മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിരസിക്കുന്നതിലൂടെ അവരെ വേദനിപ്പിക്കുകയാണെന്ന തോന്നലും യുവാക്കളെ അലട്ടുന്നു.

ഒരു സമൂഹം എന്നുപറയുമ്പോൾ അത് യുവാക്കൾമാത്രമുള്ള ഒരു വ്യവസ്ഥിതിയല്ല. അതുകൊണ്ടുതന്നെ ഒരു വിഷയത്തിന് അനുകൂലവും പ്രതികൂലവുമായ നിലപാടുകൾ ഉയരുന്നത് സ്വാഭാവികമാണ്. വിവാഹത്തോട് വിമുഖതയുള്ള യുവാക്കളുടെ ചിന്തകളെക്കുറിച്ചും ഉത്കണ്ഠകളെക്കുറിച്ചും പറയുമ്പോൾത്തന്നെ അവരുടെ മാതാപിതാക്കളുടെ ഭാഗവും കേൾക്കേണ്ടതുണ്ട്.
മക്കൾ വിവാഹംകഴിക്കാതെ തുടരുമ്പോഴുള്ള മാതാപിതാക്കളുടെ ഉത്കണ്ഠകളെ പൂർണമായി തള്ളിക്കളയാനാവില്ല. മക്കളുടെ ഭാവിയെക്കുറിച്ചുള്ള കരുതലും സ്നേഹവും തന്നെയാണ് പലപ്പോഴും ഈ ആശങ്കകൾക്ക് പിന്നിൽ. തങ്ങളുടെ കാലശേഷം മക്കൾ ഒറ്റപ്പെട്ടുപോകുമോ, അവരെ ചേർത്തുപിടിക്കാനും സ്നേഹിക്കാനും ഒരാളുണ്ടാകുമോ, വാർധക്യത്തിൽ അവർക്ക് തുണയാകാൻ ആരുണ്ടാകും തുടങ്ങിയ ചോദ്യങ്ങൾ മാതാപിതാക്കളെ അലട്ടുന്നു. കൊച്ചുമക്കളെ കാണാനും ലാളിക്കാനുമുള്ള ആഗ്രഹം, കുടുംബപരമ്പര നിലച്ചുപോകുമോ എന്ന വേവലാതി, വിവാഹം കഴിക്കാത്തതിന്റെപേരിൽ സമൂഹത്തിൽനിന്ന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുമോ എന്ന ഭയം... ഇവയെല്ലാം അവരുടെ ഉത്കണ്ഠകളുടെ ഭാഗമാണ്.
കാലം മാറി, ചിന്തയും
കുടുംബപരമ്പര തുടരണമെന്ന ആഗ്രഹവും അടുത്ത തലമുറയെ കാണണമെന്ന സ്വപ്നവുമാണ് ചിലർക്ക് ഏറെ പ്രധാനപ്പെട്ടത്. ഇവയെല്ലാം പഴഞ്ചൻചിന്തകളായി മാത്രം തള്ളിക്കളയാനാവില്ല. ഒരു തലമുറയുടെ ജീവിതാനുഭവങ്ങളും കുടുംബത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും വൈകാരികമായ പ്രതീക്ഷകളുമാണ് പലപ്പോഴും ഇത്തരം ആഗ്രഹങ്ങൾക്ക് അടിസ്ഥാനം.
എന്നാൽ, മാതാപിതാക്കൾ വളർന്നുവന്ന കാലവും ഇന്നത്തെ യുവാക്കൾ ജീവിക്കുന്ന കാലവും തമ്മിൽ വലിയവ്യത്യാസമുണ്ട്. ഒരുകാലത്ത് ജീവിതത്തിന്റെ സ്വാഭാവികമായ തുടർച്ചയായി കണ്ടിരുന്ന വിവാഹത്തെ ഇന്ന് യുവാക്കൾ കൂടുതൽ ആലോചനകളോടെയാണ് സമീപിക്കുന്നത്. എന്നാൽ, ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പഴയതലമുറയിലെ എല്ലാവർക്കും എളുപ്പമാകണമെന്നില്ല.
മക്കളെ വളർത്തുന്നതിൽ തങ്ങൾ എന്തെങ്കിലും വീഴ്ചവരുത്തിയതുകൊണ്ടാണോ അവർ വിവാഹത്തിന് തയ്യാറാകാത്തതെന്ന സംശയമാണ് ചില മാതാപിതാക്കളെ അസ്വസ്ഥരാക്കുന്നത്.
മക്കളുടെ മനസ്സിൽ കുടുംബജീവിതത്തോടോ വിവാഹബന്ധത്തോടോ വിമുഖതയുണ്ടാകാൻ തങ്ങളുടെ ജീവിതരീതിയോ കുടുംബത്തിലെ അനുഭവങ്ങളോ കാരണമായോ എന്നചിന്തയും അവരെ അലട്ടുന്നു. മക്കളുടെ സമപ്രായക്കാർ വിവാഹിതരാവുകയും കുട്ടികളൊക്കെയായി കുടുംബജീവിതം നയിക്കുകയുംചെയ്യുന്നത് കാണുമ്പോഴാണ് ഈ ചിന്ത അധികരിക്കുന്നത്. ബന്ധുക്കളും പരിചയക്കാരും നിരന്തരമായി ഇതേക്കുറിച്ച് അന്വേഷിക്കുന്നതും വരെ സമ്മർദത്തിലാക്കുന്നു. ഇങ്ങനെ വൈകാരികമായി ചിന്തിക്കുമ്പോൾ മക്കളുടേത് തീർത്തും വ്യക്തിപരമായ തീരുമാനമാണെന്ന് ഉൾക്കൊള്ളാൻ അവർക്ക് സാധിക്കണമെന്നില്ല.
കരുതൽ നിർബന്ധമാകുമ്പോൾ
മക്കളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയിൽനിന്ന് മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ ചിലപ്പോൾ നിർബന്ധങ്ങളിലേക്കും വൈകാരിക സമ്മർദങ്ങളിലേക്കും വഴിമാറാറുണ്ട്.
പ്രായം കടന്നുപോകുന്നു, ഇനി നല്ല ആലോചനകൾ ലഭിക്കില്ല, ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ വിവാഹം കാണണം തുടങ്ങിയ വാക്കുകൾ മക്കളിൽ കുറ്റബോധമുണ്ടാക്കാം.
മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിരസിക്കുന്നതിലൂടെ അവരെ വേദനിപ്പിക്കുകയാണെന്ന തോന്നലും യുവാക്കളെ അലട്ടുന്നു.
മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നങ്ങളും മക്കളുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും എല്ലായ്പ്പോഴും ഒരേ ദിശയിലാകണമെന്നില്ല. അതിനർഥം ഏതെങ്കിലും ഒരു കൂട്ടർ തെറ്റാണെന്നല്ല. ഒരു തലമുറയുടെ അനുഭവങ്ങളും അടുത്തതലമുറയുടെ മാറിയ ജീവിതസാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസമാണത്.
ഞങ്ങളാണോ കാരണക്കാർ
നമ്മുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളാകും അച്ഛനമ്മമാർ വിവാഹത്തിന് നിർബന്ധിക്കാൻ കാരണം. എന്നാൽ, ചിലപ്പോൾ എല്ലാ ആശങ്കകളെയും ദൂരീകരിക്കാൻ നമുക്ക് സാധിക്കണമെന്നില്ലല്ലോ.- കെ.പി. അമൃത, ഉദ്യോഗാർഥി, കക്കോടി
ഞങ്ങളുടെ കാലംകഴിഞ്ഞാൽ...
വിവാഹം കഴിച്ചില്ലെങ്കിൽ ഒറ്റക്കായിപ്പോവില്ലേ എന്ന് ചോദിക്കുമ്പോൾ അച്ഛനുമമ്മയുമുണ്ടല്ലോ എന്നാണ് മറുപടി. എന്നാൽ, എല്ലാക്കാലവും ഞങ്ങളുണ്ടാവുമോ. ഞങ്ങളുടെ കാലം കഴിഞ്ഞാൽ ആരോരുമില്ലാതെ മക്കൾ ജീവിക്കേണ്ടിവരുമല്ലോ എന്ന ചിന്ത മനഃസമാധാനം ഇല്ലാതാക്കും. ഞങ്ങളും വിവാഹംചെയ്തവരാണ്. നന്നായി ജീവിക്കുന്നുമുണ്ട്. എല്ലാവരും ഒരുപോലെയല്ലെന്ന് മനസ്സിലാക്കി മക്കൾ കുടുംബജീവിതം തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം.- കെ. ഉഷാകുമാരി, ഫറോക്ക്
സ്വാശ്രയത്വവും സ്വാതന്ത്ര്യവും
പുതിയതലമുറ വിവാഹത്തെ പൂർണമായും ഉപേക്ഷിച്ചതാണെന്ന് പറയാനാനാകില്ല. വിവാഹിതരാകുക എന്നതല്ല മറിച്ച് കരിയറിൽ വിജയിക്കുക, പറ്റിയ പങ്കാളിയെ സമയമെടുത്ത് കണ്ടെത്തുക എന്നിവയാണ് പ്രധാനമെന്നതരത്തിൽ മാറിയതാണ്. അങ്ങനെയുള്ള കാത്തിരിപ്പിലാകും പലരും. ഇതിനുപുറമേയാണ് വിവാഹിതരായവരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന മനംമാറ്റം.- പി. അമൃത, അസി. പ്രൊഫസർ, സോഷ്യോളജി വിഭാഗം, വേദവ്യാസ കോളേജ്, രാമനാട്ടുകര
വിവാഹം കഴിക്കണോ, എപ്പോൾ കഴിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങൾ വ്യക്തിപരമാണ്. പക്ഷേ, ആ തീരുമാനം മാതാപിതാക്കളെ വിഷമിപ്പിക്കുമെന്നറിയാം. നാളെ നമ്മെ സ്നേഹിക്കാനും സംരക്ഷിക്കാനും ആരുമുണ്ടാവില്ലെന്ന ആശങ്കയാണ് ഇതിന് കാരണമെന്നും മനസ്സിലാവുന്നുണ്ട് -കണ്ണഞ്ചേരി സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥയുമായ എൻ. ശ്രീലക്ഷ്മി പറയുന്നു.
Content Highlights: Examining how generational shifts impact marriage expectations, with parents' traditional views clashing with modern youth's perspectives.
Published: 09 Nov 2026, 12:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented