
വിരാട് കോലി-അനുഷ്‌ക ശര്‍മ ദമ്പതികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുണ്ട്. മാതൃകാ ദമ്പതികളായാണ് ഇരുവരേയും ആരാധകര്‍ വാഴ്ത്തുന്നത്. മക്കളായ വാമികയ്ക്കും അകായിക്കുമൊപ്പം ലണ്ടനിലാണ് നിലവില്‍ കോലിയും അനുഷ്‌കയും താമസിക്കുന്നത്. മക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്താണ് ഇരുവരും മുംബൈയില്‍ നിന്ന് താമസം മാറിയത്.
ഇപ്പോഴിതാ കോലിയുടേയും അനുഷ്‌കയുടേയും പ്രണയം രഹസ്യമായിരുന്ന കാലത്ത് താന്‍ അനുഷ്‌കയുമായി നടത്തിയ ഒരു കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ടിരിക്കുകയാണ് കോപ്പി റൈറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫ്രെഡി ബേര്‍ഡി. രസകരമായ ഒരു കഥയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
Also Read
'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വോഗ് മാസിക അനുഷ്‌കയെ കുറിച്ച് ഒരു കവര്‍ സ്‌റ്റോറി ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. അതിനായി അവരുടെ മുംബെെയിലെ വീട്ടിലാണ് ഞാന്‍ ചെന്നത്. അന്ന് അവര്‍ സിംഗിളാണ്. കോലിയുമായുള്ള ബന്ധം പരസ്യമാക്കിയിട്ടില്ല. മനോഹരമായ ഒരു പെന്റ് ഹൗസ് അപാര്‍ട്‌മെന്റിലാണ് അവര്‍ താമസിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എന്റെ ഡ്രൈവറായിരുന്നു എന്നേക്കാള്‍ ആവേശഭരിതനായിരുന്നത്.
ഞങ്ങള്‍ അവരുടെ അപാര്‍ട്‌മെന്റിന് അടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ എന്നോട് പറഞ്ഞു കോലിയുമായി ഡേറ്റിങ്ങിലാണോയെന്ന് നിങ്ങള്‍ അവരോട് ചോദിക്കണം എന്ന്. അന്ന് അതീവ സുന്ദരിയായ അനുഷ്‌കയാണ് എന്റെ മുന്നിലെത്തിയത്. ഇയാള്‍ക്കുവേണ്ടിയെങ്കിലും മുടി ചീകണമെന്ന് തന്നോട് അമ്മ പറഞ്ഞതായും ഇതാണ് ഭംഗിയെന്ന് അമ്മയ്ക്ക് മറുപടി നല്‍കിയെന്നും അനുഷ്‌ക വന്നയുടനെ എന്നോട് പറഞ്ഞു.
സുന്ദരിയാണെന്നതിലുപരി നന്നായി തമാശ പറയുന്ന വ്യക്തി കൂടിയായിരുന്നു അനുഷ്‌ക. സാധാരണക്കാരെപ്പോലെയായിരുന്നു പെരുമാറ്റം. നന്നായി സംസാരിക്കുകയും ചെയ്തു. അങ്ങനെ കുറച്ച് സമയത്തിനുശേഷം ഡ്രൈവര്‍ പറഞ്ഞേല്‍പ്പിച്ച കാര്യം ഞാന്‍ അനുഷ്‌കയോട് ചോദിച്ചു. അപ്പോള്‍ അനുഷ്‌കയുടെ മികച്ച അഭിനയം ഞാന്‍ കണ്ടു. ഞാന്‍ ചോദിച്ച ചോദ്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് നടിച്ചു. പിന്നെ ഞാന്‍ അത് വിട്ടുകളഞ്ഞു.
എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുശേഷം അവരുടെ മൊബൈല്‍ ഫോണ്‍ റിങ് ചെയ്തു. മുറിയിലെ നിശബ്ദതയില്‍ ഫോണിന്റെ മറുവശത്തുള്ള വ്യക്തി ഏറ്റവും മനോഹരമായി ശൃംഗരിക്കുന്നതും അനുഷ്‌കയുമായി ഡിന്നര്‍ പ്ലാന്‍ ചെയ്യുന്നതും ഞാന്‍ കേട്ടു. അത് വിരാട് കോലിയായിരുന്നു.
അഭിമുഖത്തിനുശേഷം ഞാന്‍ കാറിലേക്ക് മടങ്ങിവന്നപ്പോള്‍ ഡ്രൈവര്‍ കാര്യം അന്വേഷിച്ചു. കോലിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു. ഉള്ളില്‍ ചിരിയോടെ ഞാന്‍ ഇല്ല എന്ന് പറഞ്ഞു. ഇന്ന് കോലി ലോകചാമ്പ്യനാണ്. അനുഷ്‌കയും കോലിയും മനോഹരമായ ദാമ്പത്യത്തിലാണ്. രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. മാധ്യമ ശ്രദ്ധയില്‍ നിന്നകന്ന് തങ്ങളുടെ സ്വകാര്യത രൂപപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു.'-ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഫ്രെഡി ബേര്‍ഡി പറയുന്നു.
ഇതിന് താഴെ അനുഷ്‌ക കമന്റ് ചെയ്തിട്ടുണ്ട്. 'ഫെഡ്രി...' എന്ന് കുറിച്ച അനുഷ്‌ക ഹാര്‍ട്ട്, ഹഗ്ഗ് ഇമോജികളും ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2017 ഡിസംബര്‍ 11-ന് ഇറ്റലിയിലായിരുന്നു അനുഷ്‌കയുടേയും കോലിയുടേയും വിവാഹം.
Content Highlights: influencer freddy birdy recalls time when virat kohli was flirting with anushka sharma
Published: 05 Jul 2024, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented