അമ്പത് വയസ്സ് പിന്നിട്ടാൽ ശരീരത്തിന്റെ കരുത്തും ചുറുചുറുക്കും കുറയുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ 53-ാം വയസ്സിലും ഫിറ്റ്‌നസും ഊർജസ്വലതയും നിലനിർത്തി ശ്രദ്ധ നേടുകയാണ് ടെലിവിഷൻ അവതാരകനും എംടിവി റോഡീസിലെ ഗാങ് ലീഡറുമായ നിഖിൽ ചിനപ്പ. പതിറ്റാണ്ടുകളായി ടെലിവിഷൻ രംഗത്ത് സജീവമായ നിഖിലിന്റെ രൂപത്തിലും ചുറുചുറുക്കിലും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് തന്റെ ശരീരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് നിഖിൽ തന്നെ സമ്മതിക്കുന്നു. ആ മാറ്റങ്ങളെ മനസ്സിലാക്കി ജീവിതശൈലിയിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഭക്ഷണനിയന്ത്രണം, വ്യായാമം, യോഗ, ഉറക്കം എന്നിവയ്‌ക്കൊപ്പം 'ബയോഹാക്കിങ്' എന്ന ആശയവും പരീക്ഷിക്കുന്നുണ്ട് നിഖിൽ. ഒരു അഭിമുഖത്തിലാണ് തന്റെ ഫിറ്റ്‌നസ് ശീലങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.

To advertise here,

'എന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്'

1997-ലാണ് നിഖിൽ ചിനപ്പ എംടിവിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. 2027-ൽ ടെലിവിഷൻ രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് അദ്ദേഹം. എംടിവിയിലെ അവതാരകനായി തുടങ്ങിയ നിഖിൽ പിന്നീട് റോഡീസ്, സ്പ്ലിറ്റ്‌സ്വില്ല തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി. ഇപ്പോൾ എംടിവി റോഡീസ്: റീബർത്തിൽ ഗാങ് ലീഡറായി തിരിച്ചെത്തിയിരിക്കുകയാണ് താരം. വർഷങ്ങൾക്കുമുമ്പുള്ളതുപോലെ തന്നെയാണ് ഇപ്പോഴും കാണപ്പെടുന്നതെന്ന് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ തന്റെ ശരീരത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നായിരുന്നു നിഖിലിന്റെ മറുപടി. എനിക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കും. അതുകൊണ്ടുതന്നെ ശരീരത്തിന്റെ കരുത്ത് നിലനിർത്താനും ഭക്ഷണക്രമം മെച്ചപ്പെടുത്താനും കൂടുതൽ പരിശ്രമിക്കേണ്ടിവരുന്നു. ശരീരത്തെ ചലനക്ഷമവും സജീവവുമായി നിലനിർത്താൻ സഹായിക്കുന്ന ചില രീതികളും പിന്തുടരുന്നുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കുന്നുമുണ്ടെന്നും നിഖിൽ പറഞ്ഞു.

പ്രധാന പ്രചോദനം കുടുംബം

ഫിറ്റ്‌നസിനായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും തന്റെ ഏറ്റവും വലിയ പ്രചോദനം കുടുംബമാണെന്നാണ് നിഖിൽ പറയുന്നത്. എന്നെ ചെറുപ്പവും ഫിറ്റുമായിരിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഭാര്യയോടും മകളോടുമുള്ള സ്‌നേഹമാണ്. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം അദ്ദേഹം വ്യക്തമാക്കി. വ്യായാമം ചെയ്യുന്നതിനോ ശരീരസൗന്ദര്യം നിലനിർത്തുന്നതിനോ മാത്രമല്ല, കുടുംബത്തോടൊപ്പം ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കണമെന്ന ആഗ്രഹവും ജീവിതശൈലി മെച്ചപ്പെടുത്താൻ തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് നിഖിലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

പഞ്ചസാര ഒഴിവാക്കി, പക്ഷേ മധുരപലഹാരങ്ങൾ കഴിക്കും

കർശനമായ ഭക്ഷണനിയന്ത്രണങ്ങൾ പിന്തുടരുന്ന വ്യക്തിയല്ല നിഖിൽ. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം പൂർണമായും ഉപേക്ഷിക്കുന്ന രീതിയോടും അദ്ദേഹത്തിന് താൽപര്യമില്ല. എന്നാൽ ചില ചെറിയ മാറ്റങ്ങൾ ഭക്ഷണശീലങ്ങളിൽ വരുത്തിയിട്ടുണ്ട്. ചായയിലും കാപ്പിയിലും പഞ്ചസാര ചേർക്കുന്നത് നിർത്തിയതാണ് അതിലൊന്ന്. അതേസമയം ഇടയ്ക്കിടെ മധുരപലഹാരങ്ങൾ കഴിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. 'ഒരു കാര്യത്തിലും ഞാൻ അമിതമായി കർക്കശക്കാരനല്ല. ജീവിതം ആസ്വദിക്കാൻ കൂടി വേണ്ടിയാണ് നമ്മൾ ഫിറ്റ്‌നസ് നിലനിർത്തുന്നത് എന്നതാണ് എന്റെ വിശ്വാസം', നിഖിൽ പറഞ്ഞു. പ്രത്യേക പേരുള്ള ഒരു ഡയറ്റും അദ്ദേഹം പിന്തുടരുന്നില്ല. പകരം കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. 'കുറച്ച് ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ ആ ചെറിയ അളവിലുള്ള ഭക്ഷണത്തിൽ ധാരാളം പോഷകങ്ങൾ ഉണ്ടായിരിക്കണം', അദ്ദേഹം വിശദീകരിച്ചു.

എന്താണ് ബയോഹാക്കിങ്?

നിഖിലിന്റെ ഫിറ്റ്‌നസ് രീതികളിൽ ശ്രദ്ധേയമായ ഒന്നാണ് ബയോഹാക്കിങ്. ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഭക്ഷണം, ഉറക്കം, വ്യായാമം, ദിനചര്യ തുടങ്ങിയവയിൽ മാറ്റങ്ങൾ വരുത്തുകയും അവയുടെ ഫലം നിരീക്ഷിക്കുകയും ചെയ്യുന്ന സമീപനത്തെയാണ് പൊതുവേ ബയോഹാക്കിങ് എന്ന് വിളിക്കുന്നത്. ചിലർ ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുമ്പോൾ മറ്റു ചിലർ ഭക്ഷണസമയത്തിലും വ്യായാമരീതികളിലും മാറ്റങ്ങൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ‘ബയോഹാക്കിങ്’ എന്ന പേരിൽ പ്രചരിക്കുന്ന എല്ലാ രീതികൾക്കും ഒരുപോലെ ശാസ്ത്രീയ തെളിവുകളില്ല.

53-ാം വയസ്സിൽ തന്റെ ശരീരത്തിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ എങ്ങനെ കഴിയുമെന്നാണ് താൻ അന്വേഷിക്കുന്നതെന്ന് നിഖിൽ പറയുന്നു. എന്റെ ആരോഗ്യത്തിലും ഫിറ്റ്‌നസിലും വന്ന ഏറ്റവും വലിയ മാറ്റം ഇപ്പോൾ ഞാൻ എന്റെ ശരീരവുമായി ഒരു സംഭാഷണം നടത്തുന്നു എന്നതാണ്', അദ്ദേഹം പറഞ്ഞു. മുമ്പ് എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടായശേഷം അതിനോട് പ്രതികരിക്കുന്ന രീതിയായിരുന്നു. എന്നാൽ ഇപ്പോൾ ശരീരത്തിന്റെ ആവശ്യങ്ങളും മാറ്റങ്ങളും നേരത്തേതന്നെ മനസ്സിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിറ്റാമിനുകളും സപ്ലിമെന്റുകളും

തന്റെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ചില പോഷക സപ്ലിമെന്റുകളും നിഖിൽ ഉപയോഗിക്കുന്നുണ്ട്. വിറ്റാമിൻ ഡി, വിറ്റാമിൻ കെ2, മഗ്‌നീഷ്യം എന്നിവയാണ് അദ്ദേഹം പരാമർശിച്ചത്. എന്നാൽ താൻ പരീക്ഷിക്കുന്ന ചില രീതികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും അവ എല്ലാവർക്കും അനുയോജ്യമാണെന്ന് പറയാനാവില്ലെന്നും നിഖിൽ വ്യക്തമാക്കി. 'ഞാൻ പരീക്ഷിക്കുന്ന ചില കാര്യങ്ങൾ ഇപ്പോഴും ഗവേഷണഘട്ടത്തിലാണ്. വേണ്ടത്ര പരിശോധനകൾ പൂർത്തിയാകാത്ത ഒരു രീതിയും മറ്റുള്ളവർക്ക് ശുപാർശ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല', അദ്ദേഹം പറഞ്ഞു. സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശരീരത്തിന് അവ ആവശ്യമുണ്ടോയെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് വിറ്റാമിൻ ഡി പോലുള്ളവ ആവശ്യത്തിലധികം ഉപയോഗിക്കുന്നത് ദോഷകരമാകാം.

യാത്രകൾക്കിടയിലും വ്യായാമം മുടക്കില്ല

ജോലിയുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന വ്യക്തിയാണ് നിഖിൽ. അതിനാൽ എല്ലാദിവസവും ഒരേ സമയത്ത് ഒരേ രീതിയിൽ വ്യായാമം ചെയ്യാൻ കഴിയണമെന്നില്ല. യാത്രകളുടെയും ജോലിയുടെയും സമയക്രമത്തിനനുസരിച്ചാണ് വ്യായാമരീതികൾ ക്രമീകരിക്കുന്നത്. വ്യത്യസ്ത ദിവസങ്ങളിൽ ശരീരത്തിലെ വ്യത്യസ്ത പേശികൾക്ക് പ്രാധാന്യം നൽകുന്ന വ്യായാമങ്ങളാണ് ചെയ്യുന്നത്. പേശികളുടെ കരുത്തിനൊപ്പം ശരീരത്തിന്റെ വഴക്കവും ചലനക്ഷമതയും നിലനിർത്തുന്നതിനായി യോഗയും പരിശീലിക്കുന്നു. പ്രായം കൂടുമ്പോൾ പേശികളുടെ കരുത്തുമാത്രം ശ്രദ്ധിച്ചാൽ പോരെന്നും ശരീരത്തിന്റെ ചലനക്ഷമത നിലനിർത്തുന്നതും പ്രധാനമാണെന്നുമാണ് നിഖിലിന്റെ സമീപനം.

എട്ട് മണിക്കൂർ ഉറക്കം ലഭിച്ചാൽ വലിയ മാറ്റം

ഭക്ഷണത്തിനും വ്യായാമത്തിനും നൽകുന്ന പ്രാധാന്യം ഉറക്കത്തിനും നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് നിഖിൽ പറയുന്നു. എല്ലാ ദിവസവും എട്ട് മണിക്കൂർ ഉറങ്ങാൻ കഴിയണമെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 'എട്ട് മണിക്കൂർ ഉറക്കം ലഭിച്ചാൽ ശരീരത്തിന്റെ വീണ്ടെടുക്കൽ ശേഷിയും ഫിറ്റ്‌നസും ചിന്താശേഷിയും മാനസികാരോഗ്യവും ഇടയ്ക്കിടെമാത്രം ഉറങ്ങുന്നതിനെക്കാൾ മെച്ചപ്പെട്ടതായി അനുഭവപ്പെടുന്നു', നിഖിൽ പറഞ്ഞു. നാൽപ്പതുകളിൽ രാത്രി വൈകിയുള്ള ആഘോഷങ്ങളും മദ്യപാനവും ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ഇപ്പോഴും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും രാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനും ഇഷ്ടമാണ്. എന്നാൽ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ അതെല്ലാം ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്.

'ആരോഗ്യത്തിനുവേണ്ടി ജീവിതം ആസ്വദിക്കുന്നത് അവസാനിപ്പിക്കില്ല'

ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും അതുമാത്രമായി ജീവിതം ചുരുക്കാൻ നിഖിൽ ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും യാത്ര ചെയ്യാനും സംഗീതവും ആഘോഷങ്ങളും ആസ്വദിക്കാനും അദ്ദേഹം ഇപ്പോഴും ഇഷ്ടപ്പെടുന്നു. എന്നാൽ ഇതെല്ലാം ആരോഗ്യകരമായ ജീവിതശൈലിയുമായി സന്തുലിതമാക്കാനാണ് ശ്രമിക്കുന്നത്. 'ജീവിതം ആസ്വദിക്കാൻ എനിക്ക് കഴിയണം. മികച്ചൊരു ജീവിതം നയിക്കുന്നതിനൊപ്പം എന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഓർത്ത് സന്തോഷിക്കാൻ കഴിയുന്ന സന്തുലിതാവസ്ഥയാണ് ഞാൻ ആഗ്രഹിക്കുന്നത്', നിഖിൽ പറഞ്ഞു. ആരോഗ്യം എന്നത് ശരീരത്തിന്റെ കരുത്ത് മാത്രമല്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. മാനസികമായും ശാരീരികമായും ആത്മീയമായും വൈകാരികമായും ആരോഗ്യത്തോടെ ഇരിക്കുക എന്നത് ജീവിതകാലം മുഴുവൻ തുടരേണ്ട പ്രക്രിയയാണ്. രണ്ടാഴ്ച എന്തെങ്കിലും ചെയ്താൽ അവസാനിക്കുന്ന കാര്യമല്ല അത്- നിഖിൽ പറഞ്ഞു.