കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തിന്റെ മധുരമുള്ള ഓർമകൾ, ഇന്ത്യൻ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ആദ്യകാല അനുഭവങ്ങൾ, ജീവിതത്തിലുണ്ടായ വ്യക്തിപരമായ ദുരന്തങ്ങൾ, ഗാന്ധി കുടുംബത്തിനുള്ളിലെ വിശേഷങ്ങൾ, രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തുടങ്ങി പൊതുസമൂഹത്തിന് അത്രയൊന്നും അറിയാത്ത സ്വകാര്യ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ പുസ്തകം.

To advertise here,

പുസ്തകത്തിലെ ചരിത്രപരമായ പരാമർശങ്ങളും മറ്റും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ടെങ്കിലും, ഹൃദയം കവരുന്ന ഒരു കുടുംബ വിശേഷം കൂടി ആ പുസ്തകത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. സോണിയ ഗാന്ധിയുടെ പേരക്കുട്ടിയായ റെയ്ഹാൻ വദ്രയും പ്രതിശ്രുതവധു അവിവ ബെയ്ഗും ചേർന്നാണ് പുസ്തകത്തിന്റെ പിൻചട്ടയിലെ മനോഹരമായ ചിത്രം പകർത്തിയിരിക്കുന്നത്.

രണ്ട് ചിത്രങ്ങളുടെ കഥ; ആറ് പതിറ്റാണ്ടിന്റെ ഓർമകൾ

പുസ്തകത്തിന്റെ പിൻചട്ടയിൽ സാരിയുടുത്ത്,കണ്ണടയും വെച്ച്, കൺമഷിയെഴുതി, മുടി ഹെയർബാൻഡ് കൊണ്ട് ഒതുക്കിവെച്ച് ക്യാമറയിലേക്ക് പുഞ്ചിരിക്കുന്ന സോണിയ ഗാന്ധിയുടെ ചിത്രമാണുള്ളത്. ഒരു കൈത്തണ്ടയിൽ ചരടും മറുകൈയിൽ വാച്ചും അണിഞ്ഞ് വളരെ ശാന്തയും പ്രസന്നവദനയുമായാണ് കോൺഗ്രസ് നേതാവിനെ ഈ ചിത്രത്തിൽ കാണുന്നത്. പുസ്തകത്തിന്റെ മുൻചട്ടയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് (മോണോക്രോം) ചിത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പിൻചട്ടയിലെ ചിത്രം. രസകരമായ വസ്തുത എന്തെന്നാൽ, ഈ രണ്ട് ചിത്രങ്ങളും ഗാന്ധി കുടുംബത്തിലെ രണ്ട് തലമുറകളെ ഫോട്ടോഗ്രാഫി എന്ന കലയിലൂടെ ഒന്നിപ്പിക്കുന്നു എന്നതാണ്.

1966-ൽ ഇറ്റലിയിലെ ടൂറിനിൽ വെച്ച് രാജീവ് ഗാന്ധി പകർത്തിയ ചിത്രമാണ് പുസ്തകത്തിന്റെ മുൻചട്ടയിലുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബത്തിന്റെ ഭാഗമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ്, സോണിയയ്ക്ക് വെറും 20 വയസ്സുള്ളപ്പോൾ എടുത്ത ചിത്രമാണത്. ആറ് പതിറ്റാണ്ടുകൾക്കിപ്പുറം, ഡൽഹിയിൽ വെച്ച് സോണിയയുടെ കൊച്ചുമകൻ റെയ്ഹാനും പങ്കാളി അവിവ ബെയ്ഗും ചേർന്ന് പകർത്തിയ ചിത്രമാണ് പിൻചട്ടയിൽ ഇടംപിടിച്ചത്. ഇറ്റലിയിൽ വെച്ച് രാജീവ് ഗാന്ധിയുമായി പ്രണയത്തിലായ ഒരു പെൺകുട്ടിയിൽ നിന്ന് നെഹ്റു കുടുംബത്തിലേക്ക് മരുമകളായി വന്ന, സോണിയ ഗാന്ധിയുടെ അസാധാരണമായ ജീവിതയാത്രയെ ഈ രണ്ട് ചിത്രങ്ങളും മനോഹരമായി അടയാളപ്പെടുത്തുന്നു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകനാണ് റെയ്ഹാൻ വദ്ര. വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റെയ്ഹാന് കുട്ടിക്കാലം മുതലേ ഫോട്ടോഗ്രാഫിയോട് വലിയ താല്പര്യമുണ്ട്. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്സ്യൽ ഫോട്ടോഗ്രാഫി മേഖലകളിൽ അദ്ദേഹം സജീവമാണ്. നേരത്തെ ഹാർപേഴ്‌സ് ബസാർ ഇന്ത്യ മാഗസിന്റെ കവർ ഷൂട്ടിനായും സോണിയ ഗാന്ധിയുടെ ചിത്രങ്ങൾ റെയ്ഹാൻ പകർത്തിയിരുന്നു.

2026 ഒക്ടോബറിൽ ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ വെച്ച് നടന്ന റെയ്ഹാന്റെ നോ ഐഡിയ ഈസ് ഫൈനൽ എന്ന സോളോ ഫോട്ടോഗ്രാഫി പ്രദർശനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡൽഹിയിലെ വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങൾ ഉൾപ്പെടെ നൂറിലധികം ചിത്രങ്ങളായിരുന്നു പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് 70-ലധികം ചിത്രങ്ങൾ നീക്കം ചെയ്യാനോ മാറ്റാനോ അധികൃതർ ആവശ്യപ്പെട്ടു. മുൻകൂട്ടി അനുമതി വാങ്ങിയിരുന്നിട്ടും ചിത്രങ്ങളുടെ രാഷ്ട്രീയ സ്വഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിലക്കെന്ന് റെയ്ഹാൻ വ്യക്തമാക്കിയിരുന്നു. പ്രദർശന നയങ്ങൾക്ക് വിരുദ്ധമായ ചിത്രങ്ങളാണെന്നായിരുന്നു ബിക്കാനീർ ഹൗസിന്റെ വിശദീകരണം. സംഭവം വലിയ രാഷ്ട്രീയ-കലാ ചർച്ചകൾക്ക് വഴിവെച്ചപ്പോൾ മകന് പൂർണ പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറും ക്രിയേറ്റീവ് പ്രൊഫഷണലുമാണ് അവിവ ബെയ്ഗ്. വിവിധ ബ്രാൻഡുകൾക്കും ഏജൻസികൾക്കുമായി പ്രവർത്തിക്കുന്ന 'അറ്റലിയർ 11' എന്ന ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആൻഡ് പ്രൊഡക്ഷൻ കമ്പനിയുടെ സഹസ്ഥാപക കൂടിയാണ് അവർ. വർഷങ്ങളായി പ്രണയത്തിലായിരുന്ന റെയ്ഹാനും അവിവയും 2025 ഡിസംബറിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടത്തിയിരുന്നു.