ജോലിസ്ഥലത്തെ പ്രണയബന്ധങ്ങൾ കേവലം സ്വകാര്യമായ ഒന്നല്ലെന്നും അവ ഉദ്യോഗസ്ഥരുടെ കരിയറിനെയും മാനസികാരോഗ്യത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും പുതിയ സർവ്വേ റിപ്പോർട്ട്. ഫോർബ്സ് പുറത്തുവിട്ട പുതിയ പഠനമനുസരിച്ച്, 60 ശതമാനത്തിലധികം മുതിർന്ന വ്യക്തികളും ഔദ്യോഗിക ജീവിതത്തിനിടയിൽ സഹപ്രവർത്തകരുമായി പ്രണയത്തിലായിട്ടുണ്ട്.
കാരണങ്ങൾ പലത്
ജോലിസ്ഥലത്തെ നീണ്ട പ്രവൃത്തിസമയവും പുറത്ത് മറ്റ് സാമൂഹിക ബന്ധങ്ങൾക്കായി സമയം ലഭിക്കാത്തതുമാണ് ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. പരിചിതമായ ചുറ്റുപാടിൽ ലഭിക്കുന്ന സുരക്ഷിതബോധവും, തങ്ങളുടെ ജോലിയുടെ സമ്മർദ്ദങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന പങ്കാളിയെ ലഭിക്കുന്നു എന്നതും ഇതിന്റെ കാരണങ്ങളായി സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 61 ശതമാനം ആളുകളും തങ്ങൾക്ക് ഓഫീസിന് പുറത്ത് പുതിയ പങ്കാളികളെ കണ്ടെത്താൻ സമയം ലഭിക്കുന്നില്ലെന്ന് സമ്മതിച്ചു.
കരിയറിലെ സ്വാധീനം
ഓഫീസ് പ്രണയങ്ങൾ പലപ്പോഴും കരിയറിൽ നിർണ്ണായക മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. പങ്കാളിക്കൊപ്പം തുടരുന്നതിനായി പകുതിയോളം പേർ തങ്ങളുടെ ജോലി മാറിയതായി സർവ്വേ വ്യക്തമാക്കുന്നു. കൂടാതെ, വേർപിരിയലുണ്ടായാൽ ജോലിസ്ഥലത്തുണ്ടായേക്കാവുന്ന അസ്വസ്ഥതകൾ ഭയന്ന് മുൻകൂട്ടി 'ബ്രേക്ക്-അപ്പ് പ്ലാനുകൾ' തയ്യാറാക്കുന്നവരും കുറവല്ല.
ഗോസിപ്പുകളും വെല്ലുവിളികളും
ഓഫീസ് പ്രണയങ്ങൾ പലപ്പോഴും സഹപ്രവർത്തകർക്കിടയിൽ ഗോസിപ്പുകൾക്കും അസൂയയ്ക്കും കാരണമാകുന്നുണ്ട്. 60 ശതമാനം ആളുകളും സഹപ്രവർത്തകരുടെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകൾ കേട്ടിട്ടുള്ളവരാണ്. പ്രണയബന്ധങ്ങൾ സ്ഥാപനങ്ങളിൽ സ്വജനപക്ഷപാതത്തിന് ഇടയാക്കുമെന്ന് പകുതിയോളം പേർ വിശ്വസിക്കുന്നു. എങ്കിലും, പ്രണയത്തിലാകുന്നവരിൽ 62 ശതമാനവും തങ്ങളുടെ ബന്ധത്തെക്കുറിച്ച് കമ്പനിയുടെ എച്ച്.ആർ വിഭാഗത്തെ ഔദ്യോഗികമായി അറിയിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്.
സഹപ്രവർത്തകരുമായി ബന്ധത്തിലേർപ്പെട്ടവരിൽ 40 ശതമാനം പേരും തങ്ങളുടെ നിലവിലുള്ള പങ്കാളിയെ വഞ്ചിച്ചവരാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ജോലിസ്ഥലത്തെ പ്രണയം വിജയകരമായ വിവാഹ ജീവിതത്തിലേക്ക് എത്തിയതായും പഠനം വ്യക്തമാക്കുന്നു.
ഫോർബ്സ് അഡ്വൈസറിക്ക് വേണ്ടി വൺപോൾ എന്ന മാർക്കറ്റ് റിസർച്ച് കമ്പനി 2,000 അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ നടത്തിയ സർവ്വേയിലാണ് കൗതുകകരമായ വിവരങ്ങളുള്ളത്.
Content Highlights: 60% of employees have engaged in workplace relationships due to long working hours., 50% of employees changed jobs to prioritize their office relationships.
Published: 09 May 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented