പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതും ചർമത്തിന്റെ മുറുക്കം കുറയുന്നതും സ്വാഭാവികമാണ്. എന്നാൽ പ്രായത്തിന്റെ ഈ മാറ്റങ്ങളെ നേരിടാൻ ആധുനിക സൗന്ദര്യചികിത്സകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ, അമ്പതാം വയസ്സിൽ മുഖത്തിന്റെയും കഴുത്തിന്റെയും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക കോസ്‌മെറ്റിക് ചികിത്സ സ്വീകരിച്ചിരിക്കുകയാണ് ഫാഷൻ ഡിസൈനറും ബോളിവുഡ് താരം സൊഹൈൽ ഖാന്റെ മുൻഭാര്യയുമായ സീമ സജ്‌ദേ. ചർമത്തിലെ കൊളാജൻ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്ന 'സ്‌കൾപ്ട്ര' എന്ന ചികിത്സയാണ് സീമ സ്വീകരിച്ചത്. ചികിത്സയ്ക്ക് തയ്യാറെടുക്കുന്നതുമുതൽ കുത്തിവയ്പ് സ്വീകരിക്കുന്നതുവരെയുള്ള അനുഭവങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ സീമ പങ്കുവച്ചിട്ടുണ്ട്.'എനിക്ക് വയസ്സിയായിരിക്കാൻ പറ്റില്ല' എന്ന സീമയുടെ രസകരമായ പ്രതികരണവും വീഡിയോയിൽ ശ്രദ്ധ നേടി.

To advertise here,

എല്ലാം പരീക്ഷിക്കാൻ ഞാൻ തയ്യാറാണ്

അടുത്തിടെയാണ് സീമ സജ്‌ദേ സ്വന്തം യൂട്യൂബ് ചാനൽ ആരംഭിച്ചത്. കുടുംബജീവിതം, യാത്രകൾ, ഷോപ്പിങ്, പുതിയ വീടിന്റെ നിർമാണം തുടങ്ങിയ വിശേഷങ്ങളാണ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്.വിഭജനത്തിന് മുമ്പ് കുടുംബം താമസിച്ചിരുന്ന അമൃത്സറിലെ വീടിന്റെ വിശേഷങ്ങളും മുംബൈയിൽ നിർമിക്കുന്ന പുതിയ വീടിനെക്കുറിച്ചുള്ള വിവരങ്ങളും സീമ ആരാധകരുമായി പങ്കുവച്ചിരുന്നു. അടുത്ത സുഹൃത്തും നടിയുമായ നീലം കോത്താരിക്കൊപ്പമുള്ള ഷോപ്പിങ് അനുഭവങ്ങളും ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇത്തവണ സൗന്ദര്യസംരക്ഷണത്തിനായി സ്വീകരിച്ച ചികിത്സയെക്കുറിച്ചാണ് സീമ സംസാരിച്ചത്.

'സ്‌കൾപ്ട്ര എന്ന ആന്റി ഏജിങ് ചികിത്സ പരീക്ഷിക്കാൻ പോകുകയാണ് ഞാൻ', സീമ വീഡിയോയിൽ പറഞ്ഞു.ചികിത്സയുടെ വിജയസാധ്യതയെക്കുറിച്ച് ചാറ്റ്ജിപിടിയോട് ചോദിച്ചിരുന്നുവെന്നും സീമ വെളിപ്പെടുത്തി. 76.6 ശതമാനം രോഗികൾ ചികിത്സയുടെ ഫലത്തിൽ സംതൃപ്തരാണെന്ന മറുപടിയാണ് ലഭിച്ചതെന്നും താനും ആ കൂട്ടത്തിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.എന്നാൽ സീമ പറഞ്ഞ ഈ കണക്കിന്റെ ഗവേഷണ ഉറവിടമോ അത് ഏത് രോഗവിഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നോ വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.

എന്താണ് സ്‌കൾപ്ട്ര ചികിത്സ?

പ്രായമാകുമ്പോൾ മുഖത്ത് പ്രസരിപ്പ് കുറഞ്ഞ് ചർമം തൂങ്ങുന്നത് ഒഴിവാക്കാനും ചർമത്തിന്റെ ഘടന മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന കുത്തിവയ്പ് ചികിത്സയാണ് സ്‌കൾപ്ട്ര. പോളി-എൽ-ലാക്റ്റിക് ആസിഡ് എന്ന പദാർഥമാണ് ഇതിൽ ഉപയോഗിക്കുന്നത്. ശരീരത്തിലെ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ബയോസ്റ്റിമുലേറ്ററാണിത്. ചർമത്തിന് മുറുക്കവും ഘടനയും നൽകുന്ന പ്രധാന പ്രോട്ടീനാണ് കൊളാജൻ. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ കൊളാജന്റെ അളവും ഉൽപാദനവും കുറയാം. ഇതോടെ ചർമം അയഞ്ഞതായി തോന്നുന്നതും സംഭവിക്കാം.സ്‌കൾപ്ട്ര കുത്തിവയ്പ് നൽകിയ ഭാഗത്ത് ക്രമേണ പുതിയ കൊളാജൻ രൂപപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ സാധാരണ ഫില്ലറുകളെപ്പോലെ ഉടനടി പൂർണമായ ഫലം ലഭിക്കുന്ന ചികിത്സയല്ല ഇത്.അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുള്ള ചികിത്സയാണ് സ്‌കൾപ്ട്ര. എന്നാൽ അതിന്റെ ഉപയോഗത്തിന് അംഗീകൃതമായ പ്രത്യേക സാഹചര്യങ്ങളും നിയന്ത്രണങ്ങളുമുണ്ട്. എല്ലാ പ്രായക്കാർക്കും മുഖത്തിന്റെയും കഴുത്തിന്റെയും എല്ലാ ഭാഗങ്ങളിലും ഒരുപോലെ ഉപയോഗിക്കാമെന്നല്ല ഇതിനർഥം.

45 മിനിറ്റ് കാത്തിരിപ്പ്, പിന്നീട് കുത്തിവയ്പ്

മുംബൈയിലെ കോസ്‌മെറ്റോളജിസ്റ്റായ ഡോ. ഹർഷ്‌ന ബിജ്ലാനിയുടെ മേൽനോട്ടത്തിലാണ് സീമ ചികിത്സ സ്വീകരിച്ചത്.കുത്തിവയ്പ് നൽകുന്നതിന് മുമ്പ് വേദന കുറയ്ക്കുന്നതിനായി മുഖത്ത് മരവിപ്പിക്കുന്ന ക്രീം പുരട്ടി. 45 മിനിറ്റോളം ഈ ക്രീം മുഖത്ത് നിലനിർത്തേണ്ടിവന്നതായി സീമ വീഡിയോയിൽ വ്യക്തമാക്കി.തുടർന്ന് ഡോക്ടർ സീമയുടെ മുഖം പരിശോധിക്കുകയും ചികിത്സ നൽകേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തു.

സീമയുടെ ചർമം കനം കുറഞ്ഞതാണെന്നും അതിനാൽ കുത്തിവയ്പിനുള്ള മരുന്നിന്റെ നേർപ്പിക്കൽ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഡോക്ടർ വിശദീകരിച്ചു.ചികിത്സയ്ക്കുശേഷം ഒന്നോ രണ്ടോ ദിവസത്തേക്ക് മുഖത്ത് ചെറിയ വീക്കം അനുഭവപ്പെടാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

ദിവസവും അഞ്ചുതവണ മുഖം മസാജ് ചെയ്യണം

കുത്തിവയ്പ് നൽകിയശേഷം പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ചും ഡോക്ടർ സീമയോട് വിശദീകരിച്ചു.മുഖത്ത് കട്ടകളോ ചെറിയ മുഴകളോ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ദിവസവും അഞ്ചുതവണ മസാജ് ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചു. മുഖത്ത് മുകളിലേക്കും പുറത്തേക്കുമുള്ള ദിശയിലാണ് മസാജ് ചെയ്യേണ്ടതെന്നും വ്യക്തമാക്കി. ഒരു തവണ ചികിത്സ സ്വീകരിച്ചതുകൊണ്ടുമാത്രം പ്രതീക്ഷിക്കുന്ന ഫലം ലഭിക്കണമെന്നില്ല. അതിനാൽ നാലുമുതൽ ആറാഴ്ചയ്ക്കുശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ സെഷനായി വീണ്ടും എത്തേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചു.ചർമത്തിന്റെ ഗുണനിലവാരത്തിൽ മാറ്റം അനുഭവപ്പെടും. സ്‌കൾപ്ട്ര കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഒരു മാസം കഴിയുമ്പോൾ കൂടുതൽ മാറ്റം അനുഭവപ്പെടും', ഡോക്ടർ പറഞ്ഞു. ചികിത്സയ്ക്കുമുമ്പ് മരവിപ്പിക്കുന്ന ക്രീം ശരിയായി ഉപയോഗിച്ചാൽ കുത്തിവയ്പിനിടെ കാര്യമായ വേദന അനുഭവപ്പെടില്ലെന്നാണ് സീമയുടെ അനുഭവം.എന്നാൽ വേദനയുടെ അളവും ചികിത്സയോടുള്ള പ്രതികരണവും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാം.

എന്നെ വിമർശിച്ചാലും എനിക്ക് പ്രശ്‌നമില്ല

സൗന്ദര്യചികിത്സ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കില്ലെന്നാണ് സീമ പറയുന്നത്.'ഞാൻ എല്ലാം പരീക്ഷിക്കും. അത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇത്തരം ചികിത്സകൾ ഇന്ന് ലഭ്യമാണ്. എന്നാൽ എന്തെങ്കിലും പരീക്ഷിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടണം', സീമ പറഞ്ഞു.തന്റെ തീരുമാനത്തെ മറ്റുള്ളവർ വിലയിരുത്തിയാലും അതിൽ ആശങ്കയില്ലെന്നും അവർ വ്യക്തമാക്കി.

എന്നെ വിമർശിക്കരുത്. ഇനി വിമർശിച്ചാലും എനിക്ക് പ്രശ്‌നമില്ല', സീമ കൂട്ടിച്ചേർത്തു.സൗന്ദര്യചികിത്സകൾ സ്വീകരിക്കുന്നതിനെക്കുറിച്ച് തുറന്നുപറയാൻ മടിക്കുന്നവർക്കിടയിൽ സീമയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

വീഡിയോക്ക്

പിന്തുണയുമായി ആരാധകർ

ചികിത്സയുടെ വിശദാംശങ്ങൾ മറച്ചുവയ്ക്കാതെ പങ്കുവച്ച സീമയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡുമായി ബന്ധപ്പെട്ടവർ ചർമത്തിനുവേണ്ടി എന്തൊക്കെ ചികിത്സകളാണ് ചെയ്യുന്നതെന്ന് തുറന്നുപറയുന്നത് സന്തോഷകരമാണ്', ഒരാൾ കുറിച്ചു.നിങ്ങളെപ്പോലുള്ള സ്ത്രീകളെ കാണുമ്പോൾ അഭിമാനം തോന്നുന്നു' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. പ്രായം തോന്നാതിരിക്കാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഇത്തരമൊരു ചികിത്സ സ്വീകരിക്കാനുള്ള ധൈര്യം എനിക്കുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ', മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടു.നിങ്ങളുടെ ചർമം, നിങ്ങളുടെ ശരീരം, നിങ്ങളുടെ തീരുമാനം' എന്ന കമന്റും ശ്രദ്ധ നേടി.

സ്‌കൾപ്ട്ര ചികിത്സയ്ക്ക് അപകടസാധ്യതകളുണ്ടോ?

സ്‌കൾപ്ട്ര ഒരു കോസ്‌മെറ്റിക് ഇൻജക്ഷൻ ചികിത്സയായതിനാൽ വിദഗ്ധ പരിശോധന ആവശ്യമാണ്.കുത്തിവയ്പ് നൽകിയ ഭാഗത്ത് വീക്കം, ചുവപ്പ്, വേദന, ചതവ്, ചെറിയ മുഴകൾ എന്നിവ ഉണ്ടാകാം. ചില സാഹചര്യങ്ങളിൽ മുഖത്ത് കട്ടകൾ രൂപപ്പെടുകയോ അണുബാധയുണ്ടാകുകയോ ചെയ്യാം. അപൂർവമായി രക്തക്കുഴലിലേക്ക് ഫില്ലർ പ്രവേശിക്കുന്നത് ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകാം. ചികിത്സയുടെ ഫലം വ്യക്തിയുടെ ചർമത്തിന്റെ അവസ്ഥ, പ്രായം, ചികിത്സ നൽകുന്ന ഭാഗം, ഉപയോഗിക്കുന്ന അളവ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

അതിനാൽ സാമൂഹികമാധ്യമങ്ങളിലെ അനുഭവങ്ങൾമാത്രം അടിസ്ഥാനമാക്കി ഇത്തരം ചികിത്സകൾ തിരഞ്ഞെടുക്കരുത്. യോഗ്യതയുള്ള ഡെർമറ്റോളജിസ്റ്റിനെയോ പ്ലാസ്റ്റിക് സർജനെയോ സമീപിച്ച് അനുയോജ്യതയും അപകടസാധ്യതകളും മനസ്സിലാക്കേണ്ടതാണ്. പ്രായം കൂടുന്നതിന്റെ സ്വാഭാവിക മാറ്റങ്ങൾ അംഗീകരിക്കണോ അതോ സൗന്ദര്യചികിത്സകളിലൂടെ അവയിൽ മാറ്റം വരുത്തണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ആ തീരുമാനം അറിവോടെയും സുരക്ഷിതമായും എടുക്കണമെന്നതാണ് പ്രധാനം.