
'മരണത്തോളം ശൂന്യമാണ് പ്രണയം'
വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനയാവാം ഇത്. പക്ഷേ മൗനത്തിന്റെ വന്‍കരയില്‍ ഒരു ശില പോലെ അവള്‍ ഉറഞ്ഞ് പോയ ആ നാളുകള്‍ ഹൃദയത്തിലിന്നും തെളിഞ്ഞ് വരുമ്പോള്‍ പ്രണയം എന്ന വാക്ക് അതിന്റെ ഉള്‍ക്കാഴ്ചയില്‍ ശുദ്ധശൂന്യതയില്‍ കൊണ്ടെത്തിക്കുന്നു.
പ്രണയവും മരണവും തമ്മിലുള്ള ആര്‍ദ്രബന്ധങ്ങളെപ്പറ്റി കഥകളും കവിതകളും ചിന്തകളുമൊക്കെ ചെറു ചാറ്റല്‍മഴ പോലെ പെയ്തുനിന്ന കോളേജ് കാലമായിരുന്നു അത്. ആഗ്രഹങ്ങളുടെ കൊടുങ്കാറ്റില്‍ ഉലഞ്ഞും പ്രണയം കൊണ്ട് പൊള്ളലേറ്റും അന്നവള്‍ അലഞ്ഞ് നടന്ന വഴിത്താരകള്‍. കാറ്റിന്റെ കൈകള്‍ വിടര്‍ത്തിയിട്ടത് പോലെ പാറിപ്പറന്ന് നിതംബം മറഞ്ഞ് കിടന്ന ചുരുള്‍മുടി. അവള്‍ കണ്ട സ്വപ്നങ്ങളിലെ പിച്ചകപ്പൂവിന്റെ ഗന്ധം. ഞൊറിവുകള്‍ തെറ്റി ഊര്‍ന്ന് വീണ് കിടന്ന പൊന്‍മാന്‍ നീല ഹാഫ് സാരി. പൊന്നിന്‍തിളക്കമുള്ള വടിവൊത്ത ഉടല്‍. വീണ്ടും കോര്‍ത്തെടുക്കാന്‍ കഴിയാത്തത് പോലെ പൊട്ടി വീണ് തറയില്‍ ചിതറിക്കിടന്ന മാലയുടെ പലവര്‍ണ മുത്തുകള്‍. ഉച്ചച്ചൂടില്‍ പതിയിരുന്ന ചതി. ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ആ സംഭവങ്ങള്‍ മോറല്‍ അലാമായി ഇന്നും മനസ്സില്‍ മുഴങ്ങുന്നു. അതിന്റെ പ്രതിധ്വനിയില്‍ നിശ്ശബ്ദ നിഴലായി ആ ഉച്ചച്ചൂടില്‍ ഞാന്‍ ഇന്നും ഉരുകി ത്തീരുന്നു.
കായംകുളം എംഎസ്എം കോളേജിലെ പ്രവേശനകവാടത്തിൻ മുന്നില്‍ വെച്ചാണ് ആദ്യമായി ഞാന്‍ അവളെ കാണുന്നത്. എന്റെ സഹപാഠിയായിരുന്ന ഹര്‍ഷയുടെ കൂട്ടുകാരി ആയിരുന്നു അതിസുന്ദരിയായ ആ പെണ്‍കുട്ടി. നില്‍പ്പിലും നടപ്പിലും ശാലീനത. ചുണ്ടില്‍ തങ്ങിനിന്ന ചെറുപുഞ്ചിരി. വിടര്‍ന്ന കണ്ണുകളില്‍ കടലിന്റെ ആഴം. അവളിലേക്ക് പടര്‍ന്നുകയറാന്‍ ആഗ്രഹിച്ചത് പോലെ ചുറ്റിനും കാമമോഹങ്ങളുടെ ചില്ലകള്‍. ഏത് ആള്‍ക്കൂട്ടത്തിനിടയിലും സൗന്ദര്യം കൊണ്ട് അവള്‍ വേറിട്ട് നിന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ കാമ്പസിലെ താരമായി. സൗന്ദര്യം മനുഷ്യരെ ഉയര്‍ത്തുന്ന ഒരു പടവ് തന്നെയാണെന്ന് അന്നൊക്കെ എനിക്ക് തോന്നിയിരുന്നു. ആന്തരിക സൗന്ദര്യമെന്നത് പല സ്ഥലങ്ങളിലും എടുത്തുപയോഗിക്കാവുന്ന ഒരു വെറുംവാക്കാണെന്നും. കോളേജ് ഗേറ്റിന് മുന്നിലെ വൈകുന്നേരങ്ങള്‍ കൗമാരസ്വപ്നങ്ങളും കഥകളും നിറഞ്ഞ ചെറുലോകമായിരുന്നു. വിവിധ കോഴ്‌സുകള്‍ക്ക് പല ബാച്ചുകളിലായി പഠിക്കുന്ന കുട്ടികള്‍ ഒന്നിച്ച് കൂടുന്ന ഇടം. മാമ്പുകുളങ്ങരയിലായിരുന്നു ഹര്‍ഷയുടെ വീട്. അതേ നാട്ടുകാരിയായിരുന്നു അവളും. പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവര്‍. പ്രീഡിഗ്രിക്ക് രണ്ട് ഗ്രൂപ്പുകളായെങ്കിലും കോളേജ് കാലത്തും അവര്‍ സൗഹൃദം തുടര്‍ന്നു.
ക്ലാസ് കഴിയുന്ന വൈകുന്നേരങ്ങളില്‍ രണ്ടുപേരിലൊരാള്‍ കോളേജ് ഗേറ്റിന് മുന്നില്‍ കാത്തുനിന്നു. അങ്ങനെ ഹര്‍ഷയിലൂടെയായിരുന്നു ഞാന്‍ അവളെ പരിചയപ്പെടുന്നത്. കാഴ്ച്ചക്കപ്പുറം സൗന്ദര്യം അനുഭവവേദ്യമാകുന്നത് എങ്ങനെയെന്ന് ആദ്യമായി ഞാനറിഞ്ഞത് അവളിലൂടെയാണ്. അഭൗമമായ ആ സൗന്ദര്യത്തില്‍ ലയിച്ച് അന്നവളോട് അധികമായി യാതൊന്നും സംസാരിച്ചില്ല എന്ന് മാത്രമല്ല പേര് ചോദിക്കാൻ പോലും ഞാന്‍ മറന്നുപോയിരുന്നു. അതുകൊണ്ടാവാം ഇപ്പോഴും അവളുടെ പേര് പറയാന്‍ മറന്നത്, സത്യത്തില്‍ മറന്നതല്ല പറയാത്തതാണ്. കാലങ്ങള്‍ക്കിപ്പുറം നമുക്കവളെ മീനു എന്നു വിളിക്കാം.
മീനുവിനും ഹര്‍ഷക്കുമൊപ്പം ഒരു കിലോമീറ്ററോളം നടന്ന് കായംകുളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് എത്തുന്ന ദൂരത്തില്‍ പറഞ്ഞ് തീര്‍ത്ത കഥകളിലെ പാദസരക്കിലുക്കത്തില്‍ കാമ്പസ് മാത്രം നിറഞ്ഞ് നിന്നു. കിഴക്കൻ റൂട്ടിലേക്കുള്ള ബസ്സില്‍ കയറി ഞാന്‍ രണ്ടാം കുറ്റിയില്‍ ഇറങ്ങുമ്പോള്‍ അവര്‍ക്ക് മാമ്പുകുളങ്ങരയിലെത്താന്‍ പിന്നെയും ബസ്സ് മാറി കയറേണ്ടിവന്നു. ഒന്നാം വര്‍ഷത്തിന്റെ പകുതി കഴിഞ്ഞപ്പോഴേക്കും മൂന്നു പേരില്‍ നിന്ന് ഏഴു പേരുടെ കൂട്ടായ്മയായി ഞങ്ങളുടെ സൗഹ്യദസംഘം വളര്‍ന്നു. ഒരു പരീക്ഷണ കാലഘട്ടമായിരുന്നു അത്. ആ സമയം ഹൃദയത്തില്‍ നാല് ചിറകുകള്‍ മുളച്ചത് പോലെ ഞങ്ങള്‍ കാമ്പസിലാകെ പാറിനടന്നു. സൗഹ്യദം എത്രത്തോളം ജീവിതത്തെ മാറ്റിമറിക്കുമെന്ന് ശരിക്കും മനസ്സിലാക്കിയ കാലമായിരുന്നു അത്. സ്വാതന്ത്രത്തിനുള്ള അടങ്ങാത്ത ആഗ്രഹവും പേറി നടന്ന കൗമാരക്കാര്‍ക്ക് കാമ്പസ് വളരെ അനുകൂലമായ സന്ദര്‍ഭങ്ങള്‍ ഒരുക്കിത്തന്നു. അതിലൊന്ന് 1990കളിലെ കാമ്പസ് രാഷ്ട്രീയം തന്നെയായിരുന്നു. കേരളത്തിലെ വിദ്യാര്‍ഥി ജീവിതത്തിന്റെ ചൂടും ചലനവും നിറഞ്ഞ കാലഘട്ടമായിരുന്നു അത്. സാമൂഹികവും രാഷ്ട്രീയവുമായ ചിന്തകള്‍ക്കപ്പുറം വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നും കാമ്പസ് സംഘര്‍ഷഭരിതമായിരുന്ന ആ നാളുകളില്‍ മിക്ക ദിവസങ്ങളിലും കോളേജ് അടഞ്ഞ് കിടന്നു.
കാമ്പസ് അന്തരീക്ഷത്തില്‍ നിറഞ്ഞ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും മായ്ച്ചുകളഞ്ഞ ക്ലാസ് ബെല്ലിന്റെ മുഴക്കം പല കുട്ടികളുടേയും ജീവിതഗതികള്‍ മാറ്റി. കായംകുളത്തെ കായല്‍ തീരത്തും ബസ് സ്റ്റാന്‍ഡിലും ബേക്കറികളിലും ഫാന്‍സി കടകളിലുമൊക്കെ കയറിയിറങ്ങി കാമ്പസ് ജീവിതം മുന്നോട്ട് പോയെങ്കിലും പരീക്ഷകളില്‍ പലതിലും പിന്നോട്ട് പോയി. മിക്ക കുട്ടികളുടേയും പരീക്ഷാഫലത്തിൽ അത് പ്രകടമായിരുന്നു താനും.
രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിഞ്ഞു. ഒന്നാം വര്‍ഷത്തിന് ഒരു വിഷയവും കിട്ടാതെ തോറ്റുപോയ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലായിരുന്നു. ആ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടു. പഠിക്കേണ്ട വിഷയങ്ങളുടെ ഗഹനത വിട്ട് ഓരോരുത്തരും അലഞ്ഞ് തിരിഞ്ഞ് നടന്ന വഴികളെല്ലാം ചെന്ന് ചേര്‍ന്നത് പിറ്റേ ദിവസത്തേക്കുള്ള കാത്തിരിപ്പിലാണ്. യാത്രകളാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യപടിയെന്നും ആ കാലങ്ങളില്‍ ഒരു തോന്നലുണ്ടായി. ഭാഗ്യത്തിന് നാട്ടുമ്പുറങ്ങള്‍ക്ക് പരിചിതമല്ലാത്ത 'ഇമ്പ്രൂവ്‌മെന്റ്, എന്ന അന്തസ്സുള്ളൊരു വാക്കിന്റെ പിന്‍ബലത്തില്‍ പഠനസംബന്ധമായ പല അന്വേഷണങ്ങള്‍ക്കള്‍ക്കും ഉത്തരങ്ങള്‍ നല്‍കി 'രക്ഷപ്പെട്ടു. ഒടുവില്‍ പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് രക്ഷപെടാനൊരു മാര്‍ഗം ഞങ്ങള്‍ തന്നെ തിരഞ്ഞെടുത്തു. കമ്പയിന്‍ സ്റ്റഡി. അങ്ങനെ ആയിരം തെങ്ങിലെ ജാസ്മിന്റെയും ചെട്ടികുളങ്ങരയിലെ രാജിയുടെയും പുതുപ്പള്ളിലെ സൂര്യാബായിയുടെയുമൊക്കെ വീട് ഞങ്ങള്‍ക്ക് സ്വന്തം വീടുകളായി. ഒരോ വീടും ഒരോ അനുഭവങ്ങളായിരുന്നു. രാജിയുടെ വീട് ആഢ്യത്തത്തിന്റെതായിരുന്നെങ്കില്‍ ഹസീനയുടേയും സൂര്യയുടേയുമൊക്കെ വീടുകളുടെ മുഖമുദ്ര ദാരിദ്ര്യം തന്നെയായിരുന്നു. ഇല്ലാത്ത തീന്‍മേശകളിലെ ശൂന്യത വീടിന്റെ അകത്തളങ്ങളെ പൊതിഞ്ഞ് നിന്നു. എന്നാല്‍ ജീവിത സാഹചര്യങ്ങളിലെ അന്തരം സൗഹ്യദങ്ങള്‍ക്കിടയില്‍ യാതൊരു വിടവും സൃഷ്ടിച്ചില്ല.
സമ്പന്നതയുടെവാതിലുകള്‍ക്ക് മുന്നിലെ സ്ഫടികദീപങ്ങളും, അഭാവത്തിന്റെ മുദ്രയായ വീടുകളിലെ പൊട്ടിപ്പോയ വിളക്കുകളും പൊഴിച്ച പ്രകാശം ഞങ്ങള്‍ക്കു മേൽ ഒരുപോലെയാണ് പതിച്ചിരുന്നതെങ്കിലും ഒരു സമരദിവസം എന്റെ വീട്ടിലേക്ക് കൂട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം വന്നപ്പോള്‍ ഇല്ലായ്മകളുടെ ജാള്യതയില്‍ ഞാന്‍ ചുരുണ്ട് നിന്നു. വെയിലും മഴയും ചേര്‍ന്നെഴുതിയ കഥ പോലെ ഒരു വീട്. ആദ്യമായി വീട് കണ്ടതും കൂട്ടുകാര്‍ പരസ്പരം മുഖത്ത് നോക്കുന്നത് കണ്ടു. തീര്‍ച്ചയായും എന്റെ വീട് ഒരു കൊട്ടാരമാണന്ന് തന്നെ അവര്‍ പ്രതീക്ഷിച്ചിരുന്നിരിക്കണം. കാരണം ആ കാലങ്ങളില്‍ എന്റെ നില്‍പ്പും ഭാവവും മട്ടും വസ്ത്രധാരണവുമൊക്കെ ഒരു സമ്പന്ന 1.10910557കുടുംബത്തിന് സമാനമായ രീതിയിലായിരുന്നു. കായംകുളം ഇജി ടെക്‌സ്റ്റെല്‍സിന്റെ കണ്ണാടിച്ചില്ലുകള്‍ക്കപ്പുറം കണ്ട വെല്‍വെറ്റ് തുണിയുടെ ചുരിദാര്‍, നാഥന്‍സ് ചെരുപ്പുകടയിലെ ബാറ്റയുടെ ഏറ്റവും പുതിയ മോഡല്‍ ചെരിപ്പുകള്‍... സോഫ്റ്റ് റെക്‌സിനിലെ പല വര്‍ണ ബാഗുകള്‍. യാതൊരു അല്ലലുമില്ലാതെ മക്കള്‍ വളരണം എന്ന അത്യധികമായ ആഗ്രഹത്താല്‍ പറയുന്നതെന്തും അന്ന് ഉമ്മ വാങ്ങി നല്‍കുമായിരുന്നു. പക്ഷേ, പതിനഞ്ച് വയസ്സിന്റെ പക്വതയില്ലായ്മയും മനുഷ്യജീവിതത്തിലെ ഏറ്റവും സജീവമായ കൗമാരത്തിന്റെ തിളപ്പും. ആദ്യമായി ലഭിച്ച സ്വാതന്ത്ര്യവും. അന്വേഷണാത്മകമായ മനസും. വേഗത്തില്‍ മാറുന്ന ശരീരവുമൊക്കെ ആ കാലങ്ങളില്‍ ഉമ്മ മനസ്സിനെ പാടേ അവഗണിച്ചു. അല്ലങ്കില്‍ തന്നെ ദിവസംതോറും ലോകത്തിന് തന്നെ വലിയ വ്യത്യാസങ്ങള്‍ സംഭവിച്ച് കൊണ്ടിരുന്ന ആ കാലത്ത് അന്നന്നത്തെ കാഴ്ച്ചകളും അനുഭവങ്ങളും മാത്രമാണല്ലോ ജീവിതം എന്ന് കരുതിയിരുന്നത്. മുന്നിലും പിന്നിലുമാകട്ടെ ശൂന്യതയും.
ഒന്നാം വര്‍ഷ പ്രീഡിഗ്രി കഴിഞ്ഞപ്പോഴേക്കും മീനുവില്‍ ധാരാളം മാറ്റങ്ങളുണ്ടായി. ഒന്നാം വര്‍ഷത്തില്‍ തന്നെ അവള്‍ക്കൊരു കാമുകനുണ്ടായി. എന്നാല്‍ രണ്ടാംവര്‍ഷ തുടക്കത്തില്‍ ഒന്നാമത്തെ കാമുകനുമായി വാക് പോര് നടത്തി ജയിച്ച് രണ്ടാമതൊരു കുബേരകുമാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അവനും കാമ്പസിലെ ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു. പല മോഡലുകളിലുള്ള വേഷ വിധാനങ്ങള്‍ കയ്യില്‍ ആഢംബര വാച്ചിന്റെ തിളക്കം, ഏറ്റവും പുതിയ മോഡലിലെ മോട്ടോര്‍ബൈക്ക്, യുവത്വത്തിന്റെ ചാപല്യവും കാലഘട്ടത്തിന്റെ സംഗീതവും നിറഞ്ഞ ശരീരഭാഷ. പല പെണ്‍കുട്ടികളുടേയും ആരാധനാപാത്രമായിരുന്നു അവന്‍. പതിവ് പോലൊരു സമര ദിവസം മാമ്പുകുളങ്ങരയിലെ ഹര്‍ഷയുടെ വീട്ടിലേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് സംഘത്തില്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരത്തെയും ഹര്‍ഷയുടെ വീട്ടില്‍ പോയിട്ടുള്ളതാണ്. കൂട്ടുകാരിലൊരാളെ പോലെ ഇടപെടുന്ന ഹര്‍ഷയുടെ അമ്മയെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടമായിരുന്നു. അച്ഛന്‍ പാലക്കാട് കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഏക സഹോദരന്‍ ഏതോ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നു. അത് കൊണ്ട് തന്നെ ഹര്‍ഷയും അമ്മയും മാത്രമുള്ള ആ വലിയ വീട്ടില്‍ ഞങ്ങള്‍ക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഒരു ഉച്ചനേരത്താണ് ഞങ്ങള്‍ ഹര്‍ഷയുടെ വീട്ടിലെത്തിയത്. വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഹര്‍ഷയുടെ അമ്മ ഞങ്ങളെ സ്വീകരിച്ചു. ഭക്ഷണം വിളമ്പി നല്‍കുകയും നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്തു.
'ഹര്‍ഷേടമ്മ എത്ര പാവമാ'. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞങ്ങള്‍ അമ്മയെ പുകഴ്ത്തി പലതും പറഞ്ഞ് കൊണ്ടേയിരുന്നു. വയറ് നിറയെ ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിക്കുന്ന സമയത്ത് പുറത്ത് ഒരു സ്‌കൂട്ടറിന്റെ ശബ്ദം കേട്ടു. അത് പ്രതീക്ഷിച്ചിരുന്നത് പോലെ മീനു തിടുക്കത്തില്‍ പുറത്തേക്ക് പോകുന്നത് കണ്ടു. തിരിച്ച് കയറി വന്നപ്പോള്‍ അവള്‍ക്കൊപ്പം കിഷോറിനെകണ്ട് (പേര് സാങ്കൽപികം) ഇതെങ്ങനെ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. കുഞ്ഞച്ചന്‍ എന്ന് കോളേജില്‍ അറിയപ്പെടുന്ന വര്‍ഗ്ഗീസും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മീനു കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയാണ് ഹര്‍ഷയുടെ വീട്ടില്‍ എത്തിയതെന്ന് മനസ്സിലായങ്കിലും ഞങ്ങള്‍ക്ക് അതില്‍ അസാധാരണത്ത്വം ഒന്നും തോന്നിയില്ല. കൂട്ടുകാരിയുടെ കാമുകനോട് ഞങ്ങള്‍വളരെ കൂളായി സംസാരിച്ചു. ഹര്‍ഷയുടെ അമ്മയും ഞങ്ങള്‍ക്കൊപ്പം കൂടി. പിന്നീട് ആ വീട്ടില്‍ ചിരപരിചിതനായ ഒരാളിനെ പോലെയായിരുന്നു കിഷോറിന്റെ പെരുമാറ്റം. ആ നേരങ്ങളിലൊക്കെ മീനു ഒരു വെള്ളരിപ്രാവാകുന്നത് കണ്ടു. ചിറകുകള്‍ വീശി അവള്‍ പറക്കുകയാണ്. ചുണ്ടില്‍ പ്രണയകുറുകല്‍. പറന്നുയരും തോറും അവള്‍ ഒരു ആകാശമായത് പോലെ.
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടാളുംകൂടി വീടിന് പുറത്തേക്കിറങ്ങി. ചെങ്കല്ല് വളച്ചുകെട്ടിയ കിണര്‍ഭിത്തിയില്‍ ചാരി സ്വയം മറന്ന് നില്‍ക്കുന്നത് കണ്ടു. വലിച്ചുകെട്ടിയ കാന്‍വാസ് പോലെ തണുത്ത കിണര്‍വെള്ളം. ആരുംകാണാതെ കൊക്കുരുമ്മുന്ന പ്രണയത്തിന്റെ പ്രതിബിംബത്തില്‍ കൂത്താടികള്‍ പോലും വളയം തീര്‍ത്തിട്ടുണ്ടാവാം. സത്യത്തില്‍ ഉച്ചയെ നിലാവാക്കി അവരങ്ങനെ ഒഴുകി നടക്കുമ്പോള്‍ കൗമാരത്തിന്റെ മുഴുവന്‍ ജിജ്ഞാസയും കലര്‍ത്തി അവരറിയാതെ ഞാനും അതില്‍ കലരുന്നുണ്ടായിരുന്നു.
വീടിന്റെ തൊടിയിലെ ഉച്ച കുറുകലുകള്‍ക്ക് നേരെ ഹര്‍ഷയുടെ അമ്മയും മുഖം തിരിച്ച് നടന്നു അല്‍പം കഴിഞ്ഞപ്പോള്‍ പാല്‍ വാങ്ങി വരാം എന്ന് പറഞ്ഞ് ഒരു കുപ്പിയുമായി അവര്‍ പുറത്തേക്ക് പോയത് ഞങ്ങളെക്കാള്‍ മുന്‍പ് കിഷോർ കണ്ടു. കിട്ടിയ തക്കം ലാക്കാക്കി കിഷോർ ധ്യതിയില്‍ വീടിനകത്തേക്ക് കയറി. പുറകെ വന്ന മീനുവിനെ നോക്കി എന്തൊക്കെയോ സൂചനകള്‍ നല്‍കുന്നത് കണ്ടു. അതും പ്രണയപ്രകടനങ്ങളാകുമെന്ന് കരുതി ഞാന്‍ അധികം ശ്രദ്ധിച്ചില്ല. കിഷോറിന്റെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. യൗവ്വനാരംഭത്തിന്റെ പരിപൂര്‍ണമായ വീര്‍പ്പുമുട്ടലില്‍ അയാളുടെ ഒരോ നിമിഷങ്ങള്‍ക്കും വല്ലാത്ത തിടുക്കം കണ്ടു. പെട്ടന്ന് വീടിന്റെ ചെറിയ ഹാളിനോട് ചേര്‍ന്നുള്ള മുറിയുടെ ചാരിയിട്ടിരുന്ന നാല് പാളി കതകിന്റെ ഒരു വശം തുറന്ന് യാതൊരു കൂസലുമില്ലാതെ കിഷോർ ധൃതിയില്‍ മുറിക്കകത്തേക്ക് കയറി. അവന് പിറകെ വളരെ സാവധാനം മുറിയുടെ രണ്ടാമത്തെ പാളിയും തുറന്ന് മീനു മുറിക്കകത്തേക്ക് കയറിയതും കിഷോർ പെട്ടന്ന് വാതിലടച്ചു. പെട്ടെന്നുണ്ടായ ആ പ്രവൃത്തിയില്‍ ആദ്യം അല്‍പ്പം അമ്പരപ്പ് തോന്നിയെങ്കിലും അടഞ്ഞ് കിടന്ന വാതിലിനപ്പുറത്തേക്ക് അധികമായി ചിന്തകള്‍ ഒന്നും പോയില്ല. രശ്മിയും ഹര്‍ഷയും എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നു. എന്നാല്‍, പിന്നെയും അല്‍പ സമയം പിന്നിട്ടപ്പോള്‍ മുറിയില്‍ നിന്നും മീനുവിനെ നിലവിളിപോലെയുള്ള ചെറിയ ഒച്ച ഉയര്‍ന്നതും ഞാന്‍ പരിഭ്രാന്തയായി. ഹര്‍ഷയുടെ അമ്മ അങ്ങോട്ട് കടന്ന് വന്നിരുന്നങ്കിലെന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. സമയം കടന്നുപോകുംതോറും അടഞ്ഞ വാതില്‍ നെഞ്ചില്‍ വല്ലാതെ കനം കൊണ്ടു. ഹര്‍ഷയേയും കൂട്ടി വീടിന് പുറത്തേക്കിറങ്ങി അമ്മയെ തിരഞ്ഞെങ്കിലും ആ പരിസരത്തൊന്നും അമ്മ ഉണ്ടായിരുന്നില്ല. അതോടെ അകാരണമായ ഒരു ഭയം പിടികൂടി.
ഏതോ ഒരു വലിയ തെറ്റിന് കൂട്ടിരിക്കുന്നു എന്ന തോന്നല്‍ ശക്തമായതോടെ അധികരിച്ച 'നെഞ്ചിടിപ്പോടെയും വലിയ ഒരു കള്ളം ചെയ്തതു പോലെയും ആ വീടിന് മുന്നില്‍ ഞാന്‍ പമ്മി നിന്നു. ആ സമയത്ത് കിഷാറിനൊപ്പം കൂട്ടായി വന്ന കുഞ്ഞച്ചന്‍ വീടിന് കുറച്ചപ്പുറം മാറി നിന്ന് സിഗരറ്റ് പുകയ്ക്കുന്നത് കണ്ടു. അടുക്കളയിലേക്ക് പോയ രശ്മിയെ വിളിച്ച് പേടിയാകുന്നു എന്ന് പറഞ്ഞെങ്കിലും അവള്‍ അതത്ര ഗൗരവത്തില്‍ എടുത്തില്ല. ആരോടും പറയാതെ വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചു. എന്നാല്‍ തനിച്ച് തിരിച്ചുപോകാന്‍ ഭയം തോന്നി. അധികം തിട്ടമില്ലാത്ത വഴികള്‍. കായംകുളത്തേക്കുള്ള ബസ്സിന് പിന്നെയും ഒരുമണിക്കൂറോളം കാത്തിരിക്കണം. അതൊക്കെ ഓര്‍ത്ത് വീടിന് മുന്നില്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്‍കൂനയ്ക്ക് മുകളില്‍ ഞാന്‍ ചെന്നിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഹര്‍ഷയുടെ അമ്മ അങ്ങോട്ടേക്ക് വന്നു. മുറ്റത്തിന്റെ നടുക്ക് നിന്ന ലവലോലി മരത്തിന്റെ ചുവട്ടില്‍ അടര്‍ന്ന് വീണുകിടന്ന കായകള്‍ പെറുക്കിയെടുത്ത് അവര്‍ ഒരിടത്ത് കൂട്ടി വച്ചു. അമ്മ വന്നല്ലോ ആശ്വാസമായി. എന്റെ ഭയം അല്‍പ്പം വിട്ടൊഴിഞ്ഞു. എന്നാല്‍ 'മഴേടെ കോളൊണ്ട് ' എന്ന് പറഞ്ഞ് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയ അമ്മയെ പിന്നീട് ഞാന്‍ കണ്ടതേയില്ല. വീണ്ടും ഒരു മണിക്കൂറൊക്കെ കഴിഞ്ഞിട്ടുണ്ടാവണം നാല് പാളി കതകിന്റെ തുറന്നടയുന്ന ശബ്ദങ്ങള്‍ കേട്ടു. ഞാന്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ധ്യതിയില്‍ കിഷോർ പുറത്തേക്കിറങ്ങി വര്‍ഗ്ഗീസിനെയും പിറകിലിരുത്തി ബൈക്കോടിച്ച് പോയി. അല്‍പ്പം കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന മീനു അലങ്കോലമായൊരു അലമാര പോലെ തോന്നി. ചുണ്ടുകളില്‍ ചോരപ്പാട്.
പിന്നീട് എപ്പോള്‍ എങ്ങനെ ഏതുവഴി വീട്ടിലെത്തിയത് എന്നൊന്നും ഇന്നുമെനിക്കോര്‍മ്മയില്ല. ഹര്‍ഷയുടെ അമ്മയോട് പോലും യാത്ര പറയാതെ വീട്ടില്‍ നിന്നും ഇറങ്ങി നടക്കുബോള്‍ വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ എന്റെ വീടിനെക്കുറിച്ചോര്‍ത്തു. കൗമാരകാലത്തിന്റെ തുടക്കം മുന്തിരി വീഞ്ഞ് പോലെയാണ്. അതില്‍ മണ്ണിന്റെ ഗന്ധവും മഴയും മേഘവും തമ്മിലുള്ള പ്രണയവും മണ്‍പാത്രത്തിന്റെ സ്വാദും സൂര്യന്റെ ചുംബനവുമെല്ലാം ഉണ്ടാവും. സിരകളിലാകട്ടെ അതിന്റെ ലഹരിയും. ഉമ്മയെക്കുറിച്ചൊക്കെ ഓര്‍ത്ത ആ നേരങ്ങളില്‍ നെഞ്ചില്‍ഭാരം കനത്തു. സ്വയം ഒരു തിരിച്ചറിവ്. വഴികള്‍ ഇനിയും പിഴക്കാതിരിക്കാന്‍ ഉള്ളിന്റെയുള്ളില്‍ നിന്ന് എന്തൊക്കയോ സിഗ്‌നലുകള്‍. ആ സംഭവത്തിന് ശേഷം കാമ്പസിലെ പ്രണയജോഡികളെ ഞാന്‍ കണ്ടത് ഒഴുക്കുവെളളത്തിലെ പരല്‍മീനുകളെ പോലെയാണ്. ചിലപ്പോള്‍ ഏത് കുത്തൊഴുക്കിനെയും അതിജീവിച്ച് അവര്‍ നീന്തുമായിരിക്കും. അതല്ലങ്കില്‍ ആരോ കൊരുത്തിട്ട ചൂണ്ടയില്‍ കൊത്തി പ്പിപിടയുന്ന നിശ്ശബ്ദമായൊരു നിലവിളി, ഒരു പിടച്ചില്‍. മീനുവിന്റെ ജീവിതം തന്നെ അതിന് സാക്ഷ്യം.
പിന്നീട് കടന്ന് വന്ന ദിവസങ്ങള്‍ മീനുവിന് പരീക്ഷണങ്ങളുടേതായിരുന്നു. ആ സംഭവത്തിനുശേഷം കിഷോർ പൂര്‍ണമായും അവളെ തള്ളിപ്പറഞ്ഞു. വര്‍ഗീസ് വഴി അന്നത്തെ സംഭവം കോളേജിലാകെ പരക്കുകയും ചെയ്തു. അതോടെ മീനുവിന് കോഴി എന്ന വിളിപ്പേര് വന്നു. കാമ്പസിന്റെ മുക്കിലും മൂലയിലും നിന്നുള്ള കോഴികളുടെ കൊക്കലുകള്‍എനിക്കും അസഹ്യമായിത്തോന്നി.അതോടെ എനിക്കും ആ വിളിപ്പേര് വരുമോ എന്ന് ഭയന്ന് ആ സൗഹൃദസംഘത്തില്‍ നിന്നും ഞാന്‍ മാറിനടക്കാന്‍ തുടങ്ങി. ചിലപ്പോള്‍ പ്രണയം ഒരു കുമ്പസാരക്കൂടാണ്. ആ ഏറ്റുപറച്ചിലില്‍ ഒരിക്കലും എന്റെ പേര് ഉള്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവള്‍ പല ഇതളുകളായി ചിതറിവീണ ആ ഉച്ചനേരത്തില്‍ നിന്ന് അന്നുതന്നെ മനസ്സ് കൊണ്ടോടി ഞാന്‍ കുറച്ചൊക്കെ രക്ഷപ്പെട്ടിരുന്നു. ആയിരം കഷണങ്ങളായി പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള ഒരു മാംസപിണ്ഡം പോലെ തലയും കുനിച്ച് നടക്കുന്ന അവളൊരു നൊമ്പരക്കാഴ്ചയായിരുന്നെങ്കിലും അവളോട് മിണ്ടാന്‍ ഞാന്‍ ഭയപ്പെട്ടു. ചിലപ്പോഴൊക്കെഅതിനുള്ള കാരണം എന്താണെന്നു ഞാന്‍ ആലോചിക്കാറുണ്ട്. അതിന് എനിക്ക് കിട്ടിയ ഉത്തരങ്ങള്‍ പലതാണ്. ഓരോ കാലത്തും ഓരോരോ ഉത്തരങ്ങള്‍. സത്യത്തില്‍ എനിക്ക് അറിയില്ല ഉത്തരങ്ങളാണോ അതോ ഞാനാണോ മാറിയതെന്ന്. ഇനിയും ഇത് രണ്ടും മാറികൊണ്ടിരിക്കുമോ എന്നും. മീനു ഇപ്പോള്‍ എവിടെയാവും? അടുത്ത സമയത്ത് തുടങ്ങിയ പ്രീഡിഗ്രി ബാച്ചിന്റെ വാട്ട്‌സ്അപ്പ് കൂട്ടായ്മയില്‍ ആദ്യം തിരഞ്ഞത് അവളെയാണ്. എന്നാല്‍ അവള്‍ അവിടെ ഉണ്ടായിരുന്നില്ല. അതോ മറ്റൊരു പേരിന്റെ മറവില്‍ നിശ്ശബ്ദയായി അവള്‍ മറഞ്ഞിരിക്കുകയാവുമോ? അറിയില്ല...
Content Highlights: jaseena rahim memories collage life
Published: 13 Sept 2025, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented