കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ, ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അശ്വിന്‍ ഗണേഷാണ് വരന്‍. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

To advertise here,

വിവാഹശേഷം സബ്‌സ്‌ക്രൈബേഴ്‌സിനായി യുട്യൂബില്‍ ദിയ വെഡ്ഡിങ് വ്‌ളോഗ് പങ്കുവെച്ചിരുന്നു. ഇത് ട്രെന്‍ഡിങ്ങാകുകയും ചെയ്തു. ഇപ്പോഴിതാ ഡല്‍ഹിയില്‍ നടന്ന ഡിന്നര്‍ റിസപ്ഷന്റെ വീഡിയോയും ചിത്രങ്ങളുമാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മെറൂണ്‍ നിറത്തിലുള്ള ഡിസൈനര്‍ സാരിയായിരുന്നു ദിയയുടെ ഔട്ട്ഫിറ്റ്. നിറയെ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസായിരുന്നു ഇതിനൊപ്പം അണിഞ്ഞത്. നെറ്റിയിലെ സിന്ദൂരം ദിയയെ കൂടുതല്‍ സുന്ദരിയാക്കി. താലിയും മെറൂണും വെള്ളയും നിറത്തിലുള്ള സെറ്റ് വളയും ആഭരണമായി അണിഞ്ഞു. ഗ്രേ നിറത്തിലുള്ള പാന്റ്‌സും കറുപ്പ് ഷര്‍ട്ടും മെറൂണ്‍ നിറത്തിലുള്ള ബ്ലെയ്‌സറുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്.

'ഡല്‍ഹിയിലെ ഡിന്നര്‍ റിസപ്ഷന്‍' എന്ന ക്യാപ്ഷനിലാണ് റീല്‍ ദിയ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ കൃഷ്ണകുമാറിനേയും സിന്ധു കൃഷ്ണകുമാറിനേയും കാണാം. പ്രണായതുരമായ റീല്‍ മനോഹരമായിരിക്കുന്നുവെന്നും വിവാഹച്ചടങ്ങുകളിലെ ദിയയുടെ ഏറ്റവും മികച്ച ഔട്ട്ഫിറ്റ് ഇതാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒരു ഹിന്ദി സീരിയലിന്റെ പ്രൊമോ പരസ്യം പോലെ മനോഹരമായിരിക്കുന്നുവെന്നും കമന്റുകളുണ്ട്. 

നേരത്തെ വിവാഹത്തിന് മുമ്പ് ദിയയുടേയും അശ്വിന്റേയും മെഹന്ദി, ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. വിവിധ നിറങ്ങള്‍ ചേര്‍ന്ന സ്‌കര്‍ട്ടും വെല്‍വെറ്റ് തുണിയില്‍ ബ്രൗണ്‍ നിറത്തിലുള്ള വണ്‍സ്ലീവ് ടോപ്പുമായിരുന്നു ദിയയുടെ മെഹന്ദി ഔട്ട്ഫിറ്റ്. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും വെള്ള പൈജാമയും കളര്‍ഫുള്‍ ഓവര്‍കോട്ടുമായിരുന്നു അശ്വിന്‍ അണിഞ്ഞത്. 

ഹല്‍ദിയില്‍ രണ്ടുപേരും ഓഫ്‌വൈറ്റ് ഔട്ട്ഫിറ്റുകളാണ് തെരഞ്ഞെടുത്തത്. നിറയെ മുത്തുകള്‍ തുന്നിപ്പിടിച്ച ലെഹങ്ക ചോളിയില്‍ സുന്ദരിയായിരുന്നു ദിയ. സിംപിള്‍ ഷെര്‍വാണിയാണ് അശ്വിന്‍ ധരിച്ചത്. മറ്റു അതിഥികള്‍ ഓറഞ്ചും മഞ്ഞയും പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും അണിഞ്ഞു. കറുപ്പിന്റേയും പച്ചയുടേയും സംഗമമായിരുന്നു സംഗീത്. ദിയയും അശ്വിനും കറുപ്പ് ഔട്ട്ഫിറ്റ് ധരിച്ചപ്പോള്‍ അതിഥികളെല്ലാം പച്ച നിറം തെരഞ്ഞെടുത്തു. തിളക്കമുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും പലാസോയുമാണ് ദിയ ധരിച്ചത്. കറുപ്പ് വെല്‍വെറ്റ് തുണിയിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു അശ്വിന്റെ ഔട്ട്ഫിറ്റ്. കോട്ടിന്റെ ഒരു സ്ലീവില്‍ ഹെവി ഡിസൈന്‍ നല്‍കിയിട്ടുണ്ട്.