
മണ്ഡലകാലമാണ്. മൈക്കിലൂടെ"ഭൂതനാഥ സദാനന്ദാ" മുഴങ്ങുന്നു. ദിവസം മുഴുവൻ നിർത്താതെ പല പല ശബ്ദങ്ങളിൽ അയ്യപ്പസ്തുതി അലയടിക്കും. അഖണ്ഡനാമജപമാണ്. ആളുകൾ കുത്തൻ കൽപ്പടികൾ ആയാസപ്പെട്ട് കയറിച്ചെന്ന് മുകളിലുള്ള അമ്പലത്തിൽ പാൽപ്പായസവും കഴിപ്പിച്ച് കുന്നിറങ്ങി വന്നു. അതിൽ പലരും ഡിസ്പെൻസറിയിലും ഒന്നു കേറും. അങ്കവും കാണാം താളിയുമൊടിക്കാം എന്നാണ് ലൈൻ. സമാന്തരമായ മറ്റൊരു ചെറിയ കുന്നിലാണ് ഡിസ്പെൻസറി. പണ്ട് പി.എസ്.സിയുടെ അപ്പോയിന്റ്മെന്റ് ലെറ്ററുമായി മിടിക്കുന്ന ഹൃദയത്തോടെ കടന്നുവന്നത്, ആദ്യമായി സർവീസിൽ ജോയിൻ ചെയ്തത് ഇതേ സ്ഥാപനത്തിലാണ്. പിന്നെ ഇവിടന്നു ട്രാൻസ്ഫറായിപ്പോയി. പലയിടങ്ങളിൽ ജോലി ചെയ്തു. പല മനുഷ്യരെ പരിചയപ്പെട്ടു. വീശി എറിഞ്ഞാൽ കുറേദൂരം സഞ്ചരിച്ചശേഷം തിരിച്ച് എറിഞ്ഞിടത്തേയ്ക്കു തന്നെ മടങ്ങിവരുന്ന ബൂമറാങ്ങിനെപ്പോലെ, സർവ്വീസിന്റെ വിവിധഘട്ടങ്ങൾ കടന്ന് പല വർഷങ്ങൾക്കു ശേഷം ഞാൻ പുറപ്പെട്ടിടത്തേയ്ക്ക് തന്നെ തിരിച്ചെത്തി. ഒരു മകൾ കൂടി ജനിച്ചിരുന്നു. അന്ന് അവൾ എൽ.കെ.ജിയിൽ പഠിക്കുന്നു.
പല മാറ്റങ്ങളും സംഭവിച്ചിരുന്നു. ഇരുവശവും കോൺക്രീറ്റ് ചെയ്തപ്പോൾ ഓടയായി മാറിയ ഈ ജലപ്രവാഹം അന്ന് ഇരുവശവും പുല്ലാനിയും വള്ളിച്ചെടികളും ചാഞ്ഞു കിടന്ന, കുത്തിയൊഴുകുന്ന ഒരു തോടായിരുന്നു. വിവിധ ഔഷധവൃക്ഷങ്ങളിൽ വള്ളികൾ പടർന്ന്കേറി കാടായിക്കിടന്ന പുരയിടവും തുരുമ്പിച്ച ഗേറ്റും ഭാർഗ്ഗവീനിലയം പോലെ, മഞ്ഞ പെയിന്റടിച്ച നീളൻ വരാന്തയുള്ള ഡിസ്പെൻസറിക്കെട്ടിടവും എല്ലാം മാറിയിട്ടുണ്ട്. എന്നാലും ചുറ്റുപാടും "കറയറ്റൊരാലസൽ ഗ്രാമഭംഗി!" മനവും മിഴിയും കവർന്നു മിന്നുന്നുണ്ടിപ്പൊഴും. റെയ്ൽ മുറിച്ചുകടന്ന്, വയലിനു നടുവിലെ റോഡിലൂടെപ്പോയി ഡിസ്പെൻസറിയെത്താനായപ്പോൾ, കാർ നിർത്തി, വഴിയരികിലെ ആ ഇരുനില വീട്ടിലേയ്ക്ക് ആകാംക്ഷയോടെ നോക്കി. ഹൊ! ആ പനിനീർച്ചാമ്പമരം അവിടെത്തന്നെയുണ്ട്. കൊഴിഞ്ഞപൂക്കൾ അതിന്റെ ചോട്ടിൽ മെജന്ത നിറമുള്ള ഒരു വൃത്തം വരച്ചു, ഇതളുകളാൽ
വൃത്തത്തിന്റെ ഉൾവശം നിറഞ്ഞിരുന്നു. പണ്ട് അച്ഛന്റെ വീടിനും വല്യച്ഛന്റെ വീടിനുമിടയ്ക്ക് ഒരു ചെറിയ പറങ്കിമാവിൻകാടുണ്ടായിരുന്നു. ചെരിഞ്ഞു കിടന്ന ഭൂമി. ആ വഴുക്കൻ ചെരുവിലൂടെ ഓടിയിറങ്ങുമ്പോൾ ബാലൻസിനായി ചെന്നു പിടിച്ചിരുന്നത് ഒരു ചാമ്പമരത്തെയാണ്. നൂലുകൾ പോലിതളുള്ള പൂക്കൾ ചോടെ വീണുകിടക്കും. പണ്ടത്തെ വഴികൾ പരുക്കനായിരുന്നു. തേരികൾ കയറിയും ഇറക്കങ്ങൾ ഓടിയിറങ്ങിയും ഒഴുക്കുകൾ മുറിച്ചും ചില യോജനകൾ നടന്നും ശീലിച്ചതാണ് തീരെക്കുട്ടിക്കാലം. പലതുകൊണ്ടും എന്റെ ജൻമനാടിനെയോർമ്മിപ്പിച്ചു ഇവിടത്തെ പ്രകൃതി.
പണ്ട് മെയ്ൻ റോഡിൽ നിന്ന് സ്ഥാപനത്തിലെത്താൻ ഓട്ടോ വിളിച്ചാലേ പറ്റുള്ളൂ. ആ സമയത്ത് ബസ്സില്ല. അന്ന് ഡ്രൈവിങ് പഠിക്കുന്ന കാലമാണ്. ഓട്ടോ വിളിച്ചാൽ അങ്ങോട്ടുള്ള മുഴുവൻ പെണ്ണുങ്ങളും തിക്കിക്കയറും. ഞങ്ങളുടെ ഓട്ടോ പാനീസ് തൂക്കിയിട്ട ഒരു കാളവണ്ടിയെപ്പോലെ ഭാരം വലിച്ച് വലിഞ്ഞിഴഞ്ഞ്, കേറ്റം കേറിയെത്തും. എത്ര വർഷങ്ങൾ! അന്നത്തെ കുഞ്ഞുങ്ങളെ കൗമാരക്കാരായും യുവാക്കളെ കുടുംബസ്ഥരായും കണ്ടു. പക്ഷേ, വൃദ്ധരിൽ പലരെയും കണ്ടില്ല. കുട്ടികൾ കളിക്കുമ്പോൾ ഒരറ്റത്തു നിന്നുന്തി ബെഞ്ചിന്റെ മറ്റേ അറ്റത്തിരിക്കുന്നയാളെ തള്ളിത്താഴത്തിടുമ്പോലെ കാലത്തിന്റെ ഒരറ്റത്തു നിന്നുള്ള ഉന്തിൽ പലരും അഗാധതയിലേയ്ക്ക് അടർന്നുവീണിരുന്നു. എന്റെ മുടിയും മുന്നിൽ നരച്ചിട്ടുണ്ട്. സ്ഥിരം ആശുപത്രിക്കാരായ കുറച്ച്പേരുണ്ടാവും. മാറാത്ത മുട്ടുവേദനയുമായി അവർ പലയിടങ്ങളിലും മാറിമാറിപ്പോവും. കഥ പറഞ്ഞ് വയലും വെള്ളവും താണ്ടിയാണ് അയൽക്കാരികളും കൂട്ടുകാരികളുമായ പല അമ്മമാരുടെയും വരവ്. ചിത്തിരക്കിളികളെപ്പോലെയാണ്. വരുമ്പോൾ സംഘമായേ വരൂ. പണ്ട് കൂടെ വന്നിരുന്ന ആൾക്കാരെ ഓർത്തുചോദിക്കുമ്പോൾ, നെടുവീർപ്പുകളുയരുന്നതും ഇല്ലയെന്നു പല കണ്ണുകളും നിറയുന്നതും കണ്ടു. അവിടെ ഞാൻ വീണ്ടും കാണാനാഗ്രഹിച്ച ചില മനുഷ്യരുണ്ടായിരുന്നു. വളരെ യാദൃച്ഛികമായി അറിയാതെയെങ്കിലും ഞാൻ വേദനിപ്പിച്ചയച്ച ഒരാൾ അതിലുണ്ട്. അവിടെയെത്തിയപ്പോൾ പലരോടും അന്വേഷിച്ചു. ഒരു വിവരവുമില്ല.
അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം 17 വയസ്സുള്ള ഒരു രോഗി എന്റെ മുന്നിൽ വന്നിരുന്നു. ഓപി ചീട്ടിൽ നോക്കി. പേര് മുസാഫിർ അഹമ്മദ്, വയസ്സ് 17
എന്താണസുഖം?
"കൊര" കൊരയുടെ ഗൗരവം വ്യക്തമാക്കാനാവണം, രോഗി സാമ്പിളായി ഒന്നു ചുമച്ചു.
"കൊല്ലിവേദന"യുമുണ്ട്. വിവരങ്ങൾ ചോദിച്ച് ചുമയ്ക്കുള്ള മരുന്നെഴുതി.
മുസാഫിർ എന്ന പേര് ശ്രദ്ധിച്ചു. അതിനൊരു വ്യത്യസ്തതയുണ്ട്. പക്ഷേ അതു മാത്രമല്ല ഞാനത് മുമ്പ് കേട്ട് പരിചയപ്പെട്ടിട്ടുണ്ട്.
എന്തോ ഒരന്തർ പ്രേരണയാൽ മുന്നിലിരുന്ന ആ യുവാവിനോട് ഞാൻ ഒരു സംശയം ചോദിച്ചു. പണ്ട് ഇവിടെ വന്നിട്ടുണ്ടോ? വയസ്സായ ഒരുമ്മുമ്മയുണ്ടോ?
മുസാഫിർ ലജ്ജയുള്ള ഒരു ചിരിയോടെ പറഞ്ഞു. "പണ്ട് വരാറുണ്ടേനി, ഉമ്മുമ്മാൻറ്റൊപ്പരം. കൊറേ മുമ്പാ."
"ഉമ്മുമ്മയുടെ പേരെന്താണ്?" അയ്ഷുമ്മ.
സ്ലീവുകളുടെയറ്റത്തെ മുത്തുകൾ അടർന്നുപോയ ഒരു പർദ്ദ എൻ്റെയോർമ്മയിൽ വന്നു. വെയിലൊളി തട്ടിയിരുണ്ട വട്ടമുഖത്തിന് ഇരുവശവുമായി ചിറ്റുകളുടെ ഇളകിയാട്ടവും. ഒരു സങ്കടവർത്തമാനം വർഷങ്ങൾക്കപ്പുറത്തു നിന്നു വീണ്ടും മനസ്സിൽ മുഴങ്ങി.
"ഉമ്മുമ്മ ഇപ്പോൾ?"
മുസാഫിർ പ്രിസ്ക്രിപ്ഷൻ നാലായി മടക്കി. "ഉമ്മുമ്മ മയ്യിത്തായി. കയിഞ്ഞ പെരുന്നാളിൻ്റെ തലേന്ന് ".
ഒന്നും മിണ്ടിയില്ല. ഒരു പിണക്കം മരണത്തോളം ബാക്കിയായിരിക്കുന്നു. ഞാൻ നെടുവീർപ്പിട്ടു. എനിക്കവരെ അറിയാമായിരുന്നു. അവരെന്റെ സുഹൃത്തായിരുന്നു. എവിടെ നിന്നാണവർ വന്നിരുന്നത്? തീരദേശത്തു നിന്നാണെന്നറിയാം. ഒട്ടുംപുറത്തു നിന്നാണോ, അതോ തൂവൽത്തീരത്തു നിന്നോ? അറിയില്ലായിരുന്നു. ഇപ്പോൾ അറിയുന്നു, പള്ളിക്കാട്ടിലെ മീസാങ്കല്ലിനടിയിലേയ്ക്ക് താമസം മാറിയിരിക്കുന്നു. പിന്നെങ്ങനെ വരാനാണ്
ജീനിയഴിഞ്ഞ കുതിരയെപ്പോൽ പായുന്ന പേരക്കുട്ടിയ്ക്കു പിന്നാലെ, നേരിയ കയറ്റമുള്ള ചരൽവഴി കേറി കിതച്ചുകൊണ്ടുള്ള ആ വരവോർമ്മയുണ്ട്. അന്ന് ഒന്നിലോ രണ്ടിലോ പഠിക്കയായിരുന്നു എൻ്റെ മുന്നിലിരിക്കുന്ന ഈ യുവാവ്. മുസാഫിർ എന്ന കൊച്ചുകൊടുങ്കാറ്റ് എന്റെ മേശപ്പുറത്തെ ബെല്ല് നിർത്താതെയടിച്ച് അറ്റൻഡറെ വരുത്തുമായിരുന്നു. മൂലയ്ക്കിരുന്ന അലമാര പിടിച്ചു കുലുക്കുമ്പോൾ മുകളിൽ നിന്ന് ഓഡിറ്റു കഴിഞ്ഞ ഫയലുകളുടെ പാറ്റ വെട്ടിയ കടലാസുകൾ പിച്ചിമൊട്ടുകൾ പോലെ പൊഴിയും. പൊട്ടിയ ജനൽച്ചില്ലിലൂടെ കൈയിട്ട് പുറത്തു നിന്ന കാട്ടുചെടിയുടെ തലയൊടിച്ചെടുക്കും. മിന്നൽ വേഗത്തിലാണ് പ്രവർത്തനങ്ങൾ. സ്കെച്ച് പേനകൾ എന്റെ ദൗർബല്യമായിരുന്നു. പെൻസ്റ്റാൻഡിൽ നിന്ന് ഒറ്റയടിയ്ക്ക് എന്റെ പ്രിയപ്പെട്ട കളറുകൾ പോക്കറ്റിലാക്കിക്കളയും. ഫാർമസിയിലേയ്ക്കു പാഞ്ഞു കേറുമ്പോൾ ഉമ്മുമ്മ ഓടിച്ചിട്ടു പിടിക്കും.
"മുസാഫിർ, ഹു യാരോ, ന ഖർ ഹേ നാ ഠികാനാ ...!" കിഷോർ കുമാറിന്റെ ശബ്ദവും ജിതേന്ദ്രയുടെ മുഖവുമുള്ള ഗാനം. മുസാഫിർ എന്ന വാക്കിനർത്ഥം സഞ്ചാരിയെന്നാണ്. വീടും വിലാസവുമില്ലാത്ത അവധൂതസഞ്ചാരി. ഈ കുറുമ്പിൻകൂടായ അക്ഷീണ യാത്രികന്റെ സ്നേഹമുള്ള പാപ്പാനായിരുന്നു ഉമ്മുമ്മ.
പേരു ചോദിച്ചപ്പോൾ ഐസുമ്മ എന്നാണ് പറഞ്ഞത്. ഞാൻ ആകെ കുളിർത്തു പോയി. ഐസ് കൊണ്ട് ഒരുമ്മ! ആദ്യമായി വീടുകളിൽ ഫ്രിഡ്ജ് വന്ന കാലത്ത് ഐസുണ്ടാക്കലായിരുന്നു കുട്ടികളുടെ ഗംഭീരവിനോദം. ഉറഞ്ഞമഞ്ഞിന്റെ ചതുരക്കട്ടകൾ കൊണ്ട് എന്തെല്ലാം പരീക്ഷണങ്ങൾ!. ചായകൂട്ടാനുള്ള പാലിൽ നിന്നൽപ്പം ഇരന്നുവാങ്ങി, പരമാവധി വെള്ളമൊഴിച്ച് പഞ്ചസാരയിട്ട് ഐസ് ട്രേയിലൊഴിക്കും. ഓരോ കള്ളിയിലും ഈർക്കിൽക്കൊള്ളിയും കുത്തിവെക്കും. ഫ്രീസറിലിരുന്നു കട്ടിയായാൽ ഈർക്കിലിൽ പിടിച്ച് ഇളക്കിയെടുത്തു നുണഞ്ഞു നടക്കും. ആ പാലൈസിന്റെ ഓർമ്മ എന്നെ വന്നുമ്മ വെച്ചു. തൊടുന്നിടത്തെല്ലാം മഞ്ഞിൻതരികൾ ചിതറിക്കുന്ന ഫ്രോസനിലെ എൽസയെപ്പോലെ ഒരു ഐസ് വനിത എന്റെ മുന്നിൽ. അങ്ങനെ ആയിഷ ഉമ്മ ഐസുമ്മയായി. മരുന്നു വാങ്ങാൻ മറ്റുള്ളവർ തിരക്കു കൂട്ടുമ്പോൾ അവർ ഏറ്റവും പിന്നിലേയ്ക്ക് മാറിനിൽക്കും. മറ്റു രോഗികളെല്ലാം പോയിക്കഴിഞ്ഞ് കയറി വരും. രോഗം മാത്രം പറഞ്ഞാൽപ്പോര ഇത്തിരി വർത്താനവും പറയണം. അപ്പൊഴേ ആശ്വാസമുള്ളൂ. പലപ്പൊഴും വഴി മുടങ്ങി ഉള്ളിൽത്തടഞ്ഞു കിടക്കുന്ന വർത്തമാനങ്ങൾ തന്നെയല്ലേ ഒരു രോഗകാരണം. അവ സ്വന്തം ഹൃദയത്തെ തിരിഞ്ഞു കുത്തും.
എല്ലാവരെയും പോലെ കണ്ണിൽക്കണ്ട മരുന്നൊന്നും വേണ്ട. പക്ഷേ കണ്ണിലിറ്റിക്കുന്ന മരുന്ന് എന്തായാലും വേണം. ഇളനീർക്കുഴമ്പില്ലേ എന്നു ചോദിച്ചാണ് കേറി വരിക. ഐസുമ്മയെ സംബന്ധിച്ച് ഞാൻ കൊടുത്തതിനെക്കാളേറെ അവർ എനിക്കാണു തന്നത്. തീർത്തും അപരിചിതമായ ഒരു ലോകത്തിന്റെ ജലഭരവിജ്ഞാനങ്ങൾ! പിയ്യാപ്ല കടൽപ്പണിക്കാരനായിരുന്നു. ഇപ്പോൾ മക്കളും. രാത്രി നിലാവത്ത് പുറങ്കടലിൽ വള്ളത്തിൽ കിടന്നു മാനം കണ്ടിട്ടുണ്ടോ എന്ന് അവരെന്നോടു ചോദിച്ചു. എന്റെ കണ്ണുകൾ വിടർന്നു. ഞാൻ കണ്ടിട്ടില്ല. എങ്ങനെ കാണാൻ! അന്ന് 'ചാർളി'യെന്ന സിനിമ ഇറങ്ങിയിട്ടില്ല. വിടർന്ന കണ്ണുകളുമായി ബോട്ടിൽ നിന്ന് കൽപ്പന ആകാശം കാണുന്ന രംഗം ചിത്രീകരിക്കപ്പെട്ടിട്ടില്ല. എന്നെപ്പോലുള്ളവർക്ക് അതെല്ലാം സിനിമയിൽ വന്നാലേ കാണാനാവൂ. മേലേ വജ്രത്തരികൾ പോലെ നക്ഷത്രങ്ങൾ മിന്നുന്ന കറുത്ത വിൺപ്രതലം! എന്തായിരിക്കും ആ കാഴ്ച. തിരയ്ക്കുമേൽ വള്ളം തുള്ളിമറിയുന്ന ചാഞ്ചാട്ടം. ആർത്തിരമ്പുന്ന കാക്കത്തൊള്ളായിരം ഗ്യാലൻ ജലത്തിൽ കാറ്റിന്റെ ഓർക്കസ്ട്ര! ഡോൾഫിനുകളുടെ അകമ്പടിയാത്ര!
ഐസുമ്മ കണ്ടിട്ടുണ്ട്. പുയ്യാപ്ല അവരെ പുറങ്കടലു കാണാൻ കൊണ്ടുപോയിട്ടുണ്ട്. പതിനഞ്ചു വയസ്സിൽ കല്യാണം കഴിയുമ്പോൾ ആയിഷ ഒരു കളിക്കുട്ടിയായിരുന്നു. കൊത്തങ്കല്ലാടുന്ന നവവധുവിന് ആദ്യഗർഭത്തിലെ ആഗ്രഹം പച്ചമാങ്ങയോ, മസാലദോശയോ ഒന്നുമായിരുന്നില്ല. എന്നും തീരത്തു നിന്നു മാത്രം കണ്ട ജലരൂപിയെ ഒറ്റവട്ടമൊന്നടുത്തറിയണം. കടൽമണവുമായി കേറിവരുന്ന ആണിന്റെ വേർപ്പിൽ ഉപ്പളങ്ങളിൽ നീരാവിയുയരുമ്പോൾ കുറുകിവറ്റുന്ന കടലുപ്പറിഞ്ഞിട്ടുണ്ട്. പക്ഷേ കടലാനകൾ വെള്ളം ചീറ്റുന്ന ഉള്ളു കണ്ടിട്ടില്ല. തിരണ്ടിവാലുകളിളകി മറിയുന്ന, നീരാളികൾ വള്ളിക്കൈകൾ ചുഴറ്റുന്ന, വാലറ്റം പരന്ന കടൽപ്പാമ്പുകൾ നീന്തുന്ന മഹാജലത്തിൻ മുകളറ്റത്തു തൊട്ടിട്ടില്ല. പിയ്യാപ്ല ആ ആഗ്രഹം തള്ളിക്കളഞ്ഞില്ല. പക്ഷേ പല കാരണം കൊണ്ടു, പേറടുക്കും വരെ നീണ്ടുനീണ്ടു പോയി ആ മോഹം.
തിളങ്ങുന്ന കണ്ണുകളോടെ ഐസുമ്മ വിവരണം തുടരുമ്പോൾ ആ രംഗം ഞാനും കണ്ടു. മീൻവളളം തള്ളി ഇരുട്ടുകടലിലിറക്കുന്ന കരുത്തൻ തോളുകളുള്ള യുവാവ്. പുള്ളിത്തട്ടത്തുണി തലയിൽ വലിച്ചിട്ട്, പേടിച്ച് പേടിച്ച് ചുറ്റും നോക്കി, കുപ്പായത്തിനു താഴെ തള്ളി നിൽക്കുന്ന നിറവയർ താങ്ങി പത്തുപതിനാറു വയസ്സുള്ള ഒരു പെൺകുട്ടി. അയാളവളെ വള്ളത്തിലിരുത്തി തുഴയുകയാണ്. എന്നും തുഴയുന്ന കടൽവഴികളിലൂടെ. ഈ വളവു കഴിഞ്ഞാൽ ആ തിരിവുകഴിഞ്ഞാൽ എന്നൊന്നും പറയാനില്ല. മുന്നിൽക്കാണുന്നതെല്ലാം വഴി തന്നെ. അവൾ കൗതുകത്തോടെ ആ ജലഭീമാകാരം കാണുന്നു. തോണി തിരയടങ്ങിയ ഉൾക്കടലിൽ ശാന്തമായി തൊട്ടിൽ പോലെ ചലിക്കുന്നു. കണ്ണെത്താ ദൂരത്തോളമിളകുന്ന മഹാജലത്തിന്റെ ശ്യാമതരംഗാവലി ! തോണിയ്ക്കു നടുവിൽ മലർന്നു കിടന്ന് ഗർഭിണി മുകളിലെ ആകാശം കാണുന്നു. ഇന്നുവരെ കാണാത്ത ആ മനോഹാരിതയിൽ ഉള്ളം നിറഞ്ഞ് മന്ദഹസിക്കുന്നു. വയറ്റിൽ പരിണാമോത്സുകമായ ആദ്യജീവകണം പോലെ ആനന്ദിച്ച് ഇളംകുഞ്ഞു തുള്ളിക്കളിക്കുന്നു. വേദന കിട്ടിയാണ് അവൾ കടലിൽ നിന്നു തിരിച്ചുവന്നത്. കടിച്ചു പിടിച്ച് ഓലപ്പുരയിൽപ്പോയിക്കിടന്നു. മൂത്തമോനെപ്പെറ്റു. പിന്നെ ആണും പെണ്ണുമായി നാല് മക്കളെക്കൂടി പ്രസവിച്ചു. ഒന്നിനെ പടച്ചോൻ കൊണ്ടുപോയി. ഏറ്റവും ഇളയതിനെ വയറ്റിലുള്ള കാലത്ത്, ഒരിക്കൽ പിയ്യാപ്ല ചാളത്തടിയിൽ അറക്ക പിടിക്കാൻ പോയി. ചീനിമരത്തിന്റെ തടി മൂന്നാലെണ്ണം നീളത്തിൽ കെട്ടിയതാണ്,വളളത്തിന്റെ ഉറപ്പില്ല. പക്ഷേ പോയിപ്പോയി ശീലമാണ്, ഓളത്തിൽ മറിയാത്ത തഞ്ചമാണ്. പിയ്യാപ്ലയാണെങ്കിൽ കട്ടിൽപ്പലകയിലും പുൽപ്പായയിലുമല്ല,വെള്ളത്തിലാണ് പോലും കുഞ്ഞിക്കാലത്ത് കമിഴ്ന്ന് കൈകാലിട്ടടിച്ച് നീന്തിയത്.
ഉൾക്കടലിലെവിടെയോ കറങ്ങിത്തിരിഞ്ഞ ഒരു കടൽച്ചുഴലി ചതിച്ചുകളഞ്ഞു. പെട്ടെന്നു തീരത്തേയ്ക്കു വീശിയ കാറ്റിൽ തിരകൾ പൊക്കിയെടുത്തു തലകീഴായ് മറിച്ചപ്പോൾ നെറുന്തലയിലാണ് ചീനിത്തടി വന്നടിച്ചത്. ഇത്തിരിച്ചോര കലങ്ങിയ വെള്ളം മാത്രമേ കൂടെയുള്ളവർ കണ്ടുള്ളു. പിയ്യാപ്ല കടലിൽ താണുപോയി. പിറ്റേ ദിവസം അപ്പുറത്തേതോ തുറയിലടിഞ്ഞു.
"നല്ലോരു മൻശനായിരുന്ന്". ഐസുമ്മ കണ്ണീരൊപ്പി. ഞാൻ മിണ്ടാനാവാതെ അവരെ നോക്കിയിരുന്നു.
"ഞങ്ങള കൂട്ടത്തിലൊക്കെ പിന്നീം കെട്ടും. പക്ഷേ ഇനിക്കു മറക്കാൻ പറ്റീല. അങ്ങനത്തെ മൻശനായിരുന്ന്." പർദ്ദക്കയ്യിൽ അവർ കണ്ണുകൾ തുടച്ചു.
"ചെയ്യാത്ത പണീല സാറെ മക്കളെപ്പോറ്റാൻ, പട്ടിണി കെടന്നും മീൻ വിറ്റും വളർത്തി. പെങ്കുട്ട്യ കെട്ടിച്ചയച്ചു. വീട് വലുതായി. ആങ്കുട്ട്യോള് കെട്ടിക്കൊണ്ട് വന്നു. ഇപ്പൊ ഉമ്മ അധികപ്പറ്റായി."
മുസാഫിർ മുറിയിൽ കലാപം സൃഷ്ടിച്ചു തുടങ്ങിയിരുന്നു. അവൻ്റെ കൈ പിടിച്ച് അവരിറങ്ങിപ്പോവുമ്പോൾ ഒരു കടൽ പിൻവാങ്ങിയ പോലെ തോന്നി. ഈർപ്പമുള്ള മണ്ണിൽ കക്കയും ചിപ്പിയും പോലെ ചിതറിക്കിടന്നു പ്രണയത്തിന്റെ പ്രാണാംശങ്ങൾ.
രാത്രി കിടക്കുമ്പോൾ, ഞാൻ ഭർത്താവിനോടു പറഞ്ഞു, എനിക്കും പുറങ്കടലിലെ ആകാശം കാണണം, നക്ഷത്രം കാണണം. കൂർക്കംവലിയ്ക്കിടയിൽ അദ്ദേഹമതു കേട്ടു കാണാനിടയില്ല. കാടും മേടും കടലും കാണാനാഗ്രഹിച്ചത് ഞാൻ മാത്രമായിരുന്നു. അടച്ചിട്ട മുറികളുള്ള വീടു തുറന്നോടിയിറങ്ങി, പ്രണയത്തിന്റെ കനത്ത തോളിൽ ചാരിനിന്നുകൊണ്ട് പ്രപഞ്ചത്തിലെ സകല സമുദ്രങ്ങളുടെയും വെൺനുരകൾ കണങ്കാലിൽ തൊട്ടറിയാൻ ഞാൻ വന്യമായാഗ്രഹിച്ചു. പിന്നൊരിക്കൽ വന്നപ്പോൾ അവർ പറഞ്ഞു, കണ്ണടയാനായി, ഇനീപ്പൊ ഒരാഗ്രഹം കൂടിയേ ബാക്കിയുള്ളൂ.
"ഇനിയും കടലു കാണാനാണോ" ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു.
"ഇനിയാരെന്നെ കൊണ്ടോവാൻ!". അവർ നെടുവീർപ്പിട്ടു. മൂത്ത പേരക്കുട്ടീന്റെ നിക്കാഹ് കാണണമെന്നാണ് ആഗ്രഹം. അതു കൂടി കണ്ടാൽ നിറഞ്ഞു.
കുറച്ചുമാസങ്ങൾക്കു ശേഷം ഒരുച്ചയ്ക്ക്
വലിയ സന്തോഷത്തോടെ കേറി വന്നു. ആ കല്യാണം ശരിയായിരിക്കുന്നു. ക്ഷണിക്കാൻ വന്നതാണ്. എൻ്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു, "ബേറാരു വന്നില്ലെങ്കിലും, ങ്ങള് വരണം. വരൂലേ.?"
"വരും." എന്തിനാണങ്ങനെ പറഞ്ഞു പോയത്. എത്രയോ ദൂരമുണ്ട്. ഞായറാഴ്ച എൻ്റെ വീക്ക്ലി ഓഫ് ദിവസമാണ്. ആകെയുള്ള ഒരവധി ദിവസം. എന്നാലും മറുത്തു പറയാൻ തോന്നിയില്ല.
അറ്റൻഡറോടു വഴിയും കാര്യങ്ങളുമെല്ലാം പലവട്ടം അവർ വിസ്തരിച്ചു. പോവുമ്പോൾ ഒരിക്കൽക്കൂടി മുറിയിലേയ്ക്ക് വന്നു, എൻ്റെ കണ്ണുകളിൽ നോക്കി അപേക്ഷിക്കുമ്പോലെ പറഞ്ഞു,
"വരണേ."
"വരും..." ഞാൻ തലകുലുക്കി. തിളങ്ങുന്ന കണ്ണുകളോടെ ആ ഉമ്മ ഇറങ്ങിപ്പോയി.
ശനിയാഴ്ച അറ്റൻഡറെന്നെ ഓർമ്മിപ്പിച്ചു, "നാളെയാണ്". നോക്കട്ടെ എന്നു പറഞ്ഞു, ഞാനാ ഫയൽ മടക്കിവെച്ചു കളഞ്ഞു.
പഴയൊരനുഭവകഥയും അതിനു പിന്നിലുണ്ടായിരുന്നു.
പണ്ട് ഒരു കൂട്ടുകാരി, ഒരു ഞായറാഴ്ച അതീവ സ്നേഹവായ്പ്പോടെ ഞങ്ങളെ വീട്ടിലേയ്ക്കു ക്ഷണിച്ചു. പഠാണികളോ മറ്റോ ആണ്. ഹിന്ദിയാണ് മാതൃഭാഷ. കായലും വെള്ളം കേറിയ പാടവുമൊക്കെയായി അതിമനോഹരമായിരുന്നു ആയിടം. വല്യമ്മയുടെ കയ്യും കാലും പിടിച്ച് സമ്മതിപ്പിച്ച് അനുവാദം വാങ്ങി. വെക്കേഷൻ കാലമാണ്. ദാഹിച്ച് വലഞ്ഞു കേറിച്ചെല്ലുമ്പോൾ കരിക്കിൻവെള്ളത്തിൽ അതിൻ്റെ മധുരവെള്ള അരിഞ്ഞിട്ട് പഞ്ചസാരയിട്ടിളക്കി ഒരതിമധുര പാനീയം അവർ കുടിക്കാൻ തന്നു. അമൃതു പോലെ തോന്നി. ഇപ്പൊഴും ഇളനീർ അങ്ങനെ മാത്രമേ കുടിക്കാറുള്ളൂ. ഞങ്ങൾ വീട്ടിലേയ്ക്കു കയറുമ്പോൾ, ചിരിച്ചു സ്വീകരിച്ചിട്ട് ഉള്ളിലേയ്ക്കു പോയ അച്ഛൻ അടുക്കളയിൽ അമ്മയോടു കയർക്കുന്നു,
"കിസ്നേ ദീ പെർമിസൻ?
ആനാ ജാനാ ഖർ ബുലാനാ, യേ സബ് മുഛേ പസന്ത് നഹീ"
ഹിന്ദി എനിക്കു നന്നായി മനസ്സിലാവുമായിരുന്നു. ആ നഹീയോടു കൂടി വീണ്ടും എവിടെയെങ്കിലും വിരുന്നു പോവാനുള്ള ആവേശം അടങ്ങിയതാണ്. ആത്മാഭിമാനത്തിനു വലിയ വിലയുണ്ട്. നമ്മുടെ ആത്‌മാഭിമാനം നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.
ഞാൻ അറ്റൻഡറോടു പറഞ്ഞു, അവിടെ വേറാർക്കും നമ്മളെ അറിയില്ല. ചിലപ്പൊ വേണ്ടപ്പെട്ടവരെ മാത്രമാവും വീട്ടുകാർ പ്രതീക്ഷിക്കുക. ഉമ്മ സ്നേഹം കൊണ്ട് വിളിച്ചെന്നേയുള്ളൂ. ഇത്ര ദൂരത്ത് നിന്ന് നമ്മളെ പ്രതീക്ഷിക്കയൊന്നുമില്ല. ഇനി വരുമ്പൊ എന്തെങ്കിലും കാരണം പറഞ്ഞ് സമാധാനിപ്പിക്കാം.
ആകെ കിട്ടുന്ന ഒരൊഴിവുദിവസം, പെരുമഴയത്ത് പുറത്തിറങ്ങി, വഴിയറിയാത്ത കടപ്പുറത്തെ പരിചയമില്ലാത്ത കല്യാണവീട്ടിൽ പോവാൻ തോന്നിയതേയില്ല. സ്ഥാപനത്തിനു തൊട്ടയൽവീടുകളിലെ പരിപാടികളിൽ ഡ്യൂട്ടിസമയം കഴിഞ്ഞ് പങ്കെടുത്തിട്ടുണ്ട്. കുന്നിന്റെ മേലുള്ള അമ്പലത്തിലെ ഉത്സവത്തിനും പോവാറുണ്ട്. പക്ഷേ തീർത്തും അപരിചിതമായ ഇടങ്ങളിൽ സ്വയം പരിചയപ്പെടുത്തി കടന്നുചെല്ലുന്നത് ഓർക്കാൻ കൂടി വയ്യ. സൗകര്യപൂർവ്വം ആ വിഷയം മറന്നു. പെരുമഴ പെയ്യുമ്പോൾ ഒരു വയസ്സുള്ള മോളെ കെട്ടിപ്പിടിച്ച് പുതപ്പിനടിയിൽ ചുരുണ്ടുകൂടി സുഖമായുറങ്ങി. ഒന്നു രണ്ടാഴ്ച കഴിഞ്ഞ് അറ്റൻഡർ മുറിയിലേയ്ക്കെത്തിനോക്കി പറഞ്ഞു, "നമ്മുടെ ഉമ്മ വരുന്നുണ്ട്." അന്നു തിരക്കായിരുന്നു. അൽപ്പനേരം കാത്തിരുന്ന് ഊഴമെത്തിയപ്പോൾ ഐസുമ്മ അകത്തേയ്ക്കു വന്നു. പെയ്യാനായ കാർമേഘം പോലിരുന്നു മുഖം. നോക്കി നിൽക്കെ മേഘം ഘനീഭവിച്ചു. ഒരു തുള്ളിക്കണ്ണീർ എൻ്റെ മേശപ്പുറത്തു വീണു. ഞാൻ പരിഭ്രമിച്ചു. ഇവിടിരിക്ക് ഞാൻ പറയട്ടെ. അവർ കേട്ടില്ല. ഇരുന്നുമില്ല.
"എല്ലാരോടും പറഞ്ഞ്ക്ക്ണ് ങ്ങളു വരുംന്ന്., അപ്പഴേ ൻ്റെ മോൻ പറഞ്ഞ്, ഓരൊന്നും ബരൂലുമ്മാന്ന്. പൈശേം മൊതലും ല്ലാത്തോട്ത്ത് ആരു വരുന്ന്."
കൂടെ വന്ന ഉമ്മ പറഞ്ഞു, "പാവം എല്ലാരും പോവോളം അത് ങ്ങളെ നോക്കി നിന്ന്ക്ക്ണ്. ബന്ധുക്കളൊപ്പരം തിന്നാൻ കൂടി ചെല്ലാതെ." ഒടുക്കം മരുമക്കൾ അവരെ പരിഹസിച്ച് കരയിച്ചു കളഞ്ഞത്രെ. കാത്തുകാത്തിരുന്ന ആ നല്ല ദിവസം ഞാൻ കാരണം കണ്ണീരിൽ കലാശിച്ചിരിക്കുന്നു.
അത് താങ്ങാവുന്നതിലും വലിയ അടിയായിരുന്നു. അപരാധിനിയായി ഞാൻ തലകുനിച്ചിരുന്നു. കള്ളം പറഞ്ഞ് പറ്റിച്ച് ഒരാളെ കുടുംബത്തിൽ പരിഹാസ്യയാക്കി. പരിഹാരമില്ലാത്ത പാപബോധത്തിൽ ഒരുനിമിഷം മൗനിയായിപ്പോയി. സമാധാനിപ്പിക്കാൻ പറയാനിരുന്ന ഒഴിവുകഴിവുകൾ ഒന്നും നാവലെത്തിയില്ല. അതു പറഞ്ഞു ഫലിപ്പിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.
അന്തരീക്ഷം മ്ലാനമാണ്. മുസാഫിർ പോലും അതിൻ്റെ ചരടുകളിൽ കെട്ടിയിടപ്പെട്ട പോൽ അനങ്ങാതെ നിൽക്കയാണ്. പിന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ ആ കണ്ണുകളിൽ പ്രകടമായ വിശ്വാസരാഹിത്യം എനിക്കു മനസ്സിലായി. ആ ചങ്ങാതിയുടെ മനസ്സ് എന്നെ തിരസ്ക്കരിച്ചു കഴിഞ്ഞു. പൊള്ളവാക്കുകളെ വിശ്വസിച്ച വിഡ്ഢിയായി അവർ സ്വയം മനസ്സിലാക്കുന്നു. അവരുടെ കണ്ണീരിൽ എന്റെ വാക്കുകൾ മുങ്ങിച്ചത്തു. ഒരക്ഷരം മിണ്ടാതെ വെറുമൊരു ഡോക്ടറായി ഞാൻ ആ രോഗിയ്ക്ക് മരുന്നു കുറിച്ചു. പുറത്തു കാത്തു നിന്നവർ അക്ഷമരായി. അധികമൊന്നും പറയാനാവാതെ ഞങ്ങൾക്കു പിരിയേണ്ടി വന്നു.
അടുത്തയാഴ്ച ട്രാൻസ്ഫർ അനുവദിച്ചു കൊണ്ടുള്ള കത്ത് വകുപ്പിൽ നിന്നു ലഭിച്ചു. പിന്നൊരിക്കൽക്കൂടി കാണാനാവാതെ ഞാൻ സ്ഥലം മാറിപ്പോയി. ഞങ്ങൾ രണ്ടും വിദൂരങ്ങളിൽ ജീവിതലീലകൾ തുടർന്നു. വല്ലപ്പൊഴും നിക്കാഹുകളിൽ പങ്കെടുക്കേണ്ടിവന്നപ്പോൾ, കൊഴുവാ, മത്തീ എന്ന് വിളിച്ചു കൂവുന്ന മീൻകാരനരികിൽ സ്റ്റീൽപ്ലേറ്റുമായി ചെന്നുനിന്നപ്പോൾ, കടൽമത്സ്യങ്ങളുടെ വീഡിയോ കണ്ടിരുന്നപ്പോൾ, വളരെ അപൂർവ്വമായെങ്കിലും ആ വാടിയ മുഖം മനസ്സിൽ വന്നിട്ടുണ്ട്. അപ്പൊഴെല്ലാം പാലിക്കപ്പെടാത്ത വാക്കിന്റെ പാപഭാരം എന്നെ അസ്വസ്ഥതപ്പെടുത്തി. സമാധാനിപ്പിച്ച് പൊരുത്തപ്പെട്ട് പിരിയാനാവാത്ത ഖേദവും. ഐസുമ്മ ഇന്ന് ഈ ഭൂമിയിലില്ല. എരിഞ്ഞു നീറുന്ന ഇളനീർക്കുഴമ്പു കണ്ണിലിറ്റിക്കുമ്പോൾ എപ്പൊഴെങ്കിലും അവരെന്നെ ഓർമ്മിച്ചു കാണുമോ? ക്ഷമിച്ചു കാണുമോ?
മുസാഫിറിനെ ഞാൻ തിരിച്ചു വിളിച്ചു. "എന്നെ ഓർമ്മയുണ്ടോ? പണ്ട് ഇവിടെയുണ്ടായിരുന്നു. ഈ ബെല്ലടിച്ച് പ്രശ്നമുണ്ടാക്കിയതോർക്കുന്നോ?"
യുവാവു ചിരിച്ചു. കണ്ണിൽ പരിചയം മിന്നി. മുഖപരിചയം തോന്നിയിരുന്നു പോലും. ഉമ്മുമ്മാനെ ചോദിച്ചപ്പോൾ സംശയവും. ഇപ്പൊ മനസ്സിലായി. പിന്നെ കൂട്ടിച്ചേർത്തു.
"ഉമ്മുമ്മാ എപ്പളും ങ്ങളെ കാര്യം പറയുമാരുന്നു. വെല്യ കാര്യായിരുന്നു.''
പിന്നീടെപ്പൊഴോ ഇളനീർക്കുഴമ്പ് ഒരു കവിതയായി. വേവും വരത്തവും കുത്തിനോവും പറഞ്ഞു വരുന്ന, സങ്കടം പറഞ്ഞു കരയുന്ന അതിലെ നായികയായ ഉമ്മയ്ക്ക് ഐസുമ്മയുടെ മുഖച്ഛായയായിരുന്നു.
ഇളനീർക്കുഴമ്പു പോലെ കണ്ണുനീറുന്ന ഒരോർമ്മയുടെ പ്രതിച്‌ഛായ!
"ഓർമ്മ തൻ വൈദ്യുതക്കമ്പി മേലെ
താനറിയാതെ കാൽ വെച്ചു പോകെ
നീലിച്ച ദൈന്യം പിടഞ്ഞ കണ്ണിൽ
നീറുന്നിളനീർക്കുഴമ്പുതുള്ളി"
Content Highlights: A doctor revisits a familiar place, encountering old patients and confronting past mistakes.
Published: 15 Oct 2025, 03:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented