങ്ങൾ മുൻനിർത്തി അവൾക്ക് മറ്റൊരു രാജകുമാരിയെ വിവാഹം ചെയ്തു കൊടുത്തു. സത്യം മനസ്സിലാക്കിയ ദശാർണ്ണത്തെ ആ രാജകുമാരി അത് സ്വന്തം പിതാവിനെ അറിയിക്കുകയും, വിവരമറിഞ്ഞ ഹിരണ്യവർമ്മൻ കോപിഷ്ഠനാവുകയും ചെയ്തു.
"എൻ കന്യയെത്തൻ കന്യയ്ക്കായ്
മൗഢ്യത്താൽ നീയിരന്നതും, ആ വഞ്ചനയ്ക്കിന്നു തന്നെ ഫലം നീയേൽക്ക ദുർമ്മതേ " എന്ന് അദ്ദേഹം ദ്രുപദനോട് ഗർജ്ജിച്ചു.
യുദ്ധസന്നദ്ധമായി പട നീങ്ങിയപ്പോൾ, താൻ മൂലം തന്റെ രാജ്യം നശിക്കുമെന്ന് ഭയന്ന്, യക്ഷൻ താമസിക്കുന്ന ഘോരവനത്തിലേക്ക് മരണം തേടി ശിഖണ്ഡിനി ഓടിപ്പോയി. പക്ഷേ സ്‌ഥൂണാകർണ്ണനെന്ന യക്ഷൻ അവൾക്കു സുഹൃത്തായി. താൽക്കാലികമായി തന്റെ പുരുഷത്വം വച്ചു മാറി ദശാർണ്ണന്റെ പരീക്ഷ വിജയിക്കാൻ അവളെ പറഞ്ഞയച്ചു. പക്ഷേ ആ രാത്രി വനത്തിലെത്തിയ യക്ഷരാജാവ് കുബേരൻ ഈ എടുത്തുചാട്ടത്തിന് സ്ഥൂണാകർണ്ണനെ ശപിച്ചു. ഇനി അയാൾക്കു പുരുഷത്വം തിരിച്ചു കിട്ടണമെങ്കിൽ ശിഖണ്ഡിനി മരിക്കണം.
ഈ കഥയുടെ അകമ്പടിയോടെ മഹാബലനായ പോരാളിയായി ശിഖണ്ഡിയെന്ന പേരിൽ അറിയപ്പെടുകയാണ് രാജകുമാരി. പാണ്ഡവരുടെ ഏഴക്ഷൗഹണികളിൽ ഒന്നിനെ നയിച്ച മഹാരഥൻ. ഭീഷ്മർക്കു മുന്നിൽ അവൾ വന്നു നിൽക്കുമ്പോൾ "ബ്രഹ്മാവു സൃഷ്ടിച്ച പടി നീ പെണ്ണാണു ശിഖണ്ഡിനീ.." എന്നു സത്യമറിയുന്ന ഭീഷ്മർ അവളോടു പറയുന്നു. ആരുടെ അമ്പാണ് ഭീഷ്മരെ ശരശയ്യയിൽ വീഴ്ത്തിയത് ? അതൊരു വില്ലാളിയായ സ്ത്രീയുടേതാണ്. പക്ഷേ പുരുഷാധിപത്യം ചരിത്രം വ്യാഖ്യാനിച്ചപ്പോൾ കഥ മാറി. അവൾ പിൻനിരയിലേക്ക് തള്ളപ്പെട്ടു.
'ശിഖണ്ഡിനി " വ്യക്തമായ കഥാഗതിയുള്ള ഒരു സ്വതന്ത്രനോവലാണ്. എന്റെ ഭാഷ കവിതയാകയാൽ മാത്രം കവിതയിലെഴുതപ്പെട്ട നോവൽ. അതിന്റെ ആമുഖത്തിൽ നോവൽ എന്നു തന്നെയാണ് ഞാനതിനെ വിളിച്ചത്. അർജ്ജുനന്റെ പ്രണയിനിയായ ഒരു പോരാളിവനിതയുടെ, ദ്രൗപദിയുടെ മേധാവിത്തത്തിൽ മനസ്സു നൊന്തവളുടെ, കുരുക്ഷേത്രത്തിൽ പൊരുതിയ ഏകസ്ത്രീയുടെ പ്രണയവും മാതൃത്വവും പ്രതികാരവും മരണവുമെല്ലാമാണ് അതിലെ കഥാതന്തു. യക്ഷൻമാരും നാഗൻമാരും കുടിപ്പകകളും അതിന്റെ പശ്ചാത്തലത്തിലുണ്ട്. പക്ഷേ ഖണ്ഡകാവ്യമായി അവതരിക്കപ്പെട്ടതിനാൽ അത് പല വായനക്കാരിലും എത്തിപ്പെട്ടില്ലെന്നു തോന്നി. 2019 മുതൽ അത് കലാകൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2021-ൽ ഡിസി ബുക്സ് പുസ്തകമായും പ്രസിദ്ധീകരിച്ചു. മൂന്നു പതിപ്പുകൾ പിന്നിട്ടു. ഇടശ്ശേരി അവാർഡും മൂലൂർ അവാർഡും നേടി.
കിട്ടു കുട്ടിക്കളിക്കായി എന്നെ സമീപിക്കുമ്പോൾ, അതിന്റെ അവസാനഭാഗത്തെ യുദ്ധകാണ്ഡത്തിൽ മുഴുകിയിരുപ്പായിരുന്നു ഞാൻ. "ശിഖണ്ഡിനി " കൃത്യാ ഭഗവതിയെപ്പോലെ യുദ്ധഭൂമിയിൽ ഭീഷ്മർക്കെതിരെ വന്നു നിൽക്കുകയാണ്. എന്തും സംഭവിക്കാം. തൽക്കാലം ഞാൻ മടങ്ങിവരും വരെ ശിഖണ്ഡിനി അവിടെത്തന്നെ നിൽക്ക്. അവളെ യുദ്ധരംഗത്തു തനിച്ചു വിട്ട് ഞാൻ എഴുത്തു മതിയാക്കി ഫോൺ താഴെ വച്ചു. മീട്ടു ഇപ്പുറത്ത് കിടക്കുന്നു. എൻ്റെ മേലെയിരുന്ന് ആടിക്കൊണ്ട് കിട്ടു ഉറക്കെ പാടുന്നു.
"എൻ്റെയിടംകയ്യിലോ മാണിക്യച്ചെമ്പഴുക്കാ.. "
അടയ്ക്കയൊന്നും കയ്യിലില്ല. ഏതോ ഒരു പൊട്ടിയ മാലയുടെ മുത്താണ് ഉള്ളംകയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്നത്. അത് കൈമാറി വേണം ആ വട്ടംചുറ്റിക്കളി കളിക്കാൻ .
അന്നേരം ആ കളി കളിക്കാൻ ഒരു മൂഡും തോന്നിയില്ല. മാണിക്യച്ചെമ്പഴുക്കയുടെ കഥ അറിയാമോ? ഞാൻ ചോദിച്ചു. അറിയില്ല. ഹൊ! സമാധാനം. രക്ഷപ്പെട്ടു.
പണ്ട് ഏതോ ചിത്രകഥയിൽ വായിച്ച് എന്നെ ത്രസിപ്പിക്കുകയും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഒരു കുട്ടിക്കഥയുടെ അറ്റവും മൂലയും ഓർമ്മയിൽ നിന്ന് തപ്പിപ്പെറുക്കിയെടുത്തു. മുഴുവനൊന്നും ഓർമ്മയില്ല. പോവും വരെ പോവട്ടെ. ബാക്കിയിടം മനോധർമ്മം.
മാണിക്യച്ചെമ്പഴുക്ക എന്നു പേരുള്ള ഒരു സുന്ദരിപ്പെൺകുട്ടിയുണ്ടായിരുന്നു. കാടിനപ്പുറത്താണ് അവളുടെ മുത്തശ്ശി താമസിക്കുന്നത്. കയ്യിൽ ഒരു കൂടപ്പഴങ്ങളും തേനപ്പവുമെല്ലാമായി അവൾ ഒരു ദിവസം മുത്തശ്ശിയെക്കാണാൻ പോയി. കാടിനരികിലൂടെ അവൾ പോവുന്നത് ഒരു ചെന്നായ കണ്ടു. കൊതിയൻ ചെന്നായ അവളെ തിന്നാൻ തീരുമാനിച്ചു. ഞാൻ പഴയ സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ ബിജിഎം അകമ്പടിയായി ചേർത്തു. നാലു കണ്ണുകൾ എന്നെ ഉദ്വേഗപൂർവ്വം നോക്കി.
മുത്തശ്ശി വീട്ടിലില്ലായിരുന്നു. വീടു പൂട്ടാനും മറന്നു പോയിരുന്നു. ചെന്നായ പമ്മിപ്പമ്മി അകത്തു കയറി മുത്തശ്ശിയുടെ വേഷമിട്ട് കട്ടിലിൽ വന്നു കിടന്നു.
"ദാ ഇതു പോലെ മൂടിപ്പുതച്ച്." ഞാൻ വെള്ളപ്പൂക്കളുള്ള പുതപ്പു വലിച്ച് ആകെ മൂടി.
പാവം ചെമ്പഴുക്ക കിളികളോടും ശലഭങ്ങളോടും വർത്താനം പറഞ്ഞു നടന്ന് ഒടുക്കം വീട്ടിലെത്തി. കതകു തുറന്നു കിടന്നു. മുറ്റത്തും ഇരിപ്പുമുറിയിലും ആരെയും കണ്ടില്ല. വിളിച്ചിട്ടും വിളി കേൾക്കുന്നില്ല. തിരഞ്ഞു തിരഞ്ഞ് മുത്തശ്ശിയുടെ കിടപ്പുമുറിയിൽ ചെന്നു. അപ്പോൾ ...
" മുത്തശ്ശിയിപ്പോ തിരിച്ചു വരുമോ?" ഭയം കലർന്ന ഒരു കിളിനാദം. ഒരു കുഞ്ഞിക്കൈ എന്റെ കൈത്തണ്ട പിടിച്ചു കുലുക്കി. ഞാൻ അതു ശ്രദ്ധിച്ചതേയില്ല. മൂത്തയാൾക്ക് ഒരു കുലുക്കവുമില്ല. "ഉടയ്ക്കെടാ തേങ്ങ " എന്ന മട്ടിൽ എന്നെ നോക്കുന്നു. ചെമ്പഴുക്കയുടെ ചോദ്യങ്ങൾ. മുത്തശ്ശിയുടെ തട്ടുമുട്ട് ഉത്തരങ്ങൾ.. ഒടുവിൽ, ഒടുവിൽ.. പുതപ്പിനടിയിൽക്കിടന്ന ചെന്നായ വായ് പിളർത്തി മാണിക്യച്ചെമ്പഴുക്കയ്ക്കു നേരെ ചാടി വീണു. സംഗതി ഏറ്റു. കിട്ടു കിലുകിലെ വിറച്ചു. കുഞ്ഞുമുഖത്തെ ഭയം കണ്ട് സ്വന്തം ആഖ്യാനചാതുരിയിൽ ഞാൻ അഭിമാനിതയായി. ആവേശം ക്രൂരമായ തമാശയായി.
പുതപ്പിനിടയിൽ നിന്ന് ചാടി വീണ്, പല്ലിളിച്ച്, കണ്ണുരുട്ടിക്കൊണ്ട് അവളെ മുറുക്കെപ്പിടികൂടി ഞാൻ പറഞ്ഞു,
"ഞാനാണാ ചെന്നായ ! കുട്ടികളെത്തിന്നണ ചെന്നായ. ഇപ്പോ നിന്‍റെ അമ്മയുടെ വേഷത്തിൽ വന്നതാണ്."
ഒരു ഞെട്ടൽ കുഞ്ഞിക്കണ്ണിൽ മിന്നി. മാരകമായിക്കുതറിക്കൊണ്ട് അവൾ ഒരു നിലവിളി പുറപ്പെടുവിച്ചു. പിന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ചീറലോടെ അവൾ ചെന്നായയെ നേരിട്ടു. ഉളിപ്പല്ലുകൾ എൻ്റെ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങി. അറിയാതെ ഞാൻ പിടിവിട്ടു പോയി. കൈ സ്വതന്ത്രമായതും ചെറിയ ചൂണ്ടുവിരൽ എൻ്റെ കണ്ണു കുത്തിപ്പൊട്ടിക്കാൻ വന്നു. ഒന്നു തിരിഞ്ഞതു കൊണ്ട് പുരികത്തിലാണ് കുത്തു കൊണ്ടത്. സ്വയംരക്ഷാത്വരയിൽ ആ ചെറുജീവി എന്നെ പഞ്ഞിക്കിട്ടു. മാരകമായി മാന്തിപ്പറിക്കുകയും കടിച്ചുകീറുകയും ചെയ്ത് പിടിവിടീച്ച് കട്ടിലിൽ നിന്നിറങ്ങിയോടി. മുറിക്കു പുറത്തിറങ്ങി കതകു വലിച്ചടച്ചു. താക്കോൽ കതകിൽത്തന്നെയുണ്ടായിരുന്നു. താഴിൽ താക്കോൽ തിരിയുന്ന ഒച്ച കേട്ടു. അവൾക്ക് അത് പൂട്ടാനറിയില്ലെന്നുറപ്പായിരുന്നു. എന്നാലും ശ്രമിക്കുകയാണ്. " ഞാൻ പോയി കതകു തുറക്കട്ടെ.'' കളി കണ്ട് അമ്പരന്നിരുന്ന മീട്ടു എന്നോട് രഹസ്യ ശബ്ദത്തിൽ ചോദിച്ചു. "വേണ്ട." അൽപ്പനേരം നിശ്ശബ്ദത. പിന്നെ കതകിന്റെ പാളി ഒരിഞ്ചു തുറന്നു. അതിനിടയിലൂടെ രണ്ടു മിന്നുന്ന കണ്ണുകൾ കണ്ടു. അതിജീവിത
കതകിനപ്പുറം മറഞ്ഞു നിന്നു കൊണ്ട് ചെന്നായയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്. ചെന്നായയുടെ കാര്യം ഏകദേശം തീരുമാനമായിരുന്നു.
ഞാൻ പതുക്കെയെണീറ്റു. ഒരുപിടി മുടി ഇട്ടിരുന്ന നൈറ്റിയിൽ നിന്നൂർന്ന് ഫാനിൽ പാറി പലയിടങ്ങളിലേയ്ക്ക് ഇഴഞ്ഞകന്നു. ആകെ ഒരു കുഞ്ഞുക്ലിപ്പിൽ കൊള്ളാനുള്ള മുടി തികച്ചില്ല.. അതിൽ നിന്നാണ് ഒരുപിടി വിലപ്പെട്ട കുന്തളം വലിച്ചു പറിച്ചെടുത്തിരിക്കുന്നത്. കണ്ണാടിയിൽ ചെന്നു നോക്കി കരടി മാന്തിയ പോലുണ്ട്. മുഖത്ത് പലയിടത്തും നീറുന്ന നഖപ്പാടുകൾ. കൈത്തണ്ടയിൽ നാലു പാൽപ്പല്ലുകൾ ചോരനിറത്തിൽ അച്ചുകുത്തിയിട്ടുണ്ട്. കതകിനു പിന്നിൽ നിന്ന് സങ്കടത്തോടെ പേടിയോടെ കുഞ്ഞു ശബ്ദം കേട്ടു .
'ചെന്നായ പോയോ?"
ഞാൻ നെടുവീർപ്പിട്ടു." ചെന്നായ ഇനി ഈ വഴി വരാൻ സാദ്ധ്യതയില്ലാ" ഒന്നു സംശയിച്ചു നിന്ന ശേഷം അവൾ എൻ്റെ കണ്ണുകളിലുറ്റു നോക്കി.
"ചെന്നായയല്ലല്ലോ?". ആ കണ്ണുകളിലെ നിഷ്ക്കളങ്കത എന്നെ നിലംപരിശാക്കിക്കളഞ്ഞു. ഞാനവളെ വാരിയെടുത്ത് മതിയാവോളം ഉമ്മ വച്ചു. ജീവനോളമുള്ള സ്നേഹത്തെ തെളിയിച്ചു കാട്ടേണ്ടി വരുന്നതിലും വലിയ പരീക്ഷണമില്ല, ഒരു ജീവിതത്തിലും.!
Content Highlights: A Mother's Struggle Between Duty and Creative Passion
Published: 11 Sept 2025, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented