ഗർഭകാലത്തിന്റെ മാനോഹാരിതയും അനുഭവങ്ങളും ആരാധകരുമായി പങ്കുവെച്ച് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാമിൽ അടുത്തിടെ താരം 'ആസ്‌ക് മി എനിത്തിങ്' എന്നൊരു സെഷൻ ആരാധകർക്കായി സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഗർഭകാലത്തുണ്ടായ ശരീരഭാര മാറ്റങ്ങളെക്കുറിച്ചും മനസമാധാനത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.

To advertise here,

ഗർഭകാലത്ത് വണ്ണം വെക്കുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച ആരാധികയോട്, 'നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും, എനിക്ക് ഇതിനോടകം 11 കിലോ ഭാരം കൂടിയിട്ടുണ്ട്' എന്നായിരുന്നു സാമന്തയുടെ മറുപടി. മുൻപ് ശരീരഭാരം വർദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകുമെന്ന് കരുതിയെങ്കിലും, ഈ ഘട്ടം തനിക്ക് നൽകുന്നത് വലിയൊരു മാനസിക ഊർജ്ജമാണെന്നും താരം കൂട്ടിച്ചേർത്തു.

'ഇത്രയധികം ആത്മവിശ്വാസവും കരുത്തും ഈ കാലഘട്ടം സമ്മാനിക്കുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല. ശരിക്കും ഇത് ആസ്വദിക്കുകയാണ്,' സാമന്ത കുറിച്ചു. ഗർഭകാലത്തും കൃത്യമായ ഡോക്ടർമാരുടെ ഉപദേശത്തോടെയും വിദഗ്ദ്ധരുടെ മേൽനോട്ടത്തോടെയും വ്യായാമങ്ങൾ തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.

അതേസമയം, എല്ലാവരുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായതിനാൽ തന്റെ വ്യായാമ രീതികൾ അതേപടി പിന്തുടരരുതെന്നും സാമന്ത ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമാ തിരക്കുകൾക്കെല്ലാം താൽക്കാലികമായി അവധി നൽകി പൂർണമായും അമ്മയാകാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ.