ദാമ്പത്യജീവിതത്തിലെ വീഴ്ച പരസ്യമായി സമ്മതിച്ചതോടെ പുതിയൊരു വിവാഹമോചനത്തിന് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ചിപ്പ് വിപ്ലവത്തിലൂടെ മാധ്യമ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്ന എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത് വ്യക്തിജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ ഭാഗമായാണ്. ഭാര്യയോട് താൻ വിശ്വസ്തനായിരുന്നില്ലെന്ന് കുറ്റസമ്മതം നടത്തിയ ജെൻസൻ ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന അലിസ് ഹുവാങ് എന്ന ബിസിനസ് എക്‌സിക്യൂട്ടീവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നതായി വെളിപ്പെടുത്തി. കുടുംബത്തോടും ജീവനക്കാരോടും അദ്ദേഹം മാപ്പുചോദിക്കുകയും ചെയ്തു. വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങൾ
സാങ്കേതിക-വ്യവസായ ലോകത്തെയും ഉലച്ചു. ഓഹരികളിൽ കുത്തനെ ഇടിവുണ്ടായി. ദാമ്പത്യജീവിതത്തിലെ വീഴ്ച പരസ്യമായി സമ്മതിച്ചതോടെ പുതിയൊരു വിവാഹമോചനത്തിന് ലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഈ വിവാഹമോചനം സംഭവിക്കുകയാണെങ്കിൽ ഒരുപക്ഷേ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയുടെ വിവാഹമോചന നഷ്ടപരിഹാരത്തിനാണ് വഴിതുറക്കപ്പെടുകയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Read Also:ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: ജെൻസൻ ഹുവാങ്ങിനെതിരെ അന്വേഷണം; എൻവിഡിയ ഓഹരികൾ കൂപ്പുകുത്തി
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഭാര്യ മക്കെൻസി സ്‌കോട്ടുമായി വിവാഹമോചനം നടത്തിയപ്പോൾ അവർക്ക് നൽകിയ 35.6 ബില്യൺ ഡോളർ (ഏകദേശം 3 ലക്ഷം കോടി രൂപ) എന്ന റെക്കോർഡ് നഷ്ടപരിഹാരത്തെ കാറ്റിൽപ്പറത്തി, 77.5 ബില്യൺ ഡോളറിലധികം (ഏകദേശം 6.5 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) തുക ഹുവാങ്ങിന് നൽകേണ്ടിവരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകൾ.
ജീവിതത്തിൽ സംഭവിച്ച പിഴവുകളെക്കുറിച്ചുള്ള തുറന്നുപറച്ചിലോടെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജെൻസൻ ഹുവാങ് വാർത്തകളിൽ നിറയുന്നത്. കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കുമായി അയച്ച ഇമെയിൽ സന്ദേശത്തിലാണ് 41 വർഷം നീണ്ട ദാമ്പത്യബന്ധത്തിൽ താൻ ഭാര്യ ലോറി മിൽസിനോട് വിശ്വസ്തത പുലർത്തിയില്ലെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചത്.'എന്റെ പ്രവൃത്തികൾ ഭാര്യയെയും മക്കളെയും ആഴത്തിൽ വേദനിപ്പിച്ചു. ഞാൻ ചെയ്തതിന് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. ഞാൻ അവരോട് ഹൃദയം നൊന്ത് മാപ്പ് ചോദിക്കുന്നു. അവരുടെ സ്‌നേഹവും പിന്തുണയും എനിക്ക് എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും ഞാൻ അവരെ വഞ്ചിക്കുകയായിരുന്നു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഏത് വിമർശനവും നേരിടാൻ ഞാൻ തയ്യാറാണ്. ഭാര്യയോടും കുടുംബത്തോടും ഒന്നുപറയാൻ ആഗ്രഹിക്കുന്നു..ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. വെറുമൊരു മാപ്പപേക്ഷ കൊണ്ട് ഞാൻ വരുത്തിവെച്ച തെറ്റുകൾ ഇല്ലാതാകില്ലെന്ന് എനിക്കറിയാം. എങ്കിലും കാലക്രമേണ ഞങ്ങളുടെ കുടുംബത്തിന്റെ മുറിവുകൾ ഉണങ്ങുമെന്നും നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ എനിക്ക് സാധിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അലീസ് ഹുവാങ് ചൈനീസ് സർക്കാരിനുവേണ്ടി അമേരിക്കയിൽ ചാരവൃത്തി നടത്തുകയാണെന്ന് യു.എസ്. അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഒരു സാങ്കേതികവിദ്യാ ഭീമന്റെ തലവൻ എന്ന നിലയിൽ, അതിപ്രധാനമായ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എൻവിഡിയ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങൾ പുരോഗമിക്കെയാണ് ഹുവാങ് തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
ഫോർബ്സിന്റെ ശതകോടീശ്വര പട്ടിക പ്രകാരം ലോകത്തിലെ പത്താമത്തെ വലിയ ധനികനാണ് ജെൻസൻ ഹുവാങ്. ഏകദേശം 155.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. എന്നാൽ ഈ വാർത്ത പുറത്തുവന്നതോടെ ഒരൊറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയിൽ 6.8 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. കലിഫോർണിയ സംസ്ഥാനത്തെ നിയമങ്ങൾ അനുസരിച്ചാണ് ഇരുവരുടെയും സ്വത്ത് വകകൾ വീതിക്കപ്പെടുക. കമ്മ്യൂണിറ്റി പ്രോപ്പർട്ടി സമ്പ്രദായം നിലനിൽക്കുന്ന കലിഫോർണിയയിൽ, വിവാഹശേഷം സമ്പാദിക്കുന്ന എല്ലാ സ്വത്തുക്കളിലും ദമ്പതികൾക്ക് തുല്യാവകാശമുണ്ട്. 1985ലാണ് ജെൻസൻ വിവാഹിതനാകുന്നത്. 1993ലാണ് എൻവിഡിയയുടെ സ്ഥാപനം. അതായത് വിവാഹം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷം. അങ്ങനെയാണെങ്കിൽ വിവാഹമോചനത്തിന് ഒരുങ്ങുമ്പോൾ
77.5 ബില്യൺ ഡോളർ ഭാര്യക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. 2019-ൽ വിവാഹമോചനം നേടിയ ജെഫ് ബെസോസ് 35.6 ബില്യൺ ആണ് നഷ്ടപരിഹാരം നൽകിയത്. 2021ല് ബിൽഗേറ്റ്‌സ് നൽകിയത് 73 ബില്യണാണ്. 2019ൽ ജെഫ് ബെസോസും മക്കെൻസി സ്‌കോട്ടും വേർപിരിഞ്ഞപ്പോൾ മക്കെൻസിക്ക് ആമസോണിന്റെ 4 ശതമാനം ഓഹരികളാണ് ലഭിച്ചത്. എന്നാൽ ഹുവാങ്ങിന്റെ കേസിൽ തുക ഇതിന്റെ ഇരട്ടിയിലധികമാകും. ഹുവാങ്ങിന്റെ കയ്യിലുള്ള എൻവിഡിയ ഓഹരികൾ വിറ്റഴിക്കേണ്ടി വരുമോ എന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഓറിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനകാലത്താണ് ജെൻസൻ ഹുവാങ് ഭാര്യയായ ലോറി മിൽസിനെ പരിചയപ്പെടുന്നത്. എൻവിഡിയ എന്ന ഭീമൻ കമ്പനിയുടെ തുടക്കകാലം മുതൽ ഹുവാങ്ങിന്റെ എല്ലാ വളർച്ചയിലും നിഴലായി ലോറി ഒപ്പമുണ്ടായിരുന്നു. അതിനാൽ തന്നെ നിയമപരമായി കമ്പനിയുടെ വളർച്ചയിൽ ലോറിക്കും തുല്യ പങ്കാളിത്തമുണ്ട്.ഇരുവരും തമ്മിൽ ഔദ്യോഗികമായി വിവാഹമോചന ഹർജി നൽകിയിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും കുറ്റസമ്മതം പുറത്തുവന്നതോടെ നിയമനടപടികളിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വ്യക്തിജീവിതത്തിലുണ്ടായ വീഴ്ച എൻവിഡിയയുടെ ഭാവി എന്താകും എന്ന ചോദ്യമാണ് വിപണിയിൽ ഉയർത്തുന്നത്. വ്യക്തിജീവിതത്തിലുണ്ടായ തകർച്ചയും അന്താരാഷ്ട്ര അന്വേഷണങ്ങളും കമ്പനിയുടെ ഭരണത്തെയും ഓഹരി മൂല്യത്തെയും എങ്ങനെ ബാധിക്കുമെന്നത് വരുംദിവസങ്ങളിൽ നിർണ്ണായകമാകും.
Content Highlights: Speculations arise about Jensen Huang's divorce possibly leading to the largest settlement in history, surpassing previous high-profile cases.
Published: 10 Nov 2026, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented