ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാണും ഭാര്യ കൊനിഡേലയും 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിയുകയാണെന്ന സംയുക്ത പ്രഖ്യാപനം വന്നതിന് പിന്നാലെ, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും മുൻകാല വിവാഹങ്ങളും വീണ്ടും സജീവ ചർച്ചയാകുന്നു.

To advertise here,

Read Also:13 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു; പവൻ കല്യാണും അന്ന കൊനിഡേലയും വേർപിരിഞ്ഞു 

ഈ പശ്ചാത്തലത്തിൽ, തന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ചും അതിന് പിന്നിലെ വികാരങ്ങളെക്കുറിച്ചും മുൻപ് ഒരിക്കൽ പവൻ കല്യാൺ തുറന്നുപറഞ്ഞ വാക്കുകൾ ജനശ്രദ്ധ നേടുകയാണ്. തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയുടെ 'അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ' എന്ന പ്രശസ്തമായ ടോക്ക് ഷോയിലാണ് പവൻ കല്യാൺ തന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകിയത്.

തനിക്ക് ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നുവെന്ന് അഭിമുഖത്തിൽ പവൻ കല്യാൺ വെളിപ്പെടുത്തിയിരുന്നു.'സത്യത്തിൽ എനിക്ക് ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഒരു ബ്രഹ്‌മചാരിയായി യോഗയുടെ വഴിയിലൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ജീവിതത്തെ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഇതെല്ലാം ശരിക്കും എന്റെ ജീവിതത്തിൽ സംഭവിച്ചതാണോ എന്ന് ഞാൻ ചിന്തിച്ചുപോകാറുണ്ട്. ഞാൻ ഒന്നും മുൻകൂട്ടി പദ്ധതിയിട്ടതല്ല. തികച്ചും ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാണ് ഞാൻ ശ്രമിച്ചത്.'

തന്റെ മുൻ വിവാഹങ്ങളെക്കുറിച്ചും അവ അവസാനിച്ച സാഹചര്യങ്ങളെക്കുറിച്ചും തികച്ചും തുറന്ന മനസ്സോടെയാണ് അദ്ദേഹം സംസാരിച്ചത്. നന്ദിനി എന്ന സ്ത്രീയുമായിട്ടായിരുന്നു ആദ്യ വിവാഹം. ആദ്യ വിവാഹം മുതിർന്നവർ ചേർന്ന് ഉറപ്പിച്ച തികച്ചും പരമ്പരാഗതമായ ഒന്നായിരുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും എപ്പോഴും വിജയകരമാകണമെന്നില്ല. ആശയപരമായ വിയോജിപ്പുകൾ വരുമ്പോൾ മനുഷ്യർ വേർപിരിയുന്നു. രേണു ദേശായിയായിട്ടുള്ള രണ്ടാമത്തെ ദാമ്പത്യത്തിലും കടുത്ത അഭിപ്രായവ്യത്യാസങ്ങളോ അല്ലെങ്കിൽ പരസ്പര ധാരണയില്ലായ്മയോ ഉണ്ടായിരുന്നതായി പവൻ സമ്മതിച്ചിട്ടുണ്ട്.

തുടർച്ചയായ വേർപിരിയലുകൾ തനിക്ക് നൽകിയത് വലിയ മാനസിക വേദനയാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. 'ഇതൊന്നും എന്റെ വ്യക്തിപരമായ ആഗ്രഹത്തിന്റെയോ അല്ലെങ്കിൽ താൽക്കാലികമായ ഭ്രമങ്ങളുടെയോ ഫലമായി സംഭവിച്ചതല്ല. അത് അങ്ങനെ സംഭവിച്ചുപോയതാണ്. ഈ വേർപിരിയലുകളെല്ലാം വലിയ വേദന മാത്രമാണ് എനിക്ക് സമ്മാനിച്ചത്.'

തന്റെ മൂന്ന് വിവാഹങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ എതിരാളികളും വിമർശകരും നിരന്തരം നടത്തുന്ന കടന്നാക്രമണങ്ങൾക്കും അദ്ദേഹം ആ അഭിമുഖത്തിൽ മറുപടി നൽകി. 'പലരും എന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ച് നിരന്തരം കുറ്റപ്പെടുത്തി സംസാരിക്കാറുണ്ട്. എന്നാൽ ഞാൻ ഈ മൂന്ന് പേരെയും ഒരേ സമയത്തല്ല വിവാഹം കഴിച്ചത്. ഒരേ വീട്ടിൽ ഇവരോടൊപ്പമല്ല ഞാൻ ജീവിച്ചതും. ഒരാളുമായി ഉള്ള ബന്ധം ഒത്തുപോകാതിരുന്നപ്പോൾ നിയമപരമായി വിവാഹമോചനം നേടിയ ശേഷമാണ് ഞാൻ അടുത്തയാളെ വിവാഹം കഴിച്ചത്. എന്നിൽ യാതൊരു കുറ്റബോധവുമില്ല. ഞാൻ ഒരു പൊതുവ്യക്തിയായതുകൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത്.'

Read Also:'കല്യാണം കഴിക്കുന്നില്ലേ, വയസ്സ് കൂടുവാണ്'; ബന്ധുക്കളുടെ ചോദ്യങ്ങൾ മടുത്തോ? മറുപടി നൽകാൻ വഴികളുണ്ട് 

2011-ൽ പുറത്തിറങ്ങിയ 'തീൻ മാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് റഷ്യൻ പൗരയായ അന്ന ലെസ്‌നെവയെ പവൻ കല്യാൺ പരിചയപ്പെടുന്നത്. 2013-ൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ പോളെന അഞ്ചന, മാർക്ക് ശങ്കർ എന്നീ രണ്ട് മക്കളുമുണ്ട്. പഴയ അഭിമുഖങ്ങളിൽ അന്നയുമായുള്ള വിവാഹത്തിൽ തനിക്ക് യാതൊരു നിരാശയുമില്ലെന്നും മക്കളോടൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം, തികച്ചും പക്വതയോടെയും പരസ്പര ധാരണയോടെയും വേർപിരിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരും പ്രഖ്യാപിച്ചത്.