
ആയിരക്കണക്കിന് അടി ഉയരത്തിൽ വിമാനം പറത്തുന്ന രണ്ട് പൈലറ്റുമാർ. വെവ്വേറെ വിമാനങ്ങളുടെ കോക്പിറ്റിലിരുന്ന്, ടേക്ക് ഓഫിന് തൊട്ടുമുമ്പ് പരസ്പരം സംസാരിച്ചാൽ? അത്തരമൊരു അപൂർവവും രസകരവുമായ നിമിഷത്തിനാണ് യുഎസിലെ വാഷിങ്ടൺ ഡാലസ് അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചത്. മാത്രമല്ല, സംസാരിച്ചത് പൈലറ്റുമാരായ അച്ഛനും മകളും!
യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 787 വിമാനത്തിന്റെ പൈലറ്റായ കെന്റ് കട്‌നിക്കും, റീജ്യണൽ സർവീസായ കമ്മ്യൂട്ട് എയറിന്റെ പൈലറ്റായ മകൾ കെന്നി കട്‌നിക്കും തമ്മിലാണ് എയർ ട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്തത്.
സെപ്റ്റംബർ ഒന്നിന് വൈകുന്നേരമായിരുന്നു സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു കെന്റ്. ഇതിനിടെ, അടുത്തുള്ള റൺവേയിൽ നിന്ന് ന്യൂയോർക്കിലെ സിറാക്യൂസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന കെന്നി, കൺട്രോൾ ടവറുമായുള്ള സംഭാഷണത്തിനിടയിൽ കെന്നി അച്ഛന്റെ ശബ്ദം തിരിച്ചറിയുകയായിരുന്നു.
ഉടൻ തന്നെ അവൾ ചോദിച്ചു, അച്ഛനല്ലേ?
മകളുടെ ശബ്ദം തിരിച്ചറിഞ്ഞ കെന്റ്, 'ഹലോ, നീ എവിടെയാണ്?' എന്ന് മറുപടി ചോദ്യവും നൽകി.
'റൺവേ വൺ-റൈറ്റിൽ നിന്ന് ടേക്ക് ഓഫിന് തയ്യാറെടുക്കുന്നു. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു അച്ഛാ' എന്നായിരുന്നു കെന്നിയുടെ മറുപടി. അച്ഛൻ സ്‌നേഹത്തോടെ യാത്രപറയുകയും ചെയ്തു.
45 സെക്കൻഡ് മാത്രം നീണ്ടുനിന്ന ഈ സംഭാഷണം കേട്ട എയർ ട്രാഫിക് കൺട്രോളർക്കും കൗതുകമടക്കാനായില്ല. മകൾ പൈലറ്റായതിൽ അഭിമാനമുണ്ടോ എന്ന് കൺട്രോളർ ചോദിച്ചപ്പോൾ, 'ഒരു പരിധിവരെ,' എന്ന് കെന്റ് തമാശയായി മറുപടി നൽകി.
തുടർന്ന് മകൾ ഇപ്പോഴും വീട്ടിലാണോ താമസമെന്ന് കൺട്രോളർ ആരാഞ്ഞു. മകൾ മാറിത്താമസിക്കുകയാണെങ്കിലും, കുടുംബത്തിന്റെ ഫാമിലി സെൽ ഫോൺ പ്ലാനിലാണ് ഇപ്പോഴുമെന്ന് അച്ഛൻ പറഞ്ഞു. 'വിവാഹം കഴിക്കുന്നത് വരെ മകളെ ഫോൺ പ്ലാനിൽ നിന്ന് ഒഴിവാക്കാൻ പാടില്ലെന്ന് പറഞ്ഞ് എയർ ട്രാഫിക് കൺട്രോളറും തമാശയിൽ പങ്കുചേർന്നു.
'ഞാൻ ഇപ്പോഴും സിംഗിളാണ്!' എന്ന് മറ്റൊരു കോക്പിറ്റിലിരുന്ന് ഇത് കേട്ട കേനി ഉറക്കെ പറഞ്ഞതോടെ കൺട്രോൾ റൂമിലും റൺവേയിലും ചിരി ഉയർന്നു.
ഡാലസ് ഇന്റർനാഷണൽ എയർപോർട്ടും യുണൈറ്റഡ് എയർലൈൻസും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ അത്യപൂർവ റെക്കോർഡിങ് പങ്കുവെച്ചതോടെ സംഗതി വൈറലായി.
'ജോലിക്കിടയിൽ അച്ഛനെ കണ്ടുമുട്ടുമ്പോൾ,' എന്ന കുറിപ്പോടെയാണ് എയർപോർട്ട് അധികൃതർ വീഡിയോ പങ്കുവെച്ചത്. 'എന്നേക്കുമായുള്ള ഫാമിലി ഫോൺ പ്ലാൻ!' എന്ന കമന്റോടെ യുണൈറ്റഡ് എയർലൈൻസും രംഗത്തെത്തി.
Published: 06 Sept 2026, 04:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented