മനുഷ്യരുടെ ശീലങ്ങളും കാഴ്ചപ്പാടുകളും, ഗോസിപ്പ് അപ്പ്ഡേറ്റുകളും തലച്ചോറിൽ ശരിക്കും ഡൗൺലോഡ് ചെയ്ത് വെച്ച തത്തമ്മയായിരുന്നു അത്

ജസീന റഹീം
എടാ എനിക്കും കള്ള് താടാ. സുനിലിന്റെ ചുമലിലിരിക്കുന്ന തത്തമ്മ കള്ളിനായി പരവേശപ്പെട്ട് ചിറകിട്ടടിക്കുന്നു.' തീര്‍ന്നെടീ ചിഞ്ചൂ, നാളെയാവട്ട്. ബസ്സിലെ ക്ലീനര്‍ ജോലി കഴിഞ്ഞ് വന്ന സുനില്‍ കള്ളിന്റെ മയക്കത്തില്‍ ചിഞ്ചുതത്തമ്മയെ പലതും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്ന് കിട്ടിയ ഒരു തുള്ളി കള്ളിന്റെ ലഹരി മതിയാവാതെ ചിഞ്ചുതത്തമ്മ ദേഷ്യത്തില്‍ സുനിലിനെ തെറി വിളിക്കുന്നു. ഒരിക്കല്‍ കേട്ടതെല്ലാം ചിഞ്ചു തത്തമ്മയുടെ നാവില്‍ അതേ പടി കുടുങ്ങും. അങ്ങനെ സുനിലില്‍ നിന്ന് കേട്ട് പഠിച്ച തെറികള്‍ വള്ളിപുള്ളി തെറ്റാതെ തിരിച്ച് പ്രയോഗിച്ച് കട്ടില്‍കാലില്‍ പറന്ന് ചെന്നിരിക്കുന്ന തത്തമ്മയില്‍ ആ മൊബൈല്‍ ദൃശ്യങ്ങള്‍ അവസാനിച്ചു. സുനിലിന്റെ പെങ്ങള് സുമയുടെ മൊബൈല്‍ ഫോണിലൂടെയാണ് ഞാന്‍ ആ വീഡിയോ കണ്ടത്. സുനില്‍ പറഞ്ഞതനുസരിച്ച് സുമ എന്നെ കാണിക്കാനായി മാത്രം പകര്‍ത്തിക്കൊണ്ടുവന്ന ദൃശ്യങ്ങളായിരുന്നു അത്.
'അവന് വെടക്കാക്കിക്കളഞ്ഞ് ആ തത്തമ്മയേം'. ഒരാവര്‍ത്തി കൂടി വീഡിയോ കണ്ട് മൊബൈല്‍ ഫോണ്‍ പെഴ്സിലേക്ക് തിരുകിവെക്കുന്നതിനിടയില് സുമ പരിഭവം പറഞ്ഞു. 'ഇത് സാമാന്യബോധമില്ലാത്ത ഒരു തത്തമ്മയാണല്ലോ, അറ്റ്ലീസ്റ്റ് പക്ഷിയാണന്നൊരു ബോധം'.
വര്‍ദ്ധിച്ച ഞാന്മനോഭാവം ആ നേരത്ത് എന്നില്‍ നിന്നും അറിയാതെ പുറത്ത് ചാടി. കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പമുള്ള ഒരു പക്ഷി ചെയ്തത് ബോധമില്ലായ്മയും വിചിത്രവും. അതേ കാര്യങ്ങള്‍ തന്നയല്ലേ മനുഷ്യരും ചെയ്യുന്നത്.
പ്രകൃതിയുടെ തത്ത്വങ്ങള്‍ മറന്ന് പാറിപ്പറന്ന് നടക്കേണ്ട തത്തമ്മയെ ആരാണ് കൂട്ടിലിട്ടത്? മനുഷ്യര്‍ നിശ്ചയിക്കുന്ന സാമാന്യബോധത്തിന്റെ മാനദണ്ഡത്തില്‍ എപ്പോഴെങ്കിലും ഒരു പക്ഷിയുടെയും ചിന്ത, ബോധം, ആവാസവ്യവസ്ഥ ഇങ്ങനെ എന്തെങ്കിലും കടന്ന് വന്നിട്ടാണോ ഗീര്‍വ്വാണം പറച്ചില്?
ചിഞ്ചുതത്തമ്മ കാണുന്നതു പറയുകയും പറയുന്നത് കേള്‍ക്കുകയും കേള്‍ക്കുന്നതു പുനരാവര്‍ത്തിക്കുകയും ചെയ്തുവെന്ന് മാത്രം. തന്നെയുമല്ല പഠിപ്പിച്ച തെറികള്‍ പറച്ചിലായി മാറിയതിന് ചിഞ്ചുവിനെ തെറ്റുകാരി എന്നൊന്നും മുദ്രകുത്താന്‍ മനുഷ്യര്‍ക്ക് അവകാശവുമില്ല. കാരണം അവള് പഠിച്ചത് പക്ഷികളുടെ ജീവിതമല്ല, മനുഷ്യരെ ആയിരുന്നു. ഇങ്ങനെ ഒരോന്ന് ചിന്തിച്ച് സ്വയം പരിഹാസ്യയായും സ്വയം തിരുത്തിയും നില്ക്കുമ്പോള് സുമയുടെ മുഖത്തും വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നത് കണ്ടു .
സമാനമായ ചിന്തകളിലൂടെ സുമയും കടന്നുപോയിട്ടുണ്ടാവാം. എന്ത് തന്നെയായാലും ചിഞ്ചുതത്തമ്മയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എന്റെ വര്‍ത്തമാനം അവള്‍ക്ക് അത്രക്കങ്ങ് പിടിച്ചില്ല. കാരണം മനുഷ്യരുടെ ശീലങ്ങളും കാഴ്ചപ്പാടുകളും ഗോസിപ്പ് അപ്പ്ഡേറ്റുകളും തലച്ചോറില്‍ ശരിക്കും ഡൗണ്‍ലോഡ് ചെയ്ത് വെച്ച തത്തമ്മക്ക് എന്ത് പക്ഷി ബോധം? ഒരുപക്ഷേ പക്ഷിയാണെന്നൊരു ബോധം കിട്ടിയാല്‍ തന്നെ ചിഞ്ചുതത്തമ്മക്ക് അതൊരു കാഠിന്യം നിറഞ്ഞ അനുഭവമാകും. 'അങ്ങനെയൊന്നും പറയരുത് ഇത്താ. പറന്ന് നടക്കുന്ന കിളികളല്ലല്ലോ കള്ള് വാറ്റുന്നത്. കുടുംബം നശിപ്പിക്കാനുണ്ടായ മനുഷ്യര്‍ വാറ്റിയ കള്ള്. അത് അവക്കും കൊടുത്ത് ശീലിപ്പിച്ച്. അവനോ കുടിച്ച് കുടിച്ച് നശിച്ച്. അത് അവക്കൂടെ കൊടുത്ത് പഠിപ്പിക്കണ്ടൊള്ള കാര്യമൊണ്ടായിരുന്നോ. ഇച്ചിരീയൊള്ള കിളിയല്ലേ. എന്റെ വീടിന്റെ ആകെയൊള്ള അനക്കവാ. വേണ്ടാത്തതെല്ലാം ശീലിച്ച് എന്തേലും സംഭവിച്ചാ സഹിക്കാന്‍ പറ്റില്ല. പെടുത്തും കുടിച്ചും നടക്കുന്നവന് ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാകുവോ' .
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതില്‍ പിന്നെ വീട്ടില്‍ അധികപ്പറ്റെന്ന് പോലെയുള്ള ചിന്തയുമായി കഴിയുന്ന സുമ സുനിലിനോടുള്ള ദേഷ്യവും അമര്‍ഷവും നിറഞ്ഞ ഒച്ചയില്‍ മൊബൈല്‍ ഫോണ്‍ പേഴ്സിലേക്ക് തിരുകിവെച്ചു. അവള് ഓച്ചിറ അമ്പലത്തില്‍ തൊഴാന്‍ പോയിട്ട് വരുന്ന വഴിയാണ്. ഇതിന് മുന്‍പ് രണ്ട് പ്രാവശ്യം മെഡിക്കല്‍ ഷോപ്പില്‍ എന്നെ അന്വേഷിച്ച് വന്നിരുന്നു എന്ന് പറഞ്ഞു. കാണുമ്പോഴൊക്കെ ജീവിതത്തിന്റെ പ്രാരബ്ധങ്ങളാണ് പറയാറുള്ളത്. സുനിലിനെയും എനിക്കറിയാം. അയാള്‍ കടയിലെ സ്ഥിരം കസ്റ്റമറാണ്. മിക്കപ്പോഴും വിക്സ് മിഠായി വാങ്ങാനായി വരുന്ന സുനിലില്‍ നിന്നാണ് ആദ്യം ചിഞ്ചു തത്തമ്മയെക്കുറിച്ച് ഞാന്‍ അറിയുന്നത്. പുളിച്ച കള്ളും വിയര്‍പ്പും ചേര്‍ന്ന് കൂടിക്കുഴഞ്ഞ അസഹ്യമായ ഗന്ധം സഹിച്ച് നിന്നാണ് ചിഞ്ചു തത്തമ്മയെക്കുറിച്ച് പലപ്പോഴും ഞാന്‍ കേട്ടത്. അത്രക്കുണ്ടായിരുന്നു കൗതുകം.
അയാള്‍ കഴിക്കുന്നതെന്തും തത്തമ്മക്കും വേണം. രാത്രി മാത്രമാണ് കൂട്ടില്‍ കയറുന്നത്. പകല്‍ സമയങ്ങളില്‍ വീടാകെ പാറി നടക്കും. അടുക്കളയില്‍ വെന്ത് തിളച്ച് മറിയുന്ന ചോറിന്റെ പാകം കൃത്യമായി ചിഞ്ചുവിനറിയാം.' ചോറ് വെന്തടി കൊച്ചേ,അരിയൂറ്റ്, കഞ്ഞിവെള്ളം വാര്‍ന്ന് കളയുന്നത് വരെ അടുക്കളയിലിരുന്ന് ഒരു പാട്ട് പോലെ ചിഞ്ചു അരിയൂറ്റെന്ന് പാടി കൊണ്ടേയിരിക്കും. സുനിലിന്റെ ഇളയ സഹോദരന് രാവിലെ പത്രം വായിക്കുമ്പോള്‍, ചിഞ്ചു തത്തമ്മയുടെ വക ചില അന്വേഷണങ്ങളുണ്ടാവും.''പെട്രോള്‍ കൂടിയോന്ന് ... കൂടിയോന്ന്!
''പെട്രോള്‍ വിലയെക്കുറിച്ചുള്ള ചിഞ്ചുവിന്റെ ആശങ്ക അറിയുമ്പോള്‍ സുനിലിന് ഒരുപാട് സന്തോഷവും അഭിമാനവും തോന്നും. ലോകത്തില്‍ പെട്രോള്‍ വിലയെക്കുറിച്ച് ബോധമുള്ള ഒരു പക്ഷി അത് എന്റെ ചിഞ്ചുവല്ലാതെ ആര്? ഇടയ്ക്ക് അയല്‍വാസികളാരെങ്കിലും വീട്ടില്‍ വന്നാല്‍ ചിഞ്ചുവിന്റെ ടോണ്‍ മാറും. പണി ഇല്ല .. പണി ഇല്ല !
അയല്‍വാസി സംശയത്തോടെ ചിഞ്ചുവിനെ നോക്കും.''എന്റെ കാര്യം പറഞ്ഞതാണോ?'' നോട്ടത്തിലൂടെ ചിഞ്ചുവിന് കാര്യം പിടികിട്ടും. 'അതേ, അതേ പണിയില്ലേ പണിയില്ലേ'. പണിയില്ല എന്നത് പണിയില്ലേ എന്ന ചോദ്യത്തില്‍ എത്തിനില്ക്കുമ്പോള് അയല്‍വാസിയുടെ പരദൂഷണം പറച്ചില് ഡിം. ഉച്ചയ്ക്കു ഭക്ഷണം കഴിക്കുമ്പോള്‍ ചിഞ്ചു തത്തമ്മയുടെ വക ചില പരിശോധനകളുണ്ടാവും. ''ഇതെന്താ ചോറ്... ഉപ്പ് കുറവ്!'' അപ്പോള്‍ ചിഞ്ചു മാസ്റ്റര്‍ ഷെഫാണ്. വൈകിട്ട് സുനിലിന്റെ സഹോദരന്റെ മക്കള്‍ സൈക്കിള്‍ എടുത്ത് ഇറങ്ങുമ്പോള്‍ ചിഞ്ചു സേഫ്റ്റി ഓഫീസറാകും.''സ്ലോ... സ്ലോ... വീഴും!''
''എടീ തത്തമ്മേ... നീയാണോ ഞങ്ങളെ പഠിപ്പിക്കുന്നത്?'' കുട്ടികള്‍ ചിലപ്പോഴൊക്കെ അരിശം കൊള്ളും. വീട്ടിലെ എല്ലാവരും രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ചിഞ്ചുവിന്റെ മെസ്സേജ് വരും. ''ലൈറ്റ് ഓഫ്... ലൈറ്റ് ഓഫ് ' .
സര്‍വാധിപത്യത്തോടെ ഒരു വീടാകെ അടക്കിഭരിക്കുന്ന ചിഞ്ചുതത്തമ്മയെ അവിശ്വസനീയതയോടെയാണ് ഞാന്‍ കേട്ടുനില്ക്കാറുളളത്. പക്ഷികളുടെ എല്ലാ മാനറിസങ്ങളും പ്രകൃതിയുടെ അടയാളഭാഷയാണ്. ചിഞ്ചുവിന്റെ മാനറിസങ്ങള്‍ ചിലപ്പോള്‍ മനുഷ്യര്‍ക്കുള്ള താക്കീത് ഭാഷയാവാ..
എന്തിനും ഏതിനും യോജിപ്പും വിയോജിപ്പും നിലപാടുകളും ശീലങ്ങളും അഭിപ്രായപ്രകടനങ്ങളുമുള്ള മനസ്സില്‍ കയറിക്കൂടിയ ചിഞ്ചു തത്തമ്മയെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ടായി.
സുനിലിനോട് കാര്യം പറഞ്ഞു. 'അതിനെന്താ ഇത്താ വീട്ടിലോട്ട് വാ അവളെ കാണാം. അന്ന് ഞാന്‍ ടൂ വീലര്‍ ഓടിച്ച് തുടങ്ങിയിട്ടില്ല .പുത്തന്‍തെരുവിലാണ് സുനിലിന്റെ വീട്. രണ്ട് കിലോമീറ്ററോളം ഒരു തത്തമ്മയെ കാണാനായി പോകുന്നതിന്റെ യുക്തി ഭര്‍ത്താവിനോട് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. അത് കൊണ്ട് തത്ക്കാലം ചിഞ്ചുവിന്റെ ഒരു വീഡിയോ എടുത്താല്‍ കാണാമായിരുന്നു എന്ന താല്പര്യം പ്രകടിപ്പിച്ചു. 'അതെങ്ങനാ ഇത്താ. എനിക്ക് ആകെ ഈ പാവം പിടിച്ച ഫോണേയുള്ള് . ഇത് കണ്ടില്ലിയോ'.
റബ്ബറിട്ട് അഡ്ജസ്റ്റ് ചെയ്തൊക്കെ വെച്ചിരുന്ന പഴയ നോക്കിയ ഫോണിന്റെ ദയനീയാവസ്ഥ എനിക്കും ബോധ്യപ്പെട്ടു .
'എന്റെ പെങ്ങക്ക് കൂടിയ ഫോണൊണ്ട് . അവളെ കൊണ്ട് ഞാന്‍ എടുപ്പിക്കാം'. പക്ഷേ അപ്പോഴും പ്രശ്നമുണ്ടായിരുന്നു ചിഞ്ചു തത്തമ്മ ഫോണ്‍ വിരോധിയാണ്'. ഫോട്ടോ, സെല്‍ഫി, വീഡിയോ തുടങ്ങി മനുഷ്യരുടെ ഇമ്മാതിരിയുള്ള കുന്ത്രാണ്ടങ്ങളോട് അവള്‍ക്ക് വിയോജിപ്പാണ്. ഇങ്ങനെയുള്ള അവസരത്തില്‍ നിശ്ശബ്ദമായി മുഖം കുനിച്ചിരിക്കലാണ് അവളുടെ പ്രതിഷേധം.
പക്ഷേ, സുനില്‍ കൊടുത്ത് ശീലിപ്പിച്ച ഒരു തുള്ളി ലഹരി ഉള്ളില്‍ ചെന്നാല്‍ അവളാകെ മാറും. ആ നേരങ്ങളില്‍ എന്തിനും ഏതിനും അവള് വശംവദയാകും അങ്ങനെ ഒരവസരം നോക്കി സുനില്‍ സുമയെ കൊണ്ട് പകര്ത്തിയെടുപ്പിച്ച ആ വീഡിയോ കണ്ടതോടെ കേട്ട സംഗതികളൊക്കെയും സത്യമാണന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെ പല ദിവസങ്ങളിലും സുനിലിന്റെയും സുമയുടെയും സാമീപ്യവും അവരിലൂടെ കേട്ടറിഞ്ഞ ചിഞ്ചു തത്തമ്മയുടെ ചിരിയും ചിന്തയും നിറഞ്ഞ വിശേഷങ്ങളും ആവര്‍ത്തനങ്ങളായി കടന്നുപോയിക്കൊണ്ടേയിരുന്നു .
അങ്ങനെ ഒരു വൈകുന്നേരം മെഡിക്കല്‍ ഷോപ്പിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍ സുനില്‍ കുടിച്ച് പൂസായി അവിടെ കിറുങ്ങി നില്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അയാള്‍ ബഹളം വെച്ച് കരയാന്‍ തുടങ്ങി. 'എന്റെ ചിഞ്ചു പോയിത്താ' എന്ന് കേട്ടതും എന്റെ ഉള്ളിലൊരു ആന്തലുണ്ടായി. കേട്ട് കേട്ട് എനിക്കും പ്രിയപ്പെട്ടവളായി മാറിയ ചിഞ്ചു തത്തമ്മക്ക് എന്തോ അപകടം പിണഞ്ഞിരിക്കുന്നു?' ചിഞ്ചു പോയോ എവിടെ' എന്റെ പിരിമുറുക്കം നിറഞ്ഞ മുഖം കണ്ടതോടെ സുനിലിന്റെ കരച്ചില് വീണ്ടും ഉച്ചത്തിലായി.
കള്ള് കുടിയന്റെ കൂത്താട്ടമെന്ന് കാഴ്ച്ചക്കാര്‍ പരിഹസിച്ചു. പക്ഷേ അയാളുടെ ഉള്ളിലെ വേവ് ലഹരിയില്‍ നിന്നല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ചിഞ്ചുവിന് എന്തോ സംഭവിച്ചുണ്ടെന്ന തിരിച്ചറിവില്‍ കൂടുതല്‍ കേള്‍ക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ നിന്നു.' ഇന്നലെ മൊതല് അവളെ കാണുന്നില്ലിത്താ' അത് കേട്ടതും എനിക്ക് കുറച്ച് ആശ്വാസമായി. കാണുന്നില്ല എന്ന് വാക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കണ്ട് കിട്ടും എന്ന ആശ്വാസമുള്ള വാക്ക്. അങ്ങനെയൊരു ആശ്വാസത്തില്‍ ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു.
പക്ഷേ ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും ചിഞ്ചുവിനെക്കുറിച്ച് യാതൊരു വിവരങ്ങളും കിട്ടിയില്ല. മറ്റുള്ള കാര്യങ്ങളെല്ലാം മാറ്റി വെച്ച് കിലോമീറ്ററുകളോളം നടന്ന് സുനില്‍ ചിഞ്ചുവിനെ അന്വേഷിച്ച് കൊണ്ടേയിരുന്നു. അയാള്‍ വല്ലാതെ ക്ഷീണിച്ചു. കണ്ണുകളില്‍ നിഴലിച്ച് നിന്ന ദുഃഖത്തിന്റെ ആഴം സഹതാപമായി എന്നിലും നിറഞ്ഞു. 'ഇത്താക്കറിയാവോ എനിക്ക് പെണ്ണും പെടക്കോഴിയുമൊന്നുമില്ല. ആകെയൊള്ളത് അവളാര്ന്ന്'. ഒരിക്കല്‍ പ്രേമിച്ച പെണ്ണ് മറ്റൊരാളുമായി ഒളിച്ചോടി പോയതോടെ സ്ത്രീവിരോധിയായി മാറിയ സുനിലിന്റെ ജീവിതത്തിലെ മറ്റൊരു താളമായിരുന്നു ചിഞ്ചു തത്തമ്മ. ഒരു പക്ഷി എന്നതിലുപരി അവള് ഒരു കണ്ണാടിയായിരുന്നു എന്ന് എനിക്ക് തോന്നി . മനുഷ്യരുടെ തുരുമ്പെടുത്ത ജീവിതത്തെ മനോഹരമാക്കിയെടുത്ത് പ്രതിഫലിപ്പിക്കുന്ന കണ്ണാടി.
'ദൈവമേ ദൈവമേ എന്റെ കരളിന്റെ കഷണമാ പോയത്. അവളെ, എന്റെ ചിഞ്ചുനെ കണ്മുന്നില് കാട്ടിത്താ.. കാട്ടിത്താ..' ഭ്രാന്തനെപോലെ പിച്ചും പേയും പറഞ്ഞ് സുനില്‍ അലഞ്ഞ് നടന്നു. അവന് അനുഭവിക്കുന്ന നഷ്ടത്തിന്റെ ആഴങ്ങളില്‍ നിന്നും ഒരു ചിറകടിക്കായി പിടക്കുന്ന ഹൃദയത്തോടെ ഞാനും കാതോര്‍ത്തു. പക്ഷേ ആ കാത്തിരുപ്പ് വെറുതെയായിരുന്നു. ഒടുവില്‍ ഒരു തെളിവ് പോലെ വീട്ടില്‍ നിന്നും കുറച്ചകലെ ചിതറിക്കിടന്ന കുറച്ച് പച്ചതൂവലുകള്‍ അത് ചിഞ്ചുതത്തമ്മയുടേത് തന്നെയെന്ന് ഉറപ്പായ ദിവസം സുനില്‍ തകര്‍ന്നു. അവന്റെ അലറികരച്ചിലില് നാടാകെ അവനോടൊപ്പം കരഞ്ഞു.
'ആരൂല്ലാത്തോന്റെ ദുഃഖത്തിന്റെ ആഴം ഇത്തക്കറിയാവോ'. ഒരു രാത്രിയില്‍ മെഡിക്കല്‍ ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് മദ്യലഹരിയില്‍ നാവ് കുഴഞ്ഞുള്ള ചോദ്യവുമായി സുനില്‍ വന്നത്. മദ്യമല്ല ഹേതു. അവന്റെ മനസ്സാണ് കരയുന്നത് എന്നറിഞ്ഞു. വീട്ടിലെത്തിയതിന് ശേഷവും ആരൂല്ലാത്തോന്റെ ദുഃഖത്തിന്റെ ആഴം എന്ന വാക്ക് പൊട്ടിത്തകര്‍ന്ന ചില്ലുകളായി ഹൃദയത്തില്‍ കുത്തിക്കയറുന്നത് പോലെ തോന്നി. ആരുമില്ലാതായി പോയി എന്ന് തോന്നിയ ആ ദിനങ്ങളുടെ കാഠിന്യങ്ങള്‍. ഉമ്മിച്ചയുടെ ക്ഷീണിച്ച സ്വരം. ഇരുള് മൂടിയ കാറ്റ് ' വീണ്ടും ഓര്‍മ്മകള്‍ ഒന്നൊന്നായി മുന്നില്‍ തെളിയുകയാണ്.
'രണ്ട് വര്‍ഷം അവിടെ നിന്നാല്‍ നമ്മടെ എല്ലാ കടവും തീരും'. തറയിടാത്ത, പൂശാത്ത വീട്ടിലിരുന്ന് പറയുമ്പോള്‍. ഉമ്മിച്ചയുടെ വാക്കുകളില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ഉമ്മിച്ച സൗദിയിലേക്ക് പോവുകയാണ്. ഒരു ബന്ധുവഴി ലഭിച്ച വിസയാണ്. രണ്ട് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കടങ്ങള്‍. കെട്ടിപ്പടുക്കേണ്ട സ്വപ്നങ്ങള്‍. മനസ്സില്‍ പല പദ്ധതികളുമായിട്ടാണ് ഉമ്മിച്ച അങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. പോകണ്ട ഉമ്മിച്ചാ, നമ്മുക്ക് ഇതൊക്കെ മതി. പല തവണ കരഞ്ഞ് പറഞ്ഞെങ്കിലും വിസയുടെ കാര്യമൊക്കെ പറഞ്ഞ് ഉറപ്പിച്ച് പോകാനുള്ള അവസാനഘട്ട തയ്യാറെടുപ്പില്‍ എന്റെയും അനുജന്റെയും കരച്ചിലിന് നേരെ ഉമ്മിച്ച മുഖം തിരിഞ്ഞുനില്ക്കുന്നത് പോലെ തോന്നി. അവസാന പ്രയോഗമെന്ന രീതിയില്‍ പപ്പ മരിക്കുന്ന സമയത്ത് പറഞ്ഞ അവസാന വാക്കുകള്‍ സംഭാഷണങ്ങള്‍ക്കിടയിലേക്ക് ഞാന്‍ എടുത്തിട്ടു. 'ഹുസൈ മക്കളെ നോക്കണേ അവര്‍ക്ക് നീയാ തണല്‍'. പക്ഷേ അതൊക്കെയും ആ നേരങ്ങളില്‍ ഉമ്മിച്ച കേട്ടില്ലന്ന് നടിച്ചു. കാരണം മുന്നില്‍ ഒരെത്തും പിടിയുമില്ലാതെ ചെന്നെത്തി നില്ക്കുന്ന ജീവിതം, കടങ്ങള്‍. ചെയ്ത് തീര്‍ക്കേണ്ട കടമകള്‍. പണി പൂര്‍ത്തിയാകാത്ത വീട്. ഉമ്മിച്ച എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഇളയ സഹോദരനെ കായംകുളത്ത് കൊച്ചാപ്പയുടെ വീട്ടിലും എന്നെ കൊട്ടിയത്ത് ഉമ്മിച്ചയുടെ മൂത്തസഹോദരിയുടെ വീട്ടിലും നിര്‍ത്താം എന്ന തീരുമാനമായി. കൊട്ടിയത്ത് എന്നെ കൊണ്ടാക്കി തിരിച്ചുപോരുമ്പോള്‍ ഉമ്മിച്ചയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്നാല്‍, ഞാന്‍ കരഞ്ഞില്ല. ചില ദുഃഖങ്ങള്‍ കണ്ണുനീരായി അടര്‍ന്ന് വീഴില്ല. ഹൃദയത്തില്‍ കല്ലിച്ചങ്ങനെ കിടക്കും. അത് മാത്രമല്ല ആ സംഭവം മനസ്സിനെ വല്ലാതെ ഉലയ്ക്കുകയും ഉമ്മിച്ചയോട് ഒരു വിദ്വേഷമൊക്കെ മനസ്സില്‍ രൂപപ്പെടുകയും കൂടി ചെയ്തത് കൊണ്ടാവാം തീര്‍ത്തും നിര്‍വികാരതയോടെ ആ നിമിഷങ്ങളെ ഞാന്‍ നേരിട്ടു.
പ്രീഡിഗ്രിക്ക് പല വിഷയങ്ങളിലും തോറ്റ് നിന്ന സമയമായിരുന്നു അത്. കൊട്ടിയത്തുള്ള ഒരു പാരലല്‍ കോളേജില്‍ വീണ്ടും പഠിക്കാനായി ഞാന്‍ ചേര്‍ന്നെങ്കിലും ഒരു മൗനത്തില്‍ ആണ്ടത് പോലെ നിശ്ശബ്ദയായി ആരോടും അധികം മിണ്ടാതെ തനിച്ചാകാന്‍ കൂടുതല്‍ ഞാന്‍ ശ്രദ്ധിച്ച് കൊണ്ടേയിരുന്നു. അതേസമയം തന്നെ പഠിക്കാനുള്ള ആര്‍ത്തി മനസ്സില്‍ ശക്തമായി കൊണ്ടുമിരുന്നു.
ഉമ്മിച്ച സൗദിയിലേക്ക് പോയി. കാര്യമില്ലാതെയും തനിച്ചിരുന്ന് കരയുന്നത് അന്നൊരു ശീലമായിരുന്നു. പൊതിഞ്ഞ് നിന്ന അനാഥത്വത്തോളം ഭയാനകമായി ലോകത്ത് മറ്റൊന്നും സംഭവിക്കാനില്ലന്ന് ചിലപ്പോള്‍ തോന്നി. ആരോരുമില്ലാത്തവരുടെ ദുഃഖത്തിന്റെ ആഴം കടല്‍ പോലെയാണ്. പുറമേ നോക്കുമ്പോള്‍ ചിലപ്പോള്‍ ശാന്തമെന്ന് തോന്നും. എന്നാല്‍ ഉള്‍പ്പരപ്പില്‍ ഇരുട്ടും പ്രവാഹവും ചേര്‍ന്ന ഉപ്പ് നിറഞ്ഞ നിശ്ശബ്ദത. ഒറ്റപ്പെടലിന്റെ അനന്തനീലത്തിന് മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ആ ദിവസങ്ങളില്‍ ഇടക്കിടെ ഉമ്മിച്ചയുടെ കത്ത് വന്നു. അപ്പോഴും ദേഷ്യമായിരുന്നു. തനിച്ചാക്കിപ്പോയില്ലേ എന്ന് ആയിരംവട്ടമെങ്കിലും തനിച്ചിരുന്ന് ചോദിച്ചു. പക്ഷേ ഉമ്മിച്ചയുടെ കത്തുകളിലും ഞങ്ങളെ വിട്ടുനില്‍ക്കുന്നതിന്റെ ദുഃഖം അതിന്റെ പാരമ്യതയില്‍ തെളിഞ്ഞ് നിന്നു. അങ്ങനെ ഏകദേശം മൂന്ന് മാസമൊക്കെ കഴിഞ്ഞപ്പോള്‍ സൗദി ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവരാന്‍ ഉമ്മിച്ച തീരുമാനിച്ചു.
അവിടെ ഒരു അറബിയുടെ വീട്ടിലായിരുന്നു ജോലി ചെയ്തത്. മനസ്സിലാകാത്ത ഭാഷ. ആദ്യമായി ഞങ്ങളെ വിട്ടുനില്‍ക്കുന്നതിന്റെ വിഷമം. കാലാവസ്ഥയുടെ പ്രശ്നം എല്ലാം കൂടി ചേര്‍ന്ന് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. അറബിയുടെ ഭാര്യ ഉദാരമതിയായിരുന്നു. ഉമ്മിച്ചയുടെ സങ്കടം മനസ്സിലാക്കി നാട്ടിലേക്ക് വരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുത്തു. ഉമ്മിച്ച തിരിച്ച് നാട്ടിലെത്തിയെങ്കിലും തുടങ്ങിവെച്ച പഠനം പൂര്‍ത്തീകരിക്കാനായി എനിക്ക് കൊട്ടിയത്ത് തന്നെ നില്‍ക്കേണ്ടി വന്നു. ഇനി ഒരിക്കലും നിങ്ങളെവിട്ട് എങ്ങോട്ടുമില്ലന്ന് ഉമ്മിച്ച ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍, ഇനിയെങ്ങും പോകല്ലേയെന്ന് ഏങ്ങലടിച്ച് കരഞ്ഞ് പറഞ്ഞ് ഉമ്മയെ ഞാന്‍ കെട്ടിപ്പെട്ടിച്ചു. അമ്മയെന്ന വാതിലിന്റെ പ്രകാശത്തിന് പകരംവെക്കാന്‍ മറ്റൊന്നുമില്ലാത്ത ലോകത്ത് ചുരുണ്ട് കൂടി നില്ക്കുമ്പോള് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. താരാട്ടിന്റെ ഈണം നിറഞ്ഞ മഴ....
Content Highlights: A parrot learns to mimic human speech, including curses, after being exposed to alcohol. This story explores themes of addiction, loneliness, and the blurring lines between animal and human behavior.
Published: 24 Nov 2025, 04:38 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented