ഭയവും ഭീതിജനകമായ അന്തരീക്ഷവും സാധാരണ മനുഷ്യരിൽ ആകുലതയും പരിഭ്രാന്തിയുമാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ ചില മനുഷ്യർക്ക് പേടിപ്പെടുത്തുന്ന അനുഭവങ്ങൾ, ഹൊറർ സിനിമകൾ, അല്ലെങ്കിൽ അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ഭയത്തിന് പകരം വലിയ രീതിയിലുള്ള മാനസിക ഉല്ലാസവും സന്തോഷവുമാണ് നൽകുന്നത്. എന്തുകൊണ്ടാണ് സൈക്കോപതിക് ലക്ഷണങ്ങൾ ഉള്ള വ്യക്തികൾ ഭയത്തെ ഇത്തരത്തിൽ ആസ്വദിക്കുന്നത്? ഇതിന് പിന്നിലെ മനഃശാസ്ത്രപരമായ കാരണങ്ങൾ വെളിപ്പെടുത്തുന്ന പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

To advertise here,

സൈക്കോളജിക്കൽ റിപ്പോർട്ട്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, തങ്ങൾ ഏത് അപകടത്തിൽ നിന്നും രക്ഷപ്പെടും എന്ന ഉറച്ച വിശ്വാസം അഥവാ 'അജയ്യതാ ബോധം' (Sense of Invincibility) ആണ് ഇത്തരക്കാരിൽ ഭയം കുറയ്ക്കാനും ആനന്ദം കൂട്ടാനും സഹായിക്കുന്നത് എന്ന കാര്യം കണ്ടെത്തിയിരിക്കുന്നത്. കാനഡയിലെ ബ്രോക്ക് യൂണിവേഴ്‌സിറ്റിയിലെ ഫോറൻസിക് സൈക്കോളജി പ്രൊഫസറായ ഡോ. ആഞ്ചല ബുക്കും സംഘവുമാണ് ഈ നിർണ്ണായക ഗവേഷണത്തിന് പിന്നിൽ.

മനഃശാസ്ത്രത്തിൽ സൈക്കോപതി രണ്ട് പ്രധാന മാനസിക തലങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. മറ്റുള്ളവരോട് സഹതാപമോ പ്രായശ്ചിത്തമോ തോന്നാതിരിക്കൽ, കപടമായ ആകർഷകത്വം, ആളുകളെ സ്വാർത്ഥ ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ, ആലോചനയില്ലാത്ത പെരുമാറ്റം, കഠിനമായ സാഹസങ്ങളോട് താല്പര്യം, അച്ചടക്കമില്ലായ്മ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ ഇത്തരത്തിലുള്ള സ്വഭാവ സവിശേഷതകളുള്ളവർക്ക് ഭയം എന്ന വികാരം അനുഭവിക്കാനുള്ള കഴിവില്ല എന്നാണ് ആദ്യകാലങ്ങളിൽ വിലയിരുത്തിയിരുന്നത്. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യങ്ങളെ ത്രില്ലിംഗ് അനുഭവമായിട്ടാണ് ഇവർ കണക്കാക്കുന്നത് എന്നാണ് പുതിയ ഫിയർ എൻജോയ്‌മെന്റ് ഹൈപ്പോത്തിസിസ് (Fear Enjoyment Hypothesis) പറയുന്നത്.

എത്ര വലിയ അപകടമുണ്ടായാലും സുരക്ഷിതരായിരിക്കുമെന്നും അപായങ്ങളിൽനിന്നും രക്ഷപ്പെടുമെന്നുമുള്ള ഉറച്ച വിശ്വാസമാണ് ഭീതിദമായ സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതിരിക്കാൻ സഹായിക്കുന്നതെന്ന് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയ ഡോ. ആഞ്ചല ബുക്ക് പറയുന്നു. നമുക്ക് സ്വയം അപകടമൊന്നുമില്ലെന്ന് ഉറപ്പുള്ളിടത്തോളം കാലം മാത്രമേ ഭയം നമ്മൾ ആസ്വദിക്കുകയുള്ളൂ. എന്ന് പണ്ടൊരിക്കൽ പ്രശസ്ത ഹൊറർ-സസ്‌പെൻസ് സിനിമാ സംവിധായകൻ അൽഫ്രഡ് ഹിച്ച്‌കോക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത് റോളർ കോസ്റ്റർ റൈഡുകളിൽ ആളുകൾ കയറുന്നത് ആ അപകട സാധ്യത അറിഞ്ഞുകൊണ്ട് തന്നെ അത് ആസ്വദിക്കാനാണ്, കാരണം വീഴില്ലെന്ന വിശ്വാസം അവർക്കുണ്ട്.സൈക്കോപതിക് ലക്ഷണങ്ങൾ ഉയർന്ന തോതിലുള്ള വ്യക്തികളിൽ ഈ അജയ്യതാ ബോധം സ്വാഭാവികമായി കൂടുതലായിരിക്കും.

കാനഡ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മുതിർന്നവരുമടക്കം 1,200-ഓളം ആളുകളിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

പങ്കാളികൾക്ക് ഒരു റോളർ കോസ്റ്റർ റൈഡിന്റെയും, ഔട്ട്‌ലാസ്റ്റ് എന്ന ഭയപ്പെടുത്തുന്ന ഹൊറർ വീഡിയോ ഗെയിമിന്റെയും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ കാണിച്ചുകൊടുത്തു.

വീഡിയോയ്ക്ക് ശേഷം അവരുടെ മനസ്സിലുണ്ടായ പേടി, പരിഭ്രമം എന്നിവയും, ആവേശം, സന്തോഷം എന്നിവയും രേഖപ്പെടുത്തി. സൈക്കോപതിക് ലക്ഷണങ്ങൾ കൂടുതലുള്ള വ്യക്തികൾ ഹൊറർ ദൃശ്യങ്ങൾ കാണുമ്പോൾ കുറഞ്ഞ തോതിൽ മാത്രമേ ഭയവും പരിഭ്രാന്തിയും പ്രകടിപ്പിച്ചുള്ളൂ. ഇതിന് കാരണം അവരിലുള്ള അജയ്യതാ ബോധമാണെന്ന് വ്യക്തമായി. ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇവർക്ക് നൽകിയത് വലിയ തോതിലുള്ള മാനസിക ഉല്ലാസമാണ്.പെട്ടെന്ന് ബോറടിക്കുന്ന സ്വഭാവമാണ് ഇവരെ ഇത്തരം ആവേശങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നത് എന്ന അനുമാനം തെറ്റാണെന്ന് പഠനം തെളിയിച്ചു. വിരസതയേക്കാൾ ഇവരെ നയിക്കുന്നത് അപകടങ്ങളെ അതിജീവിക്കുമെന്ന സ്വന്തം മനസ്സിന്റെ വിശ്വാസമാണ്.

ലളിതമായ വീഡിയോ ക്ലിപ്പുകൾ കാണിച്ചുകൊണ്ട് നടത്തിയ പഠനമായതുകൊണ്ട് തന്നെ, യഥാർത്ഥ ജീവിതത്തിലെ അതീവ അപകടകരമായ സാഹചര്യങ്ങളിൽ ഇവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടുപിടിക്കാൻ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് തുടർപഠനങ്ങൾ നടത്താനാണ് ഗവേഷകരുടെ തീരുമാനം.കൂടാതെ, ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിൽ തലച്ചോറിലെ ഡോപാമൈൻ ഉൽപ്പാദനം ഇത്തരം വ്യക്തികളിൽ എങ്ങനെ വ്യതിചലിക്കുന്നു എന്നതിനെക്കുറിച്ചും ന്യൂറോ സയൻസ് തലത്തിൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, സാധാരണക്കാർ ഭയന്ന് വിറയ്ക്കുന്ന ഇടങ്ങളിൽ സൈക്കോപതിക് ലക്ഷണങ്ങളുള്ളവർ ആവേശം കണ്ടെത്തുന്നത്, തങ്ങളെ ഒന്നിനും തകർക്കാനാവില്ലെന്ന അവരുടെ ധാരണ കൊണ്ടുതന്നെയാണ്!