
കുറച്ചു കുട്ടികള്‍ വീടിന്റെ ടെറസിലേക്കുള്ള പടികളിലിരുന്നു പൂജ്യം വെട്ടിക്കളിക്കുന്ന വെക്കേഷന് കാലസായാഹ്നം. അതു മടുത്തപ്പോള്പ്പിന്നെ ഈര്ക്കിലുകളിയിലേക്കു തിരിഞ്ഞു ആവേശം. ഉണങ്ങിയ ഈര്‍ക്കിലുകള്‍ ഒരേ വലിപ്പത്തിലൊടിച്ചതും ഒരു നീളന്‍ ഈര്‍ക്കിലും റെഡിയാണ്. ഒന്നിന്റെ മീതേ ഒന്നായി വീണു കിടക്കുന്ന ഈര്‍ക്കിലുകള്‍ ഓരോന്നായി അനക്കാതെ എടുക്കാന്‍ കണ്ണു കൂര്‍പ്പിക്കുകയാണ്. ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ട ജാഗ്രതയാണ് മത്സരാര്‍ഥികള്‍ പുലര്‍ത്തുന്നത്. അതിനിടെ ഈര്‍ക്കില്‍ അനങ്ങിയെന്നും ഇല്ലെന്നും പറഞ്ഞ് തര്‍ക്കമുണ്ടായി. നേരവും ഇരുട്ടാനായി. കളി മതിയാക്കാമെന്ന് തീരുമാനിച്ചു.
പേപ്പറും പേനയും ഈര്‍ക്കില്‍ സെറ്റുമൊക്കെയായി പടികളിറങ്ങാന്‍ തുടങ്ങുമ്പോള്‍, തേക്കുമരങ്ങള്‍ നിറഞ്ഞ കുന്നിന്റ വലതുവശത്തുള്ള ഇടവഴിയിലൂടെ ഒരാള്‍ അലസമായി നടന്നു വന്നു. കലപിലകള്‍ക്കിടയില്‍ നിന്ന് എത്തിനോക്കിയ ഒരു കൊച്ചുപെണ്‍കുട്ടി അയാളെ കണ്ടു. ഇരുണ്ടനിറം, കൂര്‍ത്ത മൂക്ക്, ദൃഢശരീരം.. എവിടെയോ കണ്ട നല്ല മുഖപരിചയം. ഒരു ഛായാചിത്രം ഉയിരു വെച്ചു മുന്നില്‍ നില്ക്കുമ്പോലെ. ഇതയാളല്ലേ?
കുതിരപ്പുറത്തു ചാഞ്ഞിരുന്നുകൊണ്ട് അക്സീനിയ അസ്തഖോവയെ ചിരിയോടെ നോക്കുന്ന അതേ മനുഷ്യന്. പെണ്‍കുട്ടി ആര്‍ത്തുവിളിച്ചു. 'ഗ്രിഗറി മെലക്കോവ്!' മറ്റുള്ളവരും ഏന്തിനോക്കി. പലരും പൂമ്പാറ്റ ബാലരമക്കുഞ്ഞുങ്ങളാണ്. അവര്‍ക്ക് ആളെ പിടികിട്ടിയില്ല. എന്നാലും ഒപ്പം കൂടി.
കൊക്കിലൊതുങ്ങാത്തതു കൊത്താന്‍ ആവേശപൂര്‍വം ഓടിനടന്ന കുട്ടിവായനക്കാലത്തായിരുന്നു അത്. മിഖായേല്‍ ഷോലക്കോവിന്റെ 'ഡോണ്‍ ശാന്തമായൊഴുകുന്നു 'എന്ന നോവലില്‍ ഒന്നു കൈവെച്ചിട്ടുണ്ട്. പല വോള്യങ്ങളുള്ള പുസ്തകത്തിന്റെ ഈ ആദ്യഭാഗം മാത്രമേ തൊട്ടിട്ടുള്ളു. കുറച്ചുനാളായി അതു തൊട്ടും തലോടിയുമിരിക്കുന്നു. ഇതുവരെ പകുതി പോലും ആയിട്ടില്ല. പക്ഷേ, അതിലെ ചിത്രങ്ങള്‍ നിത്യദര്ശനത്താല് സുപരിചിതങ്ങളാണ്. പേജുകള്‍ക്കിടയില്‍ കഥാപാത്രങ്ങളുടെ രൂപരേഖകളുമായി പ്രത്യക്ഷപ്പെട്ട ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍.
ഗ്രിഗറി മെലക്കോവ് എന്ന കോമളനായ കൊസാക്ക് യുവാവ് വിവാഹിതയായ അക്സീന്യയെ പ്രണയിക്കുന്നത് ഒരദ്ഭുതമായിരുന്നു. പക്ഷേ അവളുടെ ഭര്‍ത്താവ് സ്റ്റെപാന്അസ്തഖോവ് ഒരു ഭയങ്കരനാണ്. അവളെ നിരന്തരം പീഡിപ്പിക്കുന്നു. ആ പാവം സ്ത്രീയെ ഗ്രിഗറി രക്ഷിച്ചെങ്കില്‍ എന്നാഗ്രഹിച്ചു പോയി. ദുരിതത്തിലാണ്ട അവളെ പ്രണയം പൂ ചൂടിക്കുന്നത് പ്രതീക്ഷാഭരമായിത്തോന്നി. സത്യം പറഞ്ഞാല്‍ ഗ്രിഗറിയോട് എന്തോ 'ഒരിത്' ഒക്കെ തോന്നിയിരുന്നു. ഒരു ചെറിയ ക്രഷ് എന്നു പറയാം.
അപ്പോഴാണതാ വീട്ടിനു മുന്നിലൂടെ ആ ഭാവഹാവാദികളുമായി ഒരാള്‍ നടന്നുവരുന്നത്. നോക്കിനോക്കി നിന്നപ്പോള്‍, അദ്ഭുതം! ഇടവഴിയിലൂടെ നടന്ന ചങ്ങാതിയുടെ വെളുത്ത ഷര്‍ട്ടിന്റെ കയ്യുകള്‍ പഫ് വെച്ച് കൊസാക്ക് കുപ്പായമായതു പോലെ തോന്നി.
ഇരുവശത്തുമുള്ള മതിലുകള്‍ മഞ്ഞു പോലലിഞ്ഞ് മാഞ്ഞുപോകുന്നു.. തേക്കുകള്‍ പിഴുതു മാറി, കുന്ന് സമതലമായി പരക്കുന്നു. അതില്‍ പുല്ലുകള്‍ പൊട്ടിക്കിളിച്ച് അതിവിശാലമായ റഷ്യന്സ്റ്റെപ്പികളുണ്ടാവുന്നു.
ടാറിട്ട റോഡ് സ്റ്റെപ്പികള്ക്കു നടുവില്‍ ഡോണ്‍ നദിയായൊഴുകുമ്പോലെ.
ഡോണ്നദിയില് നിന്നു വീശിയ ഒരു തണുത്ത കാറ്റില്‍ മഞ്ഞുതങ്ങിനില്ക്കുന്ന പോപ്ലാര്‍ മരത്തില്‍ നിന്നു ചുവന്നയിലകള്‍ ചുറ്റും പാറി. 'ഗ്രിഗറി മെലക്കോവ്!' അദ്ദേഹം ടാറിട്ട ഡോണ്നദിയിലൂടെ നടന്നുവരികയാണ്.
മറ്റു കുട്ടികള്‍ കൂട്ടച്ചിരി ചിരിച്ചു. അയാള്‍ തലയുയര്‍ത്തി ഞങ്ങളെ
രൂക്ഷമായൊന്നു നോക്കി. അതീവക്രൂരമായ നോട്ടം. ആ നോട്ടത്തിന്റെ തീക്ഷ്ണതയില്‍, സ്റ്റെപ്പികള്‍ തേക്കിന്പുരയിടങ്ങളായി ദ്രുതഗതിയില്‍ തിരികെ പരിണമിച്ചു. പോപ്ളാര്ച്ചില്ലകള് മഞ്ഞു കുടഞ്ഞു കളഞ്ഞ് തെങ്ങോലകളായി മടങ്ങിവന്നു. റഷ്യയില്‍ നിന്ന് തിരിച്ചൊഴുകിയ ഉച്ചച്ചൂടാറിയ റോഡിലൂടെ, സന്ധ്യയെപ്പുല്കിയ കേരളീയപരിസ്ഥിതിയിലൂടെ, ആ മെലിഞ്ഞ മനുഷ്യന് സാവധാനം നടന്നുപോയി. ഒരു മനുഷ്യപ്പറ്റില്ലാത്ത സാധനം.
രണ്ടു ദിവസത്തിനുശേഷം വീണ്ടും വൈകുന്നേരം ഗ്രിഗറിമെലക്കോവ് അതിലേ പോയി.. ഗൗരവത്തിലാണ്. പൂജ്യംവെട്ടിക്കളിക്കുന്ന സംഘാംഗങ്ങള്‍ ടെറസില്ത്തന്നെയുണ്ട്. കൃത്യമായി കാണുകയും ചെയ്യുന്നുണ്ട്. അന്ന് ഞങ്ങളുടെ സര്വകുരുത്തക്കേടുകളുടെയും പ്രഭവകേന്ദ്രമായിരുന്നു മട്ടുപ്പാവിലെ സുരക്ഷിതമേഖല. കളിക്കാന്‍ ആള്ക്കാര് വന്നാല്‍ ആ നിമിഷം ഭൂമി വിടും. "എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ" എന്നു ഹംസം ചോദിച്ചപോലെ അതിന്റെ മുകളില്‍ നിന്നും ഞങ്ങളെ താഴെയിറക്കാന്‍ പാടായിരുന്നു.
ടെറസില്‍ നിന്നെത്തിനോക്കുന്ന തലകളെ ക്രൂരഭാവത്തില്‍ വീക്ഷിച്ച്, അപ്പൊഴേക്കും കരുത്താര്‍ജിച്ചിരുന്ന ഞങ്ങളുടെ കൂക്കിവിളികള്‍ക്കിടയിലൂടെ അയാള്‍ നടന്നു. അരിശത്തില്‍ കൈകള്‍ കൂട്ടിത്തിരുമ്മുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവേശം കൂടി. ബോള്‍ഷെവിക്കുകളോടു പൊരുതിയ കൊസാക്ക് യുദ്ധവീരന്റെ തലയെടുപ്പോടെ അയാള്‍ കുന്നു കയറിപ്പോയി. എന്തൊരു തല തെറിച്ച പിള്ളേര് എന്നു കരുതിക്കാണണം. ഇവറ്റയ്ക്ക് എന്തിന്റെ കേടാണെന്നും വിചാരിച്ചു കാണണം.
വേനലിന്റെ അന്ത്യമറിയിച്ചു കൊണ്ട് ആദ്യത്തെ മഴത്തുള്ളി മണ്ണിലിറ്റി. റോഡിനെതിര്‍വശത്തെ അക്കേഷ്യക്കാട്ടിലെ മഞ്ഞപ്പൂക്കള്‍ വറ്റി. അവശേഷിക്കുന്ന തൊട്ടാല്‍ കയ്യില്പ്പുരളുന്ന മണമുള്ളപൂമ്പൊടി നനഞ്ഞൊലിച്ചു പോയപ്പോള്‍ ഞങ്ങളുടെ വെക്കേഷനും കഴിഞ്ഞു. പിന്നെ സ്കൂള്‍ തുറന്നു. തോരാമഴയത്ത് ജംഗ്ഷനില്‍ സ്ക്കൂള്‍വാന്‍ കാത്തുനില്ക്കുമ്പോള് അദ്ദേഹത്തെ വീണ്ടും കണ്ടു. ഒരു കാലന്‍കുട ചൂടി മറുവശത്തു നിന്നു റോഡു മുറിച്ചു നടന്നുവരുന്നു. ടെറസില്‍ നിന്നു നിലത്തിറങ്ങി, കളിയാക്കിയ മുതിര്‍ന്ന മനുഷ്യനെ പച്ചമണ്ണില്‍ നേരിട്ടപ്പോള്‍ തൊണ്ട വരണ്ടുപോയിരുന്നു.
എന്തിനായിരുന്നു ആ ബഹളം? വെറുതെ കൂട്ടം കൂടുമ്പോഴുള്ള ധൈര്യം, നിര്‍ദോഷമായ ആവേശം, മുതിര്ന്നവരാവാനുള്ള ചെറിയ കുട്ടികളുടെ സാഹസികശ്രമം, എന്തോ ഒരു ചെറിയ ആകര്‍ഷണവും. അതപ്പൊഴേ മറന്നും പോയി. പക്ഷേ പരിഹസിക്കപ്പെട്ട വ്യക്തി അത് മറന്നു കാണുമോ? ഇപ്പോള്‍ മട്ടുപ്പാവിന്റെ ആകാശകവചങ്ങളില്ലാതെ നിലത്ത്, മുന്നില്‍ നില്‍ക്കുകയാണ്. എന്തും സംഭവിക്കാം.
പക്ഷേ ഞെട്ടിയത് കക്ഷിയാണ്. യൂണിഫോമിട്ട, മുടി ക്രോപ്പുചെയ്ത ആറാം ക്ലാസ്സിലെ വെറും ഡൂക്കിലിപ്പിള്ളേരെയാണല്ലോ വഴി നടക്കാന്‍ പേടിച്ചതെന്ന് മനസ്സിലോര്‍ത്തു കാണണം. തന്നെപ്പോലെ മുതിര്‍ന്നൊരാള്‍ക്ക് പിള്ളേരോടേറ്റുമുട്ടേണ്ട കാര്യമുണ്ടോ എന്നും ചിന്തിച്ചിരിക്കണം. ഒരു ക്രൂരനോട്ടത്തോടെ തിരക്കിട്ടു കടന്നുപോവുമ്പോള്‍ ഇനി ഈ വഴി വരണ്ട എന്നും വിചാരിച്ചു കാണണം. പക്ഷേ വിധി അദ്ദേഹത്തെ ഉന്തിത്തള്ളി എല്ലാ ദിവസവും ആ ബസ് സ്റ്റോപ്പില്‍ കൊണ്ടുവന്നു നിര്‍ത്തി. എത്ര പരിശ്രമിച്ചിട്ടും, ആ ക്രൂരമുഖത്ത് ഒരിളംപുഞ്ചിരിയാല് ഹൃദയം അപായസൂചന തെളിച്ചു.
വെക്കേഷനില്‍ നടന്ന സംഭവം കൂട്ടുകാരോടു പറഞ്ഞപ്പോള്‍ എല്ലാവര്ക്കും രസമായി. ഒരു ക്ലാസ്സ്മേറ്റിന്റെ ചേട്ടന്റെ സുഹൃത്താണ് 'ഗ്രിഗറി'. അദ്ദേഹത്തിന് സ്ക്കൂള് ലോകത്തും വിശാലസൗഹൃദങ്ങളുണ്ട്. അവള് കൃത്യമായി വിവരശേഖരണം നടത്തി. അദ്ദേഹത്തിന്റെ ഒരു ലഘു ജീവചരിത്രം തന്നെ റെഡിയാക്കി, കുട്ടിസംഘത്തിലെത്തിച്ചു. ഞങ്ങള്‍ കരുതിയത് അയാള്‍ ഏതോ കോളേജ് വിദ്യാര്‍ഥിയായിരിക്കും എന്നാണ്. പക്ഷേ ആ ധാരണ തെറ്റായിരുന്നു. അദ്ദേഹം അതിലുമേറെ മുതിര്‍ന്നയാളായിരുന്നു.
അനില്‍ എന്നായിരുന്നു പത്തിരുപത്തെട്ടു വയസ്സുള്ള ആ ഹീറോയുടെ പേര്. ചെറുകിടകൂലിത്തല്ല് മേഖലയിലെ ഒരെളിയപ്രവര്ത്തകനാണ്. വൈകുന്നേരം പൂക്കടയില്‍ പൂ കെട്ടുന്നു. പക്ഷേ കണ്ടാല്‍ ഏതോ ഷര്‍ട്ടിന്റെ മോഡല്‍ ആണെന്നു തോന്നും. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ പിയട്രോ ക്രെസ്പിയെ മാര്‍ക്കേസ് വിവരിച്ച പോലെ 'പഞ്ചസാരയില്‍പ്പൊതിഞ്ഞ ഒരു സുന്ദരവിഡ്ഡി'യായിരുന്നിരുന്നില്ല, സ്റ്റീല്‍ പ്രതിമ പോലത്തെ ഒരു മനുഷ്യന്. സംഘാംഗങ്ങള്‍ക്കിടയില്‍ 'ഷേര്ഖാന്' എന്നറിയപ്പെടുന്നു. ഷേര്ഖാന് 'ജംഗിള്‍ബുക്ക്' കാര്‍ട്ടൂണിലെ വില്ലനായ ക്രൂരന്കടുവയാണ്.
സംഭവം ഷേര്ഖാനൊക്കെയാണെങ്കിലും കാഴ്ചയില്‍ മൗഗ്ലിയെപ്പോലുണ്ടെന്ന് പറഞ്ഞ് ഞങ്ങള്‍ കൂട്ടത്തോടെ പൊട്ടിച്ചിരിച്ചു. പഴയ പാട്ടും ഓര്മ വന്നു.
'ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും
ചക്കരപ്പൂവേ..
ചെന്നായമമ്മീം അങ്കിള്‍ ബഗേരേം തേടുന്നു നിന്നെ..'
ഹിന്ദിയിലാണെങ്കില്‍ ആ പാട്ടില്‍ ഒരു മനോഹര വരിയുണ്ട്.
'ഛഡ്ഡീ പെഹന് കെ ഫൂല് ഖിലാ ഹേ ഫൂല് ഖിലാ ഹേ '
ഷെഡ്ഡിയണിഞ്ഞ് ഒരു പൂവ് കാട്ടില്‍ വിരിയുന്നു. ആഹാ എന്തു രസമുള്ള കല്‍പ്പന.
കാട്ടുപുല്ലുകള്‍ക്കിടയില്‍ നിന്ന് ഒറ്റച്ചാട്ടത്തിന് പാറക്കെട്ടിനു മുകളിലെത്തി ഒറ്റയലര്ച്ചയാല് കാടിനെ കിടുകിടെവിറപ്പിക്കുന്ന ഷേര്ഖാന് . ചെന്നായകള്‍ വളര്‍ത്തിയ മനുഷ്യക്കുഞ്ഞ്, മൗഗ്ലിയുടെ ചോരയ്ക്കായി ദാഹിക്കുന്ന നിര്‍ദയനായ ഷേര്ഖാന്! കാട്ടുതീയെ ' ചുവന്ന പൂവെന്നാണ് ആ കാര്‍ട്ടൂണ്‍ വിശേഷിപ്പിച്ചിരുന്നത്. 'റെഡ് ഫ്ലവര്‍'
ആദ്യമൊക്കെ ശരിയാണ്, കാണുമ്പോള്‍ ഘോര ഗംഭീരഭാവമായിരുന്നു. കടുവയെപ്പോലത്തെ നോട്ടവും. പക്ഷേ ഇപ്പോഴിപ്പോള്‍ നേരെ നോക്കാനാവാതെ താഴ്ന്നു പോവുന്ന കണ്ണുകളുള്ള, സംഭ്രമിയുടെ ശരീരഭാഷയുള്ള ആ മനുഷ്യന് എങ്ങനെ ഷേര്ഖാനാവും!
ഞങ്ങളുടെ ട്യൂഷന്വഴിയിലായിരുന്നു പൂക്കട. അരളിയിതളുകള്ക്കിടയില് തുളസീദളങ്ങളെ നൂലില്‍ കുടുക്കി ഷേര്ഖാന് മാല കെട്ടുന്നത് പലവട്ടം കണ്ടു. ബസ്സുകളുടെ മുന്നില്‍ തൂക്കുന്ന ഭംഗിയുള്ള ജമന്തിമാലകളും, വിവാഹിതര്‍ തമ്മിലണിയിക്കുന്ന വെള്ളിനൂലോടിയ തടിച്ച ഹാരങ്ങളും ആ വിരലുകള്‍ കൃത്യതയോടെ കോര്‍ത്തെടുത്തു. മഞ്ഞണിഞ്ഞ തുലിപ് പുഷ്പങ്ങളുടെയും ക്രൈസാന്തിമങ്ങളുടെയും റഷ്യന്‍ പശ്ചാത്തലത്തില്‍ നിന്നിറങ്ങിവന്ന് ഗ്രിഗറിമെലക്കോവിന് നാട്ടുപൂക്കളുടെ വെള്ളം കുടഞ്ഞ സുഗന്ധത്തോട് പൊരുത്തപ്പെടേണ്ടി വന്നു.
അങ്ങനെയിരിക്കെയാണ് ഷേര്ഖാന് ഒരു കത്തെഴുതുന്നത്. കൂട്ടുകാരിയുടെ ചേട്ടന് വഴി സംഗതി കയ്യില്‍ക്കിട്ടി.. ഞങ്ങള്‍ ആവേശഭരിതരായി. വളരെ ആഘോഷമായി അത് മേടിച്ചു കൊണ്ടു വന്ന് കൂട്ടുകാര്‍ ചേര്‍ന്ന് അതീവരഹസ്യമായി വായിച്ചു. ഷേര്ഖാന് ഒരു കവി കൂടിയാണെന്ന് അന്ന് മനസ്സിലായി. ആഹാ! എന്താ ഭാഷ. ഇംഗ്ലീഷൊക്കെ എടുത്തമ്മാനമാടുന്ന പ്രതിഭ.. ആദ്യ ഭാഗത്ത് എന്തൊക്കെയോ ക്ലീഷേ മലയാളവാചകങ്ങളായിരുന്നു. അതു വായിച്ചപ്പോള്‍ ഒരു കൂഴച്ചക്കയെ ഓര്മ വന്നു. പ്ലാവിന്റെ ഉച്ചിക്കൊമ്പില് ആടുന്ന കൂഴച്ചക്ക ഒരു മധുരബോംബാണ്. അതിറുന്നു മണ്ണിലേയ്ക്കു നിപതിച്ചാലെന്ന പോലെ കുഴഞ്ഞു ചിതറിക്കിടക്കുന്ന അഴകൊഴാവാക്കുകള്. പക്ഷേ അവയ്ക്കുശേഷം മിനുങ്ങുന്ന ഹൃദയചിഹ്നം നെറ്റിയില്ച്ചാര്ത്തിക്കൊണ്ട് ഒരു ഗംഭീര ഇംഗ്ലീഷ്കവിതയാണ് വിരാജിക്കുന്നത്. മോരും മുതിരയും പോലെ. ഇംഗ്ലീഷ് മീഡിയത്തിലല്ലേ പഠിക്കുന്നത് , ഇരിക്കട്ടെ എന്ന മട്ടില്‍.
അന്നു കവിതയൊന്നും കാര്യമായി വായിച്ചു തുടങ്ങിയിട്ടില്ല. ടെക്സ്റ്റ്ബുക്കുകളില്‍ ഉള്ളതും, വല്ല കവിതാപാരായണത്തിന് പഠിക്കുന്നതും മാത്രമറിയാം. അതല്ലാതെ ഇംഗ്ലീഷ് കവിത വായിക്കുന്നത് വന്യസ്വപ്നത്തില് പോലുമില്ല. നെരൂദാദികളെയൊന്നും കേട്ടിട്ടുമില്ല. പക്ഷേ എന്തൊരു വലിയ യാദൃച്ഛികത! ആ കത്തില്‍ ഉദ്ധരിക്കപ്പെട്ട ഷെല്ലിയുടെ കവിത കാണാപ്പാഠമായിരുന്നു. അതിനു കാരണമായതോ എസ്കെ പൊറ്റക്കാടും.
അന്നുമിന്നും എസ് കെ പൊറ്റക്കാടിന്റെ വിനീതയായ ആരാധികയാണ് ഞാന്‍. ഒരു ദേശത്തിന്റെ കഥ എന്റെ ഏറ്റവും പ്രിയപുസ്തകമാണ്. എത്രവട്ടം വായിച്ചു എന്നതിന് കണക്കൊന്നുമില്ല. ആയിടെ സ്കൂളില്‍, ഒരു ഇംഗ്ലീഷ് അവറില്‍ ഡസ്ക്കിനടിയില്‍ നിന്നത് ടീച്ചര്‍ പിടികൂടുകയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ശകാരിക്കുകയും ചെയ്തിരുന്നു. അന്നുമുതലിന്നുവരെയും ആ പുസ്തകം ഒപ്പമുണ്ട്. കഥാപാത്രങ്ങളും. അതില്‍ ഈ കവിത ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അതിരാണിപ്പാടത്തെ ശ്രീധരന് ടൈപ്പ്റൈറ്റിങ്ങ് ഹയര്പരീക്ഷ പാസ്സായ ശേഷം മുനിസിപ്പല്‍ ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായ കാലം. ഹാവ്ലോക്ക് എല്ലീസിന്റെ പുസ്തകമെന്നു കരുതി തുറന്ന ബുക്കില്‍ തെക്കേഅമേരിക്കയിലെ കരിമ്പുകൃഷിയെപ്പറ്റിയാണ് പ്രതിപാദ്യം. പിന്നെ തപ്പിയെടുത്തത് ഷെല്ലിയുടെ കവിതാസമാഹാരമാണ്. തുറന്നപ്പോള്‍ കണ്ടത് 'ലൗ' എന്ന മനോഹര കവിതയും. അവസാനത്തെ എട്ടുവരികള്‍ അപ്പോള്‍ത്തന്നെ ഹൃദിസ്ഥമാക്കി. ശ്രീധരനോടൊപ്പം ഞാനും.. അതിന്റെ മലയാള പരിഭാഷയും എസ് കെ തന്നെ നിര്‍വഹിച്ച് ഒപ്പം കൊടുത്തിട്ടുണ്ട്. അതും കാണാപ്പാഠമറിയാം. ആ ലൗ ആണ് ഷേര്‍ഖാന്റെ വ്യാജലേബല്‍ ഒട്ടിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാലു വരികള്‍. ഷെല്ലിയില്‍ നിന്ന് അതിന്റെ കര്‍തൃത്വം നിര്‍ല്ലജ്ജം ഏറ്റെടുത്തിരിക്കുകയാണ്.
I can give not what men call love
But wilt thou accept not,
The worship the heart lifts above
And the heavens reject not...
സ്വര്‍ഗം പോലും നിരാകരിക്കാത്ത ഹൃദയത്തിന്റെ ആരാധനയാണ് ഷേര്ഖാന് ഷെല്ലിയായി മുന്നോട്ടു വെക്കുന്നത്. ആവേശം കേറി. കൂട്ടുകാരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ ഒട്ടും വൈകിയില്ല. സാക്ഷാല്‍ എസ് കെ യുടെ നോവല്‍ തന്നെ തുറന്നുവെച്ചു, ബാക്കിയുള്ള ഷെല്ലിയെ കോപ്പിയടിച്ചു പിറ്റേന്ന് തന്നെ കൊടുത്തു കളഞ്ഞു മറുപടി. ആകെ നാലു വരിയേയുള്ളു.
The desire of the moth for the star
0f the night for the morrow,
The devotion to something afar
from the sphere of our sorrow
അര്‍ഥമൊന്നും കൂടുതല്‍ ഗഹനമായാലോചിക്കേണ്ടതില്ല.എസ് കെ യുടെ പരിഭാഷയുണ്ട്. പക്ഷേ Moth നെ എസ് കെ പാറ്റയാക്കിക്കളഞ്ഞതില് ഒരു ചെറിയനൈരാശ്യം തോന്നി
'പാറ്റയ്ക്ക് വീണ്താരയോടുള്ളതാമഭിലാഷം..' എന്നാണദ്ദേഹത്തിന്റെ പരിഭാഷ. പൂമ്പാറ്റയും ഒരു പാറ്റയാണല്ലോ. ചിറകില്‍ ഡിസൈനുണ്ടെന്നേയുള്ളു. ഈയാം പാറ്റയും നിശാശലഭവുമെല്ലാം Moth തന്നെ.
ഏതായാലും ഷേര്‍ഖാന്റെ കൂലിയെഴുത്തുകാരന് ഒന്നു പകച്ചു. അദ്ദേഹം കൂടുതല്‍ ജാഗരൂകനായി. ഏതെങ്കിലും മുതിര്‍ന്ന ഇംഗ്ലീഷ് സാഹിത്യവിദ്യാര്ഥിയായിരുന്നിരിക്കണം. വാക്കൊന്നിന് ഇത്ര രൂപ കണക്കില്‍ ആ സാഹിത്യം തൂക്കി വിറ്റത്. ഒരുപക്ഷേ എസ്കെ ആയിരുന്നു കാണണം അദ്ദേഹത്തിനും പ്രചോദനം .
ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം അതീവഭീകരമായ മറ്റൊരു സൃഷ്ടിയുമായി അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. പാവം ഷേര്ഖാന്. അജ്ഞാതരായ രണ്ടു തീവ്രവായനക്കാരുടെ സാഹിത്യയുദ്ധത്തിനു ഹംസമാവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ഇപ്പറഞ്ഞതിലൊരക്ഷരം ആ സാധുവിന് പിടികിട്ടിയിരുന്നില്ല.
കുറച്ചുകാലം കൂടിയൊക്കെ ഷേര്‍ഖാന്റെ സൗഹൃദം ഉണ്ടായിരുന്നു. ഒരു വില്ലനോടു കൂട്ടുകൂടുന്നതിലെ സാഹസികകൗതുകം വലുതായിരുന്നു. വിവരമില്ലാത്ത പ്രായം. ഇടുങ്ങിയ സ്വന്തം ലോകങ്ങളോടു വിഘടിക്കാനും, വിശാലമായ പുറംലോകത്തെ പരിചയപ്പെടാനും ആഗ്രഹമുണ്ടായിരുന്നു. സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും മനസ്സ് വിങ്ങിയിരുന്നു.
എന്നും എന്റെ കൂട്ടുകാരില്‍ പലരും വ്യത്യസ്തരായിരുന്നു. മറ്റുള്ളവരോടു അകന്നു നിന്ന വില്ലന്മാരോടും വില്ലത്തികളോടും ഞാന്‍ നിസ്സാരമായി സൗഹൃദപ്പെട്ടു. പക്ഷേ സൗഹൃദങ്ങളും പരിചയങ്ങളും നിലനിര്‍ത്തുന്നതില്‍ ദയനീയ പരാജയവുമായിരുന്നു. ആരെയെങ്കിലും ചെന്ന് പരിചയപ്പെടുവാനോ, പരിചയപ്പെട്ട് ഇഷ്ടമായമായവരെത്തന്നെ പിന്നെയും ബന്ധപ്പെടാനോ എപ്പോഴും മടിച്ചു. ചേരില്ലെന്നു തോന്നിയ കൂട്ടുകള്‍, ഗൗരവപ്പെടുമ്പോള് നിരുപാധികം പിന്‍വാങ്ങി. എന്നെയന്വേഷിച്ചു വന്ന അപൂര്‍വം മനുഷ്യരെ പക്ഷെ അഗാധമായി സ്നേഹിച്ചു.
പണ്ട് മുടി വെട്ടിക്കാന്‍ പോവുന്ന ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ 'ചെയ്ഞ്ചിങ്ങ് റോസ ' ഉണ്ടെന്ന് ഒരു കുട്ടി പറഞ്ഞു. മനോഹരമായ പല നിറമുള്ള റോസാപ്പൂക്കള്‍ ഒറ്റക്കുലയില്‍ വിരിയുന്ന ആ അദ്ഭുത സസ്യത്തെ ദര്‍ശിക്കാന്‍ അവിടെ നിന്നു തന്നെ മുടിവെട്ടിക്കണമെന്നു ഞാന്‍ വാശി പിടിച്ചു. പക്ഷേ കേറിച്ചെല്ലുമ്പോള്‍, മതിലിനു പിന്നില്‍ നിന്നത് അടുക്കുചെമ്പരത്തി പോലത്തെ ഒരു സാദാ കാട്ടുപൂവ്. അത് പതിയെ നിറം മങ്ങി മങ്ങി വേറെ നിറമായി വരും.. പ്രത്യേകിച്ചൊരു ഭംഗിയൊന്നും പറയാനില്ല. നിരാശ തോന്നി.
ആ കാട്ടുചെടിപ്പൂവായിരുന്നു എന്റെ മനസ്സ്. നിസ്സാരകാര്യം മതി മാറിമറിയും. വെള്ളം നനഞ്ഞ് ഭാരം വെച്ച പൂവിനെപ്പോലെ പലതരം അപകര്ഷതകളാല് അത് കനം തൂങ്ങിനിന്നു.
വിദൂര ഗ്യാലക്സികളിലേക്കു നീളുന്ന ടെലസ്കോപ്പുകളെപ്പോലെയായിരുന്നു എന്റെ കണ്ണുകള്‍. ഉപേക്ഷിക്കപ്പെടുമോ എന്ന ഭീതിയാല്‍ പ്രിയപ്പെട്ട മനുഷ്യരെ ഞാന്‍ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. അവരുടെ ചിരികളില്‍, പെരുമാറ്റങ്ങളില്‍, സംസാരങ്ങളില്‍ സ്നേഹത്തിനായാണോ, സ്നേഹരാഹിത്യത്തിനായാണോ ഞാന്‍ തിരഞ്ഞിരുന്നത്? അദ്ഭുതം തോന്നുന്നു.
സദാ സംശയാലുവായ ഒരാളെ, വൈകാരിക ഉപദ്രവകാരിയായ ഒരാളെ താങ്ങാന്‍ ശേഷിയുള്ളവരേ എന്റെ കൂട്ടുകാരായുള്ളു. അവര്‍ എന്നും എന്റേതായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും ഒപ്പമുണ്ട്. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ ആത്മസുഹൃത്ത് തുഷാരയെപ്പോലെ, മിത്രയെപ്പോലെ.
ആവശ്യങ്ങള്‍ക്കായി മാത്രം കൂട്ടുകൂടുന്നവരെ എനിക്കു പേടിയാണ്. ഏതു തരത്തില്‍ സൗഹൃദത്തെ ഉപയോഗിക്കാമെന്നു മാത്രം ചിന്തയുള്ള മനുഷ്യര്‍.
വേറൊരു വിഭാഗം ക്രമേണ നമ്മുടെ പ്രിയസുഹൃത്തെന്ന പ്രതീതിയുണ്ടാക്കും. ബ്രെയ്ന്‍ ഈറ്റിങ്ങ് അമീബയെപ്പോലെ തലച്ചോറില്‍ കയറിയിരുന്ന് നമ്മുടെ ആത്മവിശ്വാസം ഭക്ഷിക്കും. നമ്മള് മോശക്കാരാണെന്ന് നമ്മളെത്തന്നെ ബോധവത്കരിക്കും. മണ്ണും പിണ്ണാക്കും തിരിച്ചറിയില്ലെങ്കിലും ഏതു കവിതയെയും ഗംഭീരമായി വിലയിരുത്തിക്കളയും.
ചിലരോട് ശ്രമപ്പെട്ടാണെങ്കിലും സഹകരിച്ചു. പക്ഷേ ഒരു നിശ്ചിത സഹനപരിധിയെത്തുമ്പോള് താനേ തീരുമാനങ്ങളുണ്ടായി. ഞാന്‍ ഉപേക്ഷിച്ചവര്‍ തിരികെ വന്നെങ്കില്‍ എന്ന് ഒരിക്കല്പ്പോലുമാഗ്രഹിച്ചിട്ടില്ല. കാരണം അത്രയേറെ മടുപ്പിച്ചിട്ടാവും. കൂട്ടിയിണക്കാവുന്ന ഒരിടവുമില്ലെന്ന് ബോധ്യപ്പെട്ടിട്ടാവും ആ പിന്തിരിയലെന്നുറപ്പായിരുന്നു. അല്ലാത്തപക്ഷം സ്നേഹിച്ചവരെ വിസ്മരിക്കുവാന്‍ എനിക്കാവുകയില്ല.. പക്ഷേ ചില മുറിവുകള്‍ കൂടുകയില്ല. ഇനി ഉണങ്ങിയാലും ഓര്‍മപ്പെടുത്തും വിധം ഒരു തഴമ്പു ബാക്കിയാവും. പിന്നൊരിക്കലും പഴയതു പോലാവുകയില്ല.
ഷേര്ഖാന് എന്റെ സുഹൃത്തായിരുന്നു. എനിക്കജ്ഞാതമായ, കാര്‍ക്കശ്യമുള്ള മറ്റൊരു മുതിര്‍ന്ന ലോകത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. പക്ഷേ കൂട്ടു കൂടിയ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിലുള്ള ഒരു ചെറിയ കുട്ടിയെ , അതിന്റെ നിഷ്കളങ്കമായ പൊട്ടത്തരങ്ങളെ , ആ മനുഷ്യന് ഇഷ്ടപ്പെട്ടു. മുതിര്‍ന്നു എന്ന നാട്യത്തെ ചിരിയോടെ കണ്ടു. പരിധിക്കപ്പുറമുള്ള ഒരു വാക്കു കൊണ്ടു പോലും അതിനെ മുറിപ്പെടുത്തിയില്ല. ഇന്നോര്‍ക്കുമ്പോള്‍ ബഹുമാനം തോന്നുന്നു.
പുറമേയുള്ള ഒച്ചവെക്കലുകള്ക്കടിയില്, വിഷപ്പാമ്പിനെപ്പോലെ ചുരുണ്ടു കിടന്ന നിര്‍ദയമായ ഏകാന്തത അന്നേ എന്റെ സഹചാരിയായിരുന്നു. സ്നേഹദാഹിയായ എന്റെ ആത്മാവ് ആ മുതിര്‍ന്ന സുഹൃത്തിനെ
നഷ്ടപ്പെടുത്താനാഗ്രഹിച്ചിരുന്നില്ല. പക്ഷേ അതിലപ്പുറം ഗൗരവം ഒരു കൂട്ടുകള്‍ക്കും അന്നുണ്ടായിരുന്നില്ല. ഈര്‍ക്കില്‍ കളിക്കുമ്പോലല്ല ഹൃദയം കൊണ്ടു കളിക്കുന്നത് എന്നു മനസ്സിലാക്കാന്‍ അന്നു പക്വതയെത്തിയില്ല. ആ കൂട്ടു നീണ്ടുനിന്നുമില്ല.
പപ്പായമരങ്ങളുടെ തുടുത്ത കായകളെ കൈനീട്ടിത്തൊടാനാവുമായിരുന്നു ടെറസ്സിന്റെ പടികളിലിരുന്നാല്‍. അവിടെയിരുന്നു നോക്കുമ്പോള്‍ തീരെ മൂക്കാത്ത പപ്പായക്കായകളില് കാക്ക കൊത്തിമുറിക്കുന്നതു കാണാം. ധാരയായി പച്ചക്കറയിറ്റു വീഴും.. മൂക്കാതെ വിളഞ്ഞ പപ്പായയായിരുന്നു എന്റെ മനസ്സ്. നടു മുറിയ്ക്കുമ്പോള്‍ ഉരുണ്ടിറങ്ങുന്ന കറുത്തമുത്തുകള്‍ പോലെയായിരുന്നു അതിന്റെ ആകുലതകള്‍
വല്ലപ്പൊഴും വഴിയില്‍ യാദൃച്ഛികമായി കാണുമായിരുന്നു. ഒരു ചിരിയിലൊതുങ്ങും സൗഹൃദം. പിന്നെ ഏതോ വെട്ടുകേസില്പ്പെട്ട് ഷേര്ഖാന് ഒളിവിലായി. കുറേക്കാലം കഴിഞ്ഞു പ്രത്യക്ഷപ്പെടുമ്പോള്‍ ആ സൗഹൃദം തീരെ മങ്ങിപ്പോയിരുന്നു.
അപ്രതീക്ഷിത സങ്കടങ്ങളുടെ വര്‍ഷങ്ങളാണു കാത്തിരുന്നത്. ചിരിയും കളിയും വറ്റി ദുഃഖത്തിന്റെ അടിത്തട്ടു തെളിഞ്ഞിരുന്നു. അനാഥത്വമാണ് എന്നെ രൂപപ്പെടുത്തിയതെന്നു തോന്നാറുണ്ട്. ലാഘവമുള്ള അലസഹൃദയത്തെ കഠിനാദ്ധ്വാനിയാക്കിയത്, പതിയെ പതിയെ ഉള്ളിലേയ്ക്കു പിടിച്ചു ചുരുക്കിയത്, മുന്നിലുള്ളത് ഒരു പൂപ്പാതയല്ല, മത്സരവേദിയാണെന്നു സദാ ഉറക്കമുണര്‍ത്തിയത്.. കൂട്ടുകളും ബഹളങ്ങളും പതിയെപ്പതിയെ എവിടെയോ ഇല്ലാതായി.
കൃത്യമായി ഹോംവര്‍ക്കുകള്‍ ചെയ്തു തീര്‍ക്കുകയും, അന്നന്നത്തെ പാഠങ്ങള്‍ പഠിച്ചു തീര്‍ക്കുകയും ചെയ്യുന്ന അച്ചടക്കക്കുട്ടിയല്ലായിരുന്നു അന്നൊന്നും.
ടൈംടേബിള്‍ കിട്ടിയ ശേഷം മാത്രമേ കാര്യമായി പഠിക്കുകയുള്ളു., എന്നാലും തരക്കേടില്ലാതെ വിജയിക്കും. പക്ഷേ ആരുമില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ശീലങ്ങള്‍ താനേ മാറിപ്പോയി. പഠനവും അച്ചടക്കവും അറിയാതെയേറ്റെടുത്തു പോയി. മറ്റുള്ളവരെപ്പോലെയല്ലെന്ന് അറിയാമായിരുന്നു. തുടര്‍ജീവിതത്തിന്റെ അടിത്തറ സ്വന്തം പ്രയത്നം മാത്രമാണെന്ന ബോധ്യമുണ്ടായിരുന്നു. വളരാനൊരു താങ്ങു മാത്രമേ ലഭിക്കുകയുള്ളു. ഒസ്യത്തിലുള്ളതിലധികവും തീരാദുഃഖങ്ങളുടെ ആധാരക്കെട്ടുകള്‍ മാത്രമാണ്. മെറിറ്റില്‍ മാത്രമേ പഠിക്കാനാവൂ. അത്കൊണ്ട് കൂടുതല്‍ വിയര്ക്കേണ്ടിയിരുന്നു.
പലവര്ഷങ്ങള്ക്കു ശേഷം സ്ക്കൂള് ഫൈനല്പ്പരീക്ഷ കഴിഞ്ഞു. അറുന്നൂറില്‍ അഞ്ഞൂറ്റി അമ്പത്തിരണ്ടു മാര്‍ക്കോടെ എസ്എസ്എല്‍സി പാസ്സായി. ജീവിതം മറ്റൊരു ദശാസന്ധിയിലേക്കു കടക്കുന്നു. സ്ക്കൂളില്‍പ്പോയി
എസ്എസ്എല്‍സി ബുക്ക് വാങ്ങി, തിരിച്ച് വക്കത്തേയ്ക്കുള്ള ബസ്സ് നോക്കി സ്റ്റോപ്പില്‍ നില്‍ക്കുകയാണ്. ഒരു ബസ്സ് തൊട്ടുമുമ്പു പോയിട്ടേയുള്ളു. ഇനി കുറച്ചുനേരം കാത്തുനില്‍ക്കേണ്ടതായി വരും. ആ നട്ടുച്ചവെയിലത്ത്, തിരക്കുള്ള റോഡിലൂടെ പാഞ്ഞു പോയ അനേകം വാഹനങ്ങള്‍ക്കിടയില്‍,
ഒരു പഴയ ബൈക്കില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ആ മുഖം ഞാന്‍ കണ്ടു.. നോട്ടങ്ങളിടഞ്ഞു.
എതോ നിഗൂഢമായ ഒരുള്‍പ്രേരണയില്‍ അപാരവേഗതയില്‍ ആ മനുഷ്യന് ബൈക്ക് ഓടിച്ചു. ഒറ്റക്ഷണത്തില്‍ കണ്മുന്നില് നിന്നകന്നുപോയി. പക്ഷേ അല്‍പ്പസമയത്തിനു ശേഷം പുകയും പൊടിയും പറത്തിക്കൊണ്ട് ഇടവഴി തിരിഞ്ഞ് അതേ ബൈക്ക് വീണ്ടും മെയിൻ റോഡിലേക്കു പറന്നുവന്നു. വന്യമൃഗത്തെപ്പോലുള്ള അതിന്റെ ചീറലില് ബസ് സ്റ്റോപ്പിലും ചുറ്റുപാടുമുള്ള മനുഷ്യര്‍ അലോസരപ്പെട്ടു നോക്കി.
പിന്‍സീറ്റില്‍ ഒരു സുന്ദരിപ്പെണ്ണുണ്ടായിരുന്നു. പുള്ളിയും പൂവുമുള്ള ചുവന്ന
നൈറ്റിയിട്ട, നെറ്റിയില്‍ സിന്ദൂരം തൊട്ട ഒരു സുന്ദരി. ഇരുകൈകളും കൊണ്ട് അവര്‍ ഷേര്‍ഖാനെ മുറുക്കെ കെട്ടിപ്പിടിച്ചിട്ടുണ്ട്. കൈ അയഞ്ഞാല്‍ റോഡിലേക്കു വീണു പോവാന്‍ പാകത്തിലാണ് ഷേര്‍ഖാന്റെ ബൈക്കഭ്യാസം.
അര്‍ഹിക്കും വിധം ഒരുങ്ങാന്‍ ആ ചേച്ചിയ്ക്കു തീരെ സമയം ലഭിച്ചിട്ടില്ലെന്നുറപ്പ്. ഏതോ അടുക്കളപ്പണിക്കിടയില്‍ തിരക്കിട്ടു വാരിവലിച്ചു കെട്ടിവെച്ച മുടിക്കെട്ടഴിഞ്ഞ് കാറ്റില്‍ പറക്കുന്നുണ്ടായിരുന്നു. തിടുക്കം കൂട്ടി
നിര്‍ബന്ധപൂര്‍വം പിടിച്ചു ബൈക്കില്ക്കേറ്റി കൊണ്ടുവന്നതിനാല്‍ ഇട്ടിരുന്ന നൈറ്റിയൊന്നും മാറ്റാന്‍ സാവകാശം കിട്ടിയിട്ടുണ്ടാവില്ല. വലിയ ഒച്ചയില്‍ ബൈക്ക് ചീറിച്ച് ഷേര്ഖാന് പലവട്ടം ആ ബസ് സ്റ്റോപ്പിനു മുന്നിലൂടെ കടന്നുപോയി. ആളുകള്‍ അമ്പരന്ന് ആ പ്രകടനം നോക്കിനിന്നു.
തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ ലഭിച്ചുവെന്ന അഭിമാനമോ, ഒരു ചെറിയകുട്ടിയോടു തോന്നിയ ഇഷ്ടം വെറുതെയായിരുന്നെന്ന പ്രഖ്യാപനമോ, എന്തൊക്കെയോ ആ മുഖത്ത് മിന്നിമറഞ്ഞു. പിന്നിലിരുന്ന യുവതിയുടെ കൈകള്‍, പ്രണയപൂര്‍വം ഭര്‍ത്താവിനെ വലയം ചെയ്തു.
ഗ്രിഗറി മെലക്കോവിനെക്കണ്ട് ആര്‍ത്തുവിളിച്ച ചെറിയ കുട്ടിയായിരുന്നില്ല ഞാന്‍. മുന്നോട്ട് പോവാനൊരുപാടുണ്ട് എന്ന തിരിച്ചറിവ് വന്ന അനാഥക്കുട്ടിയായിരുന്നു. സങ്കടങ്ങളുടെ സര്‍വജ്ഞപീഠം കയറി അകാല വൈരാഗിയായ മനസ്സ് ആ ദമ്പതികള്‍ക്ക് സകലനന്മകളും നേര്‍ന്നു. എന്റെ സുഹൃത്തിന് എന്നും നല്ലതുമാത്രം വരട്ടെ.
പിന്നെ പ്രീഡിഗ്രി പരീക്ഷക്കാലത്ത് ട്യൂഷന് ക്ലാസ്സിലേക്കുള്ള ഒഴിഞ്ഞ ഇടവഴിയിലൂടെ നടക്കുകയാണ്. ഇരുവശവും ഓലത്തൊപ്പി വെച്ച പച്ചമണ്ണിന്റെ കയ്യാലകള്‍. മണ്വിടവില് നിന്ന് താനേ മുളച്ച തെച്ചിച്ചെടിയുടെ മെലിഞ്ഞ പൂക്കള്‍ തലനീട്ടുന്നു. ഒരു പൊടിക്കുഞ്ഞിനെ തോളിലെടുത്ത് അപ്രതീക്ഷിതമായി ഷേര്ഖാന് എന്റെ മുന്നില്‍ കയറി നടന്നു. തുടുത്ത കവിളുകളുള്ള, നെറ്റിയില്‍ കരിപ്പൊട്ടു തൊടുവിച്ച ആ കുഞ്ഞിപ്പൈതല് തോളില്‍ നിന്നു ശ്രമപ്പെട്ടു തലപൊക്കി എന്നെ നോക്കിക്കൊണ്ടിരുന്നു. ഒരക്ഷരം മിണ്ടാതെ, വഴി തിരിയുന്നിടത്തു വെച്ച് എന്നെ ഒന്നു നോക്കി, ആ അച്ഛനും മോളും കടന്നുപോയി. സ്നേഹത്തിന്റെ നനവുള്ള ഒരു തിളക്കം, ആ കണ്ണുകളില്‍ കണ്ടതായി എനിക്കു തോന്നിയതാവുമോ?
Content Highlights: Relive childhood innocence and the magical encounter with a mysterious man, later revealed to be `Sherkhan,` who sparked imagination and literary exploration.
Published: 05 Nov 2025, 12:33 pm IST
ABOUT THE AUTHOR
കവി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ രണ്ടു തവണ കവിതയ്ക്ക് ഒന്നാം സമ്മാനം നേടി. മഴ, വെയിൽ, പൂക്കാലം, പിഴച്ചവൾ, കിളിമരം, അന്തിക്കള്ളും പ്രണയഷാപ്പും, ഊര്ക്ക് പോകലാം കണ്ണേ, ശിഖണ്ഡിനി എന്നിവ പ്രധാന രചനകൾ. അബുദാബി ശക്തി അവാർഡ് , ആശാൻ യുവകവി പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം , മുതുകുളം പാർവ്വതിയമ്മ പുരസ്കാരം
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented