1975-ലാണ് അത് സംഭവിക്കുന്നത്. ഫ്രഞ്ച് ഫാഷന്റെ ആസ്ഥാനമായ പാരിസിലെ റൂ ഡി ലാ പേയിലുള്ള കാർട്ടിയർ ജൂവലറിയുടെ വാതിൽ തുറന്ന് മെക്‌സിക്കൻ സിനിമയുടെ രോമാഞ്ചമായ മരിയ ഫെലിക്‌സ് അകത്തേക്ക് വന്നു. കയ്യിലെ ഗ്ലാസ് ജാറിൽ ചെറിയൊരു മുതലക്കുഞ്ഞുണ്ടായിരുന്നു. ജാർ മുന്നോട്ടുവച്ച് അവളൊരു കാര്യം ആവശ്യപ്പെട്ടു. 'എനിക്കൊരു നെക്ലേസ് വേണം, അത് ഈ മുതലക്കുഞ്ഞിന്റെ അതേ രൂപത്തിലും വലിപ്പത്തിലും ഭാവത്തിലും ആയിരിക്കണം!' മുതലക്കുഞ്ഞിന്റെ മുഖത്തെയും ശരീരത്തിലെയും സൂക്ഷ്മമായ വരകളും ഭാവങ്ങളും കൃത്യമായി പഠിക്കാൻ ആ ജീവിയെ കുറച്ചുനാൾ കാർട്ടിയറിന്റെ ഡിസൈനർമാർക്കൊപ്പം നിർത്താനും അവർ തയ്യാറായി. ആ മുതലക്കുഞ്ഞിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ലോകം കണ്ട ഏറ്റവും മികച്ച ആഭരണം പിറന്നു, 'ദ് ക്രൊക്കഡൈൽ നെക്‌ലേസ്' മരിയയുടെ വിചിത്രമായ ആവശ്യമനുസരിച്ച് മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് കാർടിയെയുടെ വിദഗ്ദ്ധരായ ആഭരണനിർമാണ തൊഴിലാളികൾ നെക്‌ലേസ് പൂർത്തിയാക്കിയത്. രണ്ട് മുതലകൾ കഴുത്തിന് ചുറ്റും പിണഞ്ഞുനിൽക്കുന്ന രീതിയിലായിരുന്നു രൂപകല്പന. ഒരുപക്ഷെ, ആഭരണഡിസൈനിങ്ങിന്റെ ചരിത്രത്തിൽതന്നെ ഇത്രമേൽ സിനിമാറ്റിക് ആയ ഒരു കഥ കാണില്ല. ഈ കഥ വെറുംകെട്ടുകഥയാണോ, സത്യമാണോ എന്ന കാര്യത്തിൽ ഇന്നും തർക്കം തുടരുകയുമാണ്.

To advertise here,

സംഗതി എന്തുതന്നെയായാലും 51 വർഷങ്ങൾക്ക് മുൻപ് മരിയ ഫെലിക്‌സ് ഓർഡർ ചെയ്ത ക്രൊക്കഡൈൽ നെക്ലേസ് ലോകം കണ്ട അസാധരണ ആഭരണ സൃഷ്ടികളിൽ ഒന്നായി ഇന്നും തുടരുകയാണ്. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനും പഠനങ്ങൾക്കും ഒടുവിലാണ് കാർട്ടിയറിന്റെ സ്വർണ്ണപ്പണിക്കാരും ശിൽപ്പികളും ചേർന്ന് ഈ അപൂർവ മാല പൂർത്തിയാക്കിയത്. രണ്ട് മുതലകൾ കഴുത്തിന് ചുറ്റും പിണഞ്ഞുകിടക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജീവനുള്ള മുതലയുടെ ഓരോ അണുവിട ചലനങ്ങളും കൃത്യമായി പകർത്തിയെടുത്തുകൊണ്ടായിരുന്നു നിർമാണം.

1,060 മരതകങ്ങളും തീക്ഷ്ണമായ കാബോചൺ മാണിക്യ കണ്ണുകളുമുള്ള ഒരു മുതലയും 1,023 മഞ്ഞ വജ്രങ്ങൾ പതിച്ച അതിന്റെ ഇരട്ടയും. മരതകം പതിപ്പിച്ച മുതലക്കുഞ്ഞിന്റെ മൂക്ക്, മനോഹരമായ വളവോടെ അല്പം ഉയർന്നുനിൽക്കുന്ന രീതിയിലായിരുന്നു. തലയുയർത്തി നോക്കുന്നത് പോലെ..ഈ നെക്ലേസിനെ വേർപെടുത്തി രണ്ട് ബ്രോച്ചുകളായും വേണമെങ്കിൽ ധരിക്കാം. മുതലയുടെ മൂക്കിന്റെ ചെറിയ വളവും, തലയ്ക്ക് മുകളിലുള്ള കോൺ പോലുള്ള വളർച്ചയും, വാലിന്റെ ആടിയുലയുന്ന ചലനവും, വയറിന്റെ കനവുമെല്ലാം അതേപടി സ്വർണ്ണത്തിലും രത്‌നങ്ങളിലും ആവിഷ്‌കരിക്കാൻ സാധിച്ചു എന്നതാണ് ഈ ആഭരണത്തെ അപൂർവങ്ങളിൽ അപൂർവമാക്കുന്നത്. ജലപ്പരപ്പിൽ നിന്ന് തലയുയർത്തി നമ്മെ കടിക്കാൻ വരുന്ന ഒരു യഥാർത്ഥ മുതലയുടെ ഭാവമുള്ള നെക്‌ലേസ് എന്നാണ്

ആഭരണ ചരിത്രകാരിയായ ഹെലൻ മോൾസ്വർത്ത് ഈ മുതലകളെ നിരീക്ഷിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. ആഭരണമെന്നതിലുപരി മനോഹരമായ ഒരു ശിൽപ്പമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇതിലെ രണ്ട് മുതലകളെയും മാലയിൽ നിന്ന് വേർപെടുത്തി വെവ്വേറെ ബ്രൂച്ചുകളായി വസ്ത്രങ്ങളിൽ ധരിക്കാനും സാധിക്കും. മരിയ ഫെലിക്‌സ് താൻ സംഘടിപ്പിച്ചിരുന്ന സായാഹ്ന വിരുന്നുകളിൽ ഈ ഡിസൈനുകൾ മേശപ്പുറത്ത് അലങ്കാരമായി വെക്കാറുണ്ടായിരുന്നുവത്രേ.

കഥയിൽ സത്യമുണ്ടോ?

കാർട്ടിയറുടെ ഇമേജ്, സ്‌റ്റൈൽ, ഹെറിറ്റേജ് ഡയറക്ടറായ പിയറെ റെയ്‌നെറോ, 1999-ൽ മരിയ ഫെലിക്‌സിനോട് മുതലക്കുഞ്ഞ് കഥയെക്കുറിച്ച് നേരിട്ട് ചോദിച്ചിരുന്നതായി നാച്വറൽ ഡയമണ്ട്‌സ് ഡോട് കോം പറയുന്നുണ്ട്. സംഗതി ശരിയാണെന്നാണ് മരിയ അന്നുപറഞ്ഞത്. എന്നാൽ കാര്യങ്ങൾ അതിശയോക്തിയോടെ പറയുന്ന കാര്യത്തിൽ കുപ്രസിദ്ധയാണ് മരിയയെന്നും പിയറെ പറയുന്നുണ്ട്. ബോൾഡ്, സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളുടെ വലിയ ശേഖരമുള്ള വ്യക്തിയായിരുന്നു മരിയ. ജന്മദേശമായ മെക്‌സിക്കോയിലെ തടാകങ്ങളിലും നദികളിലും കണ്ടുവരുന്ന മോറെലെറ്റ്‌സ് മുതലകളെ ലോകത്തിന് മുന്നിൽ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് മരിയ ഇത്തരം ഒരു വേറിട്ട ആശയം മുന്നോട്ടുവെച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പിൽക്കാലത്ത് അവരുടെ ആഭരണ ശേഖരത്തിലെ ഏറ്റവും വിസ്മയകരവും വിലയേറിയതുമായ മാസ്റ്റർപീസായി ഈ നെക്ലേസ് മാറി. ഏകദേശം 180-200 കോടി രൂപ വിലയാണ് ഈ ജൂവലറിക്ക് കണക്കാക്കുന്നത്.

2002-ൽ മരിയ ഫെലിക്‌സ് അന്തരിക്കുന്നതിന് തൊട്ടുമുമ്പ് അവരുടെ ആഭരണശേഖരത്തിൽ ഭൂരിഭാഗവും വിറ്റഴിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ ക്രോക്കഡൈൽ നെക്ലേസ് കാർട്ടിയർ തന്നെ തിരികെ വാങ്ങുകയും തങ്ങളുടെ പൈതൃക ശേഖരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. മരിയ ഫെലിക്‌സിന് ശേഷം വിരലിലെണ്ണാവുന്ന പ്രശസ്തരായ വ്യക്തികൾക്ക് മാത്രമേ ഈ അപൂർവ്വ ആഭരണം ധരിക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ. മരിയയ്ക്ക് ശേഷം ആദ്യമായി ഈ മാല ധരിച്ചത് ഇറ്റാലിയൻ നടിയായ മോണിക്ക ബെലൂച്ചിയാണ്. 2006-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ വെളുത്ത ബട്ടൺ ഡൗൺ ഷർട്ടിന്റെ മുകൾഭാഗം തുറന്നിട്ട്, കഴുത്തിൽ ഈ മാലയണിഞ്ഞ് മോണിക്ക എത്തിയത് അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈജിപ്ഷ്യൻ നടിയും മോഡലുമായ യാസ്മിൻ സബ്രി 2021-ൽ നടന്ന കാർട്ടിയറിന്റെ പ്രത്യേക ചടങ്ങിൽ ഈ നെക്ലേസ് അണിഞ്ഞു. 2023ൽ 'വോഗ് മെക്‌സിക്കോ'യുടെ കവർ ഷൂട്ടിനായി മെക്‌സിക്കൻ നടി മാബെൽ കാഡെന ഈ ചരിത്ര മാസ്റ്റർപീസിന്റെ തിളക്കത്തിലെത്തി.

മുതലകളെ ആസ്പദമാക്കിയുള്ള ഡിസൈനുകൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കാർട്ടിയറിന്റെ ശേഖരങ്ങളിൽ ഉണ്ടെങ്കിലും, മരിയ ഫെലിക്‌സിന്റെ നിർദ്ദേശപ്രകാരം നിർമ്മിച്ച ഈ മാല തന്നെയാണ് ആ പരമ്പരയിലെ ഏറ്റവും മികച്ച സൃഷ്ടി. 2019-ൽ കാർടിയർ ഈ അപൂർവ്വ നെക്ലേസിന് ഒരു പുതിയ ആദരവൊരുക്കിയിരുന്നു. പഴയ മാലയുടെ അതേ ശിൽപ്പിയെ തന്നെ പങ്കാളിയാക്കിക്കൊണ്ട് കൊളംബിയയിൽ നിന്നുള്ള 46.45 കാരറ്റ് തൂക്കം വരുന്ന 14 മരതകങ്ങൾ ഉപയോഗിച്ച് പുതിയൊരു 'ഹൈ ജ്വല്ലറി' സെറ്റ് അവർ നിർമ്മിച്ചു. മാലയ്ക്ക് പുറമേ വള, കമ്മൽ, മോതിരം എന്നിവ അടങ്ങുന്നതായിരുന്നു ഈ പുതിയ ശേഖരം. 2019-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മോണിക്ക ബെലൂച്ചി ഇതിന്റെ പുതിയ പതിപ്പണിഞ്ഞു എത്തിയിരുന്നു. 2026-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇതിന്റെ ഡയമണ്ട് പതിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മെക്‌സിക്കോ സിറ്റിയിലെ മ്യൂസിയോ ജുമെക്‌സിൽ നടന്ന കാർടിയെയുടെ പ്രദർശനത്തിൽ ക്രൊക്കഡൈൽ നെക്ലേസ് പ്രദർശിപ്പിച്ചിരുന്നു.

പ്രകൃതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കാർട്ടിയർ എന്നും ആഭരണങ്ങൾ രൂപകല്പന ചെയ്യാറുള്ളത്. 1948ൽ വിൻഡ്‌സർ പ്രഭു പത്‌നിക്കായി പുള്ളിപ്പുലിയെ രൂപകല്പന ചെയ്തിട്ടുണ്ട് കാർട്ടിയർ. ഇതിനുവേണ്ടി പാരിസ് മൃഗശാലയിൽ സമയം ചെലവഴിക്കാൻ ഡിസൈനർമാരോട് ആവശ്യപ്പെട്ടിരുന്നതായി കാർട്ടിയറിന്റെ ഫൈൻ ജ്വല്ലറി ഡയറക്ടറായ ജീൻ ടൗസൈന്റ് പറഞ്ഞിട്ടുണ്ട്. ഫാഷൻ ലോകത്ത് വിപ്ലവം സൃഷ്ടിച്ച, അപൂർവ്വവും വിചിത്രവുമായ ക്രൊക്കഡൈൽ നെക്ലേസ് അരനൂറ്റാണ്ടിനിപ്പുറവും തലയെടുപ്പും തിളക്കവും ഒട്ടും കുറയാതെ ആഭരണ പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് നിലകൊള്ളുകയാണ്.