തൂക്കണാംചെമ്പരത്തികൾ പൂത്തു ചാഞ്ഞു കിടക്കുന്ന വെള്ളമതിലായിരുന്നു അടയാളം. ചുവന്ന പാരച്യൂട്ടുകൾ പോലെ പൂക്കൾ കാറ്റിൽ പൊങ്ങിയും താഴ്ന്നും കളിച്ചു. ഓട്ടോറിക്ഷ ഗേറ്റിലെത്തുമ്പൊഴേയ്ക്കും കവി ഇറങ്ങി വന്നു. ഉത്സാഹപൂർവ്വം വരവേറ്റു. സഹധർമ്മിണിയും ചിരിയോടെ വരാന്തയിലേയ്ക്കു വന്നു.

To advertise here,

ഒരു ഫയൽ ഞാൻ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്. അതിൽ കുറേ കവിതകളുടെ ഫോട്ടോസ്റ്റാറ്റുകളാണ്. മെഷീനിലൂടെ കയറിയിറങ്ങിയ ആ കടലാസുകൾക്ക് ഇപ്പോഴും പ്രിന്റിന്റെ ഇളംചൂടുണ്ട്. അതോ പഴയ അക്ഷരവിസ്ഫോടനങ്ങളുടെ ഓർമ്മച്ചൂടോ?

എഴുത്തില്ലാക്കാലത്തിന്റെ ക്രൗര്യം, ഓർമ്മകളിലെ പഴയ കവിതകളുടെ ഒളിയിടങ്ങൾ തേടിപ്പിടിച്ച് ഓരോന്നിനെയായി വെടിവെച്ചിട്ടു കളഞ്ഞിരുന്നു. ഹൃദയത്തിൽ ഒരു ചോരത്തുളയുമായി അവ അനാഥരായി പെരുവഴിയിൽ ചിതറിക്കിടന്നു. വളരെക്കാലത്തിനുശേഷം അപ്രതീക്ഷിതമായി വീണ്ടും ഒരു കവിത എഴുതാനിടയായപ്പോൾ ഇവരെയെല്ലാം ഓർമ്മ വന്നു.ഒരിക്കൽ പ്രാണനെപ്പോൽ സ്നേഹിച്ചതാണ്. ഉചിതമായൊരു യാത്രയയപ്പെങ്കിലും അവയർഹിക്കുന്നുണ്ട്.

അവയെ ഒരു പുസ്തകത്തിൽ അടക്കം ചെയ്ത് റീത്തു വെച്ച് വിട നൽകണമെന്നൊരു തോന്നൽ എന്നെ ബാധിച്ചു. ഇനി എഴുതില്ലായിരിക്കാം, സാരമില്ല. എഴുതിയിരുന്നു എന്നതിന് ഒരോർമ്മക്കല്ലറ ശേഷിക്കട്ടെ.

കോളേജ് കാലത്തെഴുതിയുപേക്ഷിച്ച കവിതകളിൽ പലതും എവിടെയോ പോയി. പക്ഷേ കിട്ടിയവ തിരുത്താനിരുന്നപ്പോൾ, മണ്ണിനടിയിലെ ഒരൊറ്റ കന്ദത്തിൽ നിന്ന് ചില ചെടികൾ ചുറ്റുപാടും പൊട്ടിക്കിളിർത്തു പരക്കുമ്പോലെ സ്വയമറിയാതെ പുതിയ കവിതകളുണ്ടായി. വിചാരിക്കാത്തവിധം ആ പുസ്തകശ്രമം ഒരു തിരിച്ചുവരവിലേയ്ക്ക് വഴി തുറക്കുമ്പോലെ.

അപ്പൊഴാണ് പണ്ടുമുതലേ പരിചയമുള്ള ഒരു മുതിർന്ന കവി രംഗപ്രവേശം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കയ്യിൽ എന്റെ ചില പഴയ കവിതകളുണ്ട്. വാരികകളിൽ വന്നത് വെട്ടിസൂക്ഷിച്ചതാണ്. "ഒരു ദിവസം വരൂ, തരാം." എന്നദ്ദേഹം ഹൃദയാലുവായി. അവ കൂടി തിരുത്തി പുസ്തകത്തിൽ ചേർക്കാൻ ഞാനാഗ്രഹിച്ചു.

എഴുതാതിരുന്ന കാലത്തും എന്നെ വിളിക്കാറുണ്ടായിരുന്നു. ബാലപംക്തിക്കാലം മുതൽക്കറിയാം.

പക്ഷേ പരിചിതനായിരുന്നെങ്കിലും, സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും എന്നെ അമ്പരപ്പിച്ച കവിയായിരുന്നില്ല അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വായനക്കാരിയല്ല.

അഭിപ്രായങ്ങളും "പ്രതിജനഭിന്ന" മാണല്ലോ. നൂറുപേരോടു ചോദിച്ചാൽ നൂറായിരം അഭിപ്രായമുണ്ടാവും.

എനിക്ക് കാപ്പി ഇഷ്ടമായതു കൊണ്ട് ലോകം മുഴുവൻ കാപ്പിത്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും രാവിലെയെണീറ്റ് ആളുകൾ കാപ്പിക്കുരു ശേഖരിക്കണമെന്നും ആവി പൊങ്ങുന്ന കാപ്പിയല്ലാത്തൊരു പാനീയം ലോകത്തിനു പാടില്ലെന്നും വിചാരിക്കാൻ മാത്രം ഒരു വിഡ്ഢിയല്ല ഞാൻ. ആസ്വാദനത്തിലെ രുചിവൈവിദ്ധ്യങ്ങളെ അന്നുമിന്നും ബഹുമാനിക്കുന്നു. ഇഷ്ടങ്ങളെല്ലാം ആപേക്ഷികങ്ങളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വായനക്കാരുണ്ടാവും. ഞാനതിൽപ്പെടുന്നില്ല എന്നുമാത്രം.

അദ്ദേഹം എന്റെ കവിതകളെ വളരെ പ്രശംസിക്കാറുണ്ട്. കവിതയിലെ താത്പര്യങ്ങൾ മനുഷ്യരെന്ന നിലയിലെ കവികൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. അങ്ങനെ ബാധിച്ചാൽ നമ്മളെത്ര ചെറിയ മനുഷ്യരായിപ്പോവും. വലിയ പൊക്കമുള്ള ഇത്തരം ചെറിയ മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്. ഞാനല്ലെങ്കിലേ ഉയരമില്ലാത്തയാളാണ്. കവിതയ്ക്കപ്പുറവും ചില ചെറിയ ഇഷ്ടക്കേടുകളുണ്ടായിട്ടുണ്ടെങ്കിലും അവയുമായി പൊരുത്തപ്പെട്ട് സൗഹൃദം തുടർന്നു.

പണ്ട് എന്റെ ബാലപംക്തി കുട്ടിക്കാലത്ത് ഈ കവി എനിക്കൊരു കത്തയച്ചു. പ്രസിദ്ധീകരിച്ചു വന്ന കവിത വായിച്ചു. വളരെ ഇഷ്ടമായി എന്നാണ് കത്ത്.

പോസ്റ്റ്കാർഡിനു താഴെ NB എന്നിട്ടിട്ട് ഏറ്റവും പുതിയ കവിത അയച്ചു തരൂ എന്നൊരു നിർദ്ദേശവുമുണ്ട്. ഒന്നു വായിക്കാനാണ്. അന്ന് കൊച്ചു കുട്ടിയാണ്. "ചിറകു കുരുത്തു വരുന്നതിനു മുമ്പുള്ള ചിന്നക്കുരുവി." ആകെയങ്ങു കുളിർത്തുപോയി. ഹൊ! ഒരാൾ നമ്മുടെ കവിത ഇഷ്ടപ്പെട്ട് കത്തയച്ചിരിക്കുന്നു.! അതും മുതിർന്ന ഒരാൾ. ഒരു നൂറുവട്ടം ആ കത്തു വായിച്ചിട്ടുണ്ടാവും. അതിനെപ്പറ്റിയോർക്കുമ്പോഴെല്ലാം ഒരു നറുംചിരി സ്വയമറിയാതെ ചുണ്ടിൽ വിടർന്നു.

ഏറ്റവും പുതിയ കവിത തന്നെയയച്ചു.നൂറു വെട്ടും തിരുത്തും കഴിഞ്ഞ് ഫെയറെഴുതി. കവർ ഒട്ടിക്കുംമുമ്പ് പോസ്റ്റോഫീസ് വരാന്തയിലെ പശ ചിന്തിയ ഡസ്ക്കിൽ വെച്ച് പരിമിതസാഹചര്യങ്ങളിൽ വീണ്ടും ഒരു കുഞ്ഞിത്തിരുത്ത് വരുത്തി. ഒട്ടിച്ചു. മതിയായില്ല. പെട്ടെന്നൊരു മറുവാക്കു തോന്നി. ഒട്ടിച്ച കവർ തുറന്നു. അലട്ടിക്കൊണ്ടിരുന്ന ഒരു വാക്കു വെട്ടി പുതിയതൊട്ടിച്ചു… ശരിയായില്ല. തല വീണ്ടും പുകഞ്ഞു. അങ്ങനെ ധ്യാനമഗ്നയായും ചഞ്ചലചിത്തയായും അനുക്ഷണം മാറിമറിഞ്ഞു. അപ്പുറത്തിരുന്നു കല്യാണക്കുറികൾ പേരെഴുതി ഒട്ടിക്കുന്ന ഒരമ്മാവൻ തുറിച്ചു നോക്കി. ഗത്യന്തരമില്ലാതെ വെട്ടിയ വാക്കു തന്നെയെഴുതി വേദനയോടെ അതിനെ പോസ്റ്റ്ബോക്സിൽ നിക്ഷേപിച്ചു.

പിന്നെ ആ വരികൾ തന്നെ മനസ്സിൽ നുണഞ്ഞു നടന്നു. മറ്റൊരാൾ വായിക്കുന്നത് സങ്കൽപ്പിച്ചു കുളിരുകയും പൊള്ളുകയും ചെയ്തു. ആശങ്കയും അനുഭൂതിയും ചേർന്ന സങ്കരസന്തതിയാണ് മറ്റൊരാൾക്കു കവിത വായിക്കാൻ കൊടുക്കുമ്പോൾ ഉദ്ഭൂതമാവുന്ന വികാരം. വല്ലാത്തൊരവസ്ഥയാണ്. കാന്താരിസർബ്ബത്തു പോലെ മധുരമുള്ള എരിവ് .

ഒരാഴ്ചയ്ക്കുള്ളിൽ കവിയുടെ മറുപടി കിട്ടി.നമ്മുടെ അരുമക്കുഞ്ഞിനെയാണല്ലോ സമ്മാനിച്ചിരിക്കുന്നത്. ഇളംപുല്ലു കണ്ട കലമാനെപ്പോലെ ഉള്ളം തുള്ളിക്കളിച്ചു. നോക്കട്ടെ നോക്കട്ടെ. കവറു പൊട്ടിക്കാൻ മനസ്സു വെമ്പുകയാണ്. അനുമോദനങ്ങളുടെ പൂച്ചെണ്ടുകളിട്ടു വെയ്ക്കാൻ ഹൃദയം മേശവിരി കുടഞ്ഞു വിരിച്ചു, മേലെ കുപ്പിപ്പൂപ്പാത്രമൊരുക്കിവെച്ചു.ഇളംചില്ല മെല്ലെ ചായ്ച്ച് മധുരക്കനി ഞെട്ടടർത്തുമ്പോലെ, ലോലമായി തപാൽക്കവറിന്റെ കഴുത്തു പിരിച്ചു.

അകത്തു രണ്ടു കടലാസ്സുകളുണ്ടായിരുന്നു. ആദ്യത്തേത് കത്താണ്. പ്രിയപ്പെട്ട കുട്ടി, കവിത തരക്കേടില്ല, പക്ഷേ ഇനിയും നന്നാവാനുണ്ട്. അന്നേ

ഭീകരവികാരജീവിയാണ് ഞാൻ. ഇന്നും... പ്രകോപിതയാൽ വന്യജീവിയാവും. ക്ഷണനേരം കൊണ്ട് തണുത്തു മഞ്ഞുജീവിയുമാവും.

സങ്കടം വന്നു. സാരമില്ല സാരമില്ല ഞാനെന്നെ കെട്ടിപ്പിടിച്ചു. എല്ലാർക്കും എല്ലാമിഷ്ടമാവണമെന്നില്ല.

പക്ഷേ അടുത്ത പേജാണെന്നെ അടിമുടി തകർത്തുകളഞ്ഞത്. അത് അയച്ച കവിതയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞ ബോഡിയായിരുന്നു.. വെട്ടിപ്പിളർന്ന് കൂട്ടിത്തുന്നിയ മൃതശരീരം. മൂടിപ്പൊതിഞ്ഞ വെള്ളത്തുണിയിൽ ചിതറിത്തെറിച്ച ചോരത്തുള്ളികൾ പോലെ ചുവപ്പുമഷിയാൽ കുനുകുനു അക്ഷരത്തിൽ തിരുത്തലുകൾ. ആ ഛിന്നഭിന്നശരീരം കണ്ട്, മനസ്സു തളർന്നു നിന്നുപോയി.

ഒരു കവിത അതിസാധാരണമാവാൻ എന്തൊക്കെ വേണമോ അതെല്ലാം അതിൽ ചെയ്തയച്ചിട്ടുണ്ട്. വെറും ബാലിശമായ തിരുത്തുകൾ. എവിടന്നൊക്കെയോ കെട്ടിയിറക്കിയ നിഘണ്ടുവാക്കുകൾ. ഒരു രചനയിലാവുമ്പോൾ നമ്മൾ വിചാരിക്കില്ലേ എഴുതിത്തേഞ്ഞ വരികൾ, വാക്കുകൾ, ആശയങ്ങൾ ഒഴിവാക്കണമെന്ന്. അങ്ങനെ ഒഴിവാക്കിയതിനെയെല്ലാം തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു.

മറ്റൊരാളുടെ കവിത തിരുത്താൻ നമ്മളാരാണ്? അഭിപ്രായങ്ങൾ വേണമെങ്കിൽ പറയാം. മറുഭാഗത്തിന് വേണമെങ്കിൽ സ്വീകരിക്കാമല്ലോ. അതല്ലാതെ സ്വന്തം കഴിവോ കഴിവുകേടോ അന്യന്റെ പരിശ്രമത്തിൽ ഇടപെടുത്തുന്നത് എത്ര കഷ്ടമാണ്. അമ്മാതിരി പ്രതിഭാശാലിയാണെങ്കിലും സഹിക്കാമെന്നു വെക്കാം. നമ്മൾ കവിയായി ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്തൊരാൾ കവിത വെട്ടിത്തിരുത്തുന്നത് എങ്ങനെ താങ്ങും? നിർദ്ദേശങ്ങൾ ഹൃദയപൂർവ്വം സ്വീകരിക്കാം. അതുപോലല്ല തിരുത്തൽ. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാൻ തിരുത്തുകൾ ഇഷ്ടപ്പെട്ടില്ല. രണ്ടിന്റെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനായിരുന്നു ഇഷ്ടം.

അന്നത്തെ ചെറുബുദ്ധിയിൽ, വേദനയോടെ ആ കവിതയെ ഞാൻ മറവിയിൽ സംസ്ക്കരിച്ചു. ഇതിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചതുമില്ല. ഞാൻ വെറുമൊരു പ്രീഡിഗ്രിക്കാരി. കവിതയിലെ തുടക്കക്കാരി. ആരോടും അടരാടാൻ അന്നുമിന്നും താത്പര്യമില്ല.

പക്ഷേ, വെട്ടുകൊള്ളാത്ത അവസാനവരികൾ എന്നെ വിട്ടുപോവാനൊരുക്കമായിരുന്നില്ല.

അവയെ "കിളിമരം" എന്ന സമാഹാരത്തിന്റെ ആദ്യതാളിൽത്തന്നെ ഒരു ആമുഖമായി പ്രതിഷ്ഠിച്ചു. കാവ്യസംഘർഷഭരിതമായ പ്രീഡിഗ്രിക്കാലത്തിന്റെ ഓർമ്മയിൽ.

അതിപ്പൊഴും അവിടെയുണ്ട്. ഒരു പതിനേഴുകാരിയുടെ നെഞ്ചിടിപ്പുമായി.

"നിറയും നീലിമയാൽത്തരളിതമീ

പ്രിയജലദങ്ങൾക്കംബരമാവൂ.''

പിൽക്കാലത്ത്, വിഷുപ്പതിപ്പു സമ്മാനം ലഭിച്ചശേഷം കവിയെന്നോട് ഒരു വാരികയ്ക്കു വേണ്ടി കവിത ആവശ്യപ്പെട്ടു. വായിക്കാനല്ല, പ്രസിദ്ധീകരിക്കാനാണല്ലോ. അയച്ചു കൊടുത്തു. അതു പ്രസിദ്ധീകരിച്ചു.

ആയുർവേദ കോളേജിൽ പഠിക്കുന്ന കാലമാണ്. അറബിക്കഥകൾ എന്നുമെന്റെ പ്രാണനായിരുന്നു. അവയെ അധികരിച്ച് ഒരു കവിത എഴുതുകയുണ്ടായി.പുതിയ കവിതയെപ്പറ്റി കവി അന്വേഷിച്ചപ്പോൾ, ഇക്കാര്യം പറഞ്ഞു. അപ്പോൾ പ്രശസ്തവാരികയ്ക്ക് നേരിട്ട് അയക്കണ്ട അദ്ദേഹം തന്നെ എത്തിച്ചോളാമെന്നായി. നിർദ്ദേശമല്ല, സ്നേഹപൂർവ്വമായ നിർബ്ബന്ധം. വഴങ്ങി. അദ്ദേഹത്തിനയച്ചു കൊടുത്തു.

പിന്നെ ആകാംക്ഷയോടെ കാത്തിരിപ്പാരംഭിച്ചു. അടുത്ത ലക്കത്തിൽ വന്നില്ല. അതിന്റെയടുത്ത ലക്കത്തിൽ ആകാംക്ഷയോടെ വാരിക തുറന്നപ്പോൾ അതാ കിടക്കുന്നു.. എന്റെയല്ല, സമകാലികയായ മറ്റൊരു കവിയുടെ പേരിൽ.. അതേ തലക്കെട്ട്. ഒരു മാറ്റവുമില്ല. അതേ ആശയവും. വരികൾ മാത്രം വേറെ രീതിയിൽ. കണ്ണുകൾ കവിഞ്ഞൊഴുകി. കോളേജ് ലൈബ്രറിയ്ക്കപ്പുറം വലിയ നാഗമരത്തിന്റെ ചില്ലയെ മഴക്കാറ്റു തല്ലിക്കൊഴിക്കുന്നതു നോക്കി നിശ്ശബ്ദയായിരുന്നു.

ആ കവിയും ഇദ്ദേഹത്തിന്റെ വാത്സല്യഭാജനമാണ്. കവി നിരപരാധിയെന്നു തന്നെ കരുതുന്നു. അവർക്കിതിന്റെ ആവശ്യമില്ല. പക്ഷേ അതിനു പിന്നിലെ മായാജാലമെന്തെന്ന് ഇന്നുമറിയില്ല. ചോദിക്കാമായിരുന്നു. ചോദിച്ചതേയില്ല. ആ കവിത എന്റെ ഒരു സമാഹാരത്തിലും ഉപയോഗിച്ചില്ല.

കുറേക്കാലത്തിനുശേഷം ഒരിക്കൽ കവി ആയുർവേദകോളേജ് ഹോസ്റ്റലിൽ എന്നെ കാണാൻ വന്നു. സന്ദർശനമുറിയിലേയ്ക്ക് ഞാൻ തിരക്കിട്ടു ചെല്ലുമ്പോൾ സഞ്ചിയിൽ നിന്നൊരു പൊതിക്കെട്ട് പുറത്തെടുത്തു. അവലോസുണ്ടയായിരുന്നില്ല. ഒരു പേപ്പർക്കെട്ടാണ്. അദ്ദേഹത്തിന്റ പുതിയ പുസ്തകത്തിന്റെ കരട്. അത് എഡിറ്റ് ചെയ്ത് ഭംഗിപ്പെടുത്താനുള്ള ഭാഗ്യം എനിക്കാണ്. എഡിറ്റു ചെയ്യുക എന്നാൽ അടിമുടി തിരുത്തുക തന്നെ.

ഞാനമ്പരന്നു. ഒരു പ്രതിമയുടെ ഓരോ വളവിലും ഒടിവിലും ശിൽപിയുടെ ഉളിപ്പാടുകൾ പതിയുമ്പോലെ, കാവ്യശരീരം ആദ്യന്തം അതെഴുതുന്നയാളുടെ ഹൃദയപ്പാടുകൾ പേറുന്നു. മറ്റൊരാൾ അതിൽ കൈവെച്ച് അയാളുടെ പ്രാണൻ പകർത്തിയശേഷം അതിനെ സ്വന്തം എന്നവകാശപ്പെടാനാവുമോ? സ്വന്തം കവിതയോടുള്ള അലക്ഷ്യ മനോഭാവത്തിന്റെ അർപ്പണമില്ലായ്മയുടെ അല്ലെങ്കിൽ വിശ്വാസമില്ലായ്മയുടെ ഉത്തമോദാഹരണം. സ്വന്തം കുഞ്ഞിനെ അന്യനോടു വളർത്തിത്തരാൻ പറയുന്ന പരിപാടി.

അത്ര വിശാലഹൃദയം ഈ വിഷയത്തിലാവശ്യമില്ല എന്നാണ് കാഴ്ചപ്പാട്. എങ്കിലും പറ്റില്ലെന്ന് പറയാനുള്ള കഴിവില്ലായ്മ പലപ്പൊഴും ചൂഷണം ചെയ്യപ്പെടാറുണ്ട്. പക്ഷേ അപ്പോൾ ഒരു തരത്തിലുമതേറ്റെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. പരീക്ഷയുടെ ഡേറ്റ് വന്നു കഴിഞ്ഞു. തലകുത്തിപ്പഠിത്തത്തിന്റെ സമയം.

കവിയ്ക്കാണെങ്കിൽ എത്രയും പെട്ടെന്നു തിരുത്തിക്കിട്ടണം. കഴിയാത്ത അവസ്ഥയായിരുന്നു. സത്യം പറഞ്ഞു. കവി നിർബന്ധിച്ചു. അന്നൊക്കെ ഒരു നിവൃത്തിയുണ്ടെങ്കിൽ ഇതുപോലുള്ള വള്ളിക്കെട്ടുകൾ ഏറ്റുവാങ്ങിപ്പോവും. ഇതു പക്ഷേ ഒരു രക്ഷയുമില്ലായിരുന്നു. കവി മടങ്ങി. മുഷിഞ്ഞു കാണണം.

പിന്നൊരിക്കൽ എന്നെ വീട്ടിൽ വന്നു കണ്ടു. "പിഴച്ചവൾ "എന്ന വിഷുപ്പതിപ്പു കവിത വെട്ടി സൂക്ഷിച്ചത് എനിക്കു തന്നു. ഷീജ പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് ഗംഭീരപ്രോത്സാഹനം.

ഒരു നറുംചിരിയോടെ അദ്ദേഹം പറഞ്ഞു, "അതിന്റെ അവതാരിക എനിക്കെഴുതണം. "

ഞാൻ നടുങ്ങിയെങ്കിലും വിനീതമായി ചിരിച്ചു. മറുപടി പറയാതെ വിഷയം മാറ്റി. അന്ന് ഞാൻ എഴുത്തിലില്ല. വീണ്ടുമെഴുതുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത കാലമാണ്.

പുസ്തകമായെങ്കിലല്ലേ അവതാരിക എഴുതേണ്ടു എന്ന് സമാശ്വസിച്ചു. അതീ ജൻമം ഉണ്ടാവുകയില്ല.

 

പക്ഷേ വിധി വേറെയായിരുന്നു. കാവ്യ വൃക്ഷം വീണ്ടും തളിർത്തു. അങ്ങനെ ഇപ്പോൾ അത് ആദ്യപുസ്തകത്തിലേയ്ക്ക് വളരുകയാണ്.

ഒരു സംഭാഷണമദ്ധ്യേ പുതിയ പുസ്തകശ്രമത്തിന്റെ കാര്യം ചർച്ചയായപ്പോഴാണ് ഈ ക്ഷണമുണ്ടായത്. പണ്ടെന്നോ എഴുതി എന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ടു പോയ ഒന്നുരണ്ടു കവിതകളുടെ കൂടി കോപ്പി അദ്ദേഹത്തിന്റെ കയ്യിലുണ്ട്. തരാമെന്ന്. അതു കിട്ടുമെന്നോർത്തപ്പോൾ വലിയ സന്തോഷം തോന്നി. പുസ്തകത്തിൽ ചേർക്കാമല്ലോ.

മുമ്പും പലവട്ടം വിളിച്ചിട്ടുണ്ട്. പക്ഷേ പൊതുവെ ഗൃഹസന്ദർശനങ്ങളിൽ ഒരു മടി, ഇടപെടലുകളിൽ ഒരു പേടി എന്റെ സ്വഭാവമായിരുന്നു. ഇതിപ്പോൾ ഒരനിവാര്യതയാണ്.

ഒരു ബന്ധുക്കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു ആ ആഴ്ച. സമ്മാനമായി ഒരു കുഞ്ഞുവള വാങ്ങണം. പോവുംവഴിയാണ് കവിഭവനം. അവിടെയൊന്നിറങ്ങി അത് വാങ്ങിപ്പോവാൻ തന്നെ തീരുമാനിച്ചു.

"പുസ്തകത്തിനായി തയ്യാറാക്കിയ കവിതകൾ കൂടി കൊണ്ടു വരൂ. ഒന്നു വായിക്കട്ടെ," കവി നിർദ്ദേശിച്ചു. പഴയ ഓർമ്മയിൽ ഒരു ചെറിയ ഞെട്ടൽ അനുഭവപ്പെട്ടു.

ഒറിജിനലാണ് കയ്യിൽ. കവിയ്ക്ക് കൊടുക്കാൻ ഫോട്ടോസ്‌റ്റാറ്റെടുത്തു.

ആദ്യമായൊരാളെ കാണിക്കുകയാണ് ആദ്യത്തെ കാവ്യപുസ്തകസംരംഭം.

ഭർത്താവും ഒപ്പമുണ്ടായിരുന്നു.

കവി ഞങ്ങളെ സന്തോഷപൂർവ്വം സിറ്റൗട്ടിൽ നിന്ന് ചെറിയൊരു സ്വീകരണമുറിയിലേയ്ക്ക് ആനയിച്ചു. കയ്യിലിരുന്ന ആപ്പിൾഓറഞ്ചാദി ദ്രവ്യങ്ങൾ മേശമേൽ വെച്ചുകൊണ്ട്. അദ്ഭുതലോകത്തിൽപ്പെട്ട ആലീസിനെപ്പോലെ ഞാൻ ചുറ്റും പരപരാനോക്കി. പുരാവസ്തുവകുപ്പിന്റെ എക്സിബിഷൻഹാളിലേയ്ക്കു പ്രവേശിച്ച പോലെ .

ചുവരുകളിൽ ഒരിഞ്ചുസ്ഥലം ബാക്കിയില്ല. കാക്കത്തൊള്ളായിരം മെമന്റോകൾ ചുവരലമാരയിൽ തിങ്ങിഞെരുങ്ങിയിരിക്കുന്നു. അതു പോരാഞ്ഞ് കവിയ്ക്കു കിട്ടിയ പ്രശസ്തിപത്രങ്ങൾ ഒന്നൊഴിയാതെ ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ട്.

ഹൃദ്യമായ ചിരിയോടെ കവി ചാരുകസേരയിൽ ഉപവിഷ്ടനായി. പിന്നെ സ്നേഹപൂർവ്വം ചോദിച്ചു, "എവിടെ , കവിതകളെവിടെ? " ഞാൻ എന്റെ പിടയ്ക്കുന്ന ഹൃദയം ഫയലോടു കൂടി അദ്ദേഹത്തിനു നീട്ടി. അതു വാങ്ങി, അലക്ഷ്യമായി റ്റീപ്പോയിൽ നിക്ഷേപിക്കപ്പെട്ടു.

കുശലപ്രശ്നങ്ങൾക്കു ശേഷം അദ്ദേഹം പുതിയതായി പ്രസിദ്ധീകരിക്കാൻ പോവുന്ന സ്വന്തം കുട്ടിക്കവിതാപുസ്തകത്തെപ്പറ്റി വാചാലനായി.ഒരുറുമ്പുനിര മധുരത്തരിയും പേറി ചുമരിലേയ്ക്കു പ്രവേശിക്കുന്നത് എന്റെ കണ്ണിൽപ്പെട്ടു. അവയുടെ യാത്രാപഥം വീക്ഷിച്ചു. അരമണിക്കൂർ കഴിഞ്ഞു കാണും.. ഞങ്ങൾക്ക് പോവാനുണ്ട്, അമ്മായീടെ കുഞ്ഞുമോൾക്ക് വള... എവിടെ മിണ്ടാൻ ഗ്യാപ്പ് കിട്ടീട്ടു വേണ്ടേ?

കുട്ടിക്കവിതകളുടെ സമകാലിക പ്രസക്തിയെപ്പറ്റിയുള്ള ആ പ്രഭാഷണം അവസാനിച്ചപ്പോൾ ഞാൻ നെടുവീർപ്പിട്ടു. കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു. ഉറുമ്പുനിര വാതിൽപ്പഴുതിലൂടെ എവിടെയോ അന്തർധാനം ചെയ്തു കഴിഞ്ഞു.

ഒരു മന്ദഹാസത്തോടെ കവിയെഴുന്നേറ്റ് ഉള്ളിലേയ്ക്കു പോയി. അടുക്കളയിൽ പാചകശ്രമങ്ങളുടെ ഒച്ചകൾ. കവിയുടെ സഹധർമ്മിണി ചായയുമായി വന്നപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു, "അമ്മേ ഞങ്ങളിപ്പോഴിറങ്ങും. പോയിട്ട് അൽപ്പം തിരക്കുണ്ട്. "

"അങ്ങനെ പറഞ്ഞാലോ ഇവിടെ ഊണെല്ലാമായിക്കഴിഞ്ഞു. ആദ്യമായി വീട്ടിൽ വന്നിട്ട്.. എന്തെല്ലാമോ ചർച്ച ചെയ്യാനുണ്ട്, ഉച്ചയ്ക്കേ പോവുള്ളു എന്ന് മാഷ് പറഞ്ഞല്ലോ. ഊണു കഴിച്ചു പോയാൽ മതി.," ഞങ്ങൾ കുടുങ്ങി. കുഞ്ഞുവള, സാരി വാങ്ങൽ പല പദ്ധതികളുണ്ട്.

കവി മടങ്ങിവന്നത് ഒരു ഫയലുമായാണ്. അത് തുറന്ന് വെട്ടി സൂക്ഷിച്ചിരുന്ന എന്റെ ഒരു പഴയ കവിത എടുത്തു തന്നു. ഞാൻ അത് സ്നേഹപൂർവം സ്വീകരിച്ചു. ഒന്നു കണ്ണോടിച്ചു. പോര, ഉപയോഗപ്പെടുമെന്നു തോന്നുന്നില്ല. കുറെ പണിയെടുക്കേണ്ടി വരും. നെടുവീർപ്പിട്ടു.

പിന്നെ കവി കയ്യിലിരുന്ന ഫയൽ എനിക്കു നേരെ നീട്ടി. വളരെ ഭവ്യമായി, വാത്സല്യത്തോടെ പറഞ്ഞു. ഇതാണ് കുട്ടിക്കവിതകളുടെ കരട്. ഷീജയും പ്രശാന്തും കൂടി ഇതൊന്ന് നോക്കി വേണ്ട തിരുത്തുകൾ വരുത്തിത്തരണം. എന്റെയൊരാഗ്രഹമാണ്.

ഞങ്ങൾ പരസ്പരം നോക്കി. പത്തു നൂറു പേജുകളുള്ള ഒരു സാധനം. അറ്റത്തു പൂക്കളുള്ള ഒരു ചങ്ങല ടൈലിട്ട നിലത്തു നിന്നു പടർന്നു കയറുന്നതായും എന്റെ കൈത്തണ്ടകളെ കസേരക്കൈയോടു ചേർത്തുവരിയുന്നതായും അനുഭവപ്പെട്ടു. പുഷ്പബന്ധനത്തിൽ വീർപ്പുമുട്ടി ഞാൻ കൈ വിടുവിക്കാൻ ശ്രമിച്ചു. ഒരു രക്ഷയുമില്ല. ഇതൊരു തീരുമാനമാകാതെ ഇവിടന്നു പുറംലോകം കാണുകയില്ല.

നിവൃത്തിയില്ലാതെ ഫയൽ തുറന്നു. "ഓരോന്നും വായിച്ച് വേണ്ട തിരുത്തുകൾ നിർദ്ദേശിക്കൂ." കവി പുഞ്ചിരിച്ചു. ഒന്നു രണ്ടെണ്ണം മറിച്ചു. എഴുന്നേറ്റോടാൻ തോന്നി. ഭർത്താവ് ഋഷിയെപ്പോൽ സംയമിയായിരിക്കുന്നു.

കവി മൗനം ഭഞ്ജിച്ചു. "ആ മൂന്നാമത്തെ കവിത നോക്കൂ". ഞാൻ ആ താൾ തുറന്നു. കവി ഉറക്കെപ്പാടി,

"അയ്യോ പാവം മാക്കാച്ചി

അയ്യട നല്ലൊരു മാക്കാച്ചി"

ഇതിൽ മാക്കാച്ചിയ്ക്കു പകരം കോക്കാച്ചിയായാൽ എങ്ങനെയുണ്ടാവും.?" തൊട്ടിപ്പുറത്തു നിന്ന് എന്തോ ഒരൊച്ച കേട്ട പോലെ. അരികിൽ യോഗാവസ്ഥയിലിരുന്ന ഋഷി എന്തോ കടിച്ചുവിഴുങ്ങുകയാണ്. അടക്കിപ്പിടിച്ച ഒരു ചിരിയെ സംഹരിക്കാനുള്ള സാഹസികയത്നം.

ഭാഗ്യം, ഫോൺ ബെല്ലടിച്ചു. കവി എഴുന്നേറ്റ് അകത്തേയ്ക്കു പോയി. ഞങ്ങൾ നിയന്ത്രണംവിട്ട് തലകുത്തിച്ചിരിച്ചു.

വീണ്ടും കവിയുടെ പാദപതനശബ്ദം. "നമ്മളെവിടെയാ നിർത്തിയത്? ഈ കവിതയുടെ പ്രത്യേകത ശ്രദ്ധിച്ചോ , കുഞ്ഞുമനസ്സുകളിൽ ആഴ്ന്നിറങ്ങുന്ന പ്രാസഭംഗി."

ഞാൻ തലകുലുക്കി.

ഭർത്താവ് കഥാകൃത്താണ്. കഥയും കവിതയും രണ്ടു സ്വതന്ത്രരാജ്യങ്ങളായി കഴിഞ്ഞുകൂടുന്നതുമാണ്. പക്ഷേ അതിർത്തി ഭഞ്ജിച്ച് അതിക്രമിച്ചു കടന്നുകൊണ്ട് അദ്ദേഹം കവിയോടു നിർദ്ദേശിച്ചു.

"പ്രാസം വെച്ചു നോക്കുമ്പോൾ ഇതു രണ്ടും കറക്ടാണല്ലോ. മാക്കാച്ചി, കോക്കാച്ചി. ഏതായാലും കൊളളാം." ഞാൻ ആ നവകാവ്യാസ്വാദകനെ വിടർന്ന കണ്ണുകളോടെ നോക്കി.

പിന്നെ തവളകളുടെയും ഓന്തുകളുടെയും ലോകത്ത് ഞങ്ങൾ സ്വയം നഷ്ടപ്പെട്ടു. ഒരു മണിക്കൂർ കഴിഞ്ഞു. ഇടയ്ക്ക് ഒരു ബ്രേക്ക്. കവി രണ്ടു മൂന്ന് ആൽബങ്ങളുമായി വന്നു. മക്കളുടെ കല്യാണ ആൽബമാവും എന്നു കരുതി. ഏതെല്ലാമോ ഇൻലൻഡ് മാസികയിൽ വന്ന കവിതകൾ മുതൽ പേര് പരാമർശിക്കപ്പെട്ട ഓരോ അച്ചടിയും, തല വന്ന ഓരോ ഫോട്ടോയും വെട്ടി ഒട്ടിച്ചതാണ് ആ ആൽബങ്ങൾ. അതോരോന്നും പരിചയപ്പെടുത്തുമ്പോൾ അദ്ദേഹം ശിശുവിനെപ്പോലെ ആവേശഭരിതനായി.

ഞാൻ പരവശയായി സോഫയിൽ ചാരിയിരുന്നു. ഭർത്താവ് പറഞ്ഞു, "ഞങ്ങൾക്ക് ഒരിടത്തു പോവാനുണ്ട്. ഷീജയുടെ പുസ്തകം.."

"ഓ, അതിപ്പൊ എന്താ.ഒരുഗ്രൻ അവതാരിക ഞാനങ്ങെഴുതിത്തരില്ലേ? "

ഞങ്ങൾ രണ്ടും ഞെട്ടി. അവതാരികയോ ? ഇതിപ്പൊ എവിടെ നിന്നു പൊങ്ങിവന്നു.

അങ്ങനെയൊരു കാര്യമേ ഞങ്ങൾ പറഞ്ഞിട്ടില്ല..

എന്റെ മുഖം വാടി.

കവി അതു കണ്ടില്ലെന്നു നടിച്ചു. നിർദ്ദാക്ഷിണ്യം തുടർന്നു, "ശക്തമായ ഈ തൂലിക കൈരളിയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നൊക്കെക്കുറച്ച് പൊക്കിയങ്ങെഴുതിയേക്കാം ."

ഞാൻ നാണിച്ച് തലതാഴ്ത്തിയിരുന്നു. കൈരളിയ്ക്ക് മുതൽക്കൂട്ടാനായി കവിതയെഴുതാൻ എനിക്കു ശേഷിയില്ല. സ്വന്തം ആത്മഗതങ്ങളെക്കൊണ്ട് പൊങ്ങാത്ത കല്ലെടുപ്പിക്കുന്ന ഒരഗതി മാത്രമാണ് ഞാൻ. ഒരിക്കലും തൃപ്തി വരാത്തൊരെന്നെ തൃപ്തിപ്പെടുത്താനുള്ള സമ്പൂർണമോ ഭാഗികമോ ആയ പരാജിതശ്രമങ്ങൾ മാത്രമാണ് എന്റെ കവിതകൾ. അവയുടെ ഇളംകഴുത്തുകൾക്ക് ഇത്തരം ഘോരപ്രശംസകളുടെ പൊയ്മുടികൾ താങ്ങാൻ ശേഷിയില്ല.

ഭർത്താവിടപെട്ടു. "അതായത്, അവതാരികയെപ്പറ്റി.... മാഷോട് ചോദിച്ചു പോയി.അദ്ദേഹം എഴുതിത്തരാമെന്നേറ്റിട്ടുണ്ട്."

കവിവദനം കാർമേഘാവൃതമായി. അതുവരെക്കാണാത്ത ഒരു പുതിയ മുഖം കാവ്യമൂടുപടം നീക്കി വെളിപ്പെട്ടു. അത് ഇഞ്ചി കടിച്ചതു പോലിരുന്നു.അൽപ്പനേരത്തെ നീരസമൗനം.

ഞങ്ങൾ പോവാനിറങ്ങി. കവി ഭാര്യയെ വിളിക്കാൻ ഉള്ളിലേയ്ക്കു പോയി. അടുക്കളയിൽ നിന്ന് എന്തൊക്കെയോ അടക്കിപ്പിടിച്ച ശബ്ദങ്ങൾ.

"ചോറൊന്നും വേണ്ട കേട്ടോ..." മറുപടിയായി കവിയുടെ അരിശപ്പെട്ട ഒച്ച ഹാളിൽ കേട്ടു.

മന്ദസ്മേരവദനരായി ഞങ്ങൾ യാത്ര പറഞ്ഞു. ഉള്ളിൽ കരുതി, ഞാനിതർഹിക്കുന്നു. എത്ര കിട്ടിയാലും പഠിക്കാത്ത വിവരദോഷികൾക്കു ലഭിക്കേണ്ട തീർത്തും അർഹവും മാന്യവുമായ ശമ്പളം. "ആവശ്യമായിപ്പോയി" ഞാനെന്നോടു മുരണ്ടു.

ശമ്പളം മാത്രമേ ആയിട്ടുള്ളു. ബോണസു പിന്നാലെ വരുന്നുണ്ടായിരുന്നു.ഗേറ്റു കടക്കുമ്പോൾ കവിയുടെ പിൻവിളി. "ഇതൂടി കൊണ്ടു പൊയ്ക്കോളു". അദ്ദേഹം വായിക്കാൻ വെമ്പൽ പൂണ്ടിരിക്കുന്നതായി അറിയിച്ചതിനാൽ മാത്രം സമർപ്പിക്കപ്പെട്ട എന്റെ കവിതകളടങ്ങിയ ആ ഫയൽ റ്റീപ്പോയിൽ നിന്നെടുത്തു വന്ന് വരാന്തയിലെ ചാരുപടിയ്ക്കു മേൽവെച്ചുതന്നു... ഒന്നു മറിച്ചു പോലും നോക്കാതെ.

അപരിചിതൻ മാറിയെടുത്ത കൈക്കുഞ്ഞിനെ തിരികെ വാങ്ങുമ്പോലെ ഞാനതിനെ വാരിയെടുത്തു. മാറോടു ചേർത്തു.