മലയാളികളുടെ പ്രിയതാരം അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്റെ ജീവിതപങ്കാളി. നവംബർ ഏഴിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ അഞ്ജു സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

To advertise here,

'ഞാൻ പ്രാർത്ഥിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. ഇത് രണ്ട് ഹൃദയങ്ങളുടെ വെറും വാഗ്ദാനമല്ല, ദൈവസാന്നിധ്യത്തിൽ എടുത്ത ഒരു പ്രതിജ്ഞയാണ്', അഞ്ജു കുറിച്ചു. തന്റെ ഇന്നർചൈൽഡ് ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായതെന്നും താരം പറയുന്നു. വിവാഹം എന്നത് ഒരു ചടങ്ങ് മാത്രമല്ലെന്നും ജീവിതകാലം മുഴുവൻ നീളുന്ന ചെറിയ ചെറിയ സന്തോഷങ്ങളും ചിരികളും ഒരുമിച്ചുള്ള വളർച്ചയും പരസ്പരം തിരഞ്ഞെടുക്കലും സ്‌നേഹം നിറഞ്ഞൊരു വീടു കെട്ടിപ്പടുക്കലുമെല്ലാം ചേർന്ന യാത്രയാണെന്നും അഞ്ജു കുറിപ്പിൽ പറയുന്നു.

രണ്ട് വർഷം മുമ്പ് വിവാഹനിശ്ചയം

കോട്ടയം സ്വദേശിയായ അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം രണ്ട് വർഷം മുമ്പായിരുന്നു. അടുത്തിടെ റോഷൻ അഞ്ജുവിന് നൽകിയ സർപ്രൈസ് പ്രൊപ്പോസലും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഡയമണ്ട് മോതിരം നൽകി റോഷൻ അഞ്ജുവിനെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

മോഡലിങ്ങിലൂടെ സിനിമയിലേക്ക്

മോഡലിങ്ങിലൂടെയാണ് അഞ്ജു കുര്യൻ സിനിമാലോകത്തേക്ക് എത്തിയത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'നേരം' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് 'ഓം ശാന്തി ഓശാന', 'പ്രേമം', 'കവി ഉദ്ദേശിച്ചത്', 'ഞാൻ പ്രകാശൻ', 'ജാക്ക് ആൻഡ് ഡാനിയൽ', 'മേപ്പടിയാൻ', 'എബ്രഹാം ഓസ്ലർ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.