
Representative Image| Photo: Canva.com
“മുൻപൊക്കെ സംസാരിക്കുമായിരുന്നു; ഇപ്പോൾ ഒന്നും തുറന്നുപറയാറില്ല. ഞാനങ്ങോട്ട് സംസാരിച്ചാലും തിരിച്ച് ഒന്നോ രണ്ടോ വാക്കിൽ ഉത്തരം തന്ന് ഒഴിഞ്ഞുമാറുകയേ ഉള്ളൂ.'' കുട്ടികളുമായുള്ള തുറന്ന സംഭാഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ, പല മാതാപിതാക്കളും പറയുന്നതാണിതൊക്കെ.
ജീവിതത്തിലെ മിക്ക കാര്യങ്ങളും പഠിച്ചുതുടങ്ങുന്നത് വീട്ടിൽനിന്നാണ്. സംസാരിക്കാൻ പഠിക്കുന്നത്, ഓരോ വ്യക്തിയോടും എങ്ങനെയാണ് പ്രതികരിക്കേണ്ടത്, എങ്ങനെയാണ് മറ്റുള്ളവർക്ക് സ്വീകാര്യമായി പെരുമാറേണ്ടത്, സമൂഹവുമായി എങ്ങനെയാണ് ഇണങ്ങിച്ചേരേണ്ടത് തുടങ്ങിയവയൊക്കെ അവർ വീട്ടിൽനിന്ന് പഠിച്ചെടുക്കുന്നു. അതിനോടൊപ്പം എപ്പോൾ സംസാരിക്കാതിരിക്കണം അല്ലെങ്കിൽ മൗനം പാലിക്കണം എന്നുകൂടി അവർ പഠിക്കുന്നുണ്ട്.
തുറന്നുപറയാൻ സാഹചര്യമുണ്ടോ?
പലപ്പോഴും കുട്ടികൾ സംസാരിക്കാൻ ആഗ്രഹിക്കാത്തതാണോ അതോ സംസാരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം അവർക്ക് ലഭിക്കാത്തതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കാരണം പൊതുവേ മിക്ക കുട്ടികളും സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും സങ്കടവും സന്തോഷവുമൊക്കെ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ, മറ്റുള്ളവരിൽനിന്ന് അവർക്ക് കിട്ടുന്ന പ്രതികരണങ്ങളും ആശയവിനിമയരീതികളും കാലക്രമേണ അവരെ നിശ്ശബ്ദരാക്കുന്നു.
കുടുംബത്തിലെ ആശയവിനിമയരീതിയും ഇതിൽ മുഖ്യഘടകമാണ്. വീട്ടിൽ എല്ലാവരും എപ്പോഴും തിരക്കിലായിരിക്കുമ്പോഴും മൊബൈൽ ഫോണുകളിലും ടെലിവിഷനിലും കൂടുതൽ സമയം ചെലവഴിക്കുമ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള അവസരമാണ് കുറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ കുട്ടികൾ അവരുടെ സന്തോഷങ്ങളും വിഷമങ്ങളും സുഹൃത്തുക്കളുമായോ സാമൂഹികമാധ്യമങ്ങളിലൂടെയോ പങ്കുവയ്ക്കാൻ തുടങ്ങുകയും പതിയപ്പതിയെ അവർക്ക് മാതാപിതാക്കളോട് തുറന്നുസംസാരിക്കുന്ന ശീലമില്ലാതാവുകയും ചെയ്യും.
അവർ സ്വകാര്യത ആഗ്രഹിക്കും
കൗമാരപ്രായത്തിൽ കുട്ടികൾ സ്വന്തം സ്വകാര്യത ആഗ്രഹിക്കുന്നതും അതിന് കൂടുതൽ പ്രാധാന്യം നൽകുന്നതും സ്വാഭാവികമാണ്. അതിനാൽ, കുട്ടിക്കാലത്ത് അന്നന്നത്തെ വിശേഷങ്ങൾ വൈകീട്ട് വന്നാലുടൻ പറയുന്നതുപോലെ, കൗമാരകാലഘട്ടത്തിൽ അവർ പറയണമെന്നില്ല. എപ്പോഴും മാതാപിതാക്കളോട് സംസാരിക്കണമെന്നുമില്ല. അതിനെ മാതാപിതാക്കൾ അകൽച്ചയായി തെറ്റിദ്ധരിക്കേണ്ടതില്ല.
അതേസമയം, കുട്ടിയുടെ സ്വകാര്യതയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോൾ പിന്തുണ നൽകുകയും ചെയ്യുന്നത് അവർക്ക് മാതാപിതാക്കളിലുള്ള വിശ്വാസം കൂടുന്നതിന് സഹായിക്കും. 'ആവശ്യമുള്ളപ്പോൾ എനിക്കവരെ സമീപിക്കാം' എന്ന വിശ്വാസം കുട്ടിയിൽ നിലനിർത്തുക എന്നതാണ് കൗമാരക്കാരുടെ മാതാപിതാക്കൾ ചെയ്യേണ്ടത്.
അമിത പ്രതീക്ഷകൾ
മാതാപിതാക്കളുടെ അമിതപ്രതീക്ഷകളും തുറന്ന ആശയവിനിമയത്തിന് തടസ്സമാകാം. എല്ലാ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന സമ്മർദം അനുഭവിക്കുന്ന കുട്ടികൾ, അവരുടെ പരാജയങ്ങളോ തെറ്റുകളോ തുറന്നുപറയാൻ മടിക്കും. അതുപോലെ, അതിരുകടന്ന നിയന്ത്രണവും അമിതമായ ചോദ്യങ്ങളും കുട്ടികളിൽ ഭയവും മാതാപിതാക്കളിൽനിന്ന് അകൽച്ചയും ഉണ്ടാക്കും. 'സത്യം പറഞ്ഞാൽ ശിക്ഷ കിട്ടും' എന്ന വിശ്വാസം വളർന്നാൽ, കുട്ടികൾ കള്ളംപറയാനോ മിണ്ടാതിരിക്കാനോ ഉള്ള സാധ്യത കൂടുതലാണ്.
കുറ്റപ്പെടുത്തുമോ?
കുട്ടികൾ പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനു പകരം വിമർശിക്കുകയോ ശകാരിക്കുകയോ ഉപദേശിക്കുകയോ കുറ്റപ്പെടുത്തുകയോ താരതമ്യം ചെയ്യുകയോ, 'ഇതൊക്കെയാണോ വലിയ കാര്യം' എന്ന രീതിയിൽ നിസ്സാരവത്കരിക്കുകയോ ചെയ്താൽ, അടുത്ത തവണ അവർ മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയാൻ മടിക്കും. കാരണം, 'തങ്ങളെ മനസ്സിലാക്കുന്നില്ല' എന്ന തോന്നലാണ് അവർക്കുണ്ടാവുക.
അവർ പറയുന്നത് കേൾക്കണം
തുറന്ന ആശയവിനിമയം വളർത്താൻ മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്, കേൾക്കാൻ പഠിക്കുകയാണ്. കുട്ടി സംസാരിക്കുമ്പോൾ ഇടയിൽ തടസ്സപ്പെടുത്താതെ, താത്പര്യത്തോടെ കേൾക്കുക. 'ഞാൻ കേൾക്കുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്' എന്ന തരത്തിലുള്ള ചെറിയ പ്രതികരണങ്ങൾപോലും കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതുപോലെ, 'നിനക്കപ്പോൾ ദേഷ്യംതോന്നുന്നത് സ്വഭാവികമാണ്' അല്ലെങ്കിൽ, ''നിനക്ക് ആ സാഹചര്യത്തിൽ വിഷമം തോന്നിയതിൽ അദ്ഭുതമില്ല'' എന്നൊക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വികാരങ്ങളെ അംഗീകരിക്കണം. ഉടൻ വിമർശിക്കുകയോ ഉപദേശിക്കുകയോ ചെയ്യാതിരിക്കുക. 'എന്ത് പ്രശ്നമുണ്ടായാലും എന്നോട് പറയാം' എന്ന സന്ദേശം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കുട്ടിക്ക് നൽകണം. കുടുംബത്തിൽ എല്ലാ ദിവസവും കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ഒരുമിച്ച് സംസാരിക്കാൻ സമയം കണ്ടെത്തണം.
മാതാപിതാക്കൾ കുട്ടികൾക്ക് ഒരു 'സുരക്ഷിത ഇടം' ആകുമ്പോഴാണ് അവർ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കാൻ ധൈര്യം കാണിക്കുന്നത്. തുറന്ന ആശയവിനിമയം ഒരുദിവസത്തിൽ ഉണ്ടാകുന്നതല്ല. അത് മാതാപിതാക്കളോടുള്ള വിശ്വാസത്തിലൂടെയും ബഹുമാനത്തിലൂടെയും സ്നേഹപൂർവമായ കേൾവിയിലൂടെയും ക്രമേണ വളരുന്ന ഒരു ബന്ധമാണ്. കുട്ടികളെ സംസാരിക്കാൻ നിർബന്ധിക്കുന്നതിനെക്കാൾ, അവർക്ക് സുരക്ഷിതമായി സംസാരിക്കാൻ കഴിയുന്ന ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയാണ് മാതാപിതാക്കളുടെ ഉത്തരവാദിത്വം.
ശ്രദ്ധിക്കേണ്ടത്
- ഉടനെ ഉപദേശം നൽകുന്നതിനു പകരം ആദ്യം അവരെ കേൾക്കുക.
- ചെയ്ത തെറ്റുകൾ സത്യസന്ധമായി തുറന്നുപറയുന്ന സാഹചര്യങ്ങളിൽ അമിതമായി ശിക്ഷിക്കാതെ അത് തെറ്റു തിരുത്താനുള്ള ഒരു പഠനാവസരമാക്കുക.
- കുട്ടിയുടെ സ്വകാര്യതയും അഭിപ്രായങ്ങളും ബഹുമാനിക്കുക. കുട്ടികൾ പറയുന്ന കാര്യങ്ങൾ കേട്ട് പരിഹസിക്കുകയോ അവരുടെ അനുവാദമില്ലാതെ മറ്റുള്ളവരോട് പങ്കുവയ്ക്കുകയോ ചെയ്യരുത്.
- കുട്ടികളോട് വിശേഷങ്ങൾ പറയുന്നതും അവർ പറയുന്ന വിശേഷങ്ങൾ കേൾക്കുന്നതുമൊക്കെ കുട്ടികളുടെ ചെറുപ്രായം മുതൽതന്നെ ശീലമാക്കണം.
Content Highlights: Explore the reasons behind the lack of parent-child communication and why kids often hesitate to share their thoughts with parents.
Published: 24 Oct 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented