പതിനഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് തെന്നിന്ത്യൻ നടി കീർത്തി സുരേഷും ബിസിനസ്സുകാരനായ ആന്റണി തട്ടിലും വിവാഹിതരാകുന്നത്. 2024-ൽ ഗോവയിൽ വച്ചുനടന്ന വിവാഹത്തേക്കുറിച്ച് വൈകാരികമായി സംസാരിച്ചിരിക്കുകയാണ് കീർത്തി ഇപ്പോൾ. ആദ്യമായി ആന്റണി കരയുന്നത് കാണുന്നത് വിവാഹ ദിനത്തിലാണെന്ന് കീർത്തി പറഞ്ഞു.

To advertise here,

ഇത്തരമൊരു വിവാഹത്തേക്കുറിച്ച് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്നും സത്യത്തിൽ ഒളിച്ചോടിപ്പോവുമെന്നാണ് വിചാരിച്ചിരുന്നതെന്നും കീർത്തി പറഞ്ഞു. പതിനഞ്ചുവർഷമായി ആഗ്രഹിച്ചുകാത്തിരിക്കുന്ന കാര്യം ഒരു മുപ്പതുസെക്കന്റിലേക്ക് ഒതുങ്ങിയപ്പോൾ മറ്റൊന്നും കാണാൻ കഴിഞ്ഞിരുന്നില്ലെന്നും താൻ തീർത്തും ബ്ലാങ്ക് ആയിപ്പോയെന്നും കീർത്തി പറഞ്ഞു.

താലി ഒഴികെ മറ്റെല്ലാം ശൂന്യമായാണ് തോന്നിയത്. വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. അദ്ദേഹത്തെ കണ്ണുനീരോടെ ആദ്യമായി കാണുന്നതും അതായിരിക്കും. - കീർത്തി പറഞ്ഞു.

കീർത്തി സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ആന്റണിയുമായി പ്രണയത്തിലായിരുന്നു. 2010-ലാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്. തന്നേക്കാൾ ഏഴ് വയസ് കൂടുതലുള്ള ആന്റണിയുമായി പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് കീർത്തിയുടെ പ്രണയം തുടങ്ങിയത്. ഇതിനിടയ്ക്ക് കോളേജ് പഠനം പൂർത്തിയാക്കുകയും കരിയർ കെട്ടിപ്പടുക്കുകയും ചെയ്തു. മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ കുടുംബം തങ്ങളുടെ ബന്ധം അംഗീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നുവെന്ന് കീർത്തി മുമ്പ് പറഞ്ഞിട്ടുണ്ട്. 

  ആന്റണി വിവാഹത്തിനായി ഒരിക്കലും തന്നെ നിർബന്ധിച്ചിട്ടില്ലെന്നും നടി പറഞ്ഞിട്ടുണ്ട്. 15 വർഷത്തെ പ്രണയത്തിൽ ആറ് വർഷം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. എന്നിട്ടുപോലും എപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്ന് അദ്ദേഹം ഒരിക്കലും തന്നോട് ചോദിച്ചിട്ടില്ല.

'ഒരുപാട് കാലം ഒരാൾക്കുവേണ്ടി കാത്തിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്ന് അദ്ദേഹം എന്നോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഒരു കാര്യത്തിനും അദ്ദേഹം എന്നെ നിർബന്ധിച്ചിട്ടില്ല. ഞാൻ ആഗ്രഹിച്ച സമയത്തുതന്നെ എല്ലാ കാര്യങ്ങളും സംഭവിച്ചു. അദ്ദേഹം സ്ത്രീകളേയും എന്റെ ചുറ്റുമുള്ള സുഹൃത്തുക്കളേയും ബഹുമാനിക്കുന്ന രീതി എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾക്കെല്ലാം അദ്ദേഹം സഹോദരനെപ്പോലെയാണ്. ഈ വിവാഹം നടന്നത്തിൽ എല്ലാ ദൈവങ്ങളോടും ഞാൻ നന്ദി പറയുന്നു.'-വിവാഹശേഷം നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞു.