പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ലോകമെമ്പാടും പ്ലാസ്റ്റിക് സ്‌ട്രോകൾക്ക് പകരമായി കടലാസ് സ്‌ട്രോകൾ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന കാലഘട്ടമാണിത്. എന്നാൽ, പരിസ്ഥിതി സൗഹൃദമെന്ന വ്യാജേന നമ്മൾ ഉപയോഗിക്കുന്ന ഇത്തരം ബദൽ ഉൽപ്പന്നങ്ങൾ സാധാരണ പ്ലാസ്റ്റിക്കിനേക്കാൾ കൂടുതൽ അപകടകരമാണെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ സർക്കാരിന്റെ കാലാവസ്ഥാ-ഉർജ്ജ-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ സമഗ്രമായ ശാസ്ത്രീയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

To advertise here,

ദക്ഷിണ കൊറിയൻ പീപ്പിൾ പവർ പാർട്ടി എം.പി കിം വൈ-സാംഗ് പുറത്തുവിട്ട സിംഗിൾ-യൂസ് സ്‌ട്രോകളുടെ സമഗ്ര പഠനത്തിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം മുതൽ അവ നശിപ്പിക്കപ്പെടുന്നത് വരെയുള്ള ഘട്ടങ്ങൾ പരിശോധിച്ചാണ് പേപ്പർ സ്‌ട്രോകൾ പരിസ്ഥിതിക്കും മനുഷ്യന്റെ ജീവനും ഭീഷണിയാകുന്നത് കണ്ടെത്തിയിരിക്കുന്നത്.

കാൻസർ സാധ്യത 6 ഇരട്ടി; പരിസ്ഥിതിക്ക് രണ്ടിരട്ടി ആഘാതം

സാധാരണ പ്ലാസ്റ്റിക് സ്‌ട്രോകളെ അപേക്ഷിച്ച് പേപ്പർ സ്‌ട്രോകൾ ഉണ്ടാക്കുന്ന കാൻസർ സാധ്യത 6.33 ഇരട്ടി കൂടുതലാണ്. ഇന്റർനെറ്റിലും കടകളിലും ലഭിക്കുന്ന കടലാസ് സ്‌ട്രോകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും അവ പുറന്തള്ളുന്ന അവശിഷ്ടങ്ങളുമാണ് ഇതിന് കാരണം. ഇത് സ്‌ട്രോ ഉപയോഗിക്കുന്ന വ്യക്തിയെ നേരിട്ട് ബാധിക്കുമെന്നല്ല പറയുന്നത് എന്നാൽ അതിന്റെ നിർമാണ സമയത്തും അത് ഉപേക്ഷിക്കുന്ന സമയത്തും പ്രകൃതിയിൽ സ്‌ട്രോ മൂലമുണ്ടാകുന്ന വിഷാംശങ്ങളുടെ പുറന്തള്ളൽ മൂലമാണ്. പരിസ്ഥിതിയിലെ അമ്ലത കൂട്ടുന്നതിലും പേപ്പർ സ്‌ട്രോകൾ പ്ലാസ്റ്റിക്കിനേക്കാൾ 2.04 ഇരട്ടി മുന്നിലാണ്. ഇത് വനങ്ങളെയും കുടിവെള്ള സ്രോതസ്സുകളെയും ജലാശയങ്ങളിലെ ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

പ്ലാസ്റ്റിക്കിന് ബദലായി വിപണിയിലുള്ള ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് സ്‌ട്രോകളും ഭീഷണിയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ പ്ലാസ്റ്റിക്കിനേക്കാൾ 3.34 ഇരട്ടി കാൻസർ സാധ്യതയുള്ള ഘടകങ്ങളും 1.98 ഇരട്ടി അമ്ലീകരണ ശേഷിയും ഇത്തരം ജൈവ പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്നുണ്ട്.പഠനത്തിൽ വിലയിരുത്തിയ 16 പരിസ്ഥിതി ആഘാത വിഭാഗങ്ങളിൽ 10 എണ്ണത്തിലും (ഗ്രീൻഹൗസ് വാതകങ്ങൾ, മനുഷ്യനിലെ വിഷാംശം, വായു മലിനീകരണം തുടങ്ങിയവ) പ്ലാസ്റ്റിക് സ്‌ട്രോകളാണ് പേപ്പർ, ബയോ-പ്ലാസ്റ്റിക് സ്‌ട്രോകളേക്കാൾ കുറഞ്ഞ ആഘാതം ഉണ്ടാക്കിയത്.

ഒരു ഉൽപ്പന്നം പ്ലാസ്റ്റിക്കിന് ബദലാണെന്ന് കേൾക്കുമ്പോൾ തന്നെ അത് പൂർണ്ണമായും പ്രകൃതിസൗഹാർദമാണെന്ന് കരുതുന്ന പൊതുജന ധാരണ തെറ്റാണെന്ന് ഈ ദക്ഷിണ കൊറിയൻ പഠനം വ്യക്തമാക്കുന്നു. പേപ്പർ നിർമിക്കാനായി മരങ്ങൾ മുറിക്കുന്നതും, കടലാസിന് ദൃഢത നൽകാൻ ചേർക്കുന്ന രാസവസ്തുക്കളും, ഫാക്ടറികളിൽ നിന്നുള്ള കാർബൺ പുറന്തള്ളലും പ്ലാസ്റ്റിക് നിർമാണത്തേക്കാൾ വലിയ ദോഷമാണ് പ്രകൃതിക്ക് വരുത്തുന്നത്.