പ്രണയബന്ധത്തിൽ എല്ലായ്പ്പോഴും വ്യക്തത വേണം. ഇടയ്ക്കുള്ള അനിശ്ചിതത്വം അംഗീകരിക്കാനാവില്ല. സിദ്ധാർഥ് മൽഹോത്രയുമായുള്ള പ്രണയത്തിന്റെ ആദ്യനാളുകളിൽ താൻ നേരിട്ട ആശയക്കുഴപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം കിയാര അദ്വാനി. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'ഷേർഷാ'യുടെ ചിത്രീകരണത്തിനിടെ താൽക്കാലികമായി വേർപിരിഞ്ഞിരുന്നുവെന്നും പിന്നീട് വീണ്ടും ഒന്നിച്ചുവെന്നും കിയാര വെളിപ്പെടുത്തി. കരൺ ജോഹറിന്റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ'ന്റെ അവസാന സീസണിലെ പുതിയ എപ്പിസോഡിലാണ് താരദമ്പതികളുടെ തുറന്നുപറച്ചിൽ.

To advertise here,

'നിനക്ക് എന്നോട് അടുപ്പമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കണം'

'ലസ്റ്റ് സ്റ്റോറീസ്' ചിത്രീകരണം പൂർത്തിയാക്കിയശേഷം ഒരു പാർട്ടിയിലാണ് കിയാരയും സിദ്ധാർഥും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് 2019-ൽ കാർഗിൽ യുദ്ധവീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയ 'ഷേർഷാ'യിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് സൗഹൃദം പ്രണയത്തിലേക്ക് വളർന്നത്.എന്നാൽ സിദ്ധാർഥ് ചിത്രത്തിന്റെ കാർഗിൽ ഷെഡ്യൂളിനായി പോകുന്നതിന് തൊട്ടുമുൻപ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചുവെന്നാണ് കിയാര വെളിപ്പെടുത്തിയത്. സിദ്ധാർഥിന്റെ പെരുമാറ്റം ചിലപ്പോൾ വളരെ അടുപ്പമുള്ളതും മറ്റു ചിലപ്പോൾ അകന്നുനിൽക്കുന്നതുമായിരുന്നു. ഈ അനിശ്ചിതത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് കിയാര അദ്ദേഹത്തോട് തുറന്നുപറഞ്ഞു.'നിനക്ക് എന്നോട് വളരെ അടുപ്പമുണ്ട്, പിന്നെ പെട്ടെന്ന് അകന്നുപോകുന്നു. എന്നോട് താൽപര്യമുണ്ടെങ്കിൽ അത് വ്യക്തമായി പറയണം. ഇല്ലെങ്കിൽ അതും പറയണം. ഈ ഇടയ്ക്കുള്ള അവസ്ഥ എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെ മുന്നോട്ടുപോകാൻ എനിക്ക് കഴിയില്ല,' എന്നായിരുന്നു കിയാരയുടെ വാക്കുകൾ.തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് സിദ്ധാർഥും അന്ന് കരുതിയിരുന്നു. കിയാരയുമായി ഗൗരവമായൊരു ബന്ധത്തിലേക്ക് കടന്നാൽ അത് ഉറച്ചതായിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അന്ന് മറ്റൊന്നിനും ജോലിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ അനുവദിക്കാനാവില്ലെന്നുമാണ് സിദ്ധാർഥ് പറഞ്ഞത്. അങ്ങനെ ഇരുവരും താൽക്കാലികമായി വേർപിരിഞ്ഞ് ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കാൻ തീരുമാനിച്ചു.

കാർഗിലിലെ 30 ദിവസങ്ങൾ

സിദ്ധാർഥ് കാർഗിലിലെ ചിത്രീകരണത്തിനായി പോയതോടെയാണ് ഇരുവരുടെയും ബന്ധത്തിൽ വീണ്ടും മാറ്റമുണ്ടായത്. ഒരു മാസത്തോളം നാഗരിക സൗകര്യങ്ങളിൽനിന്ന് അകന്ന്, കഠിനമായ സാഹചര്യങ്ങളിലായിരുന്നു ചിത്രീകരണം. അവിടെ മൊബൈൽ നെറ്റ്വർക്ക് പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു.എന്നിട്ടും ഓരോ ദിവസവും ചിത്രീകരണം പൂർത്തിയാക്കിയശേഷം സിദ്ധാർഥ് കിയാരയെ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. തുടർച്ചയായി 30 ദിവസത്തോളം ഇരുവരും സംസാരിച്ചുവെന്ന് കിയാര ഓർത്തെടുത്തു.'കാർഗിലിൽ നെറ്റ്വർക്ക് പോലുമില്ലാത്ത സാഹചര്യമായിരുന്നു. ഒരുപാട് കാര്യങ്ങൾക്കിടയിലും ഓരോ ദിവസവും ഷൂട്ടിങ് കഴിഞ്ഞാൽ അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. അങ്ങനെ 30 ദിവസം തുടർച്ചയായി ഞങ്ങൾ സംസാരിച്ചു. സിദ്ധാർഥ് കാർഗിലിൽ ആയിരുന്നപ്പോഴാണ് ഞങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരംഭിച്ചത്,' കിയാര പറഞ്ഞു.

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ്

പ്രണയം തുടങ്ങിയതിനു പിന്നാലെ ബന്ധം ഏറെക്കാലം സ്വകാര്യമായി സൂക്ഷിക്കാനാണ് ഇരുവരും തീരുമാനിച്ചത്. 2023-ൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. 2025 ജൂലൈയിൽ മകൾ സാരായയ്ക്ക് ജന്മം നൽകി.2026 ഒക്ടോബറിൽ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന സന്തോഷവാർത്തയും താരദമ്പതികൾ പങ്കുവെച്ചിരുന്നു. ഒരിക്കൽ വേർപിരിയലിന്റെ വക്കിലെത്തിയ പ്രണയം പിന്നീട് വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും വളർന്ന കഥയാണ് ഇപ്പോൾ 'കോഫി വിത്ത് കരൺ' വേദിയിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത്.