ഓക്‌ലൻഡ്: ഈ അടുത്തകാലത്തായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ കാണുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. ഗില്ലിന്റെ വലതു കണ്ണിന്റെ വശത്തായി ഒരു പ്രത്യേക വസ്തു ഒട്ടിച്ചുവെച്ചിരിക്കുന്നു. ഓവൽ ആകൃതിയിലുള്ള ഈ ഉപകരണം ഓക്‌ലൻഡിൽ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലും പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സമയത്തും ഗിൽ ധരിച്ചിരുന്നു. ഇത് എന്താണെന്ന സംശയം പലർക്കുമുണ്ട്.

To advertise here,

'ടെമ്പിൾ' എന്ന ഫിറ്റ്‌നസ് ഉപകരണമാണിത്. ബാഡ്മിന്റൺ താരം പി.വി സിന്ധുവും സമീപ മാസങ്ങളിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. സൊമാറ്റോ, ഇറ്റേണൽ എന്നിവയുടെ സ്ഥാപകനായ ദീപീന്ദർ ഗോയലാണ് ഇത് വികസിപ്പിച്ചെടുത്തത്. പേര് സൂചിപ്പിക്കുന്നത് പോലെ, മുഖത്ത് നെറ്റിയുടെ വശങ്ങളിലെ ചർമത്തിലാണ് ഇത് ധരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടവും തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് ശാരീരിക സൂചനകളും നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഉപകരണം. ഇരട്ട വശങ്ങളുള്ള ടേപ്പ് ഉപയോഗിച്ചാണ് ഇത് ചർമത്തിൽ ഒട്ടിച്ചു നിർത്തുന്നത്. കഠിനമായ ശാരീരിക അധ്വാനങ്ങളിലും കളിസമയത്തും സ്ഥാനചലനം സംഭവിക്കാതെ ഉറച്ചുനിൽക്കാൻ ഇതിന് കഴിയും.

'ബ്രെയിൻഫ്‌ളോ' എന്ന സിസ്റ്റവും ഒപ്റ്റിക്കൽ സെൻസറുകളും ഉപയോഗിച്ച് നെറ്റിയിലെ രക്തയോട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. മാനസിക അധ്വാനം കൂടുമ്പോൾ ശരീരവും തലച്ചോറും എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കാൻ ഓക്‌സിജൻ ലഭ്യതയും കോഗ്‌നിറ്റീവ് ലോഡും ഇത് അളക്കുന്നു. കൂടാതെ, വ്യായാമം, ഉറക്കം, മാനസിക സമ്മർദം എന്നിവ മൂലമുണ്ടാകുന്ന ശാരീരിക ആയാസം കണക്കാക്കാൻ ഇതിലെ എൻട്രോപ്പി സ്‌കോർ സഹായിക്കുന്നു. നിലവിൽ പ്രീ-ഓർഡറുകൾ ആരംഭിച്ച ഈ സ്മാർട്ട് ഉപകരണത്തിന് 85,000 രൂപയാണ് വില.