അയർലൻഡിൽ പുത്തൻ വസതി സ്വന്തമാക്കി മാർക്ക് സക്കർബർഗ്. 335 കോടി രൂപ വിലവരുന്ന പടുകൂറ്റൻ കൊട്ടാരവും എസ്‌റ്റേറ്റുമാണ് മെറ്റ സിഇഒ സ്വന്തമാക്കിയിരിക്കുന്നത്. തെക്കുകിഴക്കൻ അയർലൻഡിലെ 'സ്ട്രൻകല്ലി കാസിൽ' (Strancally Castle) എന്നറിയപ്പെടുന്ന കൊട്ടാരസദൃശ്യമായ വസതിയും അതിനോട് ചേർന്നുള്ള 440 ഏക്കർ ഭൂമിയുമാണ് സർക്കർബർഗും ഭാര്യ പ്രിസില്ല ചാനും വാങ്ങിയത്

To advertise here,

1830ൽ നിർമിക്കപ്പെട്ട ഗോഥിക് ശൈലിയിലുള്ള ഈ കൊട്ടാരം ബ്ലാക്ക്‌വാട്ടർ നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. 16,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൊട്ടാരത്തിൽ അടുക്കളയിൽ നിന്ന് ഡൈനിംഗ് റൂമിലെത്താൻ മാത്രം നാലര മിനിറ്റ് നടക്കണമത്രേ! പ്രമുഖ നിക്ഷേപകനായ മൈക്കൽ അലൻ-ബക്ലിയിൽ നിന്നാണ് സക്കർബർഗ് ഈ വസ്തു വാങ്ങിയിരിക്കുന്നത്. ഓഫ്-മാർക്കറ്റ് ഡീലിലൂടെയാണ് സക്കർബർഗ് കൊട്ടാരം വാങ്ങിയതെന്ന് 'ദി ഐറിഷ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. വില എത്രയാണെന്ന് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 223 കോടി രൂപ മുതൽ 335 കോടി രൂപ വരെ വില വന്നിട്ടുണ്ടാകാം എന്നാണ് റിപ്പോർട്ട്.

മെറ്റായുടെ അന്താരാഷ്ട്ര ആസ്ഥാനം സ്ഥിതിചെയ്യുന്ന ഡബ്ലിനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ പ്രോപ്പർട്ടി. മുൻപ് കാസിൽമാർട്ടിൻ ഹൗസ് സ്വന്തമാക്കാൻ സക്കർബർഗ് ശ്രമിച്ചിരുന്നെങ്കിലും, ഒടുവിൽ സ്ട്രാൻകല്ലി കാസിലിൽ കരാർ ഉറപ്പിക്കുകയായിരുന്നു.'ദി ഹൗസസ് ഓഫ് അയർലൻഡ്' എന്ന പുസത്കത്തിൽ ഈ കൊട്ടാരത്തെക്കുറിച്ച് പരാമർശമുണ്ട്. പെയ്ൻ സഹോദരന്മാരാണ് ഈ കൊട്ടാരം രൂപകല്പന ചെയ്തതെന്ന് പുസ്തകത്തിൽ പറയുന്നു. ആർഎബി ക്യാപിറ്റലിന്റെ സഹസ്ഥാപകരായ മൈക്കൽ അലൻ-ബക്ക്ലിയും ഭാര്യ ജിയാൻകാർല എന്നിവരുടെ കയ്യിൽ നിന്നാണ് സക്കർബർഗ് കൊട്ടാരം വാങ്ങിയത്. 25 വർഷങ്ങൾക്ക് മുൻപാണ് ആ ദമ്പതികൾ ഈ കൊട്ടാരം സ്വന്തമാക്കിയത്.

അമേരിക്കയിലെ താമസം തുടരുമെങ്കിലും അയർലൻഡിലെ സന്ദർശനവേളകളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനാകും സക്കർബർഗ് ഈ വസതി ഉപയോഗിക്കുക. അമേരിക്കയിൽ കാലിഫോർണിയ, വാഷിങ്ടൺ, ഹവായ് തുടങ്ങിയ ഇടങ്ങളിലും സക്കർബർഗിന് ആഡംബര വസതികളുണ്ട്.