ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും മൂന്നാം ഭാര്യ അന്ന ലെഷ്‌നേവയും 13 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വർപിരിയുകയാണ്. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയും വേർപിരിയാൻ തീരുമാനിച്ചതായി ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. വിവാഹബന്ധം അവസാനിപ്പിച്ചാലും നല്ല സുഹൃത്തുക്കളായി തുടരാനും മക്കളുടെ കാര്യത്തിൽ ഒരുമിച്ച് ഉത്തരവാദിത്തം നിറവേറ്റാനും തീരുമാനിച്ചതായും അവർ വ്യക്തമാക്കി.

To advertise here,

വാർത്ത പുറത്തുവന്നതോടെ പവൻ കല്യാണിന്റെ വ്യക്തിജീവിതവും മൂന്ന് വിവാഹങ്ങളുമാണ് വീണ്ടും ചർച്ചയാകുകയാണ്. ആദ്യ ഭാര്യ നന്ദിനി, നടിയും മോഡലുമായ രണ്ടാം ഭാര്യ രേണു ദേശായി, റഷ്യൻ മോഡലും നടിയുമായ മൂന്നാം ഭാര്യ അന്ന ലെഷ്‌നേവ എന്നിവരാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളികളായിരുന്നത്. ആദ്യ രണ്ട് വിവാഹങ്ങളും വിവാഹമോചനത്തിൽ അവസാനിച്ചിരുന്നു. മൂന്ന് വിവാഹങ്ങളിലൂടെയും കുടുംബബന്ധങ്ങളിലൂടെയും നാല് മക്കളുമുണ്ട് പവൻ കല്യാണിന്.

13 വർഷത്തെ വിവാഹജീവിതത്തിനുശേഷമാണ് പവൻ കല്യാണും അന്ന ലെഷ്‌നേവയും വേർപിരിയൽ പ്രഖ്യാപിച്ചത്. പവന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേന പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തീരുമാനം അറിയിച്ചത്. മക്കളുടെ മാതാപിതാക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് നിർവഹിക്കുകയും ചെയ്യുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഇനിയുള്ള മുൻഗണനയെന്നും അറിയിച്ചു. വ്യക്തിജീവിതത്തിലെ ഈ മാറ്റത്തിന്റെ ഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർഥിച്ചു.എന്നാൽ വേർപിരിയലിന്റെ യഥാർഥ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.റഷ്യൻ സ്വദേശിയായ അന്ന വിവാഹശേഷം പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. 2011-ൽ പുറത്തിറങ്ങിയ പവൻ കല്യാണിന്റെ തെലുങ്ക് ചിത്രം 'തീൻ മാർ' ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ അന്നയും ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. 2013 സെപ്റ്റംബറിലായിരുന്നു വിവാഹം.

ആരാണ് അന്ന ലെഷ്‌നേവ?

റഷ്യൻ മോഡലും നടിയുമാണ് അന്ന ലെഷ്‌നേവ. 'തീൻ മാർ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പവൻ കല്യാണുമായി പരിചയപ്പെട്ടത്. ചിത്രത്തിൽ ചെറിയൊരു വേഷത്തിലും അന്ന പ്രത്യക്ഷപ്പെട്ടിരുന്നു.2013 സെപ്റ്റംബറിൽ ഇരുവരും വിവാഹിതരായെങ്കിലും പവന്റെ മുൻ ബന്ധങ്ങളിൽനിന്ന് വ്യത്യസ്തമായി അന്നയുമായുള്ള വിവാഹജീവിതം പൊതുശ്രദ്ധയിൽനിന്ന് ഏറെ അകന്നുനിന്നിരുന്നു. അപൂർവമായി മാത്രമാണ് അന്ന പവനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇരുവർക്കും മാർക്ക് ശങ്കർ പവനോവിച്ച് എന്ന മകനുണ്ട്. മുൻബന്ധത്തിൽ അന്നയ്ക്ക് പോളേന അഞ്ജന പവനോവ എന്നൊരു മകളുമുണ്ട്. ഈ കുട്ടിയെ പവൻ കല്യാൺ ദത്തെടുക്കുകയായിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ചെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഒരുമിച്ച് മുന്നോട്ടുപോകുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.

ആരാണ് പവൻ കല്യാണിന്റെ ആദ്യ ഭാര്യ നന്ദിനി?

1997 സെപ്റ്റംബറിലായിരുന്നു പവൻ കല്യാണും നന്ദിനിയും വിവാഹിതരായത്. വീട്ടിലെ മുതിർന്നവർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. 2023-ൽ നന്ദമൂരി ബാലകൃഷ്ണ അവതരിപ്പിച്ച 'അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ' എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോൾ ആദ്യ വിവാഹത്തെക്കുറിച്ച് പവൻ കല്യാൺ തുറന്നുപറഞ്ഞിരുന്നു. കുടുംബാംഗങ്ങൾ നിശ്ചയിച്ച പരമ്പരാഗത വിവാഹമായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാൽ ഈ ബന്ധത്തിന് അധികകാലം ആയുസുണ്ടായില്ല. 1999-ൽ ഇരുവരും വേർപിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ നിയമപരമായ വിവാഹമോചനം 2008-ലാണ് പൂർത്തിയായത്. ഈ ബന്ധത്തിൽ ഇരുവർക്കും കുട്ടികളില്ല.എല്ലാ ബന്ധങ്ങളും വിജയിക്കണമെന്നില്ലെന്നും ചില സാഹചര്യങ്ങളിൽ ദമ്പതികൾ വേർപിരിയാൻ തീരുമാനിക്കേണ്ടിവരുമെന്നും ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിക്കവെ പവൻ കല്യാൺ വ്യക്തമാക്കിയിരുന്നു.

ആരാണ് രണ്ടാം ഭാര്യ രേണു ദേശായി?

നടിയും മോഡലുമായ രേണു ദേശായിയാണ് പവൻ കല്യാണിന്റെ രണ്ടാം ഭാര്യ. 2000-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ബദ്രി'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് 2003-ൽ പുറത്തിറങ്ങിയ 'ജോണി' എന്ന ചിത്രത്തിലും ഒരുമിച്ച് പ്രവർത്തിച്ചു. സിനിമയിലെ സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. 2004-ൽ ഇരുവർക്കും അകിര നന്ദൻ എന്ന മകൻ ജനിച്ചു. തുടർന്ന് 2009 ജനുവരിയിൽ വിവാഹിതരായി.എന്നാൽ ഈ വിവാഹവും അധികകാലം നീണ്ടുനിന്നില്ല. 2012-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നിയമപരമായി വിവാഹമോചനവും നേടി. ഈ ബന്ധത്തിൽ 2010-ൽ ജനിച്ച ആദ്യ എന്ന മകളുമുണ്ട്. പവൻ കല്യാണോ രേണു ദേശായിയോ വേർപിരിയലിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. അതിനാൽ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല.2023-ൽ 'അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മൂന്ന് വിവാഹങ്ങൾ നടത്തിയതിന്റെ പേരിൽ നേരിട്ട വിമർശനങ്ങളെക്കുറിച്ച് പവൻ സംസാരിച്ചിരുന്നു. തന്റെ വ്യക്തിജീവിതത്തിൽ വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒന്നിലധികം വിവാഹങ്ങൾ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല താൻ ബന്ധങ്ങളിലേക്ക് കടന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.