
നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അശ്വിന്‍ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇതിന് പിന്നാലെ ദിയ യുട്യൂബില്‍ വെഡ്ഡിങ് വ്‌ളോഗ് പങ്കുവെച്ചിരുന്നു. ഇത് ട്രെന്‍ഡിങ്ങാകുകയും ചെയ്തു. ദിയയുടെ സഹോദരിമാരായ ഹന്‍സികയും ഇഷാനിയും വിവാഹ ദിവസത്തെ വീഡിയോ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ ദിയയുടെ ചേച്ചിയും നടിയുമായ അഹാന കൃഷ്ണ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.
Also Read
ആഘോഷത്തിനപ്പുറം സ്വന്തം സഹോദരിയുടെ വിവാഹം തനിക്ക് എത്രമാത്രം വൈകാരികമായ അനുഭവമാണെന്ന് വീഡിയോയിലൂടെ പറയുകയാണ് അഹാന. 'ഓസിയുടെ വിവാഹം എന്റെ കണ്ണുകളിലൂടെ' എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്ന അനിയത്തി വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുമ്പോള്‍ അത് സന്തോഷം നല്‍കുന്നതിനൊപ്പം തന്റെ കണ്ണ് നനയിപ്പിക്കുന്നുവെന്നും അഹാന വീഡിയോയില്‍ പറയുന്നു.
വിവാഹത്തിന്റെ ഹല്‍ദി ആഘോഷങ്ങളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. അതിനുശേഷം വിവാഹത്തലേന്ന് നടത്തിയ സംഗീത് പരിപാടിയുടെ മനോഹരമായ ദൃശ്യങ്ങളും നമ്മുടെ മുന്നിലെത്തുന്നു. എന്നാല്‍ വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പെടുത്ത വീഡിയോയില്‍ നിറഞ്ഞ കണ്ണുകളോടെ വൈകാരികമായി സംസാരിക്കുന്ന അഹാനയേയാണ് കാണുന്നത്. പലപ്പോഴും വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ അഹാന കരച്ചിലടക്കിപ്പിടിക്കുന്നു.
ഇതിനൊപ്പം കുട്ടിക്കാലത്തെ ദിയയ്‌ക്കൊപ്പമുള്ള വീഡിയോകളും അഹാന ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'കണ്ണാംതുമ്പി പോരാമോ' എന്ന പാട്ടിന്റെ പശ്ചാത്തലം വീഡിയോയെ കൂടുതല്‍ മനോഹരമാക്കുന്നു. ദിയയെ കുറിച്ച് മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധുവും സംസാരിക്കുന്നതും മുത്തച്ഛനും മുത്തശ്ശിയും ദിയയെ അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം.
'അച്ഛന് വളരെ സന്തോഷമുള്ള ദിവസമാണ്. കാരണം ഇന്ന് ഓസിയുടെ വിവാഹമാണ്. നീ ഇവിടെ ഇങ്ങനെ സോഫയിലൊക്കെ ഓടിക്കയറി, സിനിമയൊക്കെ കണ്ടുനടന്നിരുന്ന കൊച്ചുകുട്ടിയല്ലേ. പെട്ടെന്ന് നീ കല്ല്യാണം കഴിച്ചു പോകുകയാണ്. ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്. നിനക്കും അശ്വിനും ഏറ്റവും മനോഹരമായ വിവാഹജീവിതം ആശംസിക്കുന്നു.'-വീഡിയോയില്‍ കൃഷ്ണukkathകുമാര്‍ പറയുന്നു.
ഇതുവരെ ഒന്നിച്ചായിരുന്ന നാല് മക്കളില്‍ ഒരാള്‍ കല്ല്യാണം കഴിഞ്ഞു പോകുകയാണെന്നും ഓസിയെ ഇനി മിസ് ചെയ്യുമെന്നും സിന്ധു കൃഷ്ണ പറയുന്നു. 'ഇതു വരെ നാല് മക്കളും ഒന്നിച്ചായിരുന്നു. ഒന്നിച്ചൊരു ബെഡില്‍ കിടന്ന് ഉറങ്ങുന്നതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നും. ജനിച്ചപ്പോള്‍തൊട്ട് അവരും കാണുന്ന കാഴ്ച്ചയാണിത്. ഇതില്‍ ഓസി കല്ല്യാണം കഴിഞ്ഞു പോകുന്നു. അവള്‍ക്ക് ഇനിയും ഇങ്ങോട്ട് വരാമല്ലോ. ഓസിയെ ഇനി എനിക്ക് മിസ് ചെയ്യും. ഞാന്‍ വഴക്ക് പറഞ്ഞാണ് ഓസിയെ എഴുന്നേല്‍പ്പിക്കാറുള്ളത്. എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഫീല്‍ ആകുന്നത് അമ്മുവിന് മാത്രമാണ്. മറ്റ് മൂന്നു പേര്‍ക്കും അതൊന്നും ഒരു പ്രശ്‌നമില്ല. കുഞ്ഞായിരുന്നപ്പോള്‍ നോക്കിയതുപോലെയാണ് അവരെ ഞാന്‍ ഇപ്പോഴും നോക്കുന്നത്.' വീഡിയോയില്‍ സിന്ധു കൃഷ്ണ പറയുന്നു.
അഹാന പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏറെ ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇതെന്നാണ് ഒരു കമന്റ്. ദിയയുടെ വിവാഹത്തെ കുറിച്ചുള്ള മികച്ച വീഡിയോ ഇതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. മറ്റു സഹോദരിമാരെല്ലാം വ്യൂ കൂടാന്‍ വേണ്ടി വീഡിയോ പങ്കുവെയ്ക്കുമ്പോള്‍ അഹാന എന്നെന്നും ഓര്‍മിക്കാവുന്ന തരത്തിലുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്യുന്നതെന്നും കമന്റുകളുണ്ട്.
ഇതിന് താഴെ ദിയയും കമന്റ് ചെയ്തിട്ടുണ്ട്. 'എന്തൊരു മനോഹരമായ വീഡിയോ. ഒരുപാട് നന്ദി. അവസാന ഭാഗമാണ് ഏറ്റവും ഇഷ്ടമായത്.'-ഇതായിരുന്നു ദിയയുടെ കമന്റ്. 'ഇതാണ് എന്റെ ഓസ്‌കര്‍' എന്ന് ഈ കമന്റിന് അഹാന മറുപടിയും നല്‍കിയിട്ടുണ്ട്.
Content Highlights: actress ahaana krishnas emotional video on sister diya krishnas marriage
Published: 13 Sept 2024, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented