ശരീരം എപ്പോഴും ഫിറ്റ് ആയിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ഇതിനായി പതിവായി ജിമ്മില്‍ പോകുന്നവരും വ്യായാമം ചെയ്യുന്നവരുമുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടരുന്നവരേയും കാണാം. എന്നാല്‍ കൃത്രിമമായി എയ്റ്റ് പാക്ക് ഉണ്ടാക്കാന്‍ അഞ്ച് കോടി രൂപ ചെലവഴിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചൈനയില്‍ നിന്നുള്ള യുവാവ്. ആസിഡ് കുത്തിവെയ്ക്കാനാണ് ഇത്രയും പണം ചെലവഴിച്ചതെന്നും കണ്ടന്റ് ക്രിയേറ്ററായ ആന്‍ഡി ഹാവോ ടിയാനന്‍ അവകാശപ്പെടുന്നു.

To advertise here,

ചൈനയില്‍ ആദ്യമായി താനാണ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതെന്നും ആന്‍ഡി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്ന ആന്‍ഡി ബ്യൂട്ടിയും ഫാഷനുമായും ബന്ധപ്പെട്ട വീഡിയോകളാണ് പങ്കുവെയ്ക്കാറുള്ളത്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സന്ധികള്‍ ചലിപ്പിക്കാനും ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും സഹായിക്കുന്ന ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഹൈലൂറോണിക് ആസിഡ് എന്ന പദാര്‍ത്ഥം തന്റെ ശരീരത്തില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ ആസിഡ് തന്റെ ശരീരത്തിന്റെ ഏകദേശം 20% വരുമെന്ന് ആന്‍ഡി അവകാശപ്പെട്ടു. 10,000 ഡോസുകള്‍ കുത്തിവയ്ക്കാനുള്ള ലക്ഷ്യത്തിന്റെ 40% ഇതിനകം പൂര്‍ത്തിയാക്കിയതായും ഈ ആസിഡ് വയറിലെ പേശികളുടെ ആകൃതിയില്‍ മാറ്റം വരുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.

വ്യായാമം ചെയ്തിട്ടും താന്‍ ആഗ്രഹിച്ച തരത്തിലുള്ള ഫിറ്റ്‌നെസ് നേടാന്‍ കഴിയാത്തതിനാലാണ് ഇഞ്ചക്ഷന്‍ എടുത്തു തുടങ്ങിയതെന്നും ആന്‍ഡി കൂട്ടിച്ചേര്‍ക്കുന്നു. ഇത്രയും ഇഞ്ചക്ഷനുകള്‍ എടുത്ത താന്‍ ഒരു ഭീരുവല്ലെന്നും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും യുവാവ് ചോദിക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി അപേക്ഷിക്കാന്‍ പദ്ധതിയുണ്ടെന്നും ആന്‍ഡി പറയുന്നു.

യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് വിമര്‍ശിച്ച് കമന്റ് ചെയ്തത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ചെലവഴിച്ച പണം തിരിച്ചുപിടിക്കണമെങ്കില്‍ എല്ലാ ദിവസവും ഷര്‍ട്ടിടാതെ നടക്കേണ്ടി വരുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.