പ്രതിസന്ധികൾ എന്നെ പ്രതിരോധിക്കാനും പ്രത്യാശ കൈവിടാതിരിക്കാനും പഠിപ്പിച്ചു

ജീവിതത്തിലേക്ക് കുഞ്ഞതിഥി കൂടി എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവും ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവും. ജീവിതത്തിലേക്കുള്ള കുഞ്ഞിന്‍റെ വരവ് അപ്രതീക്ഷിതമായ സമ്മാനമായിരുന്നുവെന്ന് പറയുകയാണ് സാമന്ത ഇപ്പോൾ. ഗർഭിണിയായ താരം ഇപ്പോൾ അഭിനയജീവിതത്തിൽനിന്ന് ഇടവേളയെടുത്ത് വിശ്രമത്തിലാണ്.
"മക്കളുണ്ടാകുന്ന കാര്യത്തിൽ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. കുട്ടികൾ ഉണ്ടായേക്കാം, ചിലപ്പോൾ ഉണ്ടാവാതിരിക്കാം. രണ്ടായാലും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ, കുഞ്ഞിന്‍റെ വരവ് അപ്രതീക്ഷിതമായ ഒരു അത്ഭുതമായിരുന്നു." സാമന്ത ഓർത്തെടുക്കുന്നു.
അടുത്തിടെ തിയേറ്ററുകളിലെത്തിയ 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താൻ ഗർഭിണിയാണെന്ന വിവരം സാമന്ത അറിയുന്നത്. തുടക്കകാലത്തെ ശാരീരിക അസ്വസ്ഥതകളും ക്ഷീണവും വകവെക്കാതെയാണ് സെറ്റിലെ ഊർജ്ജസ്വലമായ ചുവടുകൾ താരം പൂർത്തിയാക്കിയത്. എല്ലാ പ്രതിസന്ധികൾക്കിടയിലും സാഹചര്യങ്ങളെല്ലാം തനിക്കുവേണ്ടി ഒരുമിച്ചുവന്നുവെന്നും സാമന്ത പറഞ്ഞു.
സിനിമാജീവിതത്തിൽനിന്ന് താൽക്കാലികമായി ഇടവേള എടുക്കുന്നതായി ജൂൺ മാസത്തിൽ നടി സ്ഥിരീകരിച്ചിരുന്നു. വരുന്ന ഡിസംബറോടെ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 2022-ൽ പിടിപെട്ട മൈയോസൈറ്റിസ് എന്ന അപൂർവ്വമായ സ്വയംപ്രതിരോധ രോഗാവസ്ഥ നൽകിയ തിരിച്ചടികളെക്കുറിച്ചും സാമന്ത വികാരഭരിതയായി സംസാരിച്ചു. ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഏതൊരു കലാകാരനും ആത്മവിശ്വാസത്തിന്റെ കവചമണിയാറുണ്ട്. എന്നാൽ, പെട്ടെന്നുണ്ടായ അസുഖം തന്റെ സ്വത്വത്തെയും ആത്മവിശ്വാസത്തെയും ഉലച്ചു കളഞ്ഞതായി താരം പറയുന്നു.
"ജീവിതത്തിന്മേൽ എനിക്ക് നിയന്ത്രണമില്ലെന്ന് അന്ന് തോന്നിപ്പോയി. പിന്നീട് ഞാൻ മനസ്സിലാക്കി, സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നതിൽ എനിക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന്. പ്രതിസന്ധികൾ എന്നെ പ്രതിരോധിക്കാനും പ്രത്യാശ കൈവിടാതിരിക്കാനും പഠിപ്പിച്ചു." സമന്ത കൂട്ടിച്ചേർക്കുന്നു. തിരിച്ചടികൾക്ക് ശേഷമാണ് തന്റെ അഭിനയത്തിലും ജീവിതസമീപനത്തിലും കൂടുതൽ യഥാർത്ഥ്യവും ആഴവും കൈവന്നതെന്നും വരാനിരിക്കുന്ന പുതിയ മാതൃത്വത്തിന്റെ ദിനങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നും സാമന്ത വ്യക്തമാക്കുന്നു.
Content Highlights: Samantha Ruth Prabhu announced her unexpected pregnancy with director Raj Nidimoru., She discovered she was pregnant while filming the song 'Thassadiya' for the movie 'Ma Inti Bangaram'., Samantha confirmed taking a temporary maternity break from her acting career, expecting her baby in December., She opened up about overcoming the rare autoimmune condition Myositis and finding renewed strength.
Published: 10 Sept 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented