മുടിയുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ പലതരം ഹെയർ കെയർ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നവരാണ് ഇന്ന് പലരും. എന്നാൽ ബോളിവുഡ് താരങ്ങളായ മലൈക അറോറയും സഹോദരി അമൃത അറോറയും വർഷങ്ങളായി ഉപയോഗിക്കുന്നത് അമ്മ വീട്ടിൽ തയ്യാറാക്കുന്ന ഒരു പ്രത്യേക എണ്ണയാണ്. തലമുറകളായി കുടുംബത്തിൽ പിന്തുടരുന്ന ഈ ഹെയർ കെയർ രീതിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിവളർച്ചയ്ക്കും അകാലനര വരുന്നത്  വൈകിപ്പിക്കാനും ഈ എണ്ണ സഹായിക്കുമെന്നാണ് അമൃതയുടെ അനുഭവം. കുട്ടിക്കാലം മുതൽ താനും മലൈകയും ഉപയോഗിക്കുന്ന എണ്ണയുടെ ചേരുവകളും തയ്യാറാക്കുന്ന രീതിയും താരം പങ്കുവച്ചു.

To advertise here,

അമ്മ പഠിച്ചത് മുത്തശ്ശിയിൽനിന്ന്

പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തിലെ പരമ്പരാഗത മുടിസംരക്ഷണ രീതിയെക്കുറിച്ച് അമൃത സംസാരിച്ചത്.'ഞങ്ങളുടെ കുടുംബത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഹെയർ കെയർ രീതിയുണ്ട്. അമ്മ സ്വന്തം അമ്മയിൽനിന്നാണ് ഈ എണ്ണ തയ്യാറാക്കാൻ പഠിച്ചത്. ഇപ്പോഴും അമ്മ ഞങ്ങൾക്കുവേണ്ടി അത് ഉണ്ടാക്കാറുണ്ട്. ഓരോ തവണയും പുതിയ എണ്ണ തയ്യാറാക്കുമ്പോൾ മലൈകയ്ക്കും എനിക്കും നൽകും. അല്ലെങ്കിൽ ഞങ്ങൾക്ക് അയച്ചുതരും', അമൃത പറഞ്ഞു.വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പതിവിന് മാറ്റമില്ലെന്നാണ് താരം പറയുന്നത്. മുത്തശ്ശിയിൽനിന്ന് അമ്മയിലേക്കും പിന്നീട് മക്കളിലേക്കും എത്തിയ ഒരു സൗന്ദര്യസംരക്ഷണ രീതിയാണിത്.

എണ്ണ തയ്യാറാക്കാൻ വേണ്ട ചേരുവകൾ

വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകളാണ് എണ്ണ തയ്യാറാക്കാൻ ഉപയോഗിക്കുന്നതെന്ന് അമൃത പറയുന്നു.വിർജിൻ കോക്കനട്ട് ഓയിൽ, ആവണക്കെണ്ണ, കരിഞ്ചീരക എണ്ണ, കരിഞ്ചീരകം, ഉലുവ, ഒരു മുഴുവൻ സവാള, ചെമ്പരത്തിപ്പൂക്കൾ എന്നിവയാണ് ചേരുവകൾ. വെളിച്ചെണ്ണ, ആവണക്കെണ്ണ, കരിഞ്ചീരക എണ്ണ എന്നിവ തുല്യ അളവിലാണ് ഉപയോഗിക്കേണ്ടതെന്ന് അമൃത വ്യക്തമാക്കി. മറ്റ് ചേരുവകളുടെ കൃത്യമായ അളവ് താരം പറഞ്ഞിട്ടില്ല.

എണ്ണ തയ്യാറാക്കുന്ന വിധം

ആദ്യം വെളിച്ചെണ്ണ, ആവണക്കെണ്ണ, കരിഞ്ചീരക എണ്ണ എന്നിവ തുല്യ അളവിൽ എടുക്കണം. ഇതിലേക്ക് കരിഞ്ചീരകം, ഉലുവ, ഒരു മുഴുവൻ സവാള, ചെമ്പരത്തിപ്പൂക്കൾ എന്നിവ ചേർക്കണം.എല്ലാ ചേരുവകളും ഒരുമിച്ച് ചൂടാക്കി തയ്യാറാക്കുകയാണ് ചെയ്യുന്നതെന്ന് അമൃത പറയുന്നു. തുടർന്ന് എണ്ണ അരിച്ചെടുത്ത് പൂർണമായും തണുക്കാൻ അനുവദിക്കണം. തണുത്തശേഷം കുപ്പികളിലേക്ക് മാറ്റി സൂക്ഷിക്കാം. എണ്ണ എത്രനേരം ചൂടാക്കണം, ഓരോ ചേരുവയും എത്ര അളവിൽ ചേർക്കണം, എത്ര ദിവസം സൂക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അമൃത അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടില്ല.

കുട്ടിക്കാലം മുതൽ ഉപയോഗിക്കുന്നു

 

മലൈകയും താനും ചെറുപ്പം മുതൽ ഈ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് അമൃത പറയുന്നു. മുടിയുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. 'മുടി നരയ്ക്കുന്നത് വൈകിപ്പിക്കാനും മുടിവളർച്ചയ്ക്കും മുടികൊഴിച്ചിൽ നിയന്ത്രിക്കാനും ഈ എണ്ണ വളരെ നല്ലതാണ്. കുട്ടിക്കാലം മുതൽ ഇപ്പോഴും മലൈകയും ഞാനും ഇത് ഉപയോഗിക്കുന്നു. ഭാഗ്യത്തിന് ഞങ്ങൾക്ക് മുടിയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല', അമൃത പറഞ്ഞു.ചില കാലങ്ങളിൽ സ്വാഭാവികമായി മുടികൊഴിച്ചിൽ കൂടുതലാകാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ ഈ എണ്ണ സഹായകരമാണെന്നാണ് തന്റെ അനുഭവമെന്നും താരം വ്യക്തമാക്കി.ഈ എണ്ണ പരീക്ഷിച്ചുനോക്കണമെന്നും അമൃത ആരാധകരോട് നിർദേശിച്ചു.

മോഡലിങ്ങിൽനിന്ന് ബോളിവുഡിലേക്ക്

മോഡലായും വീഡിയോ ജോക്കിയായുമാണ് അമൃത അറോറ കരിയർ ആരംഭിച്ചത്. എംടിവി ഇന്ത്യയിലെ എംടിവി ഹൗസ് ഫുൾ, എംടിവി ചില്ലൗട്ട് തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധ നേടി.2002-ൽ ഫർദീൻ ഖാനൊപ്പം അഭിനയിച്ച കിത്‌നേ ദൂർ കിത്‌നേ പാസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ആവാര പാഗൽ ദീവാന, മുഝ്‌സേ ശാദി കരോഗി, ഗോൽമാൽ റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2009-ൽ പുറത്തിറങ്ങിയ കംബക്ത് ഇഷ്‌ക് എന്ന ചിത്രത്തിലാണ് അമൃത ഒടുവിൽ അഭിനയിച്ചത്. അക്ഷയ് കുമാറും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്. സിനിമാരംഗത്ത് സജീവമല്ലെങ്കിലും മലൈകയ്‌ക്കൊപ്പം പൊതുപരിപാടികളിലും കുടുംബാഘോഷങ്ങളിലും അമൃത പ്രത്യക്ഷപ്പെടാറുണ്ട്.

ഈ എണ്ണ ശരിക്കും മുടികൊഴിച്ചിൽ തടയുമോ?

വെളിച്ചെണ്ണ, ആവണക്കെണ്ണ, കരിഞ്ചീരക എണ്ണ, ഉലുവ, ചെമ്പരത്തി തുടങ്ങിയ ചേരുവകൾ പരമ്പരാഗത മുടിസംരക്ഷണ രീതികളിൽ ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ മുടിയിഴകളിലെ പ്രോട്ടീൻ നഷ്ടം കുറയ്ക്കാൻ സഹായിക്കുമെന്നതിന് ചില ഗവേഷണ തെളിവുകളുണ്ട്. എന്നാൽ ആവണക്കെണ്ണയോ കരിഞ്ചീരക എണ്ണയോ ചേർത്ത ഇത്തരം മിശ്രിതങ്ങൾ മുടിവളർച്ച ഉറപ്പാക്കുമെന്നോ അകാലനര തടയുമെന്നോ പറയാൻ മതിയായ ശാസ്ത്രീയ തെളിവുകളില്ല.അമൃത പങ്കുവച്ചത് കുടുംബത്തിന്റെ വ്യക്തിപരമായ അനുഭവമാണ്. എല്ലാവരുടെയും മുടിയിലും തലയോട്ടിയിലും ഇതേ ഫലം ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് സവാളയും മറ്റ് സസ്യചേരുവകളും ചിലരിൽ ചൊറിച്ചിലിനോ അലർജിക്കോ കാരണമാകാം. അതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് അലർജി ടെസ്റ്റ്് നല്ലതാണ്. എണ്ണ ചൂടാക്കുമ്പോൾ ചേരുവകളിലെ ഈർപ്പം പൂർണമായി നീങ്ങിയില്ലെങ്കിൽ സൂക്ഷിക്കുന്നതിനിടെ കേടാകാനും സാധ്യതയുണ്ട്. മുടികൊഴിച്ചിലിന് ഹോർമോൺ മാറ്റങ്ങൾ, പോഷകക്കുറവ്, തലയോട്ടിയിലെ രോഗങ്ങൾ, പാരമ്പര്യം തുടങ്ങി പല കാരണങ്ങളുണ്ടാകാം. തുടർച്ചയായ മുടികൊഴിച്ചിലുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം തേടുന്നതാണ് ഉചിതം.