സിനിമയിൽ അവസരങ്ങൾ ലഭിച്ചുതുടങ്ങുന്ന സമയത്ത് രണ്ടുവർഷത്തേക്ക് അഭിനയത്തിൽനിന്ന് മാറിനിൽക്കുക. അതും ഉപരിപഠനത്തിനായി മറ്റൊരു രാജ്യത്തേക്ക് പോകുക. കരിയറിനെ ബാധിക്കുമെന്ന് കരുതി പലരും മടിക്കുന്ന തീരുമാനമാണിത്. എന്നാൽ അത്തരമൊരു തീരുമാനമെടുത്തതിൽ തനിക്ക് ഇന്നും പശ്ചാത്താപമില്ലെന്ന് പറയുകയാണ് ബോളിവുഡ് നടി അമൃത പുരി. സോനം കപൂറിനൊപ്പം ഐഷ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അമൃത, പിന്നീട് കൈ പോ ചെ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധ നേടി. അഭിനയരംഗത്ത് സജീവമായിരിക്കെ ഉപരിപഠനത്തിനായി ഇടവേളയെടുത്തതിനെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ വരവിനെ മാതാപിതാക്കൾ എതിർത്തതിനെക്കുറിച്ചുമാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. ദ ഷൈലി ചോപ്ര ഷോയിൽ സംസാരിക്കുകയായിരുന്നു അമൃത.
'അഭിനയം നിർത്തിയെന്ന് പലരും കരുതി'
അഭിനയത്തിൽനിന്ന് രണ്ടുവർഷത്തെ ഇടവേളയെടുത്ത അമൃത, മാസ്റ്റേഴ്‌സ് ബിരുദം നേടുന്നതിനായി യുകെയിലെ എഡിൻബറ സർവകലാശാലയിലേക്കാണ് പോയത്. പഠനത്തിനായി മറ്റൊരു രാജ്യത്തേക്ക് മാറിയതോടെ സിനിമാരംഗത്തുനിന്ന് പൂർണമായും വിട്ടുനിൽക്കേണ്ടിവന്നുവെന്ന് താരം പറയുന്നു.'ഞാൻ അഭിനയത്തിൽനിന്ന് മാറിനിന്ന് മാസ്റ്റേഴ്‌സ് പഠിക്കാൻ പോയി. മറ്റൊരു രാജ്യത്തേക്ക് താമസം മാറി. രണ്ടുവർഷത്തോളം സിനിമാരംഗത്ത് ഉണ്ടായിരുന്നില്ല. അതോടെ ഞാൻ അഭിനയം നിർത്തിയെന്നും ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടോ എന്നുപോലും ആളുകൾ ചോദിക്കാൻ തുടങ്ങി', അമൃത പറഞ്ഞു. ജീവിതത്തിൽ എല്ലാം ഒരേസമയം സ്വന്തമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവോടെയായിരുന്നു ആ തീരുമാനമെന്നും താരം വ്യക്തമാക്കി.'ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരും. എല്ലാം ഒരുമിച്ച് നേടാൻ കഴിയില്ലെന്നത് സത്യമാണ്. നമ്മൾ എടുത്ത തീരുമാനം ഏറ്റവും മികച്ചതായിരുന്നോ, ശരിയായിരുന്നോ എന്നൊന്നും ഒരിക്കലും ഉറപ്പിച്ചുപറയാൻ കഴിയില്ല. ചിലപ്പോൾ മറ്റൊരു തീരുമാനമെടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിക്കും. അങ്ങനെ ചിന്തിക്കുന്ന കാര്യത്തിൽ ഞാൻ മുന്നിലാണ്', അമൃത പറഞ്ഞു.എന്നാൽ ഇത്തരം സംശയങ്ങൾക്കിടയിലും സ്വന്തം തീരുമാനങ്ങളിൽ വിശ്വാസമർപ്പിക്കണമെന്നാണ് നടിയുടെ അഭിപ്രായം.സ്വന്തം മനസ്സിനെ വിശ്വസിക്കണം. നമുക്കുള്ളത് നമ്മളെ തേടിയെത്തുമെന്ന് കരുതണം. ഉള്ളിൽനിന്ന് ശരിയെന്ന് തോന്നുന്ന വഴിയിലൂടെ മുന്നോട്ടുപോകണം', താരം കൂട്ടിച്ചേർത്തു.
'ഞാൻ നടിയാകുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ല'
അഭിനയരംഗത്തേക്ക് കടന്നുവരാനുള്ള തന്റെ തീരുമാനത്തോട് മാതാപിതാക്കൾക്ക് തുടക്കത്തിൽ യോജിപ്പുണ്ടായിരുന്നില്ലെന്നും അമൃത വെളിപ്പെടുത്തി. സിനിമ സ്ഥിരതയുള്ള തൊഴിലല്ലെന്നും വിജയിക്കുമെന്ന് ഉറപ്പില്ലെന്നും തനിക്ക് അറിയാമായിരുന്നു. എന്നിട്ടും അഭിനയിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചതെന്ന് താരം പറയുന്നു.'ഞാൻ അഭിനയം തുടങ്ങിയപ്പോൾ മാതാപിതാക്കൾക്ക് ഞാൻ നടിയാകുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. സിനിമ വിശ്വസനീയമായ ഒരു തൊഴിൽമേഖലയല്ലെന്നും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാൻ ആ വഴി തിരഞ്ഞെടുത്തു', അമൃത പറഞ്ഞു.പിന്നീട് പഠിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ അതിനും പ്രാധാന്യം നൽകിയെന്നും താരം വ്യക്തമാക്കി.'എനിക്ക് മാസ്റ്റേഴ്‌സ് പഠിക്കണമെങ്കിൽ ഞാൻ അതിന് പോകും. ക്ലാസിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർഥി ഞാനാണെങ്കിലും അതെന്നെ ബാധിക്കില്ല. സിനിമാരംഗത്തുള്ളവർ എന്നെ മറന്നുപോയാലും ഞാൻ തിരിച്ചുവന്ന് അവിടെനിന്ന് വീണ്ടും തുടങ്ങും', അമൃത പറഞ്ഞു.
'ഈ തീരുമാനങ്ങളാണ് എന്നെ ഞാനാക്കിയത്'
സിനിമയിൽനിന്ന് രണ്ടുവർഷം മാറിനിന്നതിലൂടെ ചില നല്ല അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കാമെന്ന് അമൃത സമ്മതിക്കുന്നു. എന്നാൽ അതിന്റെ പേരിൽ പഠനത്തിനായി എടുത്ത തീരുമാനത്തെ ഒരിക്കലും തെറ്റായി കാണുന്നില്ലെന്നാണ് നടിയുടെ നിലപാട്.'ഞാൻ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. അത്തരം തീരുമാനങ്ങളാണ് ആത്മവിശ്വാസം നൽകുന്നതും സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ബോധ്യമുണ്ടാക്കുന്നതും', താരം വ്യക്തമാക്കി.കരിയറിലെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയത്തേക്കാൾ സ്വന്തം ആഗ്രഹങ്ങൾക്ക് പ്രാധാന്യം നൽകുകയായിരുന്നു അമൃത. ഒരു തീരുമാനത്തിന്റെ ഫലം മുൻകൂട്ടി അറിയാൻ കഴിയില്ലെങ്കിലും അത് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ എടുക്കാൻ കഴിയണമെന്നാണ് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
ഐഷയിലൂടെ തുടക്കം, കൈ പോ ചെ വഴി ശ്രദ്ധ നേടി
2010ൽ പുറത്തിറങ്ങിയ ഐഷ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് അമൃത പുരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോനം കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സഹകഥാപാത്രമായാണ് അമൃത എത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ശ്രദ്ധ നേടിയ അമൃതയ്ക്ക് സ്റ്റാർഡസ്റ്റ് പുരസ്‌കാരത്തിൽ ബ്രേക്ക്ത്രൂ പെർഫോമൻസ് അംഗീകാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരത്തിനും നാമനിർദേശം ലഭിച്ചിരുന്നു. തുടർന്ന് 2012-ൽ പുറത്തിറങ്ങിയ ബ്ലഡ് മണി എന്ന ചിത്രത്തിലും അഭിനയിച്ചു. 2013-ൽ പുറത്തിറങ്ങിയ കൈ പോ ചെയാണ് അമൃതയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം. സുശാന്ത് സിങ് രജ്പുത്, രാജ്കുമാർ റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
പിന്നീട് കങ്കണ റണാവത്തും രാജ്കുമാർ റാവുവും അഭിനയിച്ച ജഡ്ജ്‌മെന്റൽ ഹേ ക്യാ എന്ന ചിത്രത്തിലും അമൃത വേഷമിട്ടു. സിനിമയ്ക്കുപുറമേ വെബ് സീരീസുകളിലും താരം സാന്നിധ്യമറിയിച്ചു. ഫോർ മോർ ഷോട്ട്‌സ് പ്ലീസ്, മെയ്ഡ് ഇൻ ഹെവൻ, മെന്റൽഹുഡ്, ജീത് കി സിദ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു. സിനിമയിൽ തുടർച്ചയായി സജീവമായിരിക്കുക എന്നതിനപ്പുറം സ്വന്തം ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതിലും മൂല്യമുണ്ടെന്നാണ് അമൃതയുടെ നിലപാട്.
Content Highlights: Amrita Puri took a two-year break from acting to pursue a Master's degree at the University of Edinburgh., Her parents initially opposed her decision to become an actress due to career instability., She starred in notable films like Aisha and Kai Po Che, alongside web series like Four More Shots Please.
Published: 24 Oct 2026, 09:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented