മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീജ വക്കത്തിന്റെ ‘കള്ളിമുള്ളിൻ കാതലിപ്പൂവ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.

To advertise here,

മലയാളത്തിന്റെ പ്രിയപ്പെട്ട കവി, ഡോ. ഷീജ വക്കത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'കള്ളിമുള്ളിൻ കാതലിപ്പൂവ്' വായിച്ചു തീർത്തത് എന്തൊക്കെ വികാരങ്ങളോടെയെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല, അത്രത്തോളം മനസ്സിനെ പിടിച്ചുലച്ചു ഈ പുസ്തകത്തിന്റെ വായന. കവിയുടെ ഓർമയുടെ മരുപ്പരപ്പിൽ കനൽ നിറം വിരിയിച്ച കള്ളിമുൾപ്പൂക്കളിൽ ചിലത് ഇറുത്തു വച്ചതാണ് ഈ ഓർമക്കുറിപ്പുകൾ. ഭാഷയുടെ മനോഹാരിതയാണ് ഈ പുസ്തകം. ഒരു കവി എഴുതുമ്പോൾ ഭാഷ എങ്ങനെ കാവ്യമയമാകുന്നു എന്ന് കാട്ടിത്തരുന്നു, ഈ വായന. കണ്ണീരിലൂടെ, വേദനയിലൂടെ, നിലവിളികളിലൂടെ, കവിതയുടെ ആദ്യ സ്ഫുരണങ്ങൾ പൊട്ടി വിരിയുമ്പോഴുള്ള അനുഭൂതികളിലൂടെ, ഒരു സ്ത്രീ ജന്മം കടന്നുപോകേണ്ടി വരുന്ന നിസ്സഹായതകളിലൂടെ, നിർവൃതികളിലൂടെ, വായനക്കാരനെയും ഒപ്പം നടത്തുന്നു ഈ പുസ്തകം.

കടന്നുപോകേണ്ടി വന്ന ദുരന്തങ്ങൾ, ജീവിതാവസ്ഥകൾ, ഈ കവിയെ രൂപപ്പെടുത്തിയത് എങ്ങനെ എന്നുകൂടി അസാധാരണമായ കൈയൊതുക്കത്തോടെ വരച്ചുകാട്ടുന്നുണ്ടിവിടെ. പിന്നിട്ട ജീവിതം വിവരിക്കുമ്പോൾ ചിലയിടത്തു കണ്ണീരുണങ്ങിപ്പിടിച്ചിരിക്കുന്നു. ചിലയിടത്ത് അതൊരു ചലച്ചിത്രംപോലെ മനോഹരമായ കാഴ്ചയുടെ അനുഭവമാകുന്നു. സൂക്ഷ്മാംശങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നു. ചിലയിടത്ത്, വേറാരുടെയോ ജീവിതം വിവരിക്കുന്ന പോലെ തികച്ചും നിർമമമായി കാട്ടിത്തരിക മാത്രം ചെയ്യുന്നു. ജീവിതം കൊളുത്തിയ ദീപാരാധനകളും നക്ഷത്രങ്ങളും നിലാവും പോലെ തന്നെ, ചില ഭൂകമ്പങ്ങളും അവയുടെ പ്രകമ്പനങ്ങളും നിശ്ശബ്ദമായ നിലവിളികളും വായനക്കാരനെ എക്കാലത്തേയ്ക്കും അസ്വസ്ഥപ്പെടുത്താതിരിക്കില്ല.

പല സംഭവങ്ങളും വിവരിക്കവേ, അവ അസംസ്‌കൃത വസ്തുക്കളായി, ഒടുവിൽ അതൊരു കവിതയിലേയ്ക്ക് എങ്ങനെ എത്തിച്ചേരുന്നു എന്ന് വിവരിച്ചിരിക്കുന്നത് ഒത്തിരി കൗതുകമായി തോന്നി. കാവ്യ കുതുകികൾക്ക് ഒരു പാഠപുസ്തകമായി പോലും അനുഭവപ്പെടാവുന്ന വിധത്തിൽ വഴികളിൽ നിന്ന് വരികളിലേക്ക് ഈ വായന കൊണ്ടുപോകുന്നുണ്ട്. ചില കുറിപ്പുകളൊക്കെ പറഞ്ഞറിയിക്കാനാവാത്ത വിധം മനോഹരങ്ങളാണ്. ദേബ് ജിത്ത് ഭയ്യാ, ജസ്സു ബട്ടഡീ ,വിടരുമാമ്പൽപ്പൂവുലഞ്ഞതാളം, ചുടലയ്ക്കരികിലെ ഒറ്റ വീട്... അങ്ങനെ ഒറ്റയടിക്കു പരാമർശിച്ചു പോകാനാവാത്ത വിധം മിക്കവയും വായനയിൽ ഓർമയുടെ സുഗന്ധം നിറയ്ക്കുന്നു.

'ഓർമ്മ തൻ വൈദ്യുതക്കമ്പി മേലെ
താനറിയാതെ കാൽവെച്ചു പോയ' ഒരനുഭവം. 'തുലാമഴയുടെ തിരുഹൃദയത്തിൽ' ഇടിയും മിന്നലും മഴയും നിറഞ്ഞ ഒരു ബാല്യകാല രാത്രിയിൽ നിന്ന് 'ശിഖണ്ഡിനി'യുടെ ഒരധ്യായത്തിലെ മഴയിലേക്ക് കാലം കവിയെ എങ്ങനെ കൊണ്ടുപോയി എന്നു വിവരിക്കുന്നത് എത്ര ഹൃദയാവർജ്ജകമായി അവതരിപ്പിച്ചിരിക്കുന്നു!
'പിളർന്നു വിണ്ടലം
നിലത്തിറങ്ങി മിന്നലായിരം
മരത്തലപ്പുലച്ചുണർന്നു
ഘോര വായു താണ്ഡവം!'

ആമുഖക്കുറിപ്പിലെഴുതിയ പോലെ ജീവിതത്തിലെ അവിസ്മരണീയമായ രംഗങ്ങൾ മുഴുവനോ, ഏറ്റവും പ്രിയപ്പെട്ടവരോ ഇതിലുണ്ടാവണമെന്നില്ല. കവിയുടെ വിറയ്ക്കുന്ന വിരലുകളാൽ പകർത്തിയ ചില വിഹ്വലതകൾ, അനുഭവങ്ങൾ കാഴ്ചപ്പാടുകൾ ഇവ മാത്രം. മീതേ ഓർമകളുടെ മഹാശിഖരമിടിഞ്ഞു വീണിട്ടും ഇപ്പോഴും അഗാധതയിൽ ഇളകുന്ന പുരാതന നദികൾ.

വായനയുടെ വസന്തമാണ് ഈ ഓർമക്കുറിപ്പുകൾ. പണ്ടു ബാല്യകാല സഖിയെ പറ്റി എഴുതപ്പെട്ട പോലെ ഈ പുസ്തകത്തിന്റെ താളുകളിൽ ചോരപുരണ്ടിരിക്കുന്നു. നല്ലൊരു വായനക്കാരന് ഒരിക്കലും നഷ്ടപ്പെടാനിടയാകരുത് ഈ പുസ്തകത്തിലൂടെയുള്ള യാത്ര. അത്രത്തോളം മനോഹരമാണിത്. ഷീജയുടെ കവിതകൾ പോലെ...