പ്രായം കൂടുമ്പോൾ വ്യായാമത്തിന്റെ പ്രാധാന്യം കുറയുകയല്ല, മറിച്ച് കൂടുകയാണ് വേണ്ടത്. 68-ാം വയസ്സിലും ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്തുന്നതിന്റെ രഹസ്യം പങ്കുവച്ച് ബോളിവുഡ് താരം നീതു കപൂർ. തന്റെ ഫിറ്റ്നസ് ദിനചര്യയുടെ പ്രധാന ഭാഗങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ശരീരത്തിന് കരുത്തുണ്ടാകണമെന്നും നീതു ഓർമിപ്പിക്കുന്നു.
50 വയസ്സിന് ശേഷം
കാമിയ ജെയിനുമായി കർലി ടെയിൽസിന് നൽകിയ അഭിമുഖത്തിലാണ് നീതു കപൂർ തന്റെ ഫിറ്റ്നസ് ശീലങ്ങളെക്കുറിച്ച് സംസാരിച്ചത്. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ കരുത്ത് നിലനിർത്തേണ്ടത് വളരെ പ്രധാനമാണെന്നാണ് താരത്തിന്റെ അഭിപ്രായം.'ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ഏകദേശം 50 വയസ്സിന് ശേഷം സ്‌ട്രെങ്ത് ട്രെയിനിങ്ങിന് കൂടുതൽ പ്രാധാന്യം നൽകണം. ശരീരത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നീതു പറഞ്ഞു.ഇക്കാലത്ത് വെയ്റ്റ് ട്രെയിനിങ്ങിനോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും താരം വെളിപ്പെടുത്തി. മകൻ രൺബീർ കപൂർ വസതിയിൽ ഒരുക്കിയ മനോഹരമായ ജിമ്മിലാണ് ഇപ്പോൾ വ്യായാമം ചെയ്യുന്നത്.പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും നിരന്തരം അസുഖബാധിതയായി കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും നീതു പറഞ്ഞു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുന്ന രീതിയിൽ ശരീരത്തെ ശക്തിപ്പെടുത്തുകയാണ് വ്യായാമത്തിലൂടെ ലക്ഷ്യമിടുന്നത്.
വീട്ടിലെ വ്യായാമത്തിൽ തുടങ്ങി, ഇന്ന് വെയ്റ്റ് ട്രെയിനിങ്ങിലേക്ക്
ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും സാധാരണമാകുന്നതിന് മുമ്പുതന്നെ നീതു വ്യായാമം ശീലമാക്കിയിരുന്നു. വീട്ടിലിരുന്ന് വ്യായാമ വീഡിയോകൾ കണ്ടായിരുന്നു തുടക്കം. പിന്നീട് സ്റ്റെപ്പർ വാങ്ങി വീട്ടിൽ തന്നെ സ്റ്റെപ്പ് വർക്കൗട്ടുകൾ ചെയ്യാൻ തുടങ്ങി. സുഹൃത്തുക്കളെയും വീട്ടിലേക്ക് ക്ഷണിച്ച് ഒരുമിച്ച് വ്യായാമം ചെയ്യാറുണ്ടായിരുന്നുവെന്നും താരം ഓർത്തെടുത്തു.കാലത്തിനനുസരിച്ച് വ്യായാമരീതികളിൽ മാറ്റം വന്നെങ്കിലും സജീവമായി തുടരണമെന്ന ശീലം ഇന്നും തുടരുന്നുവെന്നും അവർ പറഞ്ഞു.
ആഴ്ചയിൽ മൂന്ന് മുതൽ നാല് ദിവസം വരെ വ്യായാമം
നീതുവിന്റെ വ്യായാമശീലത്തെക്കുറിച്ച് മകൾ റിദ്ധിമ കപൂർ സാഹ്നിയും അഭിമുഖത്തിൽ സംസാരിച്ചു. ആഴ്ചയിൽ മൂന്ന് മുതൽ നാല് ദിവസം വരെ അമ്മ വ്യായാമം ചെയ്യാറുണ്ടെന്നും യോഗയും ദിനചര്യയുടെ ഭാഗമാണെന്നും റിദ്ധിമ വ്യക്തമാക്കി.പ്രായം കൂടുമ്പോൾ പേശികളുടെ കരുത്തും ശാരീരിക സ്വാതന്ത്ര്യവും നിലനിർത്തുന്നതിൽ സ്‌ട്രെങ്ത് ട്രെയിനിങ്ങിന് പ്രധാന പങ്കുണ്ടെന്ന സന്ദേശവും നീതുവിന്റെ വാക്കുകളിലുണ്ട്.
രുചിയുള്ള ഭക്ഷണവും വേണം; ഡയറ്റിന്റെ പേരിൽ രുചി കളയാറില്ല
വ്യായാമം മാത്രമല്ല, ഭക്ഷണശീലങ്ങളും അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തിൽ ഇടംപിടിച്ചു. കുടുംബത്തിൽ എല്ലാവർക്കും ഭക്ഷണത്തോട് വലിയ താൽപര്യമാണെന്ന് ഇരുവരും പറഞ്ഞു.രുചിയില്ലാത്ത ഭക്ഷണം റിദ്ധിമയ്ക്ക് കഴിക്കാൻ കഴിയില്ലെന്നാണ് നീതുവിന്റെ തമാശ കലർന്ന വെളിപ്പെടുത്തൽ. സാധാരണ പരിപ്പ് കറിയാണെങ്കിൽ പോലും അതിൽ നല്ല താളിപ്പ് വേണമെന്നാണ് മകളുടെ നിർബന്ധം. വ്യായാമം, യോഗ, സ്‌ട്രെങ്ത് ട്രെയിനിങ്, ഇഷ്ടമുള്ള ഭക്ഷണം എന്നിവയെല്ലാം ചേർന്നതാണ് നീതുവിന്റെ ജീവിതശൈലി. പ്രായം കൂടിയാലും ആരോഗ്യത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധ പുലർത്താമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് താരത്തിന്റെ ഫിറ്റ്നസ് ദിനചര്യ.
Content Highlights: Neetu Kapoor maintains high physical fitness at 68 through consistent exercise., Emphasizes strength and weight training after the age of 50 to stay independent., Combines weight training, yoga, and a balanced diet that does not compromise on taste., Works out 3 to 4 times a week in a home gym set up by her son Ranbir Kapoor.
Published: 13 Nov 2026, 08:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented