പ്രസവിച്ച് ആറാഴ്ചയ്ക്കുള്ളിൽ വിക്ടോറിയാസ് സീക്രട്ട് റൺവേയിൽ ചുവടുവെച്ച് ലോകത്തെ അതിശയിപ്പിച്ച ഹംഗേറിയൻ സൂപ്പർ മോഡൽ ബാർബറ പാൽവിന്റെ ഫിറ്റ്നസ് ട്രെയിനിങ് രഹസ്യങ്ങൾ വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ ഡാൻ അഡെയർ. ഡോക്ടർമാരുടെ പൂർണ്ണമായ അനുമതി ലഭിച്ച ശേഷമാണ് പരിശീലനം ആരംഭിച്ചതെന്നും അത്യധികം സുരക്ഷിതവും കൃത്യമായി കണക്കുകൂട്ടിയതുമായ രീതിയിലാണ് വർക്കൗട്ടുകൾ നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

To advertise here,

ഗർഭധാരണത്തിന് മുൻപ് എൻഡോമെട്രിയോസിസ് ശസ്ത്രക്രിയയ്ക്കും, കാലിലെ അസ്ഥി പൊട്ടിയതിനും ശേഷമാണ് താരം കുഞ്ഞിന് ജന്മം നൽകിയത്. അതിനാൽതന്നെ പ്രസവാനന്തര വീണ്ടെടുപ്പും വർക്കൗട്ടും ബാർബറയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരുന്നു. അസാധാരണമായ പരീക്ഷണങ്ങൾക്ക് മുതിരാതെ സ്‌ട്രെംഗ്ത് ട്രെയിനിങ്, നടത്തം, വാട്ടർ റീറ്റെൻഷൻ കുറയ്ക്കാനായി ലിംഫാറ്റിക് മസാജുകൾ എന്നിവയാണ് ഡാൻ അഡെയറിന്റെ മേൽനോട്ടത്തിൽ ചെയ്തത്. മസിലുകളുടെ ബലത്തിനും ഊർജത്തിനുമായി ഉയർന്ന അളവിൽ പ്രോട്ടീനും മറ്റ് പോഷകങ്ങളുമടങ്ങിയ കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടർന്നു.

'കഴിഞ്ഞ വർഷം ബാർബറയ്ക്ക് എൻഡോമെട്രിയോസിസ് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുപുറമേ, ഷോ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അവളുടെ കാൽ ഒടിയുന്നത്. അവൾ പ്രസവിച്ച അതേ ദിവസം! ഷോയ്ക്ക് ആറുമാസം മുൻപാണ് ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകുന്നത്. അതിനാൽ തയ്യാറെടുപ്പ് അല്പം വെല്ലുവിളി നിറഞ്ഞത് തന്നെയായിരുന്നു. ഡോക്ടർമാരുടെ അനുമതി ലഭിച്ചപ്പോൾ, ഞങ്ങൾ ആരംഭിച്ചു. അസാധാരണമായി ഒന്നും ചെയ്തില്ല. സ്‌ട്രെങ്ത് പരിശീലനം, നടത്തം, പ്രോട്ടീനുള്ള പോഷകസമൃദ്ധമായ ഭക്ഷണക്രമം, ഷോയ്ക്ക് അടുത്തായി ചില ലിംഫറ്റിക് മസാജ്. യാത്ര എളുപ്പമായിരുന്നില്ല.' ഡാൻ കുറിക്കുന്നു.

'വിക്ടോറിയാസ് സീക്രട്ട് ടീം നൽകിയ പിന്തുണ വലുതാണ്, എന്റെ വസ്ത്രത്തിൽ നേഴ്‌സിംഗ് പാഡുകൾ തുന്നിച്ചേർത്താണ് അവർ എന്നെ റാംപിലേക്ക് വിട്ടത്. എന്നാൽ, എന്റെ ദൈനംദിന പ്രസവാനന്തര ജീവിതം ഈ ഗ്ലാമറസ് റൺവേയിൽനിന്നും ഏറെ വ്യത്യസ്തമാണ്. ഒരു ദിവസം സ്വസ്ഥമായി കുളിക്കാനോ സമാധാനത്തോടെ ഭക്ഷണം കഴിക്കാനോ സമയം കിട്ടുന്നത് പോലും വലിയൊരു നേട്ടമായാണ് ഞാൻ കാണുന്നത്.' ഓരോ അമ്മമാരുടെയും പ്രസവാനന്തര ശരീരപ്രകൃതിയും സൗകര്യങ്ങളും വ്യത്യസ്തമാണെന്നും വിക്ടോറിയാസ് സീക്രട്ട് റൺവേയിലെ കാഴ്ചകളെ കണ്ട് മറ്റ് അമ്മമാർ സ്വയം താരതമ്യം ചെയ്ത് വിഷമിക്കരുതെന്നും താരം കൂട്ടിച്ചേർക്കുന്നു.