സെലിബ്രിറ്റി ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' ടോക്ക് ഷോയിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തിയ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളുമാണ് ഉയർന്നത്. ഷോയിൽ സംസാരിക്കവെ, തന്നോട് 100 തവണ രശ്മിക വിവാഹാഭ്യർത്ഥന നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ വിജയിയെ ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉയർന്നതും താരത്തെ 'റെഡ് ഫ്‌ലാഗ്' എന്ന് ട്രോളന്മാർ വിശേഷിപ്പിച്ചതും.

To advertise here,

എന്നാൽ, ഈ വിവാദങ്ങളോടും തന്റെയും വിജയിയുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്ന സൈബർ ആക്രമണങ്ങളോടും ശക്തമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികവും എന്നാൽ വ്യക്തതയുള്ളതുമായ കുറിപ്പിലൂടെയാണ് രശ്മിക തന്റെ നിലപാട് വ്യക്തമാക്കിയത്.

'എന്റെ പങ്കാളിയോട് എനിക്ക് ഭ്രാന്തമായ പ്രണയമുണ്ട്. അത് എപ്പോഴാണ് തെറ്റായ ഒരു കാര്യമായി മാറിയത്? ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആളോട് എനിക്ക് പ്രണയമില്ലെങ്കിൽ പിന്നെന്തിനാണ് ഞാൻ അയാളെ കല്യാണം കഴിക്കുന്നത്? എന്റെ ജീവിതത്തിലെ സാധാരണ ദിവസങ്ങളിലും അസാധാരണ ദിവസങ്ങളിലും എനിക്കൊപ്പം നിൽക്കുന്ന സുഹൃത്താണ് അദ്ദേഹം. ഭാവിയിൽ എന്റെ കുട്ടികളുടെ അച്ഛനാകേണ്ടവനാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും 'നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ' എന്ന് പറയാൻ തോന്നുന്ന തരത്തിൽ നമ്മളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്. 100 തവണയല്ല, ആയിരം തവണ വേണമെങ്കിലും ഞാൻ അത് ആവർത്തിക്കും. 100 എന്ന സംഖ്യ ഇതിന് മുന്നിൽ ഒന്നുമല്ല.' രശ്മിക കുറിച്ചു.

വിവാഹാഭ്യർത്ഥനയുടെ എണ്ണത്തെച്ചൊല്ലിയുള്ള ചർച്ചകൾ തികച്ചും തെറ്റായ രീതിയിലാണ് പ്രചരിക്കുന്നത് എന്ന് രശ്മിക ചൂണ്ടിക്കാട്ടി. 'ഒരു വ്യക്തിയോട് സ്‌നേഹം തോന്നുമ്പോൾ, എന്താണ് വേണ്ടതെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹം ജീവിതത്തിലെ പ്രായോഗികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയം എടുത്തു എന്നതും തികച്ചും സ്വാഭാവികമാണ്. ഞാൻ വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആളാണ്, അദ്ദേഹം ചിന്തിച്ച് തീരുമാനമെടുക്കുന്ന ആളാണ്. ഞങ്ങളുടെ ജീവിതത്തിൽ ആ രണ്ട് ഘടകങ്ങളും ആവശ്യമാണ്. മുട്ടുകുത്തിനിന്ന് മോതിരം അണിയിക്കുന്ന ഔദ്യോഗിക വിവാഹാഭ്യർത്ഥനകളിലല്ല, മറിച്ച് ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിലാണ് ഞങ്ങളുടെ സന്തോഷം.' രശ്മിക വ്യക്തമാക്കി.

വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയും രശ്മിക കടുത്ത അമർഷം രേഖപ്പെടുത്തി. 'എന്നെക്കുറിച്ച് എന്തും പറഞ്ഞോളൂ, ഞാൻ സഹിക്കും. എന്നാൽ, ഒരു കാര്യവുമില്ലാതെ എന്റെ കുടുംബത്തെയും പങ്കാളിയെയും കുറിച്ച് അറിയാതെ സംസാരിക്കുന്നത് വെറും സൈബർ ബുള്ളിയിങ് ആണ്. അതിനെ സ്ത്രീസമത്വത്തിന്റെയും അവകാശങ്ങളുടെയും പേരിൽ വെള്ളപൂശാൻ ശ്രമിക്കരുത്. സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം. ഞാൻ അത് എടുത്തു കഴിഞ്ഞു.

മാസമുറയുടെ വേദനയിൽ ഞാൻ പിടയുമ്പോഴോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴോ പാതിരാത്രിയിൽ ഭയന്നുണരുമ്പോഴോ നിങ്ങളാരും അവിടെ ഉണ്ടാകാറില്ല; വിജയ് മാത്രമാണ് ഉണ്ടാകാറുള്ളത്. ഞാൻ തളർന്നു വീഴുമ്പോൾ എനിക്ക് ചാരാൻ നിങ്ങളാരും തോൾ തരാറില്ല, വിജയ് മാത്രമാണ് ഉണ്ടാകുക.' രശ്മിക കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലെ എഡിറ്റുചെയ്ത വ്യാജ വീഡിയോകൾക്കു പിന്നാലെ പോകാതെ, മനുഷ്യരെ അവരുടെ വഴിക്ക് ജീവിക്കാൻ അനുവദിക്കണമെന്നും തങ്ങൾ സന്തുഷ്ടരായി ജീവിക്കുകയാണെന്നും രശ്മിക പറഞ്ഞു.