കഴിഞ്ഞാഴ്ച്ചയായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ, ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അശ്വിന്‍ ഗണേഷാണ് ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. 

To advertise here,

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഡല്‍ഹിയില്‍ ഡിന്നര്‍ റിസപ്ഷനും ഒരുക്കിയിരുന്നു. വിവാഹത്തിന് മുമ്പ് മെഹന്ദി, ഹല്‍ദി, സംഗീത് ചടങ്ങുകളും ഇരുവരുടേയും കുടുംബം ആഘോഷമായി നടത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. കഴിഞ്ഞ വര്‍ഷംതന്നെ തങ്ങള്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞാഴ്ച്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ പറയുന്നു. 

'സെപ്റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പ്രോമിസ് ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണത്.'-ദിയ വ്യക്തമാക്കുന്നു. 

ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതുമെല്ലാം റീലില്‍ കാണാം. പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണ് അശ്വിന്റെ ഔട്ട്ഫിറ്റ്. 'ഞങ്ങളുടെ കുഞ്ഞ് രഹസ്യം' എന്ന ക്യാപ്ഷനോടെയാണ് ഈ റീല്‍ ദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്്. ഇനി ഇതായിരിക്കും ട്രെന്‍ഡിങ്ങെന്നും ദിയ നേരത്തെ പങ്കുവെച്ച ബെംഗളൂരു വ്‌ളോഗില്‍ താലി കഴുത്തില്‍ കണ്ടിരുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരേയും പറ്റിച്ചുവെന്നും യഥാര്‍ഥ ജീവിതത്തിലെ 'അലെയ്പായുതെ' ആണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.