“ലോകം അവസാനിക്കാൻ പോകുകയാണ്...അതാണ് ഈ കാണുന്നതൊക്കെ,
കണ്ടപ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നിപ്പോയി,
വളരെ മോശം ആയിപ്പോയി ഈ കുട്ടിയെപ്പറ്റി നല്ല അഭിപ്രായം ആയിരുന്നു.. അത് മാറ്റേണ്ടി വരും,
എന്തൊരു ബോറാണ് ഫഹദ് ഇത് കണ്ടില്ലേ?,
എന്താണ് ഈ ഇട്ടിരിക്കുന്നത്? നിങ്ങൾ വിവാഹം കഴിഞ്ഞ സ്ത്രീയാണ്,
മ്ലേച്ചമായ വസ്ത്രധാരണം!”

To advertise here,

സംഗതി മനസ്സിലായിക്കാണുമല്ലോ? അതേ, ജിത്തുമാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കായി ദുബായിലെത്തിയ മലയാളി നടി നസ്രിയയുടെ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളാണ്. അതും മോഡറേറ്റ് ചെയ്‌തെടുത്ത വായിക്കാൻ കൊള്ളാവുന്ന 'മോശം'കമന്റുകൾ എന്ന് എടുത്തുപറയണം. സംഗതി പതിവുപോലെ നടിയുടെ വസ്ത്രധാരണമാണ്. നടി ഇത്തവണ നസ്രിയയാണെന്ന് മാത്രം.

ലക്ഷ്വറി ബ്രാൻഡായ അരോകയുടെ ഡിസൈനിലുള്ള 69,000 രൂപ വിലയുള്ള ഒലിവ് ഗ്രീൻ ഷാട്രൂസ് റൂഷ്ഡ് ഡ്രസാണ് നസ്രിയ ധരിച്ചത്. സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈനും തോളിനുമുകളിലൂടെ അലസമായി കിടക്കുന്ന ലേസ് കേപ്പുമാണ് ഡ്രസിന്റെ പ്രത്യേത. പക്ഷെ എന്തുകാര്യം, ബോഡി റിവീലിങ് ഔട്ട്ഫിറ്റിൽ നസ്രിയയെ ഇതുവരെ കാണാത്തതുകൊണ്ടുതന്നെ ഈ വസ്ത്രത്തിൽ നസ്രിയയെ കണ്ടപ്പോൾ കപട 'സാദാചാരമ്യൂല്യ'മുള്ള മലയാളി സമൂഹത്തിന് അത്രയ്ക്കങ്ങ് പിടിച്ചില്ല. അവരൊന്നിച്ചങ്ങോട്ടിറങ്ങി, ചോദ്യം ചെയ്യാൻ തുടങ്ങി. അതിലൊരു ചോദ്യം ഇങ്ങനെയായിരുന്നു. പണ്ടൊരു സിനിമയിൽ അനുവാദമില്ലാതെ ഡ്യൂപ്പിനെ വച്ച് ചില ഇന്റിമസി സീനുകൾ ഷൂട്ട് ചെയ്തതിന് സംവിധായകനെതിരെ നടികർ സംഘത്തിലും പൊലീസിലും പരാതി നൽകിയ കക്ഷിയാണ് ഇപ്പോൾ സ്ട്രാപ്‌ലെസ്സ് ഗൗണും ധരിച്ചെത്തിയിരിക്കുന്നതെന്നായിരുന്നു വിമർശകരുടെ വാദം. അന്ന് ആ പരാതി ഉയർത്തിയത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണെന്ന് പറഞ്ഞവർ പോലും ഇന്ന് നസ്രിയയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്ന് നസ്രിയയ്ക്ക് 18 വയസ്സാണ് പ്രായമെന്നുകൂടി ഓർക്കണം. വർഷം എത്ര കഴിഞ്ഞു, അവരിലും അവർ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിലും ഈ ലോകത്തുതന്നെയും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്. പക്ഷെ സോഷ്യൽ മീഡിയയിലെ കെയറേട്ടന്മാരുടെ ആറ്റിറ്റിയൂഡിൽ മാത്രം മാറ്റങ്ങളൊന്നും സംഭവിച്ചില്ല!

'ഞാനൊരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പർട്ടിയല്ലെ'ന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഖുശ്ബു സുന്ദർ പറഞ്ഞത് ഓർക്കുന്നുണ്ടോ? സെലിബ്രിറ്റികൾക്കുനേരെയുള്ള സൈബർ അറ്റാക്കിനെക്കുറിച്ചും വ്യക്തിഹത്യയെക്കുറിച്ചും സംസാരിക്കവേയാണ് ഖുശ്ബു ഇങ്ങനെ പറഞ്ഞത്. ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ടുതന്നെ സ്വാഭാവികമായും അവരുടെ രാഷ്ട്രീയത്തേയും നിലപാടുകളെയും ഉൾപ്പെടെ നാം ചോദ്യം ചെയ്യും. അഭിനയിച്ചത് മോശമായാൽ മോശമായി എന്നുതന്നെ പറയും. അത് വിമർശനം. പക്ഷെ അതിനർഥം അവർ പൊതുസ്വത്താണ് അവർ നമുക്കിഷ്ടമുള്ളതുപോലെ മാത്രമേ വസ്ത്രം ധരിക്കാവൂ, പെരുമാറാവൂ എന്നല്ലല്ലോ. സിനിമകളിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും ഒരു വ്യക്തിയെ നിരന്തരം കണ്ടുകൊണ്ടിരിക്കുമ്പോൾ അവരോട് ഒരു അടുപ്പം തോന്നുക സ്വാഭാവികമാണ്. അയലത്തെ വീട്ടിലെ പെൺകുട്ടിയോടുള്ള പോലൊരു അടുപ്പം എന്നൊക്കെ പറയാറുള്ളത് ഇതിനെയാണ്. സൈക്കോളജിയിൽ ഇതിനെ പാരസോഷ്യൽ റിലേഷൻഷിപ്പ് എന്നുപറയും. അതായത് ഒരു സെലിബ്രിറ്റിയോടോ, മീഡിയ ഫിഗറിനോടോ, ഫിക്ഷണൽ ക്യാരക്ടറിനോടോ ഒരു വൺസൈഡഡ് സൈക്കളോജിക്കൽ കണക്ഷൻ തോന്നുന്നതിനെയാണ് പാരസോഷ്യൽ റിലേഷൻഷിപ്പ് എന്നുപറയുന്നത്. ഈ പരിചയഭാവം അങ്ങ് ഉടമസ്ഥാവകാശമാകുമ്പോഴാണ് സംഗതി മാറുന്നത്. എനിക്ക് ആ നടനെ അല്ലെങ്കിൽ നടിയെ ഇഷ്ടമാണ്, അവരെ ഫോളെ ചെയ്യുന്നുണ്ട്, അവരുടെ സിനിമകൾ പോയി കണ്ട് വിജയിപ്പിക്കാറുണ്ട്, അവരുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യാറുണ്ട് എന്നതിനർഥം നിങ്ങൾക്ക് അവരുടെ സ്വകാര്യതയിൽ ഇടിച്ചുകയറി എന്തുംപറയാമെന്നല്ലല്ലോ.

നിങ്ങളെന്തിനാണ് നസ്രിയയെ ഇഷ്ടപ്പെട്ടിരുന്നത്? അവരുടെ അഭിനയം കണ്ടാണോ അതോ നിങ്ങൾക്കിഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പെൺകുട്ടിയായി അവൾ നിലനിൽക്കുന്നതുകൊണ്ടോ? ബാലതാരമായി കണ്ടും നിഷ്‌കളങ്കമായ കഥാപാത്രങ്ങളിലൂടെ പരിചയപ്പെട്ടും വളർന്ന ഒരു നടി നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു വസ്ത്രം ധരിക്കുമ്പോൾ നിങ്ങളെ വഞ്ചിച്ചതുപോലെ നിങ്ങളെന്തിനാണ് കരുതുന്നത്? നിങ്ങൾ ഒരിക്കൽ ഇഷ്ടപ്പെട്ട നടി പിന്നീട് നിങ്ങളുടെ സങ്കല്പത്തിന് അനുസരിച്ച് ജീവിച്ചില്ലെങ്കിൽ അവളെങ്ങനെയാണ് തെറ്റുകാരിയാകുന്നത്? അവർക്ക് അവരുടെ വ്യക്തിപരമായ താല്പര്യങ്ങളും ജീവിതവും പാടില്ലെന്നാണോ? ആരാധന ഒരിക്കലും ഉടമസ്ഥാവകാശമല്ല. ഒരു നടിയുടെ സിനിമകൾ ഇഷ്ടപ്പെടാം, അവളുടെ വസ്ത്രം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അതിന്റെ പേരിൽ അവളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും അപമാനിക്കാൻ ആർക്കാണ് അധികാരം? സത്യത്തിൽ പ്രശ്‌നം നസ്രിയയുടെ വസ്ത്രത്തിലല്ല, നിങ്ങളുടെ മനോഭാവത്തിലാണ്!

നസ്രിയ ഒരിക്കലും അവസാനിക്കാനിടയില്ലാത്ത സാമൂഹികമാധ്യമ വിചാരണയിലെ ഏറ്റവും ഒടുവിലത്തെയാളാണ്(നിലവിൽ), ഐശ്വര്യലക്ഷ്മി, കൃതി സനൻ, ദിഷ പഠാണി, പാർവതി തിരുവോത്ത്, ദീപിക പദുകോൺ തുടങ്ങി വസ്ത്രത്തിന്റെ പേരിൽ ക്രൂരമായ വിമർശനങ്ങളേറ്റുവാങ്ങാത്ത നടികൾ പൊതുവെ കുറവാണ്. ഇതാണോ നിങ്ങളുടെ സംസ്‌കാരം എന്നതാണ് ഇവർ നേരിടുന്ന പ്രധാന ചോദ്യം. ഒരു വ്യക്തിയുടെ സംസ്‌കാരത്തെ അളക്കേണ്ടത് ധരിക്കുന്ന വസ്ത്രം നോക്കിയല്ലെന്നും അവരുടെ പെരുമാറ്റം നോക്കിയാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. 'അതേ എനിക്ക് സ്തനങ്ങളുണ്ട്, ക്ലീവേജുമുണ്ട്..നിങ്ങൾക്കെന്താണ് പ്രശ്‌നം' എന്ന് രൂക്ഷമായ ഭാഷയിൽ തന്റെ ശരീരത്തെക്കുറിച്ച് വാർത്ത നൽകിയ മാധ്യമത്തോട് ദീപിക പദുക്കോൺ ചോദിച്ചത് 2014-ലാണ്. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത നിങ്ങൾ സ്ത്രീ ശാക്തീകരണത്തെപ്പറ്റി മിണ്ടിപ്പോകരുതെന്നാണ് അന്നവർ പറഞ്ഞത്. പന്ത്രണ്ടുവർഷം കഴിഞ്ഞിട്ടും ദീപികയുടെ വാദം ഇന്നും പ്രസക്തമായി തന്നെ നിലനിൽക്കുകയാണ്. ദീപികയുടെ പ്രസ്താവന ഒരു താരത്തിന്റെ ധീരമായ മറുപടി മാത്രമല്ല. സ്ത്രീയുടെ ശരീരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സമൂഹം ഉപയോഗിക്കുന്ന ഭാഷയുടെ പ്രശ്‌നം കൂടിയാണ് അവർ അന്ന് ചൂണ്ടിക്കാട്ടിയത്. ഒരു ഗ്ലാമർ എന്റർടെയ്‌മെന്റ് ഇൻഡസ്ട്രിയുടെ ഭാഗമാണ് ഇവരെല്ലാവരും എന്നതുകൊണ്ടുതന്നെ അവരുടെ വസ്ത്രധാരണവും അതിനനുസരിച്ചാകുമെന്ന് മനസ്സിലാക്കാൻ ബോധമില്ലാത്തവരല്ലല്ലോ സമൂഹം.

അവിടെയാണ് സോഷ്യൽ മീഡിയയ്ക്ക് ചർച്ച ചെയ്യാൻ സ്ത്രീകളുടെ വസ്ത്രം മാത്രമേയുള്ളൂ എന്ന ചോദ്യമുയരുന്നത്. ആ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം ഇന്നുണ്ട്. സോഷ്യൽ മീഡിയ അൽഗരിതം.

ഇതൊരു ഹോട്ട് ടോപിക്കാണ്, വൈറൽ സാധ്യതയുള്ള, റീപോസ്റ്റിങ് സാധ്യതയുള്ള, എൻഗേജ് ടൈം വർധിപ്പിക്കുന്ന ഒരു കണ്ടന്റാണ്! അതിനെ ചുറ്റിപ്പറ്റി റീലുകൾ വരുന്നു, മീമുകൾ വരുന്നു, ട്രോളുകൾ വരുന്നു, അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോകൾ വരുന്നു, സോഷ്യൽ മീഡിയയിലൂടെ അവർക്ക് പിന്തുണ പ്രഖ്യാപിച്ചും അല്ലാതെയും എത്തുന്ന കമന്റുകൾ നിറയുന്നു. ഡേർട്ടി പിക്ചറിൽ വിദ്യാബാലന്റെ കഥാപാത്രം പറയുന്ന എന്റർടെയ്ൻമെന്റ് എന്റർടെയ്ൻമെന്റ് എന്റർടെയ്ൻമെന്റ് എന്ന പ്രശസ്തമായ ഡയലോഗ് എൻഗേജ്‌മെന്റ്, എൻഗേഡജ്‌മെന്റ്, എൻഗേജ്‌മെന്റ് എന്ന് ഇനി മാറ്റിയെഴുതാം. എല്ലാം എൻഗേജ്‌മെന്റിന് വേണ്ടി..വിദ്വേഷ പ്രസംഗം, ഭീഷണിപ്പെടുത്തൽ എന്നിവയ്‌ക്കെതിരെ നടപടികളെടുക്കാൻ മെറ്റയ്ക്ക് പോളിസികളുണ്ട്. ഓട്ടോമേറ്റഡ് മോഡറേഷൻ, സാംസ്‌കാരിക പശ്ചാത്തലം, വലിയ അളവിലുള്ള ഉള്ളടക്കം തുടങ്ങിയ വെല്ലുവിളികൾ ഈ നിയമങ്ങൾ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് എന്നതിനെ തീർച്ചയായും സ്വാധീനിക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയും ദ്വയാർഥ പ്രയോഗങ്ങളുമുൾപ്പെടെയുള്ള സ്ലാങ്ങുകളും ആക്ഷേപവും തിരിച്ചറിയുന്നതിനും മോഡറേറ്റ് ചെയ്യുന്നതിനും മെറ്റയുടെ എഐ ടൂൾസിന് പലപ്പോഴും സാധിക്കാറില്ല. അതിലുപരിയാണ് വ്യാജ അക്കൗണ്ട് എന്ന സുരക്ഷിതത്തിന് പിന്നിൽ മറഞ്ഞിരുന്ന് എന്തുംപറയാൻ ലഭിക്കുന്ന സ്വാതന്ത്ര്യവും ധൈര്യവും. ഓൺലൈൻ ഡിസിൻഹിബിഷൻ ഇഷക്ട് എന്നാണ് മാനസികാരോഗ്യ വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. എത്രയെത്ര അക്കൗണ്ടുകളെ ഒരാളിലിരുന്ന് ഫ്‌ളാഗ് ചെയ്യും?

സ്ത്രീകൾ എന്തു ധരിക്കണമെന്ന കാര്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സമൂഹത്തിനുണ്ടെന്ന് കരുതുന്നവർ, അതേ സ്ത്രീക്ക് സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അംഗീകരിക്കണം. സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചുള്ള ഓരോ വിവാദത്തിലും അവളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനു പകരം നമ്മുടെ പ്രതികരണങ്ങളെ പരിശോധിക്കാനുള്ള സമയം കൂടിയാണിത്.

വസ്ത്രം ഒരിക്കലും ഒരു വ്യക്തിയുടെ ധാർമികതയുടെ, സംസ്‌കാരത്തിന്റെ സർട്ടിഫിക്കറ്റല്ല, അത് പലതവണ പറഞ്ഞിട്ടുള്ളതുപോലെ അവരുടെ തിരഞ്ഞെടുപ്പാണ്. ശരീരം എത്രത്തോളം മറയ്ക്കണം, എത്രത്തോളം കാണിക്കാം, എന്താണ് മാന്യമായ വസ്ത്രം എന്നൊക്കെ നിർണയിക്കാനുള്ള അവകാശവും അവളുടെ തിരഞ്ഞെടുപ്പാണ്. ഒരേ സ്ത്രീ സാരിയുടുക്കുമ്പോൾ സംസ്‌കാരത്തിന്റെ പ്രതീകവും മറ്റൊരു വസ്ത്രം ധരിക്കുമ്പോൾ സംസ്‌കാരത്തിന്റെ തകർച്ചയുമാകുന്നില്ല. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നതും സ്ത്രീയെ അപമാനിക്കുന്നതും രണ്ടാണ്. ഒരാൾക്ക് ഒരു വസ്ത്രം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അതിനെ സ്ത്രീയുടെ സ്വഭാവത്തെയും മൂല്യത്തെയും വിലയിരുത്താനുള്ള മാനദണ്ഡമാക്കരുത്. നമ്മുടെ സമൂഹത്തിൽ പലപ്പോഴും സംഭവിക്കുന്നത് അതാണ്. ഒരു സ്ത്രീയെ നമുക്ക് ഇഷ്ടപ്പെടാം. പക്ഷേ ആ ഇഷ്ടത്തിന്റെ പേരിൽ അവളുടെ ശരീരത്തിനും വസ്ത്രത്തിനും മേൽ അധികാരം സ്ഥാപിക്കാൻ നമുക്ക് അവകാശമില്ല.