ഇന്ത്യന്‍ ടീമിന്റെ ട്വന്റി-20 ലോകകപ്പ് വിജയാഘോഷത്തിന് പിന്നാലെ രാത്രിതന്നെ വിരാട് കോലി ലണ്ടനിലേക്ക് വിമാനം കയറിയത് വാര്‍ത്തയായിരുന്നു. ഭാര്യ അനുഷ്‌ക ശര്‍മയേയും മക്കളായ വാമികയേയും അകായിയേയും കാണാനാണ് കോലി ലണ്ടനിലേക്ക് പറന്നത്. ഫൈനലിന് ശേഷം ബാര്‍ബഡോസില്‍ നിന്ന് 16 മണിക്കൂര്‍ വിമാനയാത്ര ചെയ്ത് ന്യൂഡല്‍ഹിയില്‍ എത്തിയ കോലി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം മുംബൈയിലേക്കാണ് വന്നത്. അവിടെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോലിയുടെ വിശ്രമമില്ലാത്ത യാത്രയെ കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 

To advertise here,

ഇപ്പോഴിതാ ലണ്ടനിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ കോലിയുടെ കൈയിലുണ്ടായിരുന്ന ബാഗിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുകയാണ്. ജര്‍മന്‍ ആഡംബര കമ്പനിയായ റിമോവയുടെ കറുപ്പ് നിറത്തിലുള്ള ഫ്‌ളാപ് ബാക്ക്പാക്കാണ് കോലി യാത്രയ്ക്കുപയോഗിച്ചത്. ഇതിന് ഏകദേശം ഒന്നര ലക്ഷം രൂപ വില വരും. മുന്നില്‍ ബക്ക്ള്‍ വരുന്ന രീതിയിലുള്ള ബാഗ് ടെക്‌സ്ചര്‍ പാറ്റേണിലാണുള്ളത്. 

കറുപ്പ് എസ്‌യുവിയില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോലി വെള്ള ടീ ഷര്‍ട്ടും ക്രീം പാന്റുമാണ് ധരിച്ചിരുന്നത്. ഇതിനൊപ്പം ഒലീവ് ഗ്രീന്‍ ജാക്കറ്റും പെയര്‍ ചെയ്തു. താരം തിരക്കിട്ട് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും വീഡിയോയില്‍ കാണാം.

നേരത്തെ ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത് വൈകിയിരുന്നു. ആ സമയത്ത് ഹോട്ടലില്‍ തങ്ങിയ കോലി അനുഷ്‌കയെ വീഡിയോകോള്‍ ചെയ്ത് ചുഴലിക്കാറ്റ് കാണിച്ചുകൊടുക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ കോലിയെ അഭിനന്ദിച്ച് അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അനുഷ്‌കയ്ക്ക് നല്‍കി കോലിയും ഇന്‍സ്റ്റഗ്രാമില്‍ മനോഹര ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ കാണാന്‍ ഗാലറിയിലെത്തിയിരുന്ന അനുഷ്‌ക പിന്നീട് ലണ്ടനിലേക്ക് തിരിച്ചുപോകുകയായിരുന്നു. ബാര്‍ബഡോസിലെ ഫൈനല്‍ കാണാന്‍ അവര്‍ എത്തിയിരുന്നില്ല. 

കിരീട വിജയത്തിനുശേഷം ഗ്രൗണ്ടിലിരുന്ന് കോലി അനുഷ്‌കയെ വീഡിയോകോള്‍ ചെയ്താണ് സന്തോഷം പങ്കുവെച്ചത്. മക്കളായ വാമികയേയും അകായ്യേയും കോലി കളിപ്പിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതുമുതല്‍ അനുഷ്‌ക കോലിക്കും വാമികയ്ക്കുമൊപ്പം ലണ്ടനിലാണ് താമസം. തങ്ങളുടേയും കുഞ്ഞുങ്ങളുടേയും സ്വകാര്യത കണക്കിലെടുത്താണ് ഇരുവരും മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് താമസം മാറിയത്.