പലപ്പോഴും രാവിലെ 10 മണിയോ 11 മണിയോ ആകുമ്പോഴാണ് ഇരുവരും ഒരുമിച്ച് സെറ്റിലേക്ക് എത്താറുള്ളത്.

ബോളിവുഡ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മനോഹരമായ പ്രണയകാവ്യങ്ങളിലൊന്നാണ് 1999-ൽ പുറത്തിറങ്ങിയ 'ഹം ദിൽ ദെ ചുക്കേ സനം'. ചിത്രത്തിൽ സമീറായും നന്ദിനിയായും വെള്ളിത്തിരയിൽ ജീവിച്ച സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും കെമിസ്ട്രി ഇന്നും പ്രേക്ഷകമനസ്സുകളിൽ മായാതെ നിൽക്കുന്ന ഒന്നാണ്. എന്നാൽ, വെള്ളിത്തിരയിലെ ഈ പ്രണയം കേവലം അഭിനയം മാത്രമായിരുന്നില്ലെന്നും അവരുടെ യഥാർത്ഥ ജീവിതത്തിൽ വിരിഞ്ഞ പ്രണയത്തിന്റെ നിഴലുകൾ ക്യാമറയ്ക്ക് മുന്നിലും പ്രതിഫലിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൽ ഐശ്വര്യയുടെ അമ്മയായി അഭിനയിച്ച മുതിർന്ന നടി സ്മിത ജയക്കർ.
ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'ആംഖോൻ കി ഗുസ്താഖിയാ' ചിത്രീകരിക്കുന്ന സമയം. ഗാനരംഗത്തിന്റെ കൊറിയോഗ്രാഫി അനുസരിച്ച്, മേശയ്ക്ക് ചുറ്റും നടന്ന് ഐശ്വര്യയുടെ കഥാപാത്രത്തിന്റെ അടുത്തെത്തി അവരെ നോക്കി നിൽക്കുക മാത്രമായിരുന്നു സൽമാന്റെ കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നത്. യാതൊരുവിധ ശാരീരിക സ്പർശനവും ആ രംഗത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ആക്ഷൻ പറഞ്ഞതും മേശയ്ക്ക് ചുറ്റും നടന്നു നീങ്ങിയ സൽമാൻ ഖാൻ, ഐശ്വര്യയുടെ അടുത്തുകൂടി കടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി അവരുടെ കയ്യിൽ പതുക്കെ തൊട്ടു. അത് ഷൂട്ടിങ് പ്ലാനിന്റെ ഭാഗമായിരുന്നില്ല. സഞ്ജയ് ഉടൻ തന്നെ 'സൽമാൻ, നീ എന്തിനാണ് അവളെ തൊട്ടത്?' എന്ന് ഉറക്കെ ചോദിച്ചതായി സ്മിത പറയുന്നു.
'ആ സമയത്ത് ഐശ്വര്യയോട് കടുത്ത പ്രണയത്തിലായിരുന്നു സൽമാൻ. ഉള്ളിൽ സ്‌നേഹമുള്ളതിനാൽ സ്വാഭാവികമായി തൊട്ടുപോയതാണ്. എന്നാൽ, ഭൻസാലി മനസ്സിൽ കണ്ടത് അങ്ങനെയായിരുന്നില്ല. സൽമാൻ അവിടെ നിന്ന് ഐശ്വര്യയെ നോക്കുക മാത്രമാണ് ചെയ്യേണ്ടിയിരുന്നത്.' ഈ അപ്രതീക്ഷിത സംഭവം സെറ്റിൽ വലിയ ചിരിയുണർത്തിയെന്നും, സ്മിത ഓർക്കുന്നു.
സൽമാൻ-ഐശ്വര്യ പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധം ചിത്രത്തിന്റെ വിജയത്തിന് വലിയ രീതിയിൽ തുണച്ചുവെങ്കിലും, അണിയറ പ്രവർത്തകർക്ക് ചിലപ്പോഴൊക്കെ തലവേദനയുണ്ടാക്കിയിരുന്നു.
'രാവിലെ 7 മണിക്ക് ഷൂട്ടിങ് ഷിഫ്റ്റ് ആരംഭിക്കുമ്പോൾ മറ്റു അഭിനേതാക്കളും അണിയറ പ്രവർത്തകരും സെറ്റിൽ കൃത്യസമയത്ത് എത്തി കാത്തിരിക്കും. എന്നാൽ, പലപ്പോഴും രാവിലെ 10 മണിയോ 11 മണിയോ ആകുമ്പോഴാണ് ഇരുവരും ഒരുമിച്ച് സെറ്റിലേക്ക് എത്താറുള്ളത്. തങ്ങൾ കാരണം മുഴുവൻ സെറ്റും കാത്തിരിക്കുകയാണെന്ന കാര്യം പോലും ശ്രദ്ധിക്കാതെയാണ് അവർ വന്നിരുന്നത്.' സ്മിത വെളിപ്പെടുത്തുന്നു.
ഇക്കാര്യത്തിൽ സെറ്റിലുള്ളവർക്ക് പരാതിയുണ്ടായിരുന്നെങ്കിലും, പ്രണയത്തിലായിരിക്കുന്ന രണ്ടുപേരോട് എന്ത് പറയാനാണ് എന്ന നിലപാടിലായിരുന്നു താനെന്നും സ്മിത തമാശയോടെ പറഞ്ഞു. 'അവർ രണ്ടുപേരും ആ സമയത്ത് മാലാഖകളെപ്പോലെയായിരുന്നു. ഐശ്വര്യയുടെ മുഖത്ത് ഒരു തിളക്കമുണ്ടായിരുന്നു. അവരുടെ കണ്ണുകളിലെ പ്രണയം വെള്ളിത്തിരയിലും മായാജാലം സൃഷ്ടിച്ചു.' അവർ പറഞ്ഞു.
Content Highlights: Explore the captivating chemistry between Salman Khan and Aishwarya Rai in the 1999 Bollywood classic, 'Hum Dil De Chuke Sanam', as revealed by Smita Jaykar.
Published: 24 Oct 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented