വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യവും മനോഹരവുമായ ഏടുകൾ തികച്ചും സ്വാഭാവികതയോടെ തുറന്നുപറയാൻ സിനിമാതാരങ്ങൾ മുതിരാറില്ല. എന്നാൽ, ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രണയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വ്യത്യസ്തരാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ ആർത്തവനാളുകളിൽ പങ്കാളിയായ വിജയ് ദേവരകൊണ്ട നൽകുന്ന സ്‌നേഹത്തെയും പിന്തുണയെയും കുറിച്ച് രശ്മിക പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാലോകത്തും സാമൂഹിക മാധ്യമങ്ങളിലും പ്രധാന ചർച്ചാവിഷയം. കേവലം ഒരു സിനിമാ വിശേഷത്തിനപ്പുറം, ലിംഗസമത്വത്തെക്കുറിച്ചും പരസ്പര ധാരണയെക്കുറിച്ചും വലിയൊരു സന്ദേശമാണ് ഈ വാക്കുകളിലൂടെ രശ്മിക നൽകുന്നത്.

To advertise here,

ആർത്തവത്തെക്കുറിച്ചും അതിനോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകളെക്കുറിച്ചും സംസാരിക്കാൻ ഇന്നും സമൂഹം വിമുഖത കാണിക്കാറുണ്ട്. പ്രത്യേകിച്ച്, പുരുഷന്മാരുമായി ഇത്തരം കാര്യങ്ങൾ പങ്കുവെക്കുന്നതിൽ നിലനിൽക്കുന്ന അനാവശ്യ മടിയെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് രശ്മിക മനസ്സുതുറന്നത്. 'വിജയ്‌യുടെ കുടുംബത്തിൽ ഇതിനുമുമ്പ് ഇത്തരം വിഷയങ്ങൾ തുറന്നു സംസാരിക്കുന്ന ഒരു രീതി ഉണ്ടായിരുന്നിരിക്കില്ല. എങ്കിലും, ഞാൻ കടന്നുപോകുന്ന ശാരീരിക ബുദ്ധിമുട്ടുകളെയും അസ്വസ്ഥതകളെയും കുറിച്ച് വിജയ് ബോധവാനാണ്.' രശ്മിക പറയുന്നു.

താൻ കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവക്കാരിയാണെന്നും രശ്മിക വ്യക്തമാക്കുന്നു. 'പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ എനിക്ക് മാനസികമായി വിഷമം തോന്നുമ്പോൾ, അല്ലെങ്കിൽ പെട്ടെന്ന് മൂഡ് മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ അവനോട് തുറന്നുപറയും: അടുത്ത ദിവസങ്ങളിൽ എന്റെ പീരിയഡ്‌സ് ആരംഭിക്കും. ഈ സമയത്ത് എനിക്ക് നിന്റെ സാന്നിധ്യം അത്യാവശ്യമാണ്.'

ആ സമയത്ത് കൂടെയുണ്ട് എന്ന തോന്നൽ തരുന്ന ആശ്വാസം ചെറുതല്ല. എന്റെ കൈകാലുകൾ മസാജ് ചെയ്തു തരാനും വയറുവേദനയുള്ളപ്പോൾ പതുക്കെ തടവിത്തരാനും തയ്യാറാകും. 'എനിക്ക് ഇപ്പോൾ നിനക്കായി ചെയ്തുതരാൻ കഴിയുന്നത് ഇത് മാത്രമാണ്' എന്ന് പറഞ്ഞുകൊണ്ടാണ് അവൻ അത് ചെയ്യുന്നത്. ഒരു പുരുഷനിൽനിന്ന് ഈ സമയത്ത് ഇതിലുമധികം എന്താണ് പ്രതീക്ഷിക്കുക എന്നും രശ്മിക ചോദിക്കുന്നു. പരസ്പരമുള്ള ഈ കരുതലാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ കാതലെന്ന് രശ്മിക കൂട്ടിച്ചേർക്കുന്നു.

'കോഫി വിത്ത് കരൺ' ചാറ്റ് ഷോയിൽ രശ്മികയോട് നൂറു തവണ വിവാഹാഭ്യർഥന നടത്താൻ വിജയ് ആവശ്യപ്പെട്ടതിനെക്കുറിച്ച് ദമ്പതിമാർ സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. 'തന്നോട് നൂറ് തവണ വിവാഹാഭ്യർത്ഥന നടത്താൻ രശ്മികയോട് ആവശ്യപ്പെട്ടിരുന്നു' എന്ന് വിജയ് വെളിപ്പെടുത്തി. ഒരു വർഷം ഇതുചോദിച്ച് പിറകേ നടന്നെന്ന് രശ്മികയും. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

എന്നാൽ, എന്തുകൊണ്ടാണ് അത്രയും സമയം എടുത്തത് എന്ന് വിജയ് വിശദീകരിക്കുന്നുണ്ട്. 'ഞാനൊരു ക്രൂരനായ വ്യക്തിയായതു കൊണ്ടല്ല അത്രയും സമയം എടുത്തത്. ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടങ്ങളിലൂടെയും മടുപ്പിക്കുന്ന ദിനങ്ങളിലൂടെയും കടന്നുപോകുമ്പോഴും ഈ സ്‌നേഹം നിലനിൽക്കുമോ എന്ന് എനിക്ക് ഉറപ്പുവരുത്തണമായിരുന്നു. പ്രതിസന്ധികളിലും ഈ ഒരേ സ്‌നേഹത്തോടെ എന്നെ വിവാഹം കഴിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.' വിജയ് പറയുന്നു.