ഒരു വീടെന്നത് വെറുമൊരു താമസസ്ഥലമല്ല, ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാനും മനസ്സിന് ആശ്വാസം കണ്ടെത്താനുമുള്ള ഇടം കൂടിയാണ്. ബോളിവുഡിന്റെ കിങ് ഖാൻ ഷാറൂഖ് ഖാനും വീടിനെക്കുറിച്ച് പറയാനുള്ളത് അത്തരമൊരു കാഴ്ചപ്പാടാണ്. തന്റെ സ്വപ്നഭവനമായ മന്നത്ത് സ്വന്തമാക്കിയതിനു പിന്നിലെ അനുഭവങ്ങളും ആഗ്രഹങ്ങളുടെ ശക്തിയെക്കുറിച്ചുള്ള വിശ്വാസവും പങ്കുവെച്ചിരിക്കുകയാണ് താരം. ദുബായിൽ ഡാന്യൂബ് ഗ്രൂപ്പ് ഒരുക്കുന്ന 'ഷാറൂഖ്‌സ് റെസിഡൻസസ്' എന്ന പുതിയ വാട്ടർഫ്രണ്ട് ടവറിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാറൂഖ്.
ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. സന്തോഷവും സങ്കടവും നിരാശയുമെല്ലാം മാറിമാറി വരും. എന്നാൽ അത്തരം ദിവസങ്ങൾക്കുശേഷം തിരിച്ചെത്താൻ സ്വന്തമായി ഒരു വീടുണ്ടാകേണ്ടത് പ്രധാനമാണെന്ന് ഷാറൂഖ് പറഞ്ഞു. പുറത്തുള്ള ലോകത്തെ നേരിടാനുള്ള കരുത്ത് വീണ്ടെടുക്കാൻ കഴിയുന്ന ഇടമാണ് വീടെന്നും അവിടെ എത്തുമ്പോൾ മനസ്സിനെ ശാന്തമാക്കാനും കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാനും സാധിക്കുമെന്നും താരം പറഞ്ഞു.'ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. സങ്കടവും സന്തോഷവും നിരാശയുമൊക്കെ ഉണ്ടാകും. എന്നാൽ ഒടുവിൽ നിങ്ങൾക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയണം. അവിടെയാണ് നിങ്ങൾക്ക് വീണ്ടും ഊർജം വീണ്ടെടുക്കാനും കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പുതിയ കരുത്തോടെ പുറംലോകത്തെ നേരിടാനും കഴിയുന്നത്. അതുകൊണ്ടുതന്നെ വീടെന്ന സങ്കൽപ്പത്തിൽ ഞാൻ ഏറെ വിശ്വസിക്കുന്നു' എന്നായിരുന്നു ഷാറൂഖിന്റെ വാക്കുകൾ.
'മന്നത്ത് ഞങ്ങളുടെ സാമ്പത്തികശേഷിക്കപ്പുറമായിരുന്നു'
സ്വന്തം വീടിനെക്കുറിച്ച് സംസാരിക്കവെയാണ് മന്നത്ത് സ്വന്തമാക്കിയതിനു പിന്നിലെ അനുഭവം താരം പങ്കുവെച്ചത്. താനും ഭാര്യ ഗൗരി ഖാനും ആദ്യം വാങ്ങിയ വീടും പിന്നീട് സ്വന്തമാക്കിയ മന്നത്തും തങ്ങളുടെ അന്നത്തെ സാമ്പത്തികശേഷിക്കപ്പുറമായിരുന്നുവെന്ന് ഷാറൂഖ് വെളിപ്പെടുത്തി. എന്നാൽ സ്വപ്നവീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ അതിൽനിന്ന് പിന്നോട്ടുപോകരുതെന്നും മനസ്സുകൊണ്ട് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്താൽ ദൈവം സഹായിക്കുമെന്നുമാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞു.'ഞാനും ഗൗരിയും ആദ്യം വാങ്ങിയ വീട് ഞങ്ങളുടെ സാമ്പത്തികശേഷിക്കപ്പുറമായിരുന്നു. പിന്നീട് വാങ്ങിയ മന്നത്തും അങ്ങനെതന്നെയായിരുന്നു. എന്നാൽ ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ അല്ലാഹു നിങ്ങളെ സഹായിക്കും. ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും' എന്നായിരുന്നു ഷാറൂഖിന്റെ വാക്കുകൾ. പ്രസംഗത്തിന്റെ അവസാനവും സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ സന്ദേശമാണ് താരം നൽകിയത്.'ഒരു വീടിനുവേണ്ടി നിങ്ങൾ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്താൽ ജീവിതത്തിൽ ഏറ്റവും മനോഹരമായ വീട് നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. നിങ്ങളുടെ സ്വപ്നങ്ങളിലെ വീട് ദൈവം നിങ്ങൾക്ക് നൽകുമെന്നാണ് എന്റെ വിശ്വാസം. അതിനാൽ വലിയ സ്വപ്നങ്ങൾ കാണുക, അവയിൽ വിശ്വസിക്കുക. നിങ്ങളിലും ദൈവത്തിലും വിശ്വാസമർപ്പിക്കുക' എന്നായിരുന്നു ഷാറൂഖിന്റെ വാക്കുകൾ.
ദുബായിലും ഷാറൂഖിന്റെ പേരിൽ ആഡംബര ടവർ
ഡാന്യൂബ് ഗ്രൂപ്പിന്റെ പുതിയ വാട്ടർഫ്രണ്ട് ടവറായ 'ഷാറൂഖ്‌സ് റെസിഡൻസസ്' താരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. പദ്ധതിയിലെ പെന്റ്ഹൗസുകളുടെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. അതേസമയം, ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ 'കിങ്' റിലീസിനൊരുങ്ങുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, ദീപിക പദുക്കോൺ, അനിൽ കപൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Shah Rukh Khan revealed that buying his iconic home Mannat was initially beyond his financial capacity., The actor emphasized the emotional importance of having a home to regain energy after difficult days., SRK inaugurated the 'Shahrukh's Residences' waterfront tower by Danube Group in Dubai., His upcoming film 'King' is scheduled to release on December 24.
Published: 12 Nov 2026, 08:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented