എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും ചൈനീസ് ചാരവൃത്തി ആരോപണം നേരിടുന്ന ചൈനീസ് വ്യവസായിയായ ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. ഇരുവരെയും പരിചയപ്പെടുത്തിയത് ആലീസ് ഹുവാങ്ങിന്റെ ഭർത്താവും ചൈനീസ് വ്യവസായിയുമായ കാങ് വെയ് ആണെന്നാണ് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ജെൻസൻ ഹുവാങ്ങിനെ ഒരു പതിറ്റാണ്ടിലേറെയായി പരിചയമുണ്ടായിരുന്ന കാങ് തന്നെയാണ് ഭാര്യയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ എൻവിഡിയയുടെ തലപ്പത്തുള്ള ജെൻസൻ ഹുവാങ്ങിന്റെ സ്ഥാനത്തെപ്പോലും ബാധിച്ചേക്കാമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന കൃത്യമായ സമയത്തെക്കുറിച്ച് വ്യക്തതയില്ല.

To advertise here,

2010-ൽ തുടങ്ങിയ പരിചയം

ദി ഇൻഫർമേഷൻ നടത്തിയ അന്വേഷണപ്രകാരം 2010-കളിലാണ് കാങ് വെയ് ജെൻസൻ ഹുവാങ്ങിനെ പരിചയപ്പെടുന്നത്. അക്കാലത്ത് എൻവിഡിയ പ്രധാനമായും കമ്പ്യൂട്ടർ ഗെയിമുകൾക്കുള്ള ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകൾ നിർമിക്കുന്ന കമ്പനിയായിരുന്നു. വീഡിയോ ഗെയിം കമ്പനികളിൽ നിക്ഷേപം നടത്തിയിരുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപകനായിരുന്നു കാങ്. അതേസമയം ആലീസ് ഹുവാങ് മാധ്യമപ്രവർത്തനരംഗത്ത് കരിയർ കെട്ടിപ്പടുക്കുകയായിരുന്നു.കാങ് വെയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ, ജെൻസൻ ഹുവാങ്ങുമായുള്ള ഭാര്യയുടെ പ്രണയബന്ധത്തെക്കുറിച്ച് കാങിന് അറിയാമായിരുന്നുവെന്നും ഏകദേശം രണ്ടുവർഷത്തോളം അദ്ദേഹം അതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കാങ് പരസ്യമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.ചില സന്ദർഭങ്ങളിൽ ആലീസിനെ ജെൻസൻ ഹുവാങ്ങിന്റെ പേഴ്‌സണൽ സെക്രട്ടറിയെന്ന് തമാശരൂപേണ കാങ് പരിചയപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.

ആരാണ് കാങ് വെയും ആലീസ് ഹുവാങ്ങും?

കാങ് വെയ് ഒരുകാലത്ത് ചൈനയിലെ പ്രമുഖ ഫണ്ട് മാനേജർമാരിലൊരാളായിരുന്നു. 2010-ൽ അദ്ദേഹം സ്വന്തം കമ്പനിയായ ഷാങ്ഹായ് ഹെക്‌സി സ്ഥാപിച്ചു. ആലീസ് ഹുവാങ് 2000-കളുടെ അവസാനത്തിൽ ഹോങ്കോങ് ബാപ്റ്റിസ്റ്റ് സർവകലാശാലയിൽ നിന്ന് മീഡിയ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയതായാണ് റിപ്പോർട്ട്. ചൈനയിൽ ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ തുടങ്ങിയ മേഖലകളിലേക്ക് അവർ കടന്നു.ഇരുവരും എപ്പോഴാണ് പരിചയപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ അവരുടെ ബിസിനസ് ബന്ധത്തിൽ ഷാങ്ഹായ് ഹെക്‌സിക്ക് നിർണായക സ്ഥാനമുണ്ടായിരുന്നു. 2016 മുതൽ ഇരുവരും ചേർന്നാണ് കമ്പനി നടത്തിവന്നതെന്നാണ് കോർപ്പറേറ്റ് രജിസ്ട്രി രേഖകൾ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

ആലീസ് ഹുവാങ്ങിനൊപ്പം ചില അമേരിക്കൻ രേഖകളിലും കാങിന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018-ൽ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചൈനീസ് സെക്യൂരിറ്റീസ് റെഗുലേറ്റർ കാങിന് നാല് ലക്ഷം യുവാൻ (ഏകദേശം 60,000 ഡോളർ) പിഴ ചുമത്തിയിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയായ ഷാങ്ഹായ് ഹെക്‌സിക്ക് 1.77 കോടി യുവാൻ (ഏകദേശം 27 ലക്ഷം ഡോളർ) പിഴയും ലഭിച്ചു. 

 ബന്ധങ്ങൾ ഉപയോഗിച്ച് ബിസിനസ് സാമ്രാജ്യം വളർത്തിയോ?

ചൈന, സിംഗപ്പൂർ, തായ്വാൻ തുടങ്ങിയ വിവിധ മേഖലകളിൽ ബിസിനസ് അവസരങ്ങൾ കണ്ടെത്താൻ കാങും ആലീസ് ഹുവാങ്ങും വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ ഗെയിം കമ്പനികൾ, ഫാർമസ്യൂട്ടിക്കൽ ഏറ്റെടുക്കലുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ ഇരുവരും തുടർച്ചയായി നിക്ഷേപ അവസരങ്ങൾ തേടിയിരുന്നുവെന്നാണ് ദമ്പതികളുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അറിയാവുന്നവരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി പരസ്പരം ബന്ധമുള്ള നിരവധി കമ്പനികൾ രൂപീകരിക്കുകയും ഓഹരികൾ കൈമാറുകയും ലഭ്യമായ ബിസിനസ് ബന്ധങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി അതിവേഗം വളരുന്ന ബിസിനസ് മേഖലകളിൽ അവസരങ്ങൾ കണ്ടെത്തിയിരുന്ന ഇവരുടെ ഏറ്റവും പുതിയ താൽപര്യം എൻവിഡിയയുടെ എഐ ചിപ്പുകളിലേക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് ചില ഘട്ടങ്ങളിൽ നിയന്ത്രണ ഏജൻസികളുടെ നടപടികളും ഇരുവർക്കും നേരിടേണ്ടിവന്നിട്ടുണ്ട്.ആലീസ് ഹുവാങ്ങിനെതിരായ ചാരവൃത്തി ആരോപണങ്ങളും ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഉയർത്തുന്ന വിവാദങ്ങൾക്കിടെ, ഈ ബിസിനസ് ബന്ധങ്ങളുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.