ഒരാളെ സ്‌നേഹിക്കുന്നതും ആ വ്യക്തിക്കൊപ്പം ജീവിതം മുഴുവൻ ചെലവഴിക്കാനാകുന്നതും രണ്ടാണ്. പ്രണയത്തോടെ തുടങ്ങിയ ബന്ധങ്ങൾക്കുപോലും കാലത്തിനൊപ്പം മാറ്റങ്ങളുണ്ടാകാം. ഒരുമിച്ച് വളരുന്ന രണ്ടുപേർ ചിലഘട്ടങ്ങളിൽ വ്യത്യസ്ത വ്യക്തികളായി മാറിയെന്നും അപ്പോൾ പരസ്പരം വിട്ടുപോരാൻ പഠിക്കേണ്ടിവരുമെന്നും പറയുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഖാന്റെ മുൻഭാര്യ അവന്തിക മാലിക്. എട്ടുവർഷത്തെ വിവാഹജീവിതത്തിനുശേഷം വേർപിരിഞ്ഞതിനെക്കുറിച്ചും ആ തീരുമാനമുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ചും ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അവന്തിക.സോഹ അലി ഖാന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് അവന്തിക തന്റെ ജീവിതത്തിലെ നിർണായകമായ അനുഭവങ്ങൾ പങ്കുവച്ചത്. പ്രണയം, വിവാഹം, പരസ്പര പ്രതീക്ഷകൾ, വേർപിരിയൽ, മാതൃത്വം എന്നിവയെക്കുറിച്ചുള്ള അവരുടെ തുറന്നുപറച്ചിൽ ശ്രദ്ധനേടുകയാണ്.

To advertise here,

19-ാം വയസ്സിൽ തുടങ്ങിയ പ്രണയം

ബോളിവുഡിലെ ശ്രദ്ധേയമായ താരദമ്പതികളായിരുന്നു ഇമ്രാൻ ഖാനും അവന്തിക മാലിക്കും. ചെറുപ്പത്തിൽ തുടങ്ങിയ പ്രണയവും പിന്നീട് വിവാഹത്തിലേക്കുള്ള യാത്രയും ഇരുവരെയും ആരാധകർക്കിടയിൽ പരിചിതരാക്കി.19-ാം വയസ്സിലാണ് ഇരുവരും പരിചയപ്പെടുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം 2011 ജനുവരിയിൽ വിവാഹിതരായി. 2014-ൽ മകൾ ഇമാര മാലിക് ഖാൻ ജനിച്ചു. എന്നാൽ 2019-ൽ ഇരുവരും വേർപിരിഞ്ഞു. എട്ടുവർഷത്തെ വിവാഹജീവിതം അവസാനിച്ചെങ്കിലും പരിചയവും പ്രണയവും വിവാഹവും ഉൾപ്പെടെ 18 വർഷത്തോളം നീണ്ട ബന്ധമായിരുന്നു അവരുടേത്. വേർപിരിയാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാലക്രമേണ ഇരുവരും അതിലേക്ക് എത്തിച്ചേരുകയായിരുന്നെന്നും അവന്തിക പറയുന്നു. ഒരുമിച്ച് ജീവിച്ച വർഷങ്ങൾക്കിടെ ഇരുവരും വളർന്നു, പക്വത നേടി, ജീവിതത്തെ കാണുന്ന രീതിയിൽ മാറ്റങ്ങളുണ്ടായി. ഒരിക്കൽ പരസ്പരം മനസ്സിലാക്കിയിരുന്ന രണ്ടുപേർ പിന്നീട് വ്യത്യസ്ത വ്യക്തികളായി മാറിയെന്ന് അവർ തിരിച്ചറിഞ്ഞു.

നമ്മുടെ സന്തോഷത്തിന് മറ്റൊരാൾ ഉത്തരവാദിയാണെന്ന് കരുതി

ബന്ധങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള അവന്തികയുടെ വാക്കുകളാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തിൽ തനിക്കുണ്ടായിരുന്ന മാനസികമായ പ്രശ്‌നങ്ങളും വൈകാരികമായ ഭാരങ്ങളും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ പറഞ്ഞു. അവ പരിഹരിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന തിരിച്ചറിവും അന്ന് ഉണ്ടായിരുന്നില്ല. പകരം, താൻ സന്തോഷവതിയായിരിക്കണമെങ്കിൽ പങ്കാളി അതിന് ഉത്തരവാദിയാകണമെന്നായിരുന്നു ചിന്ത. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഇത്തരം അമിതപ്രതീക്ഷകൾ ബന്ധത്തെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് അവന്തിക പറയുന്നു. 'നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകേണ്ട ഉത്തരവാദിത്വം മുന്നിലുള്ള വ്യക്തിക്കാണെന്ന് കരുതുന്നു. വർഷങ്ങൾ കഴിയുമ്പോൾ ബന്ധത്തിൽനിന്ന് യാഥാർഥ്യമല്ലാത്ത പ്രതീക്ഷകൾ വെക്കുന്നതിലൂടെ ആ ബന്ധത്തെത്തന്നെ നശിപ്പിക്കുന്നു. ജീവിതാവസാനം വരെ സന്തോഷത്തോടെ ജീവിക്കുന്ന പ്രണയകഥകളെക്കുറിച്ചുള്ള സങ്കൽപ്പമാണ് നമ്മളിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ യാഥാർഥ്യം അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ലായെന്നും അവന്തിക പറഞ്ഞു. വിവാഹം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ രണ്ടുപേരും ദിവസവും അതിനായി പരിശ്രമിക്കണമെന്നും ഓരോ ദിവസവും പരസ്പരം തിരഞ്ഞെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സ്‌നേഹം മാത്രം പോരാ; പരസ്പരം മനസ്സിലാക്കാനും ബന്ധം നിലനിർത്താനും നിരന്തരമായ ശ്രമം ആവശ്യമാണെന്നാണ് അവന്തിക പറയുന്നത്.

ഞങ്ങൾ പരസ്പരം നീതിപൂർവം പെരുമാറിയില്ല

ഇരുവരും ഒരുമിച്ചുണ്ടായിരുന്ന 18 വർഷത്തിനിടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. ഇരുപതുകളിലും മുപ്പതുകളിലും ഉണ്ടായ മാറ്റങ്ങളും അനുഭവങ്ങളും ബന്ധത്തെയും സ്വാധീനിച്ചു. ചെറിയ കാര്യങ്ങൾ പോലും കാലക്രമേണ വലിയ പ്രശ്‌നങ്ങളായി മാറിയെന്നും പരസ്പരം അർഹിച്ച പരിഗണന നൽകാൻ പലപ്പോഴും കഴിഞ്ഞില്ലെന്നും അവന്തിക തുറന്നുപറഞ്ഞു. ബന്ധം അവസാനിപ്പിക്കണോ എന്ന ചോദ്യമുയർന്ന നിരവധി സന്ദർഭങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും പലതവണ അതിനെ രക്ഷിക്കാൻ ശ്രമിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് പരമാവധി ശ്രമിച്ചെന്നും ബന്ധത്തിന് പലവട്ടം അവസാനം കുറിക്കേണ്ടിവരുമെന്ന് തോന്നിയപ്പോഴും അതിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു.എന്നാൽ എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ വേർപിരിയുന്നതാണ് ശരിയെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി.ഞങ്ങൾ പരസ്പരം 18 വർഷം നൽകി. പരസ്പരം വിട്ടുപോരാൻ തീരുമാനിക്കുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ കരുതുന്നത്'-അവന്തിക പറഞ്ഞു.

'അത് ഒരു മരണം പോലെയായിരുന്നു'

വേർപിരിയലിനുശേഷമുള്ള മാനസികാവസ്ഥ വിവരിക്കുമ്പോൾ അവന്തിക ഉപയോഗിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അത് ഒരു മരണം പോലെയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.'നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്നാണ് സങ്കൽപ്പിച്ചിരുന്നത്, ഭാവി എങ്ങനെയായിരിക്കുമെന്നാണ് കരുതിയിരുന്നത്, അതിന്റെയെല്ലാം അവസാനമാണത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുത്ത ബന്ധങ്ങളിലൊന്നിന്റെ അവസാനവും കൂടിയാണത്' എന്നായിരുന്നു അവന്തിക വ്യക്തമാക്കിയത്. 18 വർഷമായി അറിയുന്ന, എട്ടുവർഷം വിവാഹജീവിതം പങ്കിട്ട വ്യക്തിയിൽനിന്ന് വേർപിരിയുന്നത് വൈകാരികമായി വലിയ ആഘാതമായിരുന്നു. ഒരുമിച്ച് കെട്ടിപ്പടുത്ത ജീവിതവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും മാറിമറിയുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ സമയം വേണ്ടിവരും. വേർപിരിയൽ പരസ്പര സമ്മതത്തോടെയുള്ള തീരുമാനമായിരുന്നെങ്കിലും അതുകൊണ്ടുമാത്രം മാനസികമായ വേദന ഇല്ലാതാകില്ലെന്നുമാണ് അവന്തികയുടെ അനുഭവം വ്യക്തമാക്കുന്നത്.

ബന്ധം അവസാനിച്ചതിൽ നിരാശയുണ്ട്

വേർപിരിയലിന്റെ രീതിയെക്കുറിച്ച് നിരാശയുണ്ടെന്ന് അവന്തിക സമ്മതിച്ചു. ബന്ധം അവസാനിച്ച രീതി വ്യത്യസ്തമായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് തോന്നുന്നുണ്ടെന്നും അവർ പറഞ്ഞു.എന്നാൽ ഇമ്രാനൊപ്പം ചെലവഴിച്ച 18 വർഷത്തെ ജീവിതത്തെ പരാജയമായി കാണുന്നില്ല അവന്തിക. പ്രശസ്തിയും പരാജയങ്ങളും വിജയങ്ങളും ജീവിതത്തിലെ പല അനുഭവങ്ങളും ഒരുമിച്ച് നേരിട്ടതിൽ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി. ഞാൻ ഞങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. 18 വർഷം ഞങ്ങൾ പരമാവധി ശ്രമിച്ചു, ഒരു കുടുംബം കെട്ടിപ്പടുത്തു. ഇന്ന് ആ കുടുംബം ഏത് രൂപത്തിലാണോ നിലനിൽക്കുന്നത്, അതും ഒരു വിജയമാണ്', എന്നായിരുന്നു അവന്തികയുടെ വാക്കുകൾ.വിവാഹം അവസാനിച്ചതുകൊണ്ട് അതിന് മുമ്പുള്ള വർഷങ്ങളെല്ലാം അർഥശൂന്യമായിരുന്നുവെന്ന് പറയാനാകില്ല. ഒരുമിച്ച് ജീവിച്ച കാലവും അതിലൂടെ നേടിയ അനുഭവങ്ങളും കുടുംബവും ജീവിതത്തിന്റെ ഭാഗമാണെന്നാണ് അവരുടെ കാഴ്ചപ്പാട്.

മകളാണ് പ്രധാന പരിഗണന

ഇമ്രാനുമായുള്ള ബന്ധത്തിൽ ജനിച്ച മകൾ ഇമാരയുടെ കാര്യത്തിലും ഇപ്പോൾ കൂടുതൽ ശ്രദ്ധാലുവാണെന്ന് അവന്തിക പറഞ്ഞു. താൻ പറയുന്ന കാര്യങ്ങളും പെരുമാറുന്ന രീതിയും മകളെ സ്വാധീനിക്കുമെന്ന് അവർ തിരിച്ചറിയുന്നു.സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും വിവരങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുന്ന കാലത്ത് സ്വന്തം സ്വകാര്യതയും മകളുടെ മാനസികമായ സുരക്ഷയും സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ കാര്യങ്ങളെ മാന്യതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അവന്തിക വ്യക്തമാക്കി.

പൂർണ പരാജയമാണെന്ന് തോന്നി

വേർപിരിയലിന്റെ ആദ്യഘട്ടത്തിൽ താൻ തകർന്നുപോയെന്നും ഒന്നിനും കഴിയാത്ത പൂർണ പരാജയമാണെന്ന് തോന്നിയിരുന്നെന്നും അവന്തിക വെളിപ്പെടുത്തി. ജീവിതത്തെക്കുറിച്ച് കരുതിയിരുന്ന സങ്കൽപ്പങ്ങൾ തകരുമ്പോൾ സ്വയം വിലയിരുത്തുന്ന രീതിയും മാറാം. ആ അവസ്ഥയിൽനിന്ന് പുറത്തുകടന്ന് ജീവിതത്തിൽ വീണ്ടും സന്തോഷം കണ്ടെത്താൻ സമയമെടുത്തുവെന്നും അവർ പറഞ്ഞു. ബന്ധം അവസാനിക്കുന്നത് ഒരാളുടെ ജീവിതം അവസാനിക്കുന്നതല്ലെന്ന തിരിച്ചറിവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. എന്നാൽ പഴയ ജീവിതത്തെ അംഗീകരിക്കുകയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ മെച്ചപ്പെട്ടുവെന്നാണ് അവന്തിക പറയുന്നത്.